ദുരഭിമാനത്തിൻ്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിൻ്റെ സ്വന്തം നീനു കോളേജിലേക്ക്....

നീനു കോളേജിൽ പോകുന്നത് ആരെയും അസ്വസ്ഥരാക്കിയേക്കില്ല.പക്ഷേ അവൾ ചിരിച്ചാൽ,സന്തോഷത്തോടെയിരുന്നാൽ ഒരുപാട് വിരലുകൾ ആ പെൺകുട്ടിയ്ക്ക് നേരെ ഉയർന്നേക്കാം.

ദുരഭിമാനത്തിൻ്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിൻ്റെ സ്വന്തം നീനു കോളേജിലേക്ക്....

രാവിലെ പത്രം തുറന്നപ്പോൾ കണ്ട കാഴ്ച്ചകളിൽ ഏറ്റവും സന്തോഷിപ്പിച്ചത് ഇതാണ്.ദുരഭിമാനത്തിൻ്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിൻ്റെ സ്വന്തം നീനു കോളേജിൽ പോകുന്ന ഫോട്ടോ.

മനോഹരമായ ഒരു ചിത്രമാണിത്.പക്ഷേ ഇത് കാണുമ്പോൾ ചില എതിർശബ്ദങ്ങളും ഉയർന്നേക്കാം എന്ന് ഞാൻ ഭയക്കുന്നു.

പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന അറേഞ്ച്ഡ് മാര്യേജ് സമ്പ്രദായത്തോട് സന്ധിചെയ്തവളല്ല നീനു.മേൽ നിറയെ സ്വർണ്ണാഭരണങ്ങളൊക്കെയിട്ട്,നാട്ടുകാരുടെ­­യും ബന്ധുക്കളുടെയും മുന്നിൽ വെച്ച് വിവാഹിതയായിരുന്നുവെങ്കിൽ അവളെ എളുപ്പത്തിൽ സമൂഹം സ്വീകരിക്കുമായിരുന്നു.പ്രണയവിവാഹങ്ങളെ അംഗീകരിക്കാൻ ഇന്നും നമുക്ക് മടിയാണ്.അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണല്ലോ കെവിനും നീനുവും.

'' ആ പെണ്ണ് ഒാടിപ്പോകാതെ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നെങ്കിൽ ആ ചെക്കന് ഈ ഗതി വരില്ലായിരുന്നു'' എന്ന് പറയുന്ന മദ്ധ്യവയസ്കരെയും വൃദ്ധരെയും ധാരാളം കാണാം.സ്ത്രീകൾ മോശമായി വസ്ത്രം ധരിക്കുന്നതുകൊണ്ടാണ് പുരുഷൻമാർ റേപ്പ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നവർ ധാരാളമുള്ള നാട്ടിൽ അത്തരം സംസാരങ്ങൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇത്തരം വിഷയങ്ങളിൽ പെണ്ണിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നമുക്കിഷ്ടം.സ്ത്രീകൾ പോലും ആ ബോധത്തിൻ്റെ വാഹകരാകുന്നു.

ദുരഭിമാനത്തിൻ്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിൻ്റെ സ്വന്തം നീനു കോളേജിലേക്ക്....

നീനുവിനെ സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാവും.

മരണവീട്ടിലെ പരിശോധന കണ്ടിട്ടില്ലേ? വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ തനിക്ക് വിഷമമുണ്ടെന്ന് കരഞ്ഞു തെളിയിക്കേണ്ട ഗതികേട് ഉള്ളവരാണ് സ്ത്രീകൾ.മരിച്ചയാളുടെ ഭാര്യയ്ക്കും പെൺമക്കൾക്കുമെല്ലാം ആവശ്യത്തിന് വിഷമമുണ്ട് എന്ന് ആളുകൾ ഉറപ്പുവരുത്താറുണ്ട്.കൃത്യമായി അടുത്ത വീടുകളിൽ റിപ്പോർട്ട് ചെയ്യാറുണ്ട്.

കരഞ്ഞാൽ ആവശ്യത്തിന് കരഞ്ഞില്ല എന്ന് പറയും.മരവിച്ചിരുന്നാൽ ഒരു തുള്ളി കണ്ണുനീരു അവൾ വീഴ്ത്തിയില്ല എന്ന് പഴിക്കും.ഈ ഉൗളത്തരം കാരണം മരണവീട്ടിലെ സ്ത്രീകൾ നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയും കരയാറുണ്ട്.പുരുഷൻ ഇക്കാര്യത്തിൽ ഭാഗ്യവാനാണ്.ഈ ഒാഡിറ്റിങ്ങ് അവന് ബാധകമല്ല !

വിധവകളെയും സമൂഹം ഉറ്റുനോക്കാറുണ്ട്.

ഭർത്താവ് മരിച്ച സ്ത്രീ നല്ല വസ്ത്രം ധരിച്ചാലോ പൊട്ടിച്ചിരിച്ചാലോ അണിഞ്ഞൊരുങ്ങിയാലോ നമുക്ക് സഹിക്കില്ല.അവൾക്ക് മരിച്ചുപോയ ആളോട് ഒരു സ്നേഹവും ഇല്ലെന്ന് നിസ്സാരമായങ്ങ് വിധിച്ചുകളയും !

നീനു കോളേജിൽ പോകുന്നത് ആരെയും അസ്വസ്ഥരാക്കിയേക്കില്ല.പക്ഷേ അവൾ ചിരിച്ചാൽ,സന്തോഷത്തോടെയിരുന്നാൽ ഒരുപാട് വിരലുകൾ ആ പെൺകുട്ടിയ്ക്ക് നേരെ ഉയർന്നേക്കാം.

ഈ വൃത്തികേടിനോട് അന്നും ഇന്നും തികഞ്ഞ എതിർപ്പാണ്.ഒരാളുടെ സങ്കടം നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് പ്രകടിപ്പിക്കണം എന്ന് പറയുന്നതൊക്കെ എത്ര വലിയ വിഡ്ഢിത്തമാണ്.ഒരു വിധവ ചിലപ്പോൾ നിങ്ങളുടെ മുന്നിൽ ചിരിക്കുന്നുണ്ടാവും.പക്ഷേ അവളുടെ തലയിണയ്ക്ക് കണ്ണീരു കുടിച്ച് ശീലമായിട്ടുണ്ടാവും.

ഭാര്യ മരിച്ച പുരുഷൻ മാസങ്ങൾക്കകം വേറെ പെണ്ണുകെട്ടിയാൽ ആർക്കും പ്രശ്നമില്ല.പക്ഷേ വിധവ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചാൽ അത് അംഗീകരിക്കാൻ സ്വല്പം പ്രയാസമാണ്.പെണ്ണ് എല്ലാം സഹിച്ചോളണം എന്നൊരു മനോഭാവമാണ്.

ഭർത്താവ് നഷ്ടപ്പെടുന്ന സ്ത്രീകൾക്ക് ഒരു മാതൃകയാണ് നീനു.അവൾ പഠിക്കാനും ഉയരങ്ങൾ കീഴടക്കാനും ആഗ്രഹിക്കുന്നു.അങ്ങനെ തന്നെയാണ് വേണ്ടത്.പണ്ട് സ്ത്രീകൾ സതി അനുഷ്ഠിച്ചുകാണും.സിനിമയിലെ വിധവകൾ വെള്ളസാരി മാത്രം ഉടുത്ത് വീട്ടിൽ ഒതുങ്ങുന്നവരായിരിക്കും.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പെണ്ണും അത് ചെയ്യേണ്ട ആവശ്യമില്ല.

നാളെ നീനു മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചാൽ അവളെ കല്ലെറിയരുത്.കാഞ്ചനമാലമാരുടെ ത്യാഗത്തെ അംഗീകരിക്കുന്നു.പക്ഷേ എല്ലാവരും അതുപോലെയാവണം എന്ന് ശഠിക്കരുത്...

advertisment

News

Related News

Super Leaderboard 970x90