എന്തുകൊണ്ട് മധുവിനെ ആക്രമിച്ചവർ മാത്രം തെറ്റുകാരാകുന്നു ?

പത്തും പതിനഞ്ചും പേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന വെള്ളിത്തിരയിലെ നായകനെ പുരുഷൻമാർ ആരാധിക്കും ; അനുകരിക്കാൻ മോഹിക്കും.ഇത്തരത്തിൽ ഇടിക്കാൻ മുട്ടിയാണ് മിക്കവരുടെയും നില്പ്.പക്ഷേ ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഉണ്ടാവുകയുമില്ല.അപ്പോൾപ്പിന്നെ എന്തുചെയ്യും? പാവം മധുമാർ മുന്നിൽവന്നുപെട്ടാൽ കൂട്ടംചേർന്ന് ഇടിക്കുക തന്നെ ! കഴപ്പ് തീർക്കൽ എന്നും പറയാം....

എന്തുകൊണ്ട് മധുവിനെ ആക്രമിച്ചവർ മാത്രം തെറ്റുകാരാകുന്നു ?

മധുവിനോട് മാപ്പു പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളുടെ കുത്തൊഴുക്ക് കാണുമ്പോൾ കേരളം മെച്ചപ്പെട്ടു എന്ന് തെറ്റിദ്ധരിക്കരുത്.അയാളെ ആദിവാസി എന്ന് വിശേഷിപ്പിക്കാതെ മനുഷ്യനായി കാണണം എന്ന അഭിപ്രായത്തിന് കിട്ടുന്ന വമ്പിച്ച പിന്തുണ കാണുമ്പോൾ ഇന്നാട്ടിലെ വിവേചനങ്ങൾ എന്നെന്നേക്കുമായി ഇല്ലാതായി എന്ന് സ്വപ്നം കാണരുത്.ഫെയ്സ്ബുക്കിനു പുറത്തും ഒരു ലോകമുണ്ട്.അവിടെ മധുമാർ ഇനിയും ഉണ്ടായേക്കും(അങ്ങനെ സംഭവിക്കരുതെന്ന് ആഗ്രഹമുണ്ടെങ്കിലും !)

ഉത്തരേന്ത്യയിലൊക്കെ കണ്ടുവരുന്ന കാര്യങ്ങൾ കേരളത്തിലും ഉണ്ടായതിൽ സങ്കടമുണ്ട് എന്ന പ്രസ്താവന പലരിൽ നിന്നും കണ്ടു.ഇതൊരു അർദ്ധസത്യം മാത്രമേ ആകുന്നുള്ളൂ.നമ്മുടെ നാട് അത്ര പരിശുദ്ധമൊന്നുമല്ല.ഒരാളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുക എന്ന വൃത്തികെട്ട കലാരൂപം കാലാകാലങ്ങളായി ഇവിടെ നിലനിൽക്കുന്നുണ്ട്-വിശേഷിച്ചും നാട്ടിൻപുറങ്ങളിൽ.

കേരളത്തിലെ ഒരു ഗ്രാമത്തിൽ മോഷണത്തിനിടെ ഒരാൾ പിടിയിലായി എന്ന് കരുതുക.അയാളെ പരമാവധി ഉപദ്രവിച്ചതിനുശേഷം മാത്രമേ പൊലീസിൽ ഏൽപ്പിക്കാറുള്ളൂ.വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം മോഷ്ടിച്ചവനെയും ആരും വെറുതെ വിടാറില്ല.''പണിയെടുത്ത് തിന്നടാ '' എന്ന് ആക്രോശിച്ചുകൊണ്ട് രണ്ടടി കൂടുതൽ കൊടുക്കാറാണ് പതിവ്.

ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അന്യസംസ്ഥാനത്തൊഴിലാളിയെ കണ്ടാലോ?അയാൾ നിരപരാധിയാവാം.പക്ഷേ അടികിട്ടാൻ എല്ലാ സാദ്ധ്യതയുമുണ്ട്.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ രാത്രി ഒരു അന്യപുരുഷൻ ചെന്നാൽ നമ്മുടെ നാട്ടിലെ സദാചാരക്കമ്മിറ്റിക്കാർ അയാളെ കൈവെയ്ക്കാറില്ലേ? സല്ലപിക്കുന്ന കമിതാക്കളെ ചിലപ്പോഴെങ്കിലും പൊതുസ്ഥലങ്ങളിൽ നിന്ന് തല്ലിയോടിക്കാറില്ലേ? മറ്റുള്ളവരുടെ സ്വകാര്യതയിലും ലൈംഗികതയിലും ഇടപെടേണ്ട ആവശ്യമില്ല എന്ന് ചിന്തിക്കുന്നവർ ഇന്നും വളരെ കുറവല്ലേ?

ഈ വക കാര്യങ്ങളെയൊന്നും തെറ്റുകളായി നമ്മുടെ പൊതുബോധം കണക്കാക്കുന്നുമില്ല.പിന്നെയെന്തുകൊണ്ട് മധുവിനെ ആക്രമിച്ചവർ മാത്രം തെറ്റുകാരായി? അയാൾ മരിച്ചു എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം ! മധു ഇന്ന് ജീവനോടെയുണ്ടായിരുന്നുവെങ്കിൽ, കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച നാട്ടുകാരുടെ ധീരത പ്രശംസിക്കപ്പെടുമായിരുന്നു.ഇനി കുറച്ചുകാലത്തേക്ക് ആൾക്കൂട്ടത്തിൻ്റെ ആക്രമണങ്ങൾ ഇല്ലാതായേക്കാം.പക്ഷേ ഈ സംഭവത്തിൻ്റെ ചൂടാറുമ്പോൾ എല്ലാം പഴയപടിയാവും.

വിലാപങ്ങളേക്കാൾ വിശകലനങ്ങളാണ് ഇവിടെ വേണ്ടത്.എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്ന് കൃത്യമായി വിലയിരുത്തണം.പരിഹാരം കണ്ടെത്തണം.

പുരുഷനെ സംബന്ധിച്ചിടത്തോളം മറ്റൊരാളെ കായികമായി ആക്രമിക്കുന്നതും വിജയം വരിക്കുന്നതും ഈഗോയുടെ പ്രശ്നമാണ്.അപ്രകാരമാണ് അവനെ സമൂഹം വളർത്തിയെടുക്കുന്നത്.കുഞ്ഞുമക്കൾക്ക് അച്ഛനമ്മമാർ കഥകൾ പറഞ്ഞുകൊടുക്കാറുണ്ട്.ആൺകുട്ടി കേൾക്കുന്നത് ഒരുപാട് പേരെ മലർത്തിയടിച്ച ഭീമൻമാരുടെ കഥകളായിരിക്കും.സർവ്വം സഹിക്കുന്ന സീതമാരുടെ ഗാഥകളായിരിക്കും പെൺകുട്ടികളുടെ കാതുകളിൽ മുഴങ്ങുക.

ആൺകുട്ടികൾക്ക് കളിപ്പാട്ടമായി തോക്കും മറ്റും ലഭിക്കുമ്പോൾ, അടുക്കളസാധനങ്ങളുടെ കുറേ ചെറുപതിപ്പുകളാണ് പെൺകുട്ടികൾക്ക് വാങ്ങിക്കൊടുക്കുക.സഹപാഠിയെ തല്ലി അവശനാക്കിയ മകനെ ''ആങ്കുട്ട്യോളായാ ഇത്തിരി തല്ലും വഴക്കും ഒക്കെ ഉണ്ടാവും '' എന്ന് പറഞ്ഞ് ന്യായീകരിക്കുന്ന രക്ഷിതാക്കളുണ്ട്.പ്രത്യക്ഷത്തിൽ നിർദോഷം എന്ന് തോന്നിയേക്കാമെങ്കിലും വലിയ അപകടങ്ങൾക്കുള്ള വിത്തുകളാണ് അത് പാകുന്നത്.

പത്തും പതിനഞ്ചും പേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന വെള്ളിത്തിരയിലെ നായകനെ പുരുഷൻമാർ ആരാധിക്കും ; അനുകരിക്കാൻ മോഹിക്കും.ഇത്തരത്തിൽ ഇടിക്കാൻ മുട്ടിയാണ് മിക്കവരുടെയും നില്പ്.പക്ഷേ ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഉണ്ടാവുകയുമില്ല.അപ്പോൾപ്പിന്നെ എന്തുചെയ്യും? പാവം മധുമാർ മുന്നിൽവന്നുപെട്ടാൽ കൂട്ടംചേർന്ന് ഇടിക്കുക തന്നെ ! കഴപ്പ് തീർക്കൽ എന്നും പറയാം.

ആത്മരക്ഷാർത്ഥം ഒരാളെ കായികമായി നേരിടേണ്ടിവന്നേക്കാം.നേരമ്പോക്കിനു വേണ്ടി ആരെയും തല്ലരുത് എന്ന് ചെറുപ്പത്തിൽ തന്നെ കുട്ടികളെ പറഞ്ഞുപഠിപ്പിക്കണം.

ആൾക്കൂട്ടം നടപ്പിലാക്കുന്ന നീതിയ്ക്ക് നമ്മുടെ നാട്ടിൽ വലിയ സ്വീകാര്യതയുണ്ട്.ഒരു റേപ്പ് കേസ് ഉണ്ടായാൽ ''പ്രതിയെ ഞങ്ങൾക്കെറിഞ്ഞു തരൂ..'' എന്ന വാദം കാണാം.അമർ അക്ബർ അന്തോണിയിലെ ക്ലൈമാക്സ് സീനിന് കിട്ടിയ കൈയ്യടികൾ ഒാർക്കുക.നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ പോരായ്മ കൂടിയാണത്.എല്ലാവർക്കും നീതി കിട്ടിയാൽ ഒരാളും മോബ് ജസ്റ്റിസിനു വേണ്ടി ശബ്ദമുയർത്തില്ല.

പക്ഷേ ഒരു തെറ്റിനെ അതിനേക്കാൾ വലിയ തെറ്റുകൊണ്ടല്ല നേരിടേണ്ടത്.മോബ് ജസ്റ്റിസ് ഒരുതരത്തിലും അംഗീകരിക്കാനാവാത്ത ഒന്നാണ്.സംശയത്തിൻ്റെയും വികാരത്തിൻ്റെയും കേട്ടറിവിൻ്റെയും പുറത്ത് നടപ്പിലാക്കപ്പെടുന്ന ഒരു സംഗതി.തെളിവുകളല്ല അവിടെ മുഖ്യം.ചിലപ്പോൾ കുറ്റവാളിയെന്ന് സംശയിച്ച് തല്ലിക്കൊന്നതിനുശേഷമായിരിക്കും അയാൾ നിരപരാധിയായിരുന്നു എന്ന് തെളിയുന്നത്.

അതുകൊണ്ട് കുറ്റം എന്തായാലും നിയമം കൈയ്യിലെടുക്കാൻ നമുക്ക് അധികാരമില്ല.

മധുവിനെ ആദിവാസി എന്ന് വിളിക്കുന്നത് എന്തിനാണ് എന്നൊരു ചോദ്യമുണ്ട്.പക്ഷേ അയാളുടെ നിറവും കുലവും ഒക്കെ തല്ലിയവരെ സ്വാധീനിച്ചിട്ടുണ്ടാവും എന്നത് നിസ്തർക്കമാണ്.കറുത്ത നിറമുള്ള,മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരാളെ ക്രിമിനൽ എന്ന് മുദ്രകുത്താൻ എളുപ്പമാണ്.ഒരു സവർണ്ണനെ നാം അത്രയെളുപ്പം സംശയിക്കില്ല.

പുതുക്കോട്ടയിലെ പുതുമണവാളനിൽ ജയറാം പ്രേംകുമാറിനെ 'കാട്ടുവാസി' എന്ന് വിളിക്കുന്നത് കേട്ട് നാം ചിരിച്ചിട്ടുണ്ട്.ഫ്രണ്ട്സിൽ മുകേഷ് ശ്രീനിവാസനെ 'കാട്ടുജാതിക്കാരൻ' എന്ന് വിശേഷിപ്പിച്ചപ്പോൾ നമ്മൾ ചിരിച്ചിട്ടുണ്ട്.ആദിവാസികൾ നമുക്കിന്നും ചിരിക്കാനുള്ള വക തരുന്നവരാണ്.അതുകൊണ്ട് മധു ആദിവാസിയായിരുന്നു എന്നത് വലിയൊരു ഫാക്ടർ തന്നെയാണ്.

ഒരാൾ ആദിവാസിയായി ജനിച്ചാൽ അത് അയാളുടെ തെറ്റല്ല.ഒരുവൻ മണിമാളികയിൽ ജനിച്ചാൽ അതവൻ്റെ കഴിവുമല്ല.ഇതുപോലെ തന്നെയാണ് നിറവും.വെളുപ്പിന് ഒരു പ്രത്യേകതയും ഇല്ല.നൂറ്റാണ്ടുകൾ നീണ്ടുനിന്ന കൊളോണിയൽ ഭരണത്തിൻ്റെ അനന്തരഫലം മാത്രമാണ് വെളുപ്പിനോടുള്ള ഭ്രമം.അതുകൊണ്ട് കറുത്ത നിറമുള്ളവരെ രണ്ടാംതരക്കാരായി കാണുന്ന ഏർപ്പാട് നിർത്തണം.റേസിസം ചുവയ്ക്കുന്ന തമാശകൾ ഇനിയും നമ്മളെ ചിരിപ്പിക്കാൻ പാടില്ല.മനുഷ്യൻ എന്ന ചിന്തയാവട്ടെ മുഖ്യം.

മാറ്റങ്ങൾ പെട്ടന്ന് ഉണ്ടാവില്ല.ഇപ്പോൾ ശ്രമം തുടങ്ങിയാൽ അടുത്ത തലമുറയെങ്കിലും മാറിച്ചിന്തിക്കും.നമുക്കൊരുമിച്ച് ശ്രമിച്ചുകൂടേ?

#TAGS : madhu murder  

advertisment

News

Super Leaderboard 970x90