ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്.ഏഷ്യൻ ഗെയിംസിലെ ജാവലിൻ ത്രോയിൽ ഇന്ത്യ സ്വർണ്ണം സ്വന്തമാക്കുന്നത് ചരിത്രത്തിലാദ്യമായാണ് ! എത്ര പേർ ഈ മത്സരം ടെലിവിഷനിൽ കണ്ടു എന്നറിയില്ല.കാണാത്തവരുടെ നഷ്ടം വലുതാണെന്ന് പറയാതെ വയ്യ.ചോപ്രയുടേത് വെറുമൊരു വിജയമായിരുന്നില്ല.ആ കൗമാരക്കാരൻ ജക്കാർത്ത അടക്കി ഭരിക്കുക തന്നെ ചെയ്തു.
പ്രതിഭകൾക്ക് ഇന്ത്യയിൽ ഒരു പഞ്ഞവുമില്ല.പക്ഷേ ഏറ്റവും ആവശ്യമുള്ള സമയത്ത് തൻ്റെ കഴിവ് പരമാവധി ഉപയോഗിക്കാനുള്ള ശേഷിയുള്ളവർ അധികമുണ്ടാവില്ല.സമ്മർദ്ദങ്ങളോട് പൊരുതി ജയിക്കാനുള്ള മനോനിലയാണ് മിക്ക ഇന്ത്യൻ അത്ലീറ്റുകൾക്കും ഇല്ലാത്തത്.ചോപ്ര വ്യത്യസ്തനാവുന്നത് അവിടെയാണ്.
20കാരനായ ഹരിയാനക്കാരനുമേലുണ്ടായിരുന്ന സമ്മർദ്ദം വളരെ വലുതായിരുന്നു.സമീപകാലത്ത് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതുകൊണ്ട് ചോപ്രയിൽ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.സ്വർണ്ണം തന്നെയാണ് പലരും പ്രതീക്ഷിച്ചത്.ഉദ്ഘാടനച്ചടങ്ങിൽ പതാകവാഹകനായിരുന്നു ചോപ്ര.അതൊരു അധിക ഉത്തരവാദിത്വത്തിൻ്റെ ലക്ഷണം കൂടിയായിരുന്നു.
പോരാട്ടം തുടങ്ങിയപ്പോൾ 326-ാം നമ്പറണിഞ്ഞ നീളൻമുടിക്കാരൻ വളരെ കൂൾ ആയിരുന്നു.ആറു ശ്രമങ്ങൾ.അതിൽ രണ്ട് ഫൗൾത്രോസ്.പക്ഷേ ബാക്കി എല്ലാ പരിശ്രമങ്ങളും 85 മീറ്ററിൻ്റെ പരിസരത്ത് നിന്നു.88.06 മീറ്റർ അകലേയ്ക്ക് എറിഞ്ഞുകൊണ്ട് ചോപ്ര ലോകത്തെ ഞെട്ടിച്ചു ! ഡയമണ്ട് ലീഗിലെ തൻ്റെ തന്നെ വ്യക്തിഗത റെക്കോർഡാണ് അയാൾ ഭേദിച്ചത്.ഏറ്റവും മികച്ചനായി ചോപ്ര അവരോധിക്കപ്പെടാൻ ഇതെല്ലാം ധാരാളമായിരുന്നു.
ആദ്യ മൂന്നു ത്രോകൾ കഴിഞ്ഞപ്പോഴേക്കും ചോപ്ര ബഹുദൂരം മുമ്പിലായിരുന്നു.അത് നിലനിർത്തിക്കൊണ്ടുപോകേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.ഒാരോ തവണ ജാവലിൻ കൈയ്യിൽ നിന്ന് പോവുമ്പോഴും ചോപ്ര ആത്മവിശ്വാസത്തോടെ അലറിയിരുന്നു ! എതിരാളികൾ പലരും പാതിവഴിയിൽത്തന്നെ തോൽവി സമ്മതിച്ചിരുന്നു.അവരുടെ ഏറുകൾ മിക്കപ്പോഴും എൺപത് മീറ്ററിനു മുകളിൽ പോകാൻ മടിച്ചു.
മെഡൽ സ്വീകരിക്കുമ്പോൾ പുരപ്പുറത്ത് കയറുന്ന ആഘോഷങ്ങളൊന്നും ചോപ്രയിൽ നിന്ന് ഉണ്ടായില്ല.ഇതുകൊണ്ടൊന്നും അയാൾ തൃപ്തനല്ലെന്ന് വ്യക്തം.മത്സരത്തിനുശേഷമുള്ള അഭിമുഖത്തിൽ വൈകാതെ താൻ 90 മീറ്റർ എന്ന കടമ്പ കടന്നേക്കും എന്ന സൂചനയും ചോപ്ര നൽകി.കടുത്ത ആത്മവിശ്വാസമാണത്.മെച്ചപ്പെടാൻ നിരന്തരം ശ്രമിക്കുന്നവൻ്റെ വാക്കുകളാണത്.ചോപ്രയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.
1982ലെ ഏഷ്യൻ ഗെയിംസിൽ ഗുർത്തേജ് സിങ്ങ് വെങ്കലം നേടിയതിനുശേഷം ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ പോലുമുണ്ടായിരുന്നില്ല.ആ വരൾച്ച അവസാനിപ്പിച്ച മഴയാണ് ചോപ്ര.വെങ്കലത്തിലോ വെള്ളിയിലോ തൃപ്തിപ്പെടാതെ സ്വർണ്ണം തന്നെ നേടി.സമ്മാനവേദിയിൽ ജനഗണമന മുഴങ്ങി.ചോപ്രയ്ക്കൊപ്പം ഒട്ടേറെപ്പേർ അതേറ്റുപാടി.
പ്രായവും മനഃസ്സാന്നിദ്ധ്യവും പരിഗണിക്കുമ്പോൾ ഇനിയും ഒരുപാട് മത്സരവേദികളിൽ ഇയാൾ ഇന്ത്യയുടെ യശസ്സുയർത്തിയേക്കാം.ചോപ്രയെ ഒന്ന് നോക്കിവെച്ചോളൂ.