Kerala

പെണ്‍കുട്ടിയുടെ അപേക്ഷ KSRTC MD കേട്ടു; RSC 140 ഇനി ഈരാറ്റുപേട്ടയിലേക്ക്…

ഈരാറ്റുപേട്ട ഡിപ്പോയിലെ ആ കണ്ടക്ടര്‍ക്കും ഫോണ്‍ വിളിച്ച പെണ്‍കുട്ടിയടങ്ങിയ സ്ഥിരയാത്രക്കാര്‍ക്കും ഇനി ആശ്വസിക്കാം. അവരുടെ ചങ്കായ RSC 140 എന്ന വെള്ളക്കളറുള്ള കെഎസ്ആര്‍ടിസി ബസ് ഇനി ഈരാറ്റുപേട്ടയ്ക്ക് സ്വന്തം.

പെണ്‍കുട്ടിയുടെ അപേക്ഷ KSRTC MD കേട്ടു; RSC 140 ഇനി ഈരാറ്റുപേട്ടയിലേക്ക്…

കുറച്ചു ദിവസങ്ങളായി കെഎസ്ആര്‍ടിസി പ്രേമികള്‍ക്കിടയില്‍ കേള്‍ക്കുന്ന പേരാണ് RSC 140. ഈരാറ്റുപേട്ടയിലെ RSC 140 എന്ന ബസ് മറ്റൊരു ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പകരമായി ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് വേറെ ബസ് ലഭിക്കുകയും ചെയ്തു. എന്നാല്‍ RSC 140 എന്ന പഴയ ബസ്സിനോടുള്ള സ്നേഹവും കരുതലും എത്രത്തോളമായിരുന്നുവെന്നു ബോധ്യപ്പെടുത്തി തരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ പ്രസ്തുത ബസ്സിലെ കണ്ടക്ടര്‍ ഇട്ടതോടെ സംഭവം പുറലോകം അറിഞ്ഞു. ഈ പോസ്റ്റ്‌ വൈറല്‍ ആയതിനു പിന്നാലെ ഈ റൂട്ടിലെ സ്ഥിര യാത്രക്കാരിയായ ഒരു പെണ്‍കുട്ടി ആലുവ ഡിപ്പോയിലേക്ക് വിളിച്ച് RSC 140 എന്ന ബസ് ഞങ്ങള്‍ക്ക് തിരികെ തന്നുകൂടെ എന്ന് അഭ്യര്‍ത്ഥിച്ചതിന്‍റെ വോയ്സ് ഓഡിയോയും വൈറല്‍ ആയി. തമാശ രൂപേണയാണ് ഈ ഫോണ്‍വിളി പ്രചരിച്ചതെങ്കിലും കെ എസ് ആർ ടി സിയെ സ്നഹിക്കുന്നവരാണ് ജനങ്ങളെന്ന ഈ സംഭാഷണം തെളിയിക്കുന്നു. വിളിച്ച പെണ്‍കുട്ടി ആരാണന്നൊന്ന് ഒരുകൂട്ടം വിദ്യാർത്ഥികളുടെ പ്രതിനിധിയാണെന്ന മാത്രം സംസാരത്തിൽ നിന്ന് മനസിലാകും.

എല്ലാവരും ഒരു തമാശയായി കണ്ട ഈ സംഭവം അവിടെ തീര്‍ന്നു എന്ന് കരുതിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചാര്‍ജ്ജെടുത്ത പുതിയ കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരി സഹപ്രവര്‍ത്തകര്‍ക്കായി വിളിച്ച യോഗത്തിനിടെ ഈ ഫോണ്‍ കോളിന്‍റെ കാര്യം അദ്ദേഹം എടുത്തു പറയുകയുണ്ടായി. ഒപ്പം തന്നെ നിറഞ്ഞ സദസ്സിനു മുന്നില്‍ അദ്ദേഹം ആ ഓഡിയോ പ്ലേ ചെയ്യുകയും ചെയ്തു. കെഎസ്ആര്‍ടിസിയോടുള്ള യാത്രക്കാരുടെ ഈ സ്നേഹം കണ്ടില്ലെന്നു നടിക്കുവാന്‍ തനിക്ക് ആകില്ലെന്നും RSC 140 എന്ന ബസ് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് തിരികെ അലോട്ട് ചെയ്യുവാന്‍ ഉത്തരവ് ഇട്ടിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു. ഇത്രയും സമയം ഫോണിലൂടെ വളരെ ശാന്തനായി സൗമ്യമായി പക്വതയോടെ കൈകാര്യം ചെയ്ത സി ടി ജോണി എന്ന കണ്‍ട്രോളിംഗ് ഇൻസ്പെക്ടറെ പ്രശംസിക്കുകയും ചെയ്തു. ഇതുപോലെ ഒാരോ കെഎസ്ആർടിസി ബസ്സും ഒരോരുത്തരുടേയും ചങ്കാണെന്നും അതിനാൽ കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും തച്ചങ്കരി ഒാർമ്മിപ്പിച്ചു.

വന്ന വരവില്‍ത്തന്നെ ജീവനക്കാരുടെയും ഒപ്പംതന്നെ കെഎസ്ആര്‍ടിസി പ്രേമികളുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് പുതിയ കെഎസ്ആര്‍ടിസി എംഡിയായ ടോമിന്‍ തച്ചങ്കരി ഐപിഎസ്. ഈ സംഭവങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ തച്ചങ്കരിയ്ക്ക് അഭിവാദ്യങ്ങളും നന്ദികളും അര്‍പ്പിക്കുവാന്‍ മത്സരിക്കുകയാണ് കെഎസ്ആര്‍ടിസി ആരാധകരും യാത്രക്കാരും ഒപ്പം ജീവനക്കാരും.

ഈരാറ്റുപേട്ട ഡിപ്പോയിലെ ആ കണ്ടക്ടര്‍ക്കും ഫോണ്‍ വിളിച്ച പെണ്‍കുട്ടിയടങ്ങിയ സ്ഥിരയാത്രക്കാര്‍ക്കും ഇനി ആശ്വസിക്കാം. അവരുടെ ചങ്കായ RSC 140 എന്ന വെള്ളക്കളറുള്ള കെഎസ്ആര്‍ടിസി ബസ് ഇനി ഈരാറ്റുപേട്ടയ്ക്ക് സ്വന്തം. ഒപ്പംതന്നെ കെഎസ്ആര്‍ടിസിയെ ചങ്കായി സ്നേഹിച്ച ഇവരുടെയൊക്കെ വിഷമം മനസ്സിലാക്കിയ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി കൂടുതല്‍ പ്രശംസയര്‍ഹിക്കുന്നു. ഇനിയുള്ള നാള്‍ തച്ചങ്കരിയുടെ കീഴില്‍ കെഎസ്ആര്‍ടിസിയ്ക്ക് നല്ല ദിനങ്ങള്‍ ആകട്ടെ എന്ന് നമുക്ക് ആശംസിക്കാം…

advertisment

News

Related News

    Super Leaderboard 970x90