എല്ലാ മതവിശ്വാസങ്ങളും അഭിമാനബോധങ്ങളാണ്...

മതപരിവർത്തനം ജാതി മായ്ക്കാത്തിനെക്കുറിച്ച് മതത്തിൻറെ പുറമ്പോക്കുകളെക്കുറിച്ച് സ്വന്തം പാട്ടൊന്നുണ്ട് അപ്പച്ചൻറെ വകയായി. ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു. ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു. ഹിന്ദുമതത്തിലും ചേർക്കയില്ല നമ്മെ ക്രിസ്തുമതത്തിലും ചേർക്കയില്ല. കമ്യൂണിസ്റ്റുകാരനാകുന്നത് പറയുന്നതു പോലും തല്ലു കിട്ടുന്ന കാലമായിരുന്നു. എവിടെയും ചേർക്കാത്തവരും ചേരാത്തവരും കമ്യൂണിസ്സമെന്ന പുതിയ മതത്തിൽ ചേർന്നു....

 എല്ലാ മതവിശ്വാസങ്ങളും അഭിമാനബോധങ്ങളാണ്...

പായ്ക്ക്ഡ് അനിമലിൽ നിന്നും കൂട്ടം കൂടി നടക്കുന്ന മൃഗത്തിൽ നിന്നും സംസ്കൃത മൃഗത്തിലേക്കുളള പരിണാമത്തിൽ മനുഷ്യനു ചില വിന്യാസങ്ങളവശേഷിക്കുന്നുണ്ട്. ഒരു പായ്ക്ക് എപ്പോഴും നേതൃത്വത്തിൻറെ ചുറ്റും തിരിയുന്ന ഒന്നാണ്. അതിനൊരു നേതാവ് വേണം. കൂട്ടത്തെ ഒരുമിപ്പിച്ചു നിർത്തുന്ന ഘടകം. ശക്തൻറെ അതിജീവനത്തിൻറെ നാച്വറൽ സെലക്ഷൻ. ബുദ്ധിമാൻ വെറും ഫീഡർ മാത്രമാണ്. സംസ്കൃതസമൂഹത്തിനു മുൻപ് ഗോത്രജീവിതത്തിലും അതങ്ങനെ തന്നെയായിരുന്നു. ശക്തൻറെ കരുത്തൻറെ ഭയം പ്രകടിപ്പിക്കാത്തവൻറെ സ്വഭാവിക നേതൃത്വം. ഒരു കൂട്ടം ഇരുകാലികളിൽ നിന്നും പായ്ക്ക് ലീഡറെയുണ്ടാക്കുന്നതാണ്. കാട്ടിലെ ജീവിതത്തിലെ ആകസ്മികതകളും വെല്ലുവിളികളും കരുത്ത് അല്ലെങ്കിൽ കായികശേഷി ധീരതയോടോ ഭയമില്ലായ്മയോടോ ഒപ്പം ആവശ്യപ്പെടുന്ന ഒന്നാണ്. ഒന്നു ക്ഷയിക്കുമ്പോൾ മറ്റൊന്നുദിക്കുന്ന സ്വാഭാവിക നേതൃത്വങ്ങൾ.

ഗോത്രജീവിതത്തിൽ നിന്നും നാടോടി ജീവിതത്തിൽ നിന്നും ജനം കൃഷിയിടങ്ങളിൽ തളയ്ക്കപ്പെട്ടപ്പോൾ ഭയങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും രൂപം മാറി.ഭാവവും. അതിനനുസരിച്ച് നേതൃഭാവവും മാറി. കൃഷിയുടെയും വേട്ടയുടെയും നിയതസ്വഭാവങ്ങളിൽ ആവർത്തിത ഡാറ്റയ്ക്ക്, ഓർമ്മയ്ക്ക് സ്ഥാനമേറി.അതറിവായി. പൌർണ്ണമിയിലെ മൃഗങ്ങളുടെ പെരുമാറ്റങ്ങൾ മുതൽ ഞാറ്റുവേലകളും ജ്യോതിഷവും പ്രശ്നം നോക്കലുമെല്ലാം അത്തരം ആവർത്തിത ഡാറ്റയിലെ സമാനതകളാണ്. ഉരുത്തിരിയൽ ഘട്ടത്തിലെ മിക്കവാറും എല്ലാ ശാസ്ത്രസങ്കല്പങ്ങളും പലതരം ഡാറ്റകളുടെ ആവർത്തിയുടെ വിശകലനവും ശേഖരവുമാണ്. കൃഷിയിൽ മധ്യസ്ഥപ്രാർത്ഥന നടത്തുന്ന സമൂഹത്തിനു നേരിടേണ്ട ആശങ്കകളുടെയും ആകസ്മികതകളുടെയും പോംവഴികൂടെയാണത്. അതുകൊണ്ട് ശക്തിയിലും ധീരതിയിലുമായിരുന്ന നേതൃത്വത്തിൻറെ ലഗ്നം ഓർമ്മകളുടെ ഡാറ്റകളുടെ വിശകലനത്തിൻറെ ശരാശരിയിലായി. ഇപ്പോഴും ആധുനികൻ സംസ്കാരമെന്നാരോപിക്കുന്ന സ്പർശമില്ലാത്ത ഗോത്രങ്ങളുടെ നേതൃഭാവം അതാണ്. നാട്ടുകൂട്ടത്തിൻറെ തലയാണ് അറിവിൻറെ ആദ്യജനാധിപത്യം.

കൃഷിയുടെ, കൃഷിക്കളങ്ങളിലെ ഗോത്രജീവിതത്തിൻറെ പ്രാഥമിക ലക്ഷ്യം വിശപ്പിൻറെ നിറവേറൽ വരെ പ്രകൃതിശക്തികളായിരുന്നു ആകസ്മികതകളും. സ്വാധീനിക്കേണ്ടതും. അതുകൊണ്ടു തന്നെ സ്വാഭാവികമായും ആരാധിക്കേണ്ടതും പ്രകൃതി ശക്തികളെ തന്നെയായി. അദ്ധ്വാനത്തിൻറെ മിച്ചമൂല്യം സമ്പത്തായതോടെ, സമ്പത്തിൻറെ കൈമാറ്റം വന്നതോടെയാണ് ദൈവസങ്കല്പങ്ങൾക്ക് ഭയത്തിൻറെയും സംരക്ഷണത്തിൻറെയും അധികമാനങ്ങൾ വന്നത്. അതിനു മുൻപുണ്ടായിരുന്ന മടിയിൽ കനമില്ലാത്തവർക്ക് നഷ്ടപ്പെടാനുമൊന്നുമില്ലായിരുന്നു. സ്വപ്നം കാണുന്നതിനുപയോഗിച്ചുട്ടളളതിനേക്കാൾ ഭാവന ഭയത്തെ നേരിടുന്നതിനു മനുഷ്യനുപയോഗിച്ചിട്ടുണ്ട്. സമ്പത്തും ഭയവും ഇടകലർന്ന് ദൈവസങ്കല്പത്തിൻറെ വ്യാപ്തി കൂടിയതോടെ പുതിയ നേതാവുദിച്ചു. പുരോഹിതൻ. സംഘടിത മതരൂപങ്ങളുടെ പ്രാഗ്ര്രൂപം ഈ ഭയോന്മാദമാണ്.

എല്ലാ ഭയപ്പെരുക്കങ്ങളും ദുരപ്പെരുക്കങ്ങളും അദ്ധ്വാനത്തിൻറെ മിച്ചമൂല്യത്തിനു ചുറ്റുമായിരുന്നു. അത് അധികാരഘടനകളുണ്ടാക്കി. മതരൂപങ്ങളും ആചാരങ്ങളുമുണ്ടാക്കി. അമ്പത്തിയേഴിലെ കമ്യൂണിസ്റ്റു മന്ത്രിസഭയും അത്തരമൊരു മതത്തിൻറെ പുരോഹിതരൂപമായിരുന്നു. അതു വരെയുളള മതരൂപങ്ങളോടുളള സാധാരണക്കാരൻറെ പാർശ്വവത്കരിക്കപ്പെട്ടവൻറെ അവർണ്ണൻറെ ദരിദ്രൻറെ വിദ്യാഭ്യാസമില്ലാത്തവൻറെ പെരുവിരലിലെ മഷിപ്പാടിൻറെ കലാപം. ജന്മി കുടിയാൻ സവർണ്ണൻ വ്യവസ്ഥിതികളുടെ എതിർപക്ഷം മറ്റൊരു മതരൂപവും ആചാരവുമായി. കൃത്യമായ ആചാരങ്ങളും പൂജകളും വൈദികരുമുളള മതരൂപം. വൈദികൻ മന്ത്രം ചൊല്ലണമെന്നില്ല. ഗുരു ശ്ലോകം പഠിപ്പിക്കണമെന്നും. ലോക്കൽ കമ്മിറ്റി സെക്രട്ടറി ചൊല്ലിക്കൊളളും. പഠിപ്പിച്ചോളും. മീറ്റിങ്ങു വിളിക്കുമ്പോഴും പ്രാദേശിക തീരുമാനങ്ങളെടുക്കുമ്പോഴും പല തലങ്ങളിൽ റിപ്പോർട്ടിങ്ങു നടക്കുമ്പോഴുമെല്ലാം നടന്നിരുന്നത് സംഘടിത മതരൂപങ്ങളുടെ അതേ വിന്യാസത്തിലുളള ആരാധനാ ക്രമങ്ങളാണ്.

വെച്ചാരാധനകളും മൂർത്തികളുമുണ്ട്. പാർട്ടി ജെനറൽ സെക്രട്ടറിമാരും രക്തസാക്ഷികളുമുണ്ട്. കൊടിമര ജാഥയും ലോക്കൽ കമ്മറ്റി സമ്മേളനവും മുതൽ പാർട്ടി കോൺഗ്രസ്സു വരെയുണ്ട്. കല്ലേ പിളർക്കുന്ന പാർട്ടി കല്പനകളുണ്ട്. തിരുവല്ലയിൽ നിന്നും കോഴഞ്ചേരിക്കു പോകുന്ന വഴിക്കു ഇരവിപേരൂർ എന്നൊരു സ്ഥലമുണ്ട്. അവിടെ പൊയ്കയിലപ്പച്ചൻറെ പ്രത്യക്ഷ രക്ഷാ ദൈവ സഭയും. മതപരിവർത്തനം ജാതി മായ്ക്കാത്തിനെക്കുറിച്ച് മതത്തിൻറെ പുറമ്പോക്കുകളെക്കുറിച്ച് സ്വന്തം പാട്ടൊന്നുണ്ട് അപ്പച്ചൻറെ വകയായി. ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു. ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു. ഹിന്ദുമതത്തിലും ചേർക്കയില്ല നമ്മെ ക്രിസ്തുമതത്തിലും ചേർക്കയില്ല. കമ്യൂണിസ്റ്റുകാരനാകുന്നത് പറയുന്നതു പോലും തല്ലു കിട്ടുന്ന കാലമായിരുന്നു. എവിടെയും ചേർക്കാത്തവരും ചേരാത്തവരും കമ്യൂണിസ്സമെന്ന പുതിയ മതത്തിൽ ചേർന്നു.

അവർണ്ണനും അധകൃതനും പുറമ്പോക്കല്ലാത്ത വിപ്ലവമതം. കാഡറു കൊടുമ്പിരി കൊണ്ടപ്പോൾ തമ്പ്രാക്കളിളകി. പറയനും പുലയനും മന്ത്രിയായിരിക്കുന്നിടത്ത് ജീവിക്കുന്നതപമാനമാണെന്നു നവോദ്ധാനം വന്നു. പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്നു വിളിപ്പിക്കുമെന്നു മുദ്രാവാക്യവും. ദൃഡപേശികളും കായികക്ഷമതയുമൊക്കെയുളള പുതിയ വിശ്വാസികൾ. ചവിട്ടിക്കൊന്നും കണ്ടത്തിൽ താഴ്ത്തിയും വളഞ്ഞു നിന്നവനൊക്കെ കൊടിപിടിച്ചപ്പോൾ കുരു പൊട്ടിയവർ. വലിയ മുതലാളിമാർ കമ്യൂണിസ്റ്റാവുന്ന കാലം വന്നിട്ടില്ലായിരുന്നു. വനിതയിൽ തിരുമേനിയുടെ പോലും കുടുംബവിശേഷം അച്ചടിക്കില്ലായിരുന്നു. പുതിയ മതം എതിർപ്പുകളെയും ചെറുത്തു നിൽപ്പുകളെയും വെന്നു വളർന്നു. വിശ്വാസമായി മതമായി.

മതമായി. ചില സ്ഥലങ്ങളിലെല്ലാം ഗോത്രസ്വഭാവത്തോടെ. പാർട്ടി സെക്രട്ടറിമാരു ചരിത്രം പഠിച്ചിട്ടില്ലേലും മനുഷ്യരെ പഠിച്ചവരായിരുന്നു, അടിസ്ഥാന വർഗ്ഗ എക്സ്പോഷറുളളവരായിരുന്നു കാരാട്ടു കാലത്തിനു മുൻപ് വരെ. അവരു പാറപ്പുറത്തല്ലാതെ വിത്തെറിഞ്ഞു വിളവെടുത്തു. മീൻ പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കി. ആദ്യകാല കമ്യൂണിസ്റ്റുകാർ ഏതു ചന്തമുക്കിനും മൈക്കിലൂടെ ലോകാവസാനം പറഞ്ഞു പേടിപ്പിക്കുന്ന ഉപദേശിമാരെക്കാളും കടുത്ത മതപരിവർത്തകരായിരുന്നു. പാർട്ടി പുരോഹിതൻമാർ. കേരളത്തിലെ പാർട്ടികളെല്ലാം വിളവെടുത്തത് മതത്തോടും വംശീയതയോടും ചേർന്നു നിൽക്കുന്ന വിശ്വാസങ്ങളിലാണ്. സവർണ്ണ വലതു വീടുകളിലെ കോലായയിൽ പഴയ ശിവകാശി പ്രിൻറിൻറെ പച്ചനിറത്തിലുളള ഗുരുവായൂരപ്പൻറെ പടത്തോടൊപ്പം നെഹ്രുവും അരയിൽ നിന്നും ചങ്ങലയിൽ കെട്ടി വാച്ച് തൂക്കിയിട്ടേക്കുന്ന ഗാന്ധിയും കാണും. കമ്യൂണിസ്റ്റാണേൽ ലെനിനും കളളരിപ്പൻ മീശക്കാരൻ സ്റ്റാലിനും സഖാവ് കൃഷ്ണപിളളയും കാണും. മാർക്സിൻറെ താടിയോടു ജനത്തിനത്ര പ്രിയമില്ലാരുന്നു. പാർട്ടി എന്ന മതവും മേൽപ്പത്തൂരിൻറെ വിഭക്തിയല്ലായിരുന്നു. പൂന്താനത്തിൻറെ ഭക്തിയായിരുന്നു. സ്റ്റഡി ക്ലാസ്സും പ്രത്യയശാസ്ത്രവുമല്ലായിരുന്നു. ആവേശവും വികാരവുമായിരുന്നു.

ഒറ്റനോട്ടത്തിലെ കാഴ്ചയല്ല ഒന്നു കൂടെ സൂക്ഷിച്ചു നോക്കുമ്പോൾ. ഉൽപ്പതിഷ്മുക്കളും പുരോഗമന ധാർമ്മികതയുളളവരായ സവർണ്ണരും കേഡറുകളായ അവർണ്ണരും നേതൃത്വം പങ്കിട്ടു ജാതിയുടെയും മതത്തിൻറെയും മേൽക്കോയ്മകളിൽ സാഹോദര്യം തുന്നിച്ചേർത്തു നെയ്തെടുത്ത ചിത്രകമ്പളമാണ് കമ്യൂണിസ്സം (കേരള) എന്ന മതം. ജാതീയതയുടെ ചാതുർവർണ്ണ്യത്തിൻറെ ചങ്ങലക്കെട്ടുകളിൽ നിന്നുളള ആദ്യശുദ്ധവായു. സങ്കല്പ സമത്വം. സഖാവ് എന്ന പദം. ആശയപരമായി ജന സെക്രട്ടറിയും എൽസിയും തുല്യത പങ്കിടുന്ന സഖാവാണ്. ജെന.സെക്രട്ടറി തുല്യരിൽ പ്രഥമനാണെന്നു മാത്രം. അത്തരമൊരു സങ്കല്പസമത്വത്തിൻറെ മതത്തിനു സ്വാതന്ത്ര്യാനന്തര കേരളത്തിലെ അപാരസാധ്യതകളോരോന്നും സൂക്ഷ്മമായി വിനിയോഗിച്ച തിങ്ക്ടാങ്കുകളും.

കവിളിൽ ശൂലം കുത്തി കാവടിയാടുന്ന പുറത്തെ ദശയിൽ ഇരുമ്പു കൊളുത്തി ഗരുഡൻ തൂക്കം നടത്തുന്ന അതേ വിശ്വാസ തീവ്രതയാണ് പാർട്ടിവിശ്വാസിക്കും. അതു മനസ്സിലാവുമ്പോൾ കണ്ണൂര് മനസ്സിലാവും. നൂറ്റാണ്ടുകൾ നീണ്ടു നിന്ന കുരിശുയുദ്ധങ്ങളേക്കാൾ തീവ്രതയിൽ നടക്കുന്ന വിശ്വാസയുദ്ധങ്ങൾ മനസ്സിലാവും. മണ്ണിലും പൊടിയിലും നിന്നുയരുന്ന മനുഷ്യരക്തത്തിൻറെ നിലവിളി മനസ്സിലാവും. ഒരു കേരളം പല കേരളമാണ്. ഏകദേശം മൂന്നു നാലു കേരളമെങ്കിലുമാണ്. പിന്നീടൊരിക്കൽ തിരിച്ചുവരേണ്ട മറ്റൊരു വിഷയമാണ്. അതിലേറ്റവും കടുത്ത ഗോത്രസ്വഭാവമുളള ജനതയാണ് കണ്ണൂര്. ഗോത്രജനിതകം. കമ്യൂണിസ്സം എന്ന മതത്തിൻറെ ഈടുവെപ്പ് ഗോത്രസ്വഭാവങ്ങളിലാണ്. തീയ്യരും ദളിതരും പുലർത്തുന്ന കടുത്ത വിശ്വാസതീവ്രതകളിൽ. പാർട്ടി ദൈവത്തിനു വേണ്ടിയുളള അരിവാൾ യുദ്ധങ്ങളിൽ. പകർന്നാടാൻ പറ്റാത്ത തീവ്രതയാണതിനു. അതുകൊണ്ടാണ് കുറച്ചുകാലം മുൻപു വരെയെങ്കിലും കുടിയേറ്റക്കാർക്ക് കമ്യൂണിസ്റ്റുകാരാവാനും കമ്യൂണിസ്റ്റുകാരായാൽ തന്നെ രക്തസാക്ഷികളാവാനും വലിയൊരളവു വരെ കഴിയാതിരുന്നത്. വരത്തർക്ക് മണ്ണേ കിട്ടൂ. ഗോത്ര ജനിതകം കിട്ടില്ല. തറവാടു വേണേ വില പറഞ്ഞു വാങ്ങാം. അപ്പനെ വാങ്ങാനൊക്കത്തില്ല.

വിമോചന സമരകാലത്തെ സോഷ്യൽ ഫേബ്രിക്കല്ല പോസ്റ്റ് ട്രൂത്ത് കാലത്തേത്. വിമോചന സമരകാലത്തെ വർഗ്ഗ സങ്കല്പമല്ല ഇന്ന്. തൊഴിലാളിയെന്നു കഷ്ടിച്ചു വിളിക്കാവുന്ന ഗണം അന്യസംസ്ഥാനക്കാരാണ്. തൊഴിലാളി സംഘടനകളുടെ ദൃഷ്ടിയിൽ പെടാത്ത സെയിൽസ്മാൻമാരും സ്വകാര്യ സ്കൂളുകളിലെ ടീച്ചർമാരും സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമൊക്കെയാണ്. ശിഷ്ടം പാർട്ടി വിശ്വാസികൾക്കെല്ലാം വിപ്ലവം വന്നതാണ്. എൻജിഓ മുതൽ ചാനൽ സഖാക്കന്മാർക്കെല്ലാം ഒന്നൊഴിയാതെ. ബാക്കിയെല്ലാ തൊഴിലാളികളും രൂപത്തിൽ തൊഴിലാളികളും ഭാവത്തിൽ ബൂർഷ്വാസിയുമാണ്.

മനുഷ്യൻ അദ്ധ്വാനത്തിൻറെ മിച്ചമൂല്യത്തെ ചൊല്ലി ആധികൾ പെരുക്കി മതങ്ങളും പുരോഹിതന്മാരുമുണ്ടായപ്പോൾ മുതൽ മതങ്ങൾ പെരുകുകയും അഴിയുകയും ചെയ്യും. എല്ലാ ലോഭമോഹങ്ങളിലും സ്വയമൊരഴുകൽ പ്രക്രിയ ഒളിഞ്ഞു കിടപ്പുണ്ട്. ലോകഗതിയെക്കുറിച്ചു വിഷമിച്ചു വീടു വിട്ടറിങ്ങിയ നഗ്നപാദൻറെ പുഞ്ചിരി രണ്ടയൽപക്ക രാജ്യങ്ങളിലെങ്കിലും വംശഹത്യയുടെ ചോര പുരണ്ടതാണ്. മെസപ്പൊട്ടേമിയയിലും ബാബിലോണിയിലുമെല്ലാമുണ്ടായുന്ന സംസ്കാരങ്ങളും അങ്ങനെ അസ്തമിച്ചതാണ്. സോഷ്യൽ ഫാബ്രിക്കിൻറെ വിശ്വാസികളുടെ ഉസാഗലസാഗുക്കളുടെ മാറ്റങ്ങളിലാണത് സംഭവിച്ചത്. കമ്യൂണിസ്സം (കേരള) എന്ന മതത്തിനും, എല്ലാ മതരൂപങ്ങൾക്കും സഹജമാണത്.

സോഷ്യൽ ഫാബ്രിക് മാറി. അണികൾ മാറി. എല്ലാ മതവിശ്വാസങ്ങളും അഭിമാനബോധങ്ങളാണ്. ഒരു അഭിമാനബോധമുണരുന്നത് മറ്റൊരു നൂറ് അഭിമാനബോധങ്ങളുണരുന്നതിനെ ട്രിഗറു ചെയ്യും. അത്തരം ബോധങ്ങളുടെ ട്രിഗറുകളിൽ കമ്യൂണിസ്സം എന്ന മതത്തിൻറെ അണികളുടെ പരമ്പരാഗത ചേരുവ മാറി മറിഞ്ഞു. ഗൾഫിലേക്കു തലം കുത്തിക്കിടക്കുന്ന സമ്പദ് വ്യവസ്ഥയും തിരിഞ്ഞു മറിഞ്ഞു കളിക്കുന്ന പണവും എല്ലാം കൂടെ എല്ലാ ചേരുവകളെയും മാറ്റിമറിച്ചു. അന്യസംസ്ഥാനത്തൊഴിലാളികളല്ലാത്തവരെല്ലാം മുതലാളിമാരായി. ആ തകിടം മറിച്ചിലുകളിൽ പരമ്പരാഗത പാർട്ടി ചേരുവകൾ, അവർണ്ണരും ദളിതരും സ്വന്തം അഭിമാനബോധങ്ങളിലും വിശ്വാസതീവ്രതകളിലും പഴയ മതത്തെ കൈവിട്ടു തുടങ്ങി. ഡിസ്ഓൺ എന്നതിൻറെ മലയാളം. ഗോത്രത്തിലംഗമല്ലെന്ന ബോധം. ബിലോങ്ങിൻറെ അഭാവം. പകരം പുതിയ അഭിമാന സ്വത്വബോധങ്ങൾ തെളിയുന്നു. ഉപ്പോളം വരുമോ ഉപ്പിലിട്ടത്. ചാരായം നിരോധിച്ചപ്പോൾ ജനം വിദേശ മദ്യം കുടിക്കാൻ തുടങ്ങിയ പോലെ ആസക്തിയുടെയും ആശ്രിതത്തിൻറെയും നങ്കൂരം മാറിത്തുടങ്ങുന്നു. ഭാവിയിലെ രാഷ്ട്രീയ കേരളം നിർവചിക്കപ്പെടുന്നത് നിലവിലുരുത്തിരിയൽ ദശയിലായ സ്വത്വവിസ്ഫോടനങ്ങളിലാണ്. തൽക്കാലത്തേക്കെങ്കിലും ചായക്കോപ്പകളിലുറങ്ങുന്ന ജാതിമത കൊടുങ്കാറ്റുകളിൽ. ആ കൊടുങ്കാറ്റു സുനാമിയായി വിരിയുന്നതിനു മുൻപുളള ചിത്രശലഭത്തിൻറെ ചിറകടി ശബ്ദം. ഉറക്കമില്ലാത്ത ഒരു രാവിൻറെ പ്രത്യയശാസ്ത്ര വിവക്ഷകളിൽ പ്രത്യേകിച്ചും.

നമത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്..

advertisment

News

Related News

    Super Leaderboard 970x90