ഫേസ്ബുക്കിൽ പുതിയ പരിപാടി....പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കുന്നു..

ഒരാളിൻ്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കുന്ന പരിപാടി പുതിയതൊന്നുമല്ല.പക്ഷേ ഇത്ര വ്യാപകമായ രീതിയിൽ ഈ കലാരൂപം അരങ്ങേറുന്നത് ഇപ്പോൾ മാത്രമാണെന്നു തോന്നുന്നു.ഇപ്പോൾ എഫ്.ബിയിൽ എവിടെ നോക്കിയാലും പഴയ പോസ്റ്റുകളാണ് !

ഫേസ്ബുക്കിൽ പുതിയ പരിപാടി....പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കുന്നു..

ഒരാളിൻ്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കുന്ന പരിപാടി പുതിയതൊന്നുമല്ല.പക്ഷേ ഇത്ര വ്യാപകമായ രീതിയിൽ ഈ കലാരൂപം അരങ്ങേറുന്നത് ഇപ്പോൾ മാത്രമാണെന്നു തോന്നുന്നു.ഇപ്പോൾ എഫ്.ബിയിൽ എവിടെ നോക്കിയാലും പഴയ പോസ്റ്റുകളാണ് ! സെലിബ്രിറ്റികൾ മുതൽ 100-150 സുഹൃത്തുക്കൾ മാത്രമുള്ള സാധാരണക്കാർ വരെ കുത്തിപ്പൊക്കലിന് വിധേയരാകുന്നു.ഇത് വിഷയമാക്കി വരുന്ന ട്രോളുകൾ സൂപ്പർ ഹിറ്റാവുന്നു !

ചിലർക്കെങ്കിലും ഇത് വെറുപ്പിക്കലായി തോന്നിത്തുടങ്ങിയിട്ടുണ്ട്.പക്ഷേ എനിക്ക് സംഗതി ഇഷ്ടമാണ്.ആളുകൾ പരസ്പരം ചേരിതിരിഞ്ഞ് വിവിധ വിഷയങ്ങളിൽ തമ്മിൽത്തല്ലുന്ന ഇടമാണ് ഫേസ്ബുക്ക്.ആ സമയത്ത് ചിരിയുണർത്തുന്ന ഈ കുത്തിപ്പൊക്കൽ ഒരാശ്വാസമാണ്.പക്ഷേ ചിരിയ്ക്കിടയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ്റെ ഒരു പഴയ പോസ്റ്റ് കാണാനിടയായി.ഏതോ സിനിമയുടെ പോസ്റ്ററാണെന്നു തോന്നുന്നു.'ഈ കറുത്തവനെ സ്വീകരിച്ച എല്ലാ വെളുത്ത മനസ്സുകൾക്കും നന്ദി ' എന്നോ മറ്റോ ആയിരുന്നു അതിൻ്റെ ക്യാപ്ഷൻ.വർണ്ണവെറി തുളുമ്പുന്ന ആ വാചകം കണ്ടപ്പോൾ ദേഷ്യം വന്നു.അപ്പോഴത്തെ വികാരത്തിൻ്റെ പുറത്ത് 'ദുരന്തം ക്യാപ്ഷൻ' എന്ന കമൻ്റ് ഇടുകയും ചെയ്തു.പല സെലിബ്രിറ്റികളുടെയും പഴയ പോസ്റ്റുകൾ കാണുമ്പോൾ ആളുകൾ മൂക്കത്ത് വിരൽ വെയ്ക്കുകയാണ്.

ഫേസ്ബുക്കിൽ പുതിയ പരിപാടി....പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കുന്നു..

ഇതുപോലെ, ഇന്ന് പുരോഗമനവാദികളായ പല സുഹൃത്തുക്കളുടെയും പഴയ പോസ്റ്റുകൾ കണ്ടപ്പോൾ നിങ്ങളൊരുപക്ഷേ ഞെട്ടിയിട്ടുണ്ടാവും.റേസിസം ചുവയ്ക്കുന്ന തമാശകൾ,പെണ്ണിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്ന നാലാംകിട തേപ്പ് കഥകൾ,പെെങ്കിളി വാചകങ്ങൾ,വ്യാജ ഉദ്ധരണികൾ...അങ്ങനെ പലതും നിങ്ങളുടെ ഉറ്റമിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ടാവും.പഴയ പോസ്റ്റുകൾ കണ്ടപ്പോൾ മനസ്സിലെ വിഗ്രഹങ്ങൾ ഉടഞ്ഞുപോയി എന്ന കമൻ്റ് ചിലരെല്ലാം ഇട്ടുകണ്ടിരുന്നു.

പക്ഷേ പഴയ പോസ്റ്റുകളിലൂടെ ഒരാളെയും അളക്കരുത് എന്നാണ് എൻ്റെ പക്ഷം.പൊളിറ്റിക്കലി കറക്റ്റ് ആയി ആരും ജനിക്കുന്നില്ല.വായനയിലൂടെയും ചർച്ചകളിലൂടെയും ജീവിതപരിചയത്തിലൂടെയും നേടിയെടുക്കേണ്ട ഒന്നാണ് അത്.ഒരാൾക്ക് ഇന്നുള്ള നിലപാടുകളല്ല അഞ്ചു വർഷം കഴിഞ്ഞാൽ ഉണ്ടാവുക.പണ്ട് ഇട്ട കൂതറ പോസ്റ്റുകളിൽ ഒരാൾ ഇന്നും ഉറച്ചുനിന്നാൽ മാത്രമേ അയാളെ ക്രൂശിക്കേണ്ടതുള്ളൂ.

ആരുടെയെങ്കിലും പഴയ പോസ്റ്റുകൾ കാണുമ്പോൾ ദേഷ്യം വരുന്നുണ്ടെങ്കിൽ നിങ്ങൾ നാലോ അഞ്ചോ വർഷം മുമ്പ് ഇട്ട പോസ്റ്റുകൾ പരിശോധിക്കുക.ചിലപ്പോൾ അയാളേക്കാൾ പിന്തിരിപ്പനായിരുന്നിരിക്കും നിങ്ങൾ ! നിങ്ങൾ മാറിയതുപോലെ അയാളും മാറിയിട്ടുണ്ടാവും എന്ന് മനസ്സിലാക്കുക.

നമ്മുടെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കപ്പെടുമ്പോൾ നമുക്ക് 'അയ്യേ' എന്ന് തോന്നണം.തോന്നിയില്ലെങ്കിലാണ് കുഴപ്പം ! ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ വളരുന്നില്ല എന്നതിൻ്റെ സൂചനയാണത്.എല്ലാ വിഷയങ്ങളിലും ജനനം മുതൽ മരണം വരെ ഒരേ നിലപാടെടുക്കുന്നതിനോട് യോജിപ്പില്ല.മനുഷ്യരായതിനാൽ തെറ്റുകൾ സ്വാഭാവികം.ശരികളെ മുറുകെപ്പിടിച്ചും തെറ്റുകളെ തിരുത്തിയും വേണം നമ്മുടെ പ്രയാണം.എൻ്റെ മിക്ക പഴയ പോസ്റ്റുകളും എന്നെ ഇന്ന് ലജ്ജിപ്പിച്ചേക്കും.ഈ മാറ്റത്തിൽ ചെറുതല്ലാത്ത അഭിമാനവുമുണ്ട്.

ഒരുകാര്യം കൂടി പറയാം.സന്ദർഭം ഇതായതുകൊണ്ട് പെട്ടന്ന് മനസ്സിലാവും.പുരോഗമനവാദവും പൊളിറ്റിക്കൽ കറക്റ്റ്നെസ്സും കരകവിഞ്ഞൊഴുകുന്ന ഒരിടമാണ് ഫേസ്ബുക്ക്.ഏതെങ്കിലും ഒരു സാധു ഒരു പിന്തിരിപ്പൻ കമൻ്റിട്ടു പോയാൽ അവനെ/അവളെ കൂട്ടം ചേർന്ന് പൊങ്കാലയിടുക,പുച്ഛിക്കുക,ബ്ലോക്ക് ചെയ്യുക മുതലായ സംഭവങ്ങളാണ് ഇവിടെ നടക്കാറുള്ളത്.കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ അവന്/അവൾക്ക് മനസ്സിലാകുമോ എന്ന സാദ്ധ്യത മിക്കവരും ചിന്തിക്കാറില്ല.നമ്മളെല്ലാം അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പൊളിറ്റിക്കൽ കറക്റ്റ്നെസ്സും കൊണ്ടുവന്നതുപോലെ ! അതുകൊണ്ട് എഫ്.ബി പൊതുബോധത്തിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അയാളെ ഉടനടി കല്ലെറിയരുത്.രണ്ടാമതൊരു അവസരമെങ്കിലും കൊടുക്കുക....!

advertisment

News

Related News

    Super Leaderboard 970x90