ഏഷ്യൻ ഗെയിംസിലെ 800 മീറ്റർ ഒാട്ടത്തിൽ മലയാളിയായ ജിൻസൺ ജോൺസന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.എന്നാൽ ഇപ്പോൾ 1500 മീറ്ററിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിക്കൊണ്ട് കേരളത്തിൻ്റെ സ്വന്തം അത്ലീറ്റ് ആകാശത്തോളം ഉയർന്നുനിൽക്കുകയാണ്.
ഇത് വെറുമൊരു നേട്ടമല്ല. നീണ്ട 56 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഭാരതീയൻ ഈ ഇവൻ്റിൽ ജയിക്കുന്നത്.
അവസാന ആണിയടിക്കുമ്പോൾ കൈവിറയ്ക്കുന്ന പതിവ് ഇന്ത്യൻ ദൗർബല്യത്തെക്കൂടി മറികടന്നുകൊണ്ടാണ് ജിൻസൻ വെന്നിക്കൊടി നാട്ടിയിരിക്കുന്നത്.
ഇത്രയും വലിയൊരു നേട്ടം ഒരു മലയാളി കരസ്ഥമാക്കിയിട്ടും സോഷ്യൽ മീഡിയയിൽ അത്ര വലിയ ആഘോഷങ്ങളൊന്നും കാണുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.ഒരു എെ.പി.എൽ മത്സരത്തിൽ വെറുതെ മുഖം കാണിക്കുന്ന ഒരു യുവതാരത്തിനു പോലും ഇതിനേക്കാൾ ശ്രദ്ധ ലഭിക്കുമെന്ന് തോന്നുന്നു.
നമ്മുടെ സ്വന്തം കായികതാരങ്ങളെ ആദരിക്കുന്ന കാര്യത്തിൽ നാം എന്നും അല്പം പുറകിലാണ്.
കേരളത്തിലൂടെ സഞ്ചരിക്കുമ്പോൾ ആളുകൾ ആദരവോടെ അടുത്തുകൂടുന്ന തരം പ്രശസ്തി ഈ സ്വർണ്ണം പോലും ജിൻസന് നേടിക്കൊടുക്കുമെന്ന് തോന്നുന്നില്ല.ചരിത്രം അങ്ങനെയാണ് പറയുന്നത്.മറിച്ച് സംഭവിച്ചാൽ നന്ന്.
ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക മലയാളി എന്ന ഖ്യാതി ഉണ്ടായിട്ടും അവഗണനയും തിരസ്കാരവും ഏറ്റുവാങ്ങാനായിരുന്നു മാനുവൽ ഫ്രെഡറിക്കിൻ്റെ വിധി.വി.പി സത്യന് അർഹിച്ച അംഗീകാരം കിട്ടിയോ? അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.
ഈയവസ്ഥ ജിൻസന് വന്നുകൂടാ.
ഒന്ന് ആലോചിച്ചുനോക്കുക.എത്രമാത്രം കടമ്പകൾ കടന്നായിരിക്കും അയാൾ ഇവിടെ വരെ എത്തിയിട്ടുണ്ടാവുക !
എല്ലാ കുട്ടികളും ഡോക്ടർമാരും എഞ്ചിനീയർമാരും ഒക്കെയാവണം എന്ന് കരുതുന്ന മാതാപിതാക്കൾ.കളിക്കാൻ പോകുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാത്ത അദ്ധ്യാപകർ.ഇവരെയൊക്കെ മറികടന്നുവേണം ഒരു കായികതാരത്തിന് മുന്നേറുവാൻ.
അത്ലീറ്റിൻ്റെ ജീവിതത്തിൽ വിജയകരമായ ഏതാനും വർഷങ്ങളുണ്ടായേക്കാം.പക്ഷേ അതിനു പുറകിൽ വിജയകരമല്ലാത്ത എത്രയോ വർഷങ്ങളുണ്ടാകും ! കഷ്ടപ്പാടിൻ്റെ നാളുകളിൽ പരിഹാസവുമായി സമൂഹം പുറകിലുണ്ടാവും.വിജയിക്കുമ്പോൾ മാത്രമേ സമൂഹം സ്പോർട്സ് താരത്തെ അവകാശപ്പെടുകയുള്ളൂ.
പത്രങ്ങളും ചാനലുകളും ജിൻസൻ്റെ വാർത്ത കുറച്ചുനേരം ചർച്ച ചെയ്ത് ഉപേക്ഷിച്ചേക്കാം.പക്ഷേ സോഷ്യൽ മീഡിയക്ക് അപാരമായ സാദ്ധ്യതകളുണ്ട്.ജിൻസൻമാരെയും ചിത്രമാരെയും നമ്മൾ ആഘോഷമാക്കണം.അപ്പോഴേ കൂടുതൽ പ്രതിഭകൾ ഉദയംചെയ്യുകയുള്ളൂ.അപ്പോഴേ നമ്മുടെ കേരളത്തിൻ്റെ പേരും പെരുമയും വർദ്ധിക്കുകയുള്ളൂ...