Sports

സഞ്ജു സാംസൺ മിഡിൽ ഒാർഡറിൽ ബാറ്റ് ചെയ്യുന്ന,തമ്പി ബൗളിങ്ങ് ഒാപ്പൺ ചെയ്യുന്ന ഒരു ഇന്ത്യൻ ടീം സ്വപ്നം കാണുന്നവരാണ് നാം.! സന്ദീപ് ദാസ്

സൺറൈസേഴ്സിൻ്റെ ഉജ്ജ്വല വിജയത്തിൽ വളരെ നിസ്സാരമായൊരു പങ്ക് മാത്രമേ തമ്പി വഹിച്ചുള്ളൂ.എന്നിട്ടും എഴുത്ത് അയാളെക്കുറിച്ചായത് ഈ ലേഖകൻ്റെ സ്വാർത്ഥത മൂലമാവാം.എന്തെല്ലാം പറഞ്ഞാലും മലയാളി താരങ്ങൾ തിളങ്ങുമ്പോൾ അല്പം കൂടുതൽ സന്തോഷം ഉണ്ടാവാറുണ്ട്.മാത്രവുമല്ല,ഇതുപോലൊരു ഹൈ പ്രഷർ ഗെയ്മിൽ തമ്പി കാണിച്ച മനഃസ്സാന്നിദ്ധ്യം പ്രശംസനീയം തന്നെ.

സഞ്ജു സാംസൺ മിഡിൽ ഒാർഡറിൽ ബാറ്റ് ചെയ്യുന്ന,തമ്പി ബൗളിങ്ങ് ഒാപ്പൺ ചെയ്യുന്ന ഒരു ഇന്ത്യൻ ടീം സ്വപ്നം കാണുന്നവരാണ് നാം.! സന്ദീപ് ദാസ്

2017 എെ.പി.എൽ സമയം.ഗുജറാത്ത് ലയൺസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ഈഡൻ ഗാർഡൻസിൽ നടക്കുന്നു.കൊൽക്കത്തയുടെ സ്വന്തം സൗരവ് ഗാംഗുലിയും അപ്പോൾ വേദിയിലുണ്ടായിരുന്നു.മുൻ ഒാസീസ് സ്കിപ്പർ മൈക്കൽ ക്ലാർക്ക് ഒരു അഭിമുഖത്തിനായി എത്തി.ഈ എെ.പി.എല്ലിൽ താങ്കളെ വിസ്മയിപ്പിച്ച യുവതാരങ്ങൾ ആരെല്ലാം എന്ന ക്ലാർക്കിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി ഗാംഗുലി ചില പേരുകൾ പറഞ്ഞു.അതിലൊരാൾ നമ്മുടെ സ്വന്തം ബേസിൽ തമ്പിയായിരുന്നു !

ഗുജറാത്ത് ലയൺസിൽ തമ്പിയെ ബൗളിങ്ങ് പരിശീലിപ്പിച്ച ഹീത്ത് സ്ട്രീക്കും മലയാളി യുവതാരത്തെ പ്രശംസകൾ കൊണ്ട് മൂടി.എന്തുകാര്യം ചെയ്യുമ്പോളും നൂറു ശതമാനം നൽകുന്ന കഠിനാദ്ധ്വാനിയാണ് തമ്പി എന്നായിരുന്നു സ്ട്രീക്കിൻ്റെ കമൻ്റ്.സമ്മർദ്ദഘട്ടങ്ങളിൽ യോർക്കറുകൾ എറിയാനുള്ള തമ്പിയുടെ കഴിവ് ഏറെ ശ്രദ്ധിക്കപ്പെട്ടു.നാം ആഗ്രഹിച്ചതുപോലെ ആ വർഷത്തെ എെ.പി.എല്ലിലെ എമർജിങ്ങ് പ്ലെയറായി തമ്പി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തമ്പി ഇന്ത്യൻ ടീമിനുവേണ്ടി പന്തെറിയുന്നത് നാം സങ്കൽപ്പിച്ചുതുടങ്ങി.

എന്നാൽ 2018 എെ.പി.എൽ ആരംഭിച്ചപ്പോൾ തമ്പിയുടെ സ്ഥാനം സൈഡ് ബെഞ്ചിലായിരുന്നു.ഗുജറാത്ത് ലയൺസിൻ്റെ ബൗളിങ്ങ് ദുർബലമായിരുന്നതുകൊണ്ട് അവിടെ തമ്പിയ്ക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു.എന്നാൽ ശക്തരായ പന്തേറുകാർ ധാരാളമുള്ള ഹൈദരാബാദ് ടീമിൽ തമ്പി മറ്റുള്ളവരുടെ നിഴലായി ഒതുങ്ങുമെന്ന് നാം ഭയപ്പെട്ടിരുന്നു.

ഒടുവിൽ അവസാന ഇലവനിലേക്ക് തമ്പിയ്ക്ക് വിളി വന്നു.ചെറിയ മാച്ചൊന്നുമായിരുന്നില്ല.തുടർപരാജയങ്ങൾ മൂലം വിജയം ദാഹിക്കുന്ന മുംബൈ ഇന്ത്യൻസിനെ അവരുടെ മടയിൽ നേരിടുകയായിരുന്നു സൺറൈസേഴ്സ്.അതും സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ ജന്മദിനത്തിൽ.എന്തുവില കൊടുത്തും മത്സരം ജയിക്കാൻ മുംബൈ ശ്രമിക്കുമെന്ന് നൂറു ശതമാനം ഉറപ്പായിരുന്നു.

എന്നാൽ സൺറൈസേഴ്സിൻ്റെ ക്യാപ്പ് സ്വീകരിക്കുന്ന സമയത്ത് തമ്പി വളരെ 'കൂൾ' ആയിരുന്നു.എല്ലാവരോടും തമാശ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന തമ്പിയേയാണ് കളി തുടങ്ങും മുമ്പ് കണ്ടത്.അയാൾ ആദ്യമേ ഭയത്തെ ജയിച്ചിരുന്നു !

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരു ചെറിയ സ്കോറിലൊതുങ്ങിയപ്പോൾ മുംബൈ അനായാസം ജയിക്കുമെന്ന് കരുതി.പക്ഷേ ഹൈദരാബാദിൻ്റെ ബൗളർമാർ നന്നായി ബൗൾ ചെയ്തപ്പോൾ നീലപ്പട സമ്മർദ്ദത്തിലായി.പതിനഞ്ചാമത്തെ ഒാവറിലാണ് തമ്പിയ്ക്ക് പന്ത് സ്പർശിക്കാൻ അവസരം കിട്ടുന്നത്.

സെറ്റ് ആയ സൂര്യകുമാർ യാദവും ഹാർദ്ദിക് പണ്ഡ്യയും ക്രീസിൽ നിൽക്കെ ആധിപത്യം മുംബൈ ഇന്ത്യൻസിനു തന്നെയായിരുന്നു.ആ സമയത്ത് വളരെ എക്സ്പെൻസീവ് ആയ ഒരു ഒാവർ തമ്പി എറിഞ്ഞിരുന്നുവെങ്കിലോ? ഒരുപക്ഷേ മറ്റൊരു കളി അയാൾക്ക് നിഷേധിക്കപ്പെടുമായിരുന്നു.

മറ്റു ബൗളർമാർ കഷ്ടപ്പെട്ട് നേടിയെടുത്ത കളി കൊണ്ടുപോയി തുലച്ചവൻ എന്ന ശാപവാചകം അയാൾക്ക് കേൾക്കേണ്ടിവരുമായിരുന്നു.പരിചയസമ്പന്നരായ ബൗളർമാർ സൃഷ്ടിച്ച പ്രഷർ യുവ ബൗളർമാർ റിലീസ് ചെയ്യുന്നത് എെ.പി.എല്ലിലെ പതിവു കാഴ്ച്ചയാണ്.

പക്ഷേ തമ്പി ഒരു കിടിലൻ ഒാവർ എറിഞ്ഞു.നിലയുറപ്പിച്ചിരുന്ന യാദവ് പുറത്തായി.അതായിരുന്നു കളിയുടെ ടേണിങ്ങ് പോയൻ്റ് എന്നുപറയാം.അതുകൊണ്ടും തീർന്നില്ല.മുംബൈയുടെ അവസാന പ്രതീക്ഷയായിരുന്ന ഹാർദ്ദിക്കിനെ ക്യാച്ചിലൂടെ പുറത്താക്കി.മുസ്താഫിസുറിനെ വീഴ്ത്തി കാര്യങ്ങൾ ഫിനിഷ് ചെയ്തു.

ഇതെല്ലാം നിസ്സാരമായി ചിലർക്ക് തോന്നാം.പക്ഷേ പ്രിഥ്വി ഷോമാർ നിസ്സാര ക്യാച്ചുകൾ പാഴാക്കുന്നത് കണ്ടിട്ടുള്ളവർക്കും വാലറ്റക്കാർ എതിർടീമിന് ഉയർത്താറുള്ള തലവേദനകൾ ഒാർമ്മയുള്ളവർക്കും തമ്പിയെ ചെറുതായെങ്കിലും ഒന്നഭിനന്ദിക്കാൻ തോന്നും !

സൺറൈസേഴ്സിൻ്റെ ഉജ്ജ്വല വിജയത്തിൽ വളരെ നിസ്സാരമായൊരു പങ്ക് മാത്രമേ തമ്പി വഹിച്ചുള്ളൂ.എന്നിട്ടും എഴുത്ത് അയാളെക്കുറിച്ചായത് ഈ ലേഖകൻ്റെ സ്വാർത്ഥത മൂലമാവാം.എന്തെല്ലാം പറഞ്ഞാലും മലയാളി താരങ്ങൾ തിളങ്ങുമ്പോൾ അല്പം കൂടുതൽ സന്തോഷം ഉണ്ടാവാറുണ്ട്.മാത്രവുമല്ല,ഇതുപോലൊരു ഹൈ പ്രഷർ ഗെയ്മിൽ തമ്പി കാണിച്ച മനഃസ്സാന്നിദ്ധ്യം പ്രശംസനീയം തന്നെ.

സഞ്ജു സാംസൺ മിഡിൽ ഒാർഡറിൽ ബാറ്റ് ചെയ്യുന്ന,തമ്പി ബൗളിങ്ങ് ഒാപ്പൺ ചെയ്യുന്ന ഒരു ഇന്ത്യൻ ടീം സ്വപ്നം കാണുന്നവരാണ് നാം.അത് യാഥാർത്ഥ്യമാക്കാനുള്ള പ്രതിഭയുണ്ടെന്ന് ഇരുവരും ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90