Kerala

കണ്ടക്ടർമാരേ, നിങ്ങൾ രാവിലെ അപമാനിച്ചുവിടുന്ന കുട്ടികൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? - സന്ദീപ് ദാസ്

ബസ് മുതലാളിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയല്ലെങ്കിൽപ്പോലും,ഇതുപോലുള്ള അലിഖിതനിയമങ്ങളോട് കുട്ടികൾ സഹകരിക്കാറുണ്ട്.പലർക്കും കണ്ടക്ടറോട് മിണ്ടാൻ പേടിയാണ്.വഴക്കുവേണ്ട എന്ന് കരുതി വിദ്യാർത്ഥികൾ പല കോപ്രായങ്ങൾക്കും നേരെ കണ്ണടയ്ക്കാറുണ്ട്.എന്നാൽ ബസ്സുകാരുടെ കലിപ്പ് അതുകൊണ്ടും തീരില്ല.ബസ് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഒരു ഫുൾചാർജുകാരൻ വന്നാൽ പിള്ളേരെ തള്ളിമാറ്റി അയാളെ കയറ്റും.അവസാന നിമിഷം കുട്ടികൾ കൂട്ടത്തോടെ ഒാടിക്കയറുമ്പോൾ അപകടം പറ്റാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഒാർക്കില്ല.യാത്രയ്ക്കിടെ കണ്ടക്ടർ കുട്ടികളെ ചീത്തവിളിക്കും.ചിലപ്പോൾ നല്ല തെറിയും പറയും.വിദ്യാർത്ഥിനികളോടാവുമ്പോൾ ചില ദ്വയാർത്ഥപ്രയോഗങ്ങളും....

കണ്ടക്ടർമാരേ, നിങ്ങൾ രാവിലെ അപമാനിച്ചുവിടുന്ന കുട്ടികൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? - സന്ദീപ് ദാസ്

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും സ്വകാര്യ ബസ് സമരം അവസാനിച്ചിരിക്കുന്നു.പക്ഷേ ഇത് താത്കാലികം മാത്രമാണ്.ഭാവിയിലും അവർ ഇതേ ആവശ്യവുമായി വരും എന്നത് തീർച്ചയാണ്.

ബസ്സുകാർക്ക് വിദ്യാർത്ഥികളെ വെറുപ്പാണ്.മറ്റു യാത്രക്കാരേക്കാൾ കുറഞ്ഞ നിരക്കിൽ അവർ യാത്ര ചെയ്യുന്നത് കാണുമ്പോൾ വലിയ കുരു ഇങ്ങനെ പൊട്ടിയൊലിക്കും.

ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രമേ വിദ്യാർത്ഥികൾ കയറാവൂ എന്ന് നിയമമില്ല.ബസ്സിലെ സീറ്റുകളിൽ കുട്ടികൾ ഇരിക്കരുത് എന്ന് എവിടെയും എഴുതിവെച്ചിട്ടില്ല.എന്നാൽ 99% ബസ്സുകളിലും ഇത്തരം അലിഖിതനിയമങ്ങളുണ്ട്.

ബസ്സുകാർക്ക് അവരുടേതായ ന്യായങ്ങൾ പറയാനുണ്ടാവും.ഒന്നും രണ്ടും രൂപ കൊടുക്കുന്ന കുട്ടികൾ ആദ്യമേ കയറി സീറ്റുകളിൽ നിരന്നിരുന്നാൽ മറ്റു യാത്രക്കാർ കയറുന്നത് കുറയും.അത് ബസ്സിന് ക്ഷീണമാവും.

ബസ് മുതലാളിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയല്ലെങ്കിൽപ്പോലും,ഇതുപോലുള്ള അലിഖിതനിയമങ്ങളോട് കുട്ടികൾ സഹകരിക്കാറുണ്ട്.പലർക്കും കണ്ടക്ടറോട് മിണ്ടാൻ പേടിയാണ്.വഴക്കുവേണ്ട എന്ന് കരുതി വിദ്യാർത്ഥികൾ പല കോപ്രായങ്ങൾക്കും നേരെ കണ്ണടയ്ക്കാറുണ്ട്.

എന്നാൽ ബസ്സുകാരുടെ കലിപ്പ് അതുകൊണ്ടും തീരില്ല.ബസ് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഒരു ഫുൾചാർജുകാരൻ വന്നാൽ പിള്ളേരെ തള്ളിമാറ്റി അയാളെ കയറ്റും.അവസാന നിമിഷം കുട്ടികൾ കൂട്ടത്തോടെ ഒാടിക്കയറുമ്പോൾ അപകടം പറ്റാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഒാർക്കില്ല.യാത്രയ്ക്കിടെ കണ്ടക്ടർ കുട്ടികളെ ചീത്തവിളിക്കും.ചിലപ്പോൾ നല്ല തെറിയും പറയും.വിദ്യാർത്ഥിനികളോടാവുമ്പോൾ ചില ദ്വയാർത്ഥപ്രയോഗങ്ങളും.

കുട്ടികളുടെ ബാഗുകൾ കാണുമ്പോഴേക്കും കണ്ടക്ടർമാരുടെ നിയന്ത്രണം വിടും.ബാഗുകൾ സീറ്റിലിരിക്കുന്ന യാത്രക്കാരെ ഏൽപ്പിക്കാൻ ആവശ്യപ്പെടും.ബാഗ് പിടിക്കാൻ അവർ വിസമ്മതിച്ചാൽ അതിനും ചീത്ത വിദ്യാർത്ഥികൾക്കാണ്.യൂണിഫോം ഇല്ലാത്ത ദിനങ്ങളിൽ കലിപ്പ് പത്തിരട്ടിയാണ്.കൺസെഷൻ കാർഡ് കാണിച്ചുകൊടുത്താലും കണ്ടക്ടർമാർ മുറുമുറുത്തുകൊണ്ടിരിക്കും.

കണ്ടക്ടർമാരേ,നിങ്ങൾ രാവിലെ അപമാനിച്ചുവിടുന്ന കുട്ടികൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അവർ സ്കൂളിൽ പഠിക്കാൻ പോവുന്നവരാണ്.ചില ദിവസങ്ങളിൽ അവർക്ക് പരീക്ഷയായിരിക്കും.മനസ്സ് ശാന്തവും സ്വസ്ഥവും ആയിരിക്കേണ്ട സമയം.നിങ്ങളുടെ പരുക്കൻ വാക്കുകൾ ആ കുട്ടികൾക്ക് ചെറുതല്ലാത്ത നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം.

പഠിക്കുന്ന കാലത്ത് കണ്ടക്ടർമാരോട് എനിക്ക് വഴക്കുകൾ പതിവായിരുന്നു.ഊളത്തരം കേട്ടാൽ മിണ്ടാതിരിക്കാറില്ല.കൈയ്യാങ്കളിയുടെ വക്കുവരെയെത്തിയ സന്ദർഭങ്ങളുണ്ട്.പക്ഷേ ബസ്സിലെ മുതിർന്ന യാത്രക്കാർ കണ്ടക്ടറുടെ വൃത്തികേടുകളെ എതിർക്കുകയേയില്ല ! അവരുടെ മക്കളും ഇതുപോലൊക്കെത്തന്നെയാവും സ്കൂളിൽ പോവുന്നത്.പക്ഷേ ബസ്സിലെ സീറ്റിൽ കയറിയിരുന്നാൽ മിക്കവരും അതങ്ങ് മറക്കും.

അതുകൊണ്ട് പ്രിയപ്പെട്ട ബസ്സുകാരേ,വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്ന കാര്യമൊക്കെ നമുക്ക് ആലോചിക്കാം.പക്ഷേ ആദ്യം നിങ്ങൾ കുട്ടികളോട് നേരാംവണ്ണം പെരുമാറാൻ പഠിക്കൂ.അവരെ യാചകരെപ്പോലെ കാണാതിരിക്കൂ.കൺസെഷൻ നിങ്ങളുടെ ഒൗദാര്യമല്ല ; അവരുടെ അവകാശമാണ് എന്ന കാര്യം അംഗീകരിക്കൂ.എന്നിട്ട് സമരം ചെയ്യൂ.

#TAGS : private bus  

advertisment

News

Related News

    Super Leaderboard 970x90