Sports

''കുൽദീപ് യാദവ്''... ടി20 കാലഘട്ടത്തിലും 1970കളിലെ ബൗളിങ്ങ് ശൈലി കാത്തുസൂക്ഷിക്കുന്നവൻ

ഇംഗ്ലണ്ടിൽ ടെസ്റ്റ് സീരീസ് ജയിക്കാൻ വിരാട് ആഗ്രഹിക്കുന്നുവെങ്കിൽ കുൽദീപ് തീർച്ചയായും ടീമിൽ വേണം.അനുകൂലമല്ലാത്ത പിച്ചുകളിലും മിന്നിത്തിളങ്ങുന്ന കുൽദീപ് പുറത്തിരുന്നാൽ നഷ്ടപ്പെടുന്നത് ഇന്ത്യയുടെ സുവർണ്ണാവസരമാകും.

 ''കുൽദീപ് യാദവ്''... ടി20 കാലഘട്ടത്തിലും 1970കളിലെ ബൗളിങ്ങ് ശൈലി കാത്തുസൂക്ഷിക്കുന്നവൻ

''ഒാസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 481 റൺസ് വാരിക്കൂട്ടിയത് ട്രെൻ്റ്ബ്രിഡ്ജിലാണ്.പാക്കിസ്ഥാനെതിരെ 444 എന്ന വമ്പൻ ടോട്ടൽ ഞങ്ങൾ പടുത്തുയർത്തിയതും ഇതേ വേദിയിൽ വെച്ചാണ്....''

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിൻ്റെ പ്രീ-മാച്ച് ഷോയിൽ ഗ്രെയിം സ്വാൻ ഇക്കാര്യം ഇടയ്ക്കിടെ ഒാർമ്മിപ്പിച്ചിരുന്നു.400 എന്ന മാന്ത്രിക സംഖ്യ ഇന്ത്യയ്ക്കെതിരെയും ഇംഗ്ലണ്ട് പിന്നിട്ടേക്കും എന്ന് പരോക്ഷമായി പറഞ്ഞുവെയ്ക്കുകയായിരുന്നു മുൻ ഇംഗ്ലിഷ് ഒാഫ്സ്പിന്നർ.അയാളെ കുറ്റപ്പെടുത്താനാവില്ലായിരുന്നു.ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് നിര അത്രയും ശക്തമായിരുന്നു.2015 ലോകകപ്പിനുശേഷം അവരുടെ ഏകദിനടീമിൽ വൻ വിപ്ലവം തന്നെ നടന്നിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 10.1 ഒാവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 73 റണ്ണുകളെടുത്തപ്പോൾ സ്വാനിൻ്റെ വാക്കുകൾ സത്യമാവുകയാണെന്ന് പലരും കരുതി.പക്ഷേ ഇന്ത്യയുടെ ബൗളിംഗ് നിരയിൽ ഒരു ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നറുണ്ടായിരുന്നു.ഇംഗ്ലണ്ട് ലക്ഷ്യം വെച്ച മാന്ത്രിക സംഖ്യയെ നിഷേധിക്കാൻ ശേഷിയുള്ള മജീഷ്യൻ.പേര് കുൽദീപ് യാദവ്.

ഒരു റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച ജെയ്സൻ റോയ് ആണ് ആദ്യം ചൈനമൻ ബൗളർക്കു മുമ്പിൽ കീഴടങ്ങിയത്.എന്നാൽ തുടർന്ന് ക്രീസിലെത്തിയത് ഇംഗ്ലണ്ട് ടീമിൽ സ്പിൻ ഏറ്റവും നന്നായി കളിക്കുന്ന ജോ റൂട്ട് ആയിരുന്നു.അയാളിൽ ഇംഗ്ലിഷ് ടീം ഒരു രക്ഷകനെ സ്വപ്നം കണ്ടു.ടോപ്സ്പിന്നറോ ഗൂഗ്ലിയോ പ്രതീക്ഷിച്ചായിരുന്നു റൂട്ടിൻ്റെ നില്പ്.കിട്ടിയത് ഒരു ലെഗ്ബ്രെയിക്കും !ബാക്ക്ഫൂട്ടിലായിരുന്ന സൂപ്പർതാരം വിക്കറ്റിനുമുമ്പിൽ കുടുങ്ങി.തൻ്റെ പങ്കാളിയോട് ഒന്ന് സംസാരിച്ചതിനുശേഷം റൂട്ട് പവിലിയനിലേക്ക് നടന്നു.ഡി.ആർ.എസ്സിൻ്റെ ആവശ്യം പോലും ഇല്ലായിരുന്നു.മിഡിൽസ്റ്റംമ്പിൻ്റെ മിഡിലിൽ ചെന്നുകൊള്ളേണ്ട പന്തായിരുന്നു !

 ''കുൽദീപ് യാദവ്''... ടി20 കാലഘട്ടത്തിലും 1970കളിലെ ബൗളിങ്ങ് ശൈലി കാത്തുസൂക്ഷിക്കുന്നവൻ

അടുത്ത ഉൗഴം ജോണി ബെയർസ്റ്റോയുടേതായിരുന്നു.സ്വർണ്ണത്താടിയുള്ള പ്രതിഭാധനനെ കുൽദീപ് ലെഗ്ബ്രെയിക്കുകൾ കൊണ്ട് മോഹിപ്പിച്ചുനിർത്തി.പെട്ടന്നായിരുന്നു ഒരു ഗൂഗ്ലിയുടെ വരവ് ! ആ ഡെലിവെറിയുടെ ഫ്ലൈറ്റിനുമുമ്പിൽ ബെയർസ്റ്റോ പരാജിതനായി.ശക്തമായ ഒരു എൽ.ബി.ഡബ്ല്യൂ അപ്പീൽ.എന്നാൽ ഇത്തവണ അമ്പയറുടെ ചൂണ്ടുവിരലുയർന്നില്ല !

ബാറ്റ്സ്മാൻ ഒൗട്ടാണെന്ന് കുൽദീപിന് തീർച്ചയായിരുന്നു.തൻ്റെ ബൗളറുടെ നിർബന്ധം മൂലം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അമ്പയറുടെ തീരുമാനം പുനഃപരിശോധിച്ചു.മൂന്നാം അമ്പയർ റീപ്ലേകൾ കണ്ടു.പിച്ചിങ്ങ് ഇൻ ലൈൻ ; ഇംപാക്റ്റ് ഇൻ ലൈൻ ; വിക്കറ്റ്സ് ഹിറ്റിങ്ങ്...! ബെയർസ്റ്റോ ഒൗട്ട് !!

ഗുഡ്ലെങ്ത്ത് ഏരിയയിൽ മൂന്നു ഡെലിവെറികൾ...മൂന്നു മുൻനിര വിക്കറ്റുകൾ...! അതുകൊണ്ടും തീർന്നില്ല.പവർപ്ലേയിൽ ഇംഗ്ലണ്ടിൻ്റെ ആയുധമാകേണ്ടിയിരുന്ന ജോസ് ബട്ലറും നിലയുറപ്പിച്ച ബെൻ സ്റ്റോക്സും വില്ലി എന്ന പാവം ലോവർ ഒാർഡർ ബാറ്റ്സ്മാനും കുൽദീപിനു മുമ്പിൽ മുട്ടുമടക്കി.ഒരു ഏകദിന മത്സരത്തിൽ ഒറ്റ ബൗണ്ടറി പോലും വഴങ്ങാതെ ആറു വിക്കറ്റുകൾ ! ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇടംകൈയ്യൻ സ്പിന്നർ ! ഏകദിനത്തിൽ ഇതിനേക്കാൾ നന്നായി ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞത് ബിന്നിയും കുംബ്ലെയും നെഹ്റയും മാത്രം...!

 ''കുൽദീപ് യാദവ്''... ടി20 കാലഘട്ടത്തിലും 1970കളിലെ ബൗളിങ്ങ് ശൈലി കാത്തുസൂക്ഷിക്കുന്നവൻ

ജോസ് ബട്ലർക്ക് വിക്കറ്റ് നഷ്ടമായത് ഒരു മോശം പന്തിലാണെന്ന് വാദിക്കാം.സ്റ്റോക്സിൻ്റെ വിക്കറ്റിൽ അരങ്ങേറ്റക്കാരനായ സിദ്ദാർത്ഥ് കൗളിനും നല്ലൊരു പങ്ക് അവകാശപ്പെടാം.ഷോർട്ട്ബോളെറിഞ്ഞിട്ടും വില്ലിയുടെ വിക്കറ്റ് കിട്ടിയത് ഭാഗ്യംകൊണ്ടുമാത്രമാണെന്ന് പറയാം.എങ്ങനെയൊക്കെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാലും നോട്ടിങ്ഹാം നഗരം ഇനിയൊരിക്കലും കുൽദീപിനെ മറക്കാൻ പോകുന്നില്ല.വിതച്ച ഭീതിയ്ക്കുള്ള പ്രതിഫലം മാത്രമാണ് അയാൾ കൊയ്തത്.

കുൽദീപിൻ്റെ പിച്ച് മാപ്പ് ഒന്ന് പരിശോധിച്ചുനോക്കൂ.60 പന്തുകൾ എറിഞ്ഞപ്പോൾ രണ്ടെണ്ണം മാത്രമാണ് ഷോർട്ട്ബോളുകളായി പരിണമിച്ചത്.ഈ സ്ഥിരത ഒരു ലെഗ്സ്പിന്നറിൽ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല.മോശം പന്തുകളിൽപ്പോലും അയാൾ വിക്കറ്റുകൾ നേടുന്നുണ്ടെങ്കിൽ, അതിനു കാരണം ഈ അച്ചടക്കമാണ്.ഏതാണ്ട് ഒറ്റയ്ക്കാണ് കുൽദീപ് ഇംഗ്ലണ്ടിൻ്റെ ടോട്ടൽ 268ൽ ഒതുക്കിയത്.ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് അത് ഒരു കഷ്ണം കേക്കുപോലെയായിരുന്നു.

പിച്ച് സ്ലോ ആയതുകൊണ്ടാണ് കുൽദീപ് നേട്ടമുണ്ടാക്കിയത് എന്ന് ചില ഇംഗ്ലിഷ് എക്സ്പേർട്ട്സ് പറയുന്നത് കേട്ടിരുന്നു.ആ ഫ്ലാറ്റ് പിച്ച് നോക്കി അപ്രകാരം വിലപിക്കാൻ അവർക്കേ സാധിക്കൂ.അവർ റിവേഴ്സ് സ്വിങ്ങിനെ അംഗീകരിച്ചത് ഡാരെൻ ഗഫ് ആ കല സ്വായത്തമാക്കിയപ്പോൾ മാത്രമാണ്.പ്രജാരാജ്യമായിരുന്ന ഇന്ത്യയിലെ ഒരു മികച്ച താരത്തെ അംഗീകരിക്കാൻ സ്വാഭാവികമായും ഇംഗ്ലിഷുകാരന് പ്രയാസമായിരിക്കും.ഇന്നും...!

 ''കുൽദീപ് യാദവ്''... ടി20 കാലഘട്ടത്തിലും 1970കളിലെ ബൗളിങ്ങ് ശൈലി കാത്തുസൂക്ഷിക്കുന്നവൻ

കുൽദീപ് യാദവ് അത്യധികം ആഹ്ലാദകരമായ ഒരു കാഴ്ച്ചയാണ്.ആ ജനുസ്സിൽപ്പെട്ട നല്ല സ്പിന്നർമാർ ഇൗ ഗെയിമിൽ ഒരുപാടൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ആദ്യത്തെ കാര്യം.അതുകൊണ്ട് അയാളുടെ ജാലവിദ്യകൾക്ക് പുതുമയുടെ മോടിയുണ്ട്.ഒഴുക്കിനെതിരെ നീന്തുന്നവനാണ് കുൽദീപ്.ഈ ടി20 കാലഘട്ടത്തിലും 1970കളിലെ ബൗളിങ്ങ് ശൈലി കാത്തുസൂക്ഷിക്കുന്നവൻ..അതിൽ വിജയം വരിക്കുന്നവൻ...! ''

സ്പിൻ ബൗളിങ്ങിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു.ടേൺ ഉപേക്ഷിച്ച് പേസിനു പുറകെ പോകുന്ന സ്പിന്നർമാരുടെ കാലമാണിത്.ബാറ്റ്സ്മാൻ ഒന്നോ രണ്ടോ വമ്പൻ ഷോട്ടുകൾ കളിച്ചാൽ 90-95 കി.മീ വേഗത്തിൽ അടുത്ത പന്ത് വലിച്ചെറിയുന്ന സ്പിന്നർമാർ ഇന്നത്തെ പതിവുകാഴ്ച്ചയാണ്.കുൽദീപ് ഇവിടെ വ്യത്യസ്തനാണ്.വളരെ സ്ലോ ആയിട്ടാണ് എറിയുന്നത്.എറാപ്പള്ളി പ്രസന്നയും ഭഗവത് ചന്ദ്രശേഖറും ഉപയോഗിച്ച തന്ത്രങ്ങളാണ് പയറ്റുന്നതും.'ഫ്രീക്ക്' എന്ന് വിശേഷിപ്പിക്കാവുന്ന റഷീദ് ഖാൻമാർ വാഴുന്ന ലോകത്ത് തീർത്തും ഒാർത്തഡോക്സ് ആയ കുൽദീപും കസേരവലിച്ചിട്ട് ഇരിപ്പുറപ്പിക്കുന്നു.

കുൽദീപിൻ്റെ ബാല്യകാല കോച്ച് കപിൽ ഒരു പ്രത്യേക പരിശീലനരീതി നടപ്പിലാക്കിയിരുന്നു.ധാരാളം സിക്സറുകളടിക്കുന്ന ബാറ്റ്സ്മാൻമാർക്കു മുന്നിലേക്ക് തൻ്റെ ശിഷ്യനെ കപിൽ നിരന്തരം എറിഞ്ഞുകൊടുക്കുമായിരുന്നു.ആ കളരിയിൽ പയറ്റിത്തെളിഞ്ഞുവന്നവനായതുകൊണ്ട് കുൽദീപ് സിക്സറുകളെ ഭയക്കുന്നില്ല.അടി കിട്ടിയാലും അയാൾ വിക്കറ്റുകൾക്കു വേണ്ടിയാണ് എറിയുന്നത്.കുറവ് റൺസ് വഴങ്ങുക എന്ന ലക്ഷ്യത്തോടെ നെഗറ്റീവ് ലൈനിൽ പന്തെറിയുന്ന കുൽദീപിനെ നിങ്ങൾക്ക് കാണാനാവില്ല.അതുകൊണ്ടാണ് അയാൾ ഇത്ര മാത്രം സ്വാധീനം ചെലുത്തുന്നതും.പുതിയ കാര്യങ്ങൾ പഠിക്കാൻ സദാ തയ്യാറാണ് കുൽദീപ്.എെ.പി.എൽ സമയത്ത് സാക്ഷാൽ ഷെയ്ൻ വോണിൽ നിന്ന് പരമാവധി പാഠങ്ങൾ അയാൾ ഊറ്റിയെടുത്തിരുന്നു.

 ''കുൽദീപ് യാദവ്''... ടി20 കാലഘട്ടത്തിലും 1970കളിലെ ബൗളിങ്ങ് ശൈലി കാത്തുസൂക്ഷിക്കുന്നവൻ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിലും കുൽദീപ് അഞ്ചുവിക്കറ്റുകൾ നേടിയിരുന്നു.കുൽദീപിനെ നേരിടാൻ ഇംഗ്ലണ്ട് 'മെർലിൻ' എന്ന ബൗളിങ്ങ് മെഷീൻ്റെ സഹായം വരെ തേടി.എന്നിട്ടും ഒറ്റ മാച്ചിലെ നിറംകുറഞ്ഞ പ്രകടനത്തിൻ്റെ പേരിൽ സീരീസ് ഡിസൈഡറിൽ അയാളെ പുറത്തിരുത്തി.ഒരു ബൗളറെ ഡ്രോപ്പ് ചെയ്യാൻ ടീം മാനേജ്മെൻ്റ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ഉയർന്നുവരുന്ന പേരുകളിലൊന്ന് കുൽദീപിൻ്റേതാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.ഇതിൻ്റെ കാരണം അജ്ഞാതമാണ്.അയാൾ കുറച്ചുകൂടി പിന്തുണ അർഹിക്കുന്നു.

അതുപോലെത്തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇയാൾ എന്തുകൊണ്ട് സ്ഥിരാംഗമാകുന്നില്ല എന്ന ചോദ്യത്തിനും ഉത്തരമില്ല.ഏഷ്യയിലെ പിച്ചുകളിൽ മാത്രം വിക്കറ്റുകൾ കൊയ്തുകൂട്ടുന്ന അശ്വിനും ജഡേജയ്ക്കും വേണ്ടി കുൽദീപ് പുറത്തിരിക്കാറാണ് പതിവ്. ഇംഗ്ലണ്ടിൽ ടെസ്റ്റ് സീരീസ് ജയിക്കാൻ വിരാട് ആഗ്രഹിക്കുന്നുവെങ്കിൽ കുൽദീപ് തീർച്ചയായും ടീമിൽ വേണം.അനുകൂലമല്ലാത്ത പിച്ചുകളിലും മിന്നിത്തിളങ്ങുന്ന കുൽദീപ് പുറത്തിരുന്നാൽ നഷ്ടപ്പെടുന്നത് ഇന്ത്യയുടെ സുവർണ്ണാവസരമാകും.

ട്രെൻ്റ്ബ്രിഡ്ജ് സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിൽ 'Green King' എന്നെഴുതിയിട്ടുണ്ട്.ഇപ്പോൾ അവിടത്തെ കിംഗ് കുൽദീപ് തന്നെയാണ്.അയാളുടെ ഭരണസ്വാധീനം ക്രിക്കറ്റ് ലോകമെങ്ങും വ്യാപിക്കും എന്ന കാര്യത്തിൽ സംശയമില്ല....!

advertisment

News

Super Leaderboard 970x90