Sports

രോഹിത്തിനെ സ്വാര്‍ത്ഥന്‍ എന്ന് വിളിക്കുന്നവരോട്...

രോഹിത് ഒരു ആത്മകഥ എഴുതുകയാണെങ്കിൽ ഈ മാച്ചിനെക്കുറിച്ച് കാര്യമായി പ്രതിപാദിക്കാൻ സാദ്ധ്യതയുണ്ട്.അത്രയു­മായിരുന്നു അയാൾക്കുമേലുള്ള സമ്മർദ്ദം.ദക്ഷിണാഫ്രി­ക്കയിൽ നിന്ന് ആരംഭിച്ച ബാറ്റിങ്ങ് പരാജയങ്ങൾ.ശ്രീലങ്കയോടും ബംഗ്ലാദേശിനോടും വരെ തിളങ്ങാത്തവൻ എന്ന പരിഹാസം.'നോൺ പ്ലെയിങ്ങ് ക്യാപ്റ്റൻ' എന്ന വിശേഷണം.ഇന്ത്യയ്ക്ക്­ തോൽവി അനുവദിക്കാനാവാത്ത ഒരു മത്സരവും.ബംഗ്ലാദേശി­നോട് തോറ്റാൽ ഇന്ത്യയുടെ ഫൈനൽ പ്രവേശനം ത്രിശങ്കുവിലാകുമായിരു­ന്നു.

രോഹിത്തിനെ സ്വാര്‍ത്ഥന്‍ എന്ന് വിളിക്കുന്നവരോട്...

ആർ.പ്രേമദാസ സ്റ്റേഡിയത്തിൻ്റെ ചെയ്ഞ്ച് റൂമിലേക്ക് രോഹിത് ഗുരുനാഥ് ശർമ്മ സാവകാശം നടന്നപ്പോൾ ഒരുപാട് പേർ ഉച്ചരിച്ച വാക്ക്...! ഇന്നിങ്സിൻ്റെ അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങുകയായിരുന്നു ഇന്ത്യൻ സ്കിപ്പർ.റുബൽ ഹൊസെയ്ൻ്റെ യോർക്കർ ബൗളറുടെ കരങ്ങളിലേക്ക് തന്നെയാണ് രോഹിത് അടിച്ചിട്ടത്.ഒരു റണ്ണിനുള്ള സാദ്ധ്യത ഇല്ലാതിരുന്നിട്ടും അയാൾ മുന്നോട്ടുകുതിച്ചു.­നോട്ടൗട്ടായി നിന്നിരുന്നുവെങ്കിൽ ലഭിക്കുമായിരുന്ന ബാറ്റിങ്ങ് ശരാശരിയിലെ വർദ്ധനവിനെക്കുറിച്ചൊ­ന്നും രോഹിത് അപ്പോൾ ചിന്തിച്ചുകാണില്ല.സുപ്രധാനമായ ഒരു മത്സരത്തിൽ, ടീമിനു വേണ്ടി അയാൾ എക്സ്ട്രാ റണ്ണിൻ്റെ പുറകെ പോയി.സ്വന്തം വിക്കറ്റ് ബലികൊടുക്കുകയും ചെയ്തു.

രോഹിത് നേടിയത് 61 പന്തുകളിൽ 89 റൺസ്.മികച്ച ഒരു ടി20 ബാറ്റിങ്ങ് പെർഫോമൻസ്.എന്നിട്ടും ചിലർ അതിനെ 'സെൽഫിഷ് ഇന്നിംഗ്സ്' എന്ന് വിശേഷിപ്പിച്ചു.വിമർശ­കർക്ക് പറയാൻ കാരണങ്ങളുമുണ്ടായിരു­ന്നു.കഴിഞ്ഞ തവണ ശ്രീലങ്കയ്ക്കെതിരെ ഇരുനൂറിനു മുകളിലുള്ള കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിച്ച ടീമാണ് ബംഗ്ലാദേശ്.അവർക്കെതി­രെ ഇന്ത്യ നേടിയ റണ്ണുകൾ മതിയാവില്ല എന്ന് വിശ്വസിച്ച വലിയൊരു വിഭാഗം ക്രിക്കറ്റ് പ്രേമികളുണ്ടായിരുന്നു.ഈ ടൂർണ്ണമെൻ്റിൽ ബാറ്റ്സ്മാൻമാർ ആധിപത്യം പുലർത്തിയിരുന്നു.ഇത്തരമൊരു സാഹചര്യത്തിൽ രോഹിത് കളിച്ച ഇന്നിംഗ്സ് അല്പം സ്ലോ ആയിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരു­ന്നു.(രോഹിത് എന്തു ചെയ്താലും അയാളെ പരിഹസിക്കാൻ മാത്രം അറിയാവുന്ന ചിലരുണ്ട്.അവരെക്കുറി­ച്ച് ഒരുപാട് പറയുന്നില്ല !)

പക്ഷേ കൊളംബോയിൽ ബാറ്റിങ്ങ് അത്ര എളുപ്പമായിരുന്നില്ല.­ഈ പിച്ചിൽ കളിക്കപ്പെടുന്ന തുടർച്ചയായ മൂന്നാമത്തെ ടി20 മത്സരമായിരുന്നു ഇത്.മഴമൂലം രണ്ടാമത്തെ പിച്ച് മത്സരസജ്ജമാക്കാൻ ഗ്രൗണ്ട്സ്റ്റാഫിന് സാധിച്ചിരുന്നില്ല.തു­ടർച്ചയായ ഉപയോഗം മൂലം പിച്ചിന് സാരമായ മാറ്റങ്ങൾ സംഭവിച്ചിരുന്നു.സ്ല­ഗ്ഗിഷ് ആയ പ്രതലം പേസർമാർക്കും സ്പിന്നർമാർക്കും ചിലതെല്ലാം വെച്ചുനീട്ടിയിരുന്നു­.ടൈമിങ്ങ് കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല.ബം­ഗ്ലാദേശിൻ്റെ ഇന്നിംഗ്സ് കൂടി കഴിഞ്ഞപ്പോൾ ഇന്ത്യയുടെ സ്കോർ മികച്ചതായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു.ആദ്യ പത്ത് ഒാവറിൽ കേവലം 64 റണ്ണുകളാണ് കടുവകൾ നേടിയത്.അവർക്ക് ഒരിക്കലും ബാറ്റിങ്ങിൽ ഒഴുക്ക് കണ്ടെത്താനായില്ല.വാഷി­ങ്ടൺ സുന്ദർ എന്ന യുവപ്രതിഭ ബംഗ്ലാദേശിൻ്റെ നട്ടെല്ലൊടിച്ചു.വിജ­യശ്രീലാളിതരായി നീലപ്പട മടങ്ങുമ്പോൾ നിസ്സംഗത കൈവിടാതെ കപ്പിത്താൻ മുമ്പിലുണ്ടായിരുന്നു­.മുന്നിൽ നിന്ന് കളിക്കുക മാത്രമല്ല ; നയിക്കുകയും ചെയ്തിരുന്നു അയാൾ.ബൗളർമാരെ ബുദ്ധിപൂർവ്വം ഉപയോഗിച്ചു.ബൗണ്ടറിയെന്നുറപ്പിച്ച ഷോട്ട് കവറിൽ തടുത്തിട്ടു.ലീഡിങ്ങ്­ ബൈ എക്സാമ്പിൾ !

പിൽക്കാലത്ത് രോഹിത് ഒരു ആത്മകഥ എഴുതുകയാണെങ്കിൽ ഈ മാച്ചിനെക്കുറിച്ച് കാര്യമായി പ്രതിപാദിക്കാൻ സാദ്ധ്യതയുണ്ട്.അത്രയു­മായിരുന്നു അയാൾക്കുമേലുള്ള സമ്മർദ്ദം.ദക്ഷിണാഫ്രി­ക്കയിൽ നിന്ന് ആരംഭിച്ച ബാറ്റിങ്ങ് പരാജയങ്ങൾ.ശ്രീലങ്കയോടും ബംഗ്ലാദേശിനോടും വരെ തിളങ്ങാത്തവൻ എന്ന പരിഹാസം.'നോൺ പ്ലെയിങ്ങ് ക്യാപ്റ്റൻ' എന്ന വിശേഷണം.ഇന്ത്യയ്ക്ക്­ തോൽവി അനുവദിക്കാനാവാത്ത ഒരു മത്സരവും.ബംഗ്ലാദേശി­നോട് തോറ്റാൽ ഇന്ത്യയുടെ ഫൈനൽ പ്രവേശനം ത്രിശങ്കുവിലാകുമായിരു­ന്നു.ശ്രീലങ്ക-ബംഗ്ലാദേശ് മാച്ചിൻ്റെ ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമായിരുന്നു.

രോഹിതിൻ്റെ ധർമ്മസങ്കടങ്ങൾ വളരെ നന്നായി മനസ്സിലാക്കിയ ഒരാൾ ശത്രുപാളയത്തിലുണ്ടായിരുന്നു-ബംഗ്ലാദേശിൻ്റെ മുഖ്യപരിശീലകൻ കോർട്നി വാൽഷ്.ലെഫ്റ്റ് ആം സീമർമാർക്കെതിരെ രോഹിതിൻ്റെ റെക്കോർഡ് അത്ര മികച്ചതല്ല എന്ന കാര്യം കരീബിയൻ ഇതിഹാസത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.രോഹിതിനെതിരെ തസ്കിൻ അഹമ്മദിനേക്കാൾ മികച്ച ഒാപ്ഷൻ അബു ഹൈദർ ആണെന്ന നിഗമനത്തിൽ വാൽഷ് എത്തിച്ചേർന്നു.മത്സര­ത്തിന് തൊട്ടുമുമ്പ് അബുവുമായി ചർച്ചയിൽ മുഴുകിയ ഹെഡ് കോച്ചിനെ കാണാമായിരുന്നു.രോഹി­തിനെതിരെ എന്തുചെയ്യണം എന്ന കാര്യം പറഞ്ഞുകൊടുത്തിട്ടു­ണ്ടാവും എന്നതിൽ രണ്ടു പക്ഷമില്ല.

ആദ്യ തിരിച്ചടി ടോസിൻ്റെ സമയത്തുതന്നെ രോഹിതിന് ലഭിച്ചു.ടോസ് നേടിയ മഹ്മുദുള്ള ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.ടൂർ­ണ്ണമെൻ്റിൻ്റെ സ്വഭാവം വെച്ചുനോക്കുമ്പോൾ,­കളി പകുതി ജയിച്ചതായി അവർക്ക് തോന്നിയിട്ടുണ്ടാവണം­.ചൂടുള്ള രാത്രിയായിരുന്നു.അബു­വിൻ്റെ ആദ്യ പന്തുകൾ വളരെ 'ഹോട്ട് 'ആയിത്തന്നെ രോഹിതിന് അനുഭവപ്പെട്ടു.അയാളുടെ പാദചലനങ്ങളെ സുനിൽ ഗാവസ്കർ കമൻ്ററി ബോക്സിലൂടെ വിമർശിച്ചു.ടൂർണ്ണമെൻ്റിലെ രോഹിതിൻ്റെ ഡോട്ട്ബോൾ ശതമാനം മുഴച്ചുനിന്നു-47% !!

എല്ലാ മോശം കണക്കുകളെയും മാറ്റിമറിക്കാനുള്ള ശേഷി രോഹിതിനുണ്ടെന്ന് അറിയാമായിരുന്നു.''എപ്പോൾ'' എന്ന ചോദ്യം മാത്രമായിരുന്നു ബാക്കി.ഒരു ക്യാച്ചിൽ നിന്ന് കഷ്ടിച്ചാണ് രോഹിത് രക്ഷപ്പെട്ടത്.ഇന്നിം­ഗ്സിൻ്റെ ആരംഭത്തിൽ അയാൾക്ക് വേണ്ടിയിരുന്നത് അത്തരമൊരു ഭാഗ്യനിമിഷമായിരുന്നു­.പിന്നെ എല്ലാം ഇന്ത്യൻ നായകൻ്റെ നിയന്ത്രണത്തിലായിരുന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങി,പിന്നീട് കത്തിക്കയറുന്നത് തനിക്ക് ഗുണം ചെയ്യുമെന്ന് രോഹിത് ടോസിൻ്റെ സമയത്ത് സൂചിപ്പിച്ചിരുന്നു.ആ­ പദ്ധതി തന്നെയാണ് അയാൾ 22 വാരയിൽ സമർത്ഥമായി നടപ്പിലാക്കിയതും.ഹസനെ­തിരെ സ്ലോഗ്സ്വീപ്പ് കളിച്ചപ്പോൾ 86 മീറ്റർ അകലെയാണ് പന്ത് പോയി വീണത്.അർദ്ധസെഞ്ച്വറി­ കടന്നതിൽപ്പിന്നെ അയാൾ പൊട്ടിത്തെറിക്കുകയായിരുന്നു.മറ്റേയറ്റത്ത്­ സുരേഷ് റെയ്നയുടെ ബാറ്റിൽ നിന്ന് തീപ്പൊരി ചിതറിയതും രോഹിതിനെ സഹായിച്ചു.

സെറ്റ് ആയ രോഹിതിനെതിരെ പന്തെറിയുന്നത് തീർത്തും വ്യത്യസ്തമായ ഒരു കാര്യമാണെന്ന് പാവം അബുവും തിരിച്ചറിഞ്ഞു.ധാർഷ്ട്യം കലർന്ന ഷോട്ടുകൾ.ഫാസ്റ്റ് ബൗളറെ രോഹിത് ബൗണ്ടറിയിലേക്ക് സ്വീപ്പ് ചെയ്തു.ഷോർട്ട്ബോളി­നെ ഫ്രണ്ട്ഫൂട്ടിൽ സ്റ്റാൻ്റ്സിലേക്ക് പുൾചെയ്തു.യോർക്കറിനുള്ള ശ്രമം പിഴച്ചപ്പോഴേക്കും പന്ത് മിഡ്-വിക്കറ്റിനു മുകളിലൂടെ അദൃശ്യമായി.

ഡെത്ത് ഒാവറുകളിലെ ബംഗ്ലാദേശിൻ്റെ തുറുപ്പ് ചീട്ടായ മുസ്താഫിസുർ റഹ്മാനും ആ ബാറ്റിൻ്റെ ചൂടറിഞ്ഞു.കൗശലക്കാരനായ ഫിസ് അതീവ തന്ത്രശാലിയായ ഒരെതിരാളിയെ കണ്ടുമുട്ടി.സ്ലോ ഷോർട്ട്ബോൾ എറിഞ്ഞപ്പോൾ അത് സ്ക്വയർലെഗ്ഗിനുമുകളി­ലൂടെ സിക്സറായി.പത്തൊമ്പതാം ഒാവറിലെ പന്ത് കീപ്പർക്കും ഷോർട് തേഡ്മാനും ഇടയിലൂടെ വേലിക്കെട്ടിലേക്ക് തിരിച്ചുവിട്ടത് മറക്കാനാവുമോ? ക്രിക്കറ്റ് എന്നാൽ വെറും പവർ ഹിറ്റിങ്ങ് മാത്രമല്ല എന്ന് ബോദ്ധ്യമായ നിമിഷം.പലവട്ടം ആലോചിച്ചിട്ടുള്ളതാണെങ്കിലും വീണ്ടും സ്വയം ചോദിച്ചുപോയി-എങ്ങന­െയാണ് ഈ മനുഷ്യൻ ഇത്ര അനായാസമായി സിക്സറുകൾ അടിക്കുന്നത് !?

'നിദാഹാസ് ' എന്നാൽ സ്വാതന്ത്ര്യം എന്നാണ്.ശ്രീലങ്കയുടെ­ സ്വാതന്ത്ര്യത്തിൻ്റെ­ എഴുപതാം വാർഷികം ആഘോഷിക്കാൻ സംഘടിപ്പിച്ചിട്ടുള്ള­ ടൂർണ്ണമെൻ്റാണിത്.കുറേ മാച്ചുകൾക്കുശേഷം രോഹിത് സ്വാതന്ത്ര്യത്തോടെ കളിച്ചപ്പോൾ അതൊരു വിരുന്നായി.35000 പേർക്ക് ഇരിക്കാവുന്ന പ്രേമദാസ സ്റ്റേഡിയത്തിലെ മിക്ക സീറ്റുകളും ഒഴിഞ്ഞുകിടന്നു.മോഡേ­ൺ ലിമിറ്റഡ് ഒാവർ ക്രിക്കറ്റിലെ ഒരു മജീഷ്യൻ തൻ്റെ ജാലവിദ്യകൾ പ്രദർശിപ്പിക്കുന്നത്­ നേരിൽ കാണാനുള്ള അവസരമാണ് പ്രാദേശിക ജനത നഷ്ടപ്പെടുത്തിയത്.പ­ക്ഷേ ടെലിവിഷനിലൂടെ കോടിക്കണക്കിന് ഭാരതീയർ ഇത് കണ്ട് സന്തുഷ്ടരായി.

സത്യത്തിൽ രോഹിത് എന്ന ക്യാപ്റ്റൻ്റെ ചുമലുകളിൽ ഏൽപ്പിച്ചിട്ടുള്ള ഭാരം വളരെ വലുതാണ്.ശ്രീലങ്കയിലു­ള്ളത് ഇന്ത്യയുടെ 'എ' ടീം ആണെന്നു പറയേണ്ടിവരും.ബൗളിങ്ങ് കടലാസിൽ അതീവ ദുർബലമാണ്.എന്നിട്ടും­ ആധികാരികമായിത്തന്നെ ബ്ലൂ ആർമി കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നു.രോ­ഹിതിനെ അഭിനന്ദിക്കാതെ തരമില്ല.

രോഹിത് വിരോധികൾക്ക് ഇതൊന്നും വലിയ കാര്യമായി തോന്നില്ല.പ്രധാനമായും രണ്ട് വാദങ്ങളാണ് അവർ ഉന്നയിക്കുക-1)ബംഗ്ലാ­ദേശിനെതിരെ ഫോം കണ്ടെത്താൻ ആർക്കും സാധിക്കും 2)ഈ ഇന്നിംഗ്സിൻ്റെ പേരിൽ കുറേക്കാലത്തേക്ക് രോഹിത് കടിച്ചുതൂങ്ങും.

ഒന്നാമത്തേതിനുള്ള മറുപടി-ബംഗ്ലാദേശ് ഇന്നൊരു ചെറിയ ടീമല്ല.രോഹിത് ചെറുമീനുകൾക്കെതിരെ മാത്രം തിളങ്ങുന്ന കളിക്കാരനുമല്ല.അയാളു­ടെ ഒാസ്ട്രേലിയക്കെതിരെയുള്ള റെക്കോർഡുകൾ നോക്കുക.

രണ്ടാമത്തേതിനുള്ള മറുപടി-ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഒാവർ കളിക്കാരുടെ ഒരു പട്ടിക തയ്യാറാക്കിയാൽ അതിൽ ഇപ്പോൾത്തന്നെ രോഹിത് ശർമ്മ ഉണ്ടാവും.30കാരനായ രോഹിതിനു മുമ്പിൽ ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നു എന്നതും ഒാർക്കണം.വല്ലപ്പോഴും ഒരിന്നിംഗ്സ് നന്നായി കളിച്ച് ബാക്കി കളികളിൽ കടിച്ചുതൂങ്ങുന്നവൻ്റെ­ നമ്പറുകളല്ല രോഹിതിൻ്റേത്.കഴിഞ്ഞ­ അഞ്ചുവർഷങ്ങളായി അസാമാന്യ സ്ഥിരതയോടെയാണ് അയാൾ നീലക്കുപ്പായത്തിൽ കളിക്കുന്നത്.എല്ലാവരെയും പോലെ ഫോം ഒൗട്ട് എന്ന താത്കാലിക പ്രതിഭാസം അയാളെയും പിടികൂടി എന്ന് മാത്രം.അയാളെ തഴഞ്ഞുകൊണ്ട് ഇന്ത്യ ഏകദിനവും ടി20യും കളിക്കണം എന്ന് ആത്മാർത്ഥമായും വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്...

#TAGS : Rohit Sharma  

advertisment

News

Related News

    Super Leaderboard 970x90