Sports

അവസരങ്ങൾ ഗോളുകളാക്കിമാറ്റുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ജോസ് ഡിനിസ് അവെയ്റോയുടെ നാലാമത്തെ സന്താനമായി ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ അവൻ വളരുന്നുണ്ടായിരുന്നു.വീട്ടുകാർ അവനെ റൊണാൾഡോ എന്ന് വിളിച്ചുപോന്നു.സ്കൂളിലെ കൂട്ടുകാർക്ക് അവൻ ക്രിസ്റ്റ്യാനോയായിരുന്നു.പതിയെ ലോകം ആ രണ്ടുപേരുകളും ഒരുമിച്ചു ചേർത്ത് ആദരവോടെ വിളിച്ചുതുടങ്ങി- ''ക്രിസ്റ്റ്യാനോ റൊണാൾഡോ....!! ''

അവസരങ്ങൾ ഗോളുകളാക്കിമാറ്റുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

32 വർഷങ്ങൾക്കുമുമ്പാണ്.മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ പോർച്ചുഗലും മൊറോക്കോയും ഏറ്റുമുട്ടിയ ദിവസം.രണ്ടു പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്കു ശേഷം പോർച്ചുഗൽ ലോകകപ്പ് കളിക്കുകയായിരുന്നു.അതുകൊണ്ടുതന്നെ പോർച്ചുഗൽ ആരാധകർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ നിർണ്ണായകമത്സരമായിരുന്നു അത്.പക്ഷേ കളിയിൽ പറങ്കിപ്പട ദയനീയമായി പരാജയപ്പെട്ടു.മൊറോക്കോ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ യൂസേബിയോയുടെ പിന്മുറക്കാർ അപമാനിതരായി നാട്ടിലേക്ക് മടങ്ങി.

ഒരു ജനത അന്നുമുതൽ കാത്തിരിക്കുകയായിരുന്നു-തങ്ങളെ നാണംകെടുത്തിയ മൊറോക്കോയോട് പകരം വീട്ടാൻ ! കാത്തിരിപ്പ് നീണ്ടു നീണ്ടു പോയി.ലോകകപ്പുകൾ മാറി മാറി വന്നു.ഒറ്റത്തവണ പോലും പോർച്ചുഗലും മൊറോക്കോയും മുഖാമുഖം വന്നില്ല.എന്നെങ്കിലും പഴയ ശത്രുവിനെ കൈയ്യിൽക്കിട്ടുമ്പോൾ കണക്കുകൾ തീർക്കാൻ പോർച്ചുഗലിന് ഒരു രക്ഷകനെ വേണമായിരുന്നു.

അവൻ അതിനോടകം ജന്മമെടുത്തുകഴിഞ്ഞിരുന്നു.ജോസ് ഡിനിസ് അവെയ്റോയുടെ നാലാമത്തെ സന്താനമായി ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ അവൻ വളരുന്നുണ്ടായിരുന്നു.വീട്ടുകാർ അവനെ റൊണാൾഡോ എന്ന് വിളിച്ചുപോന്നു.സ്കൂളിലെ കൂട്ടുകാർക്ക് അവൻ ക്രിസ്റ്റ്യാനോയായിരുന്നു.പതിയെ ലോകം ആ രണ്ടുപേരുകളും ഒരുമിച്ചു ചേർത്ത് ആദരവോടെ വിളിച്ചുതുടങ്ങി-

''ക്രിസ്റ്റ്യാനോ റൊണാൾഡോ....!! ''

അവസരങ്ങൾ ഗോളുകളാക്കിമാറ്റുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒടുവിൽ പോർച്ചുഗൽ കാത്തിരുന്ന ദിനമെത്തി.2018 വേൾഡ്കപ്പിൽ പോർച്ചുഗൽ-മൊറോക്കോ പോരാട്ടത്തിന് അരങ്ങൊരുങ്ങി.പറങ്കിപ്പടയുടെ അമരത്ത് ക്രിസ്റ്റ്യാനോയായിരുന്നു.മെക്സിക്കോയിലെ 'ദുരന്തം' സംഭവിക്കുമ്പോൾ കേവലം 16 മാസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്ന അതേ ക്രിസ്റ്റ്യാനോ !

മൊറോക്കോയ്ക്ക് ഇത് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു.തോറ്റാൽ ടൂർണ്ണമെൻ്റിൽ നിന്ന് പുറത്താകും എന്ന ഭീഷണി തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുമ്പോഴാണ് ആഫ്രിക്കൻ താരങ്ങൾ ബൂട്ടുകെട്ടിയത്.ജയിക്കുന്നതിനുവേണ്ടി അവർ കിണഞ്ഞു പരിശ്രമിച്ചു.പതിനൊന്നാം മിനുട്ടിലെ ഒരു ഹെഡ്ഡറിലൂടെയാണ് അവരുടെ ശ്രമങ്ങൾ ആരംഭിച്ചത്.പോർച്ചുഗൽ ഗോൾകീപ്പർ റൗൾ പട്രീഷ്യോയ്ക്ക് തൻ്റെ മികവ് മുഴുവൻ പുറത്തെടുക്കേണ്ടിവന്നു.പോർച്ചുഗൽ പായിച്ചതിൻ്റെ ഇരട്ടി ഷോട്ടുകളാണ് മൊറോക്കോ പുറത്തെടുത്തത്.കൂടുതൽ സമയം പന്ത് കാൽവശം വെച്ചതും അവർ തന്നെ.പോർച്ചുഗൽ ഡിഫൻസ് പലപ്പോഴും തകർന്നു.ഇത്രയൊക്കെ സംഭവിച്ചിട്ടും മൊറോക്കോ ജയിച്ചില്ല !

കാരണം ലളിതം.ഗ്രൗണ്ടിൽ എന്തെല്ലാം വീരശൂരപരാക്രമങ്ങൾ പ്രകടിപ്പിച്ചാലും കളി തീരുമ്പോൾ എല്ലാവരും നോക്കുന്നത് സ്കോർനിലയാണ്.അവസരങ്ങൾ ഗോളുകളാക്കിമാറ്റാൻ കെല്പുള്ള താരങ്ങൾ മൊറോക്കോയ്ക്ക് ഇല്ലാതെപോയി.പോർച്ചുഗലിന് അങ്ങനെയൊരാൾ ഉണ്ടായിരുന്നു.നാലാമത്തെ മിനുട്ടിൽ തന്നെ വിജയത്തിന് ആവശ്യമായ ഗോൾ ക്രിസ്റ്റ്യാനോ നേടിയിരുന്നു.ഇത്തവണത്തേത് ഒരു ഹെഡ്ഡറായിരുന്നു.

ഈ ലോകകപ്പിലെ നാലാമത്തെ ഗോൾ.എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം! ഇതോടെ പുഷ്കാസിനെ മറികടന്ന് യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാവുകയും ചെയ്തു.

മത്സരം തുടങ്ങുന്നതിനുമുമ്പുള്ള പരിശീലനവേളയിലെ ഒാട്ടത്തിനിടെ കാണികളെ കൈയ്യിലെടുക്കാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോയെ കാണാമായിരുന്നു.സ്റ്റേഡിയത്തിലേക്ക് വരുന്ന വഴി രണ്ടു കുട്ടികൾ കൈവീശിക്കാണിച്ചപ്പോൾ അവരെ ആശ്ലേഷിച്ചു.കളി തുടങ്ങുമ്പോൾ അയാൾ ചിരിക്കുകയായിരുന്നു.ഷോട്ടുകൾ പിഴച്ചപ്പോഴും അത് മാഞ്ഞുപോയില്ല.ക്രിസ്റ്റ്യാനോ വളരെ റിലാക്സ്ഡ് ആണ്.ടീമിൻ്റെ ഭാരംമുഴുവൻ തൻ്റെ ബലിഷ്ഠമായ ചുമലുകളിലാവുമ്പോഴും അയാൾ അത് ആസ്വദിക്കുകയാണ്.പല സൂപ്പർതാരങ്ങളും പരാജയപ്പെടുന്നത് ഇവിടെയാണെന്ന് തോന്നുന്നു.സമ്മർദ്ദം കൊണ്ട് വലിഞ്ഞുമുറുകിയ റോണോയെ മൈതാനത്ത് കാണാനാവുന്നില്ല.

അവസരങ്ങൾ ഗോളുകളാക്കിമാറ്റുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

അയാൾ കളിക്കുക മാത്രമല്ല ; കളിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.ഒാട്ടത്തിൽ ശ്രദ്ധപുലർത്തുന്നതുവഴി ഉൗർജ്ജം സംഭരിക്കുന്നു.സഹതാരങ്ങൾക്ക് പൊസിഷനുകൾ നിർദ്ദേശിക്കുന്നു.ക്യാപ്റ്റൻസിയിലും കളിയിലും ഒരേപോലെ മികവുപുലർത്താൻ കുറച്ചുപേർക്കേ സാധിക്കാറുള്ളൂ.ഇക്കാര്യത്തിൽ ഒരു കംപ്ലീറ്റ് പാക്കേജാണ് ക്രിസ്റ്റ്യാനോ.ലീഡിങ്ങ് ബൈ എക്സാമ്പിൾ...

മൊറോക്കോയ്ക്കെതിരെ പുറത്തെടുത്ത കളിയിൽ ക്രിസ്റ്റ്യാനോ സംതൃപ്തനായിരിക്കില്ല.ആറു ഷോട്ടുകളിൽ അഞ്ചെണ്ണവും ഗോൾകീപ്പർക്കുനേരെ എത്തിയില്ല.ഫ്രീകിക്കുകൾ നഷ്ടമാക്കി.പക്ഷേ പൂർണ്ണനല്ലാത്ത ഒരു ക്രിസ്റ്റ്യാനോ തന്നെ മൊറോക്കോയ്ക്ക് അധികമായിരുന്നു.അടുത്ത കളിയിൽ കൂടുതൽ മികവോടെ പ്രത്യക്ഷപ്പെടാൻ ക്രിസ്റ്റ്യാനോ കഠിനാദ്ധ്വാനം ചെയ്യും എന്നത് തീർച്ചയാണ്.അയാളെ ഇവിടംവരെ എത്തിച്ചത് അർപ്പണബോധമാണ്.

റൊണാൾഡോയേയും മെസ്സിയേയും ഒരുപോലെ ഇഷ്ടമാണെങ്കിലും രണ്ടിലൊരാളെ തിരഞ്ഞെടുക്കേണ്ടിവന്നാൽ താൻ ഏഴാം നമ്പറുകാരനെ സെലക്റ്റ് ചെയ്യുമെന്ന് സുനിൽ ഛേത്രി പറഞ്ഞിരുന്നു.ഇന്ത്യൻ ക്യാപ്റ്റനെ ആകർഷിക്കുന്നതും ക്രിസ്റ്റ്യാനോയുടെ കഠിനാദ്ധ്വാനമാണ്.

ഇൗയിടെ പുറത്തിറങ്ങിയ 'പേപ്പർ' എന്ന മാഗസിൻ്റെ മുഖചിത്രം ശ്രദ്ധേയമായിരുന്നു.മെസ്സി ഒരു ആടിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ.ഇംഗ്ലിഷിലാവുമ്പോൾ ആട് GOAT ആവും.Goat എന്നാൽ 'Greatest of all time'' എന്നും വായിക്കാം! സ്പെയിനിനെതിരെ ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ നടത്തിയ ആഹ്ലാദപ്രകടനം ഈ മാഗസിൻ കവറിനുള്ള മറുപടിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

അവസരങ്ങൾ ഗോളുകളാക്കിമാറ്റുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇതിനോട് ക്രിസ്റ്റ്യാനോ പ്രതികരിച്ചാലും ഇല്ലെങ്കിലും മെസ്സി തന്നേക്കാൾ മികച്ചവനാണെന്ന് അയാൾ ഒരുകാലത്തും അംഗീകരിക്കാൻ പോകുന്നില്ല.ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നവരിൽ ഏറ്റവും മികച്ചവൻ താനാണെന്ന് അയാൾ ഉറച്ചുവിശ്വസിക്കുന്നു.ചിലർക്ക് അയാൾ അഹങ്കാരിയും ആത്മപ്രശംസ നടത്തുന്നവനുമാകാം.പക്ഷേ ഈ ആത്മവിശ്വാസമാണ് ക്രിസ്റ്റ്യാനോയെ ക്രിസ്റ്റ്യാനോയാക്കുന്നത്.അഹങ്കാരത്തോളം പോന്ന കോൺഫിഡൻസിൻ്റെ ബലത്തിലാണ് അയാൾ എല്ലാം വെട്ടിപ്പിടിക്കുന്നത്.

''ഞാനാണ് ബെസ്റ്റ് '' എന്ന് സ്വയം പുകഴ്ത്തുന്ന അല്പനാണ് റൊണാൾഡോ എന്ന് പരിഹസിക്കുന്നവർ ഒരു കാര്യം ഒാർക്കാറില്ല.നിങ്ങളെ സംബന്ധിച്ചിടത്തോളം മെസ്സിയാണ് മികച്ചവനെങ്കിൽ ക്രിസ്റ്റ്യാനോ ഒരിക്കലും അതിനെ എതിർക്കില്ല.ആരാണ് മികച്ചവൻ എന്നതിനെപ്പറ്റി ഒാരോരുത്തർക്കും വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരിക്കും എന്ന് അഭിമുഖങ്ങളിൽ അയാൾ തുറന്നുസമ്മതിക്കാറുണ്ട്.ഉള്ളിൻ്റെയുള്ളിൽ താനാണ് ബെസ്റ്റ് എന്ന് വിശ്വസിക്കാനുള്ള അവകാശം ക്രിസ്റ്റ്യാനോയ്ക്കുണ്ട്.ഒന്നാമനാവണമെന്ന വാശി ഒരു പോരാളിയ്ക്ക് തോന്നിയാൽ അതിലെന്താണ് തെറ്റ്?മേഖല ഏതായാലും മത്സരബുദ്ധിയുള്ളവർ മാത്രമേ മുൻപന്തിയിലെത്താറുള്ളൂ.മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി മനസ്സിലിരുപ്പ് സത്യസന്ധമായി തുറന്നുപറഞ്ഞു എന്നൊരു തെറ്റ്(?) മാത്രമേ ക്രിസ്റ്റ്യാനോ ചെയ്തിട്ടുള്ളൂ.

1986 ലോകകപ്പിൽ മൊറോക്കോ പോർച്ചുഗലിനെ കരയിച്ചു.ഇപ്പോൾ മൊറോക്കോ താരങ്ങളുടെ കണ്ണുനീര് വീണ് ലുഷ്നിക്കി സ്റ്റേഡിയം നനഞ്ഞിരിക്കുന്നു.ലോകകപ്പിൽ നിന്ന് പുറത്താവുന്ന ആദ്യത്തെ ടീമായി മൊറോക്കോ മാറിയിരിക്കുന്നു.പക വീട്ടാനുള്ളതാണ്.അതിന് ക്രിസ്റ്റ്യാനോമാർ വേണം...

ഗ്രൗണ്ടിൽ ഉയർന്ന ഒരു ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു-''എൻ്റെ അമ്മ മൊറോക്കോക്കാരിയാണ്.അച്ഛൻ പോർച്ചുഗൽ സ്വദേശിയും.രണ്ടിലൊരാളെ ഞാൻ എങ്ങനെ തെരഞ്ഞെടുക്കും? "

കുഴപ്പം പിടിച്ച ഒരു ചോദ്യമാണത്.പക്ഷേ എതിരാളികൾക്കും അപരിചിതർക്കും വരെ ബഹുമാനം തോന്നുന്ന രീതിയിൽ ക്രിസ്റ്റ്യാനോ കളിച്ചുമുന്നേറുമ്പോൾ അയാൾക്കും അയാളുടെ ടീമിനുമൊപ്പം നിന്നേ പറ്റൂ.സ്വന്തം രാജ്യത്തെ ജനങ്ങളെ ആനന്ദിപ്പിക്കുന്നവൻ മികച്ച ഫുട്ബോളറാണ്.ദേശീയതയുടെ വേലിക്കെട്ടുപൊട്ടിച്ച് ലോകമെങ്ങും ആരാധകരെ സമ്പാദിക്കുന്നവൻ ഇതിഹാസവും !

അതെ,റോണോ ഒരു ഇതിഹാസമാണ്....!

advertisment

News

Related News

    Super Leaderboard 970x90