"ജാതി പൂക്കൾ തുന്നിച്ചേർത്ത മലയാളിയുടെ അടിയുടുപ്പുകൾ"- രജിത് ലീല രവീന്ദ്രൻ എഴുതുന്ന ലേഖനം

മലയാളിയുടെ ജാതി ഭ്രമത്തിന്റെ അപകടകരമായ വളവിലാണ് കെവിന്റെ ജീവൻ നഷ്ടമായത് എന്നത് വസ്തുതയാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾക്കും , സമര- സത്യാഗ്രഹങ്ങൾക്കും മലയാളിയുടെ ജാതി ബോധത്തിന്റെ പുറം തോടിനെയെ സ്പർശിക്കാനായിട്ടുള്ളൂ എന്നതിന് അടിവരയിടുന്നതാണ് സമകാലിക സംഭവം. ജാതിയുടെ അടിയുടുപ്പുകൾ മുമ്പത്തേക്കാൾ ശക്തിയോടെ ദേഹത്തോട് ഒട്ടിപിടിച്ചിരിക്കുന്നുവെന്ന സത്യം ഒരിക്കൽ കൂടി തെളിയിക്കാൻ കെവിന്റെ മരണത്തിനു കഴിഞ്ഞിരിക്കുന്നു...

"ജാതി പൂക്കൾ തുന്നിച്ചേർത്ത മലയാളിയുടെ അടിയുടുപ്പുകൾ"- രജിത് ലീല രവീന്ദ്രൻ എഴുതുന്ന ലേഖനം

വർഗീസ് ഉപദേശിയെ ഓർമ വെച്ച നാൾ മുതൽ കാണുന്നുണ്ട്. കാണുന്നവരോടെല്ലാം നീ ഇനിയും സത്യമാർഗ്ഗത്തിലേക്കു വന്നില്ലേ എന്ന് ഉറക്കെ വിളിച്ചു ചോദിക്കാൻ മറക്കാത്ത അദ്ദേഹത്തിന്റെ കയ്യിൽ എപ്പോളും ബൈബിളും കാണും. ഒരിക്കൽ കൂട്ടുകാരനായ ജോബിനോട് ഉപദേശിയെ കുറിച്ച് സംസാരിച്ചപ്പോൾ അവനാണ് പറഞ്ഞത് അവരോക്കെ പുത്തൻകൂറ്റുകാരാണെന്നും,തങ്ങളാണ് പാരമ്പര്യമുള്ള തോമാശ്ലീഹായാൽ സ്നാനം ചെയ്യപ്പെട്ട കുടുംബക്കാരെന്നും.

വർഷങ്ങൾ കഴിഞ്ഞപ്പോൾ റോമൻ കത്തോലിക്കക്കാരുടെയും, ക്നാനായക്കാരുടെയും ബ്രാഹ്മണിക്കൽ സമരസപെടലുകൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധി സന്ദർഭങ്ങളുണ്ടായി. ഹിന്ദു മതത്തിൽ പെടുന്ന സഹപാഠികളുടെ ജാതി തിരിച്ച കണക്കു സൂക്ഷിക്കാൻ വലിയ താല്പര്യം കാണിച്ച നീതിമാനായ ദൈവത്തിൽ വിശ്വസിച്ചിരുന്ന പല മുഖങ്ങളും ഇപ്പോളും ഓർമയിലുണ്ട് . കാഞ്ഞിരപ്പള്ളി , പാലാ ഭാഗത്തു നിന്നും കുടിയേറിയ റോമൻ കത്തോലിക്കാ വിഭാഗത്തിൽ പെടുന്നവർ അവരുടെ തന്നെ സഭയിലെ എറണാകുളം അങ്കമാലി രൂപതക്കാരെ "കറുകുറ്റിക്കാർ " എന്നും വിളിച്ചു വിവാഹ ബന്ധത്തിലേർപ്പെടുന്നതിൽ നിന്നും മാറി നിൽക്കുമായിരുന്നു പണ്ട് എന്ന് പറയുമ്പോൾ അവർക്ക് മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളോടുണ്ടായിരുന്ന സമീപനം എന്തെന്ന് പറയേണ്ടതില്ലല്ലോ.

യഥാർത്ഥത്തിൽ ഹിന്ദു മതം പോലെ തന്നെ ജാതി ശ്രേണി ബന്ധത്തിലധിഷിതമായ സമീപനം തന്നെയാണ് കേരളത്തിലെ ക്രിസ്തുമതത്തിലും നിലവിലുള്ളത് . എന്റെ പരിമിതമായ അറിവ് വെച്ച് ഒസാൻമാരോടൊക്കെ വേർതിരിവ് കാണിക്കും എന്ന് പറയാറുണ്ടെങ്കിലും മുസ്ലിം മതത്തെയാണ് കേരളത്തിൽ ജാതി വലുതായി ആവേശിക്കാതെയിരുന്നിട്ടുള്ളത്. ഒരിക്കൽ പോലുംദളിത് പള്ളികളോ,സഭകളോ മുഖ്യ ധാരാ ക്രൈസ്തവ സമൂഹത്തിൽ വന്നിട്ടില്ല. ഹിന്ദു മതത്തിൽ എങ്ങനെയാണോ വിവാഹ പരസ്യങ്ങളിൽ എസ് സി , എസ് ടി ഒഴികെ എന്ന് പരസ്യം വരുന്നത് സമാന അവസ്ഥ ആണ് ദളിത് ക്രിസ്ത്യാനികളുടേതും.അവകാശപ്പെട്ട ഭരണഘടനാ ആനുകൂല്യമായ സംവരണം പോലും വിശ്വാസത്തിന്റെ പുറത്തു നഷ്ടപ്പെടുത്തി മതത്തിലേക്ക് ചെല്ലുന്നവരോട് ഇങ്ങനെ പെരുമാറാമോ എന്ന ചോദ്യം പോലും അധികമുയരാറില്ല. കാരണത്തിലൊന്ന് അവർ സംഘടിതമായ വോട്ട് ബാങ്ക് അല്ല എന്നതാവാം.

"ജാതി പൂക്കൾ തുന്നിച്ചേർത്ത മലയാളിയുടെ അടിയുടുപ്പുകൾ"- രജിത് ലീല രവീന്ദ്രൻ എഴുതുന്ന ലേഖനം

എന്തുതന്നെ ആയാലും മലയാളിയുടെ ജാതി ഭ്രമത്തിന്റെ അപകടകരമായ വളവിലാണ് കെവിന്റെ ജീവൻ നഷ്ടമായത് എന്നത് വസ്തുതയാണ്.നവോത്ഥാന പ്രസ്ഥാനങ്ങൾക്കും , സമര- സത്യാഗ്രഹങ്ങൾക്കും മലയാളിയുടെ ജാതി ബോധത്തിന്റെ പുറം തോടിനെയെ സ്പർശിക്കാനായിട്ടുള്ളൂ എന്നതിന് അടിവരയിടുന്നതാണ് സമകാലിക സംഭവം. ജാതിയുടെ അടിയുടുപ്പുകൾ മുമ്പത്തേക്കാൾ ശക്തിയോടെ ദേഹത്തോട് ഒട്ടിപിടിച്ചിരിക്കുന്നുവെന്ന സത്യം ഒരിക്കൽ കൂടി തെളിയിക്കാൻ കെവിന്റെ മരണത്തിനു കഴിഞ്ഞിരിക്കുന്നു. കാലം കഴിയുന്തോറും പേടിപ്പെടുത്തുന്ന രീതിയിൽ ജാതിയും, മതവും കേരളീയ സമൂഹത്തിൽ വേരോടുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട് . ക്രൂരമായി ജീവനെടുക്കുന്നതിലേക്ക് ജാതി കളികൾ മാറിയിരിക്കുന്നു എന്നത് നമ്മുടെ നാട്ടിൽ നിന്നും' ജാട്ടുകളുടെ' ഹരിയാനയിലേക്കുള്ള ദൂരം കുറച്ചിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടേണ്ടത്.

ഇഷ്ടപ്പെട്ടു വിവാഹം കഴിച്ച പെൺകുട്ടിയിൽ നിന്നും അകറ്റുന്നതിനായി തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നു എന്നത് ജാത്യാഭിമാന കൊലയെ മാത്രമല്ല അടയാളപ്പെടുത്തുന്നത് മറിച്ചു തങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ മറ്റൊന്നും തടസ്സമാകാത്ത ഒരു കൂട്ടം പുരുഷന്മാരുടെ ഹിംസയെ കൂടിയാണ്. കേസുകൾ കേട്ട് സ്വയം തീർപ്പു കൽപ്പിക്കുന്ന "ഉത്തമ പുരുഷന്മാരുടെ" എണ്ണം എന്തെന്നില്ലാതെ വർദ്ധിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൾ ഫേസ്ബുക് ടൈംലൈനുകളിൽ ഉണ്ട്. കെവിന് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റിനു തൊട്ടു താഴെ തന്നെ ചിലർ പ്രായപൂർത്തിയായ ഒരു സ്ത്രീയെ അസമയത്ത് (?) പുരുഷനോടൊപ്പം വീട്ടിൽ നിന്നും "പിടിച്ചതിന്റെ "വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് . ആ സ്ത്രീയുടെ മുഴുവൻ പേരും, വിലാസവും അവരുടെ ഫേസ്ബുക് പ്രൊഫൈലിൽ നിന്നെടുത്ത ചിത്രങ്ങളും ആയിരത്തിൽ അധികം ഷെയർ ചെയ്യപ്പെട്ട ആ വീഡിയോയുമായി പോസ്റ്റിലുണ്ട്. മറ്റുള്ളവന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇങ്ങനെ 'സദാചാര ബൈനോക്കുലറും' പിടിച്ചു കൊണ്ടിരിക്കുന്നവൻ തന്നെയാണ് തരം പോലെ തട്ടിക്കൊണ്ടു പോകാനും ,പീഡിപ്പിക്കാനും ജീപ്പുമായി വരുന്നതും. സോഷ്യൽ മീഡിയ നീതി ഉറപ്പാക്കൽ താൽക്കാലിക വികാരശമന കേന്ദ്രങ്ങളും,വിഷയ കേന്ദ്രീകൃതം ആകാത്തതും , ഉൾപ്പെട്ട വ്യക്തികളുടെ മത രാഷ്ട്രീയ നിലപാടുകൾക്ക് അനുസൃതമായി പ്രതികരണങ്ങളെ സ്വാധീനിക്കുന്നവയുമാകുന്നത് ദുഖകരമാണ്.

കെവിനെ തട്ടി കൊണ്ട് പോയവർ ആരെന്നു പോലീസിന് അറിയാമായിരുന്നിട്ടും ആ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ എടുക്കാൻ സാധിച്ചില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ അശരണരായവർക്ക് പ്രത്യേകിച്ചും അവർ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും , ദളിതരുമാണെങ്കിൽ ഒരു ഡിസ്ടവന്റാജ്ഡ് ഭാഗത്തു നിന്നാണ് പലപ്പോളും തുടങ്ങേണ്ടി വരിക എന്നതിന്റെ സൂചനകൾ സമീപകാല മലയാള സിനിമയായ ബിടെകിലും, പൊന്നാനിയിലെ രാഷ്ട്രീയക്കാരൻ കൂടിയായ സംവിധായകന്റെ കിസ്മത് എന്നീ സിനിമയിലുമുണ്ട്. പാവപ്പെട്ടവന്റെ കണ്ണീരിനും, പതം പറച്ചിലിനും വിലയില്ലാതാകുന്നത് കെട്ട കാലത്തിന്റെ സൂചനകളാണ്.

"ജാതി പൂക്കൾ തുന്നിച്ചേർത്ത മലയാളിയുടെ അടിയുടുപ്പുകൾ"- രജിത് ലീല രവീന്ദ്രൻ എഴുതുന്ന ലേഖനം

എന്തിനാണ് ജാതി പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് പല സുഹൃത്തുക്കളുടെയും ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ , ജാതി എന്ന സാമൂഹിക യാഥാർഥ്യത്തെ നേരിടണമെങ്കിൽ ഇന്ത്യയിൽ ജാതി പറയുക തന്നെ വേണം എന്നതാണത്. കെവിൻ ഒരു ദളിതനാകാതെ, എന്നാൽ ക്രിസ്ത്യാനി പോലുമാകാതെ ഹിന്ദുവായ നായരോ , ഈഴവനോ ആയിരുന്നെങ്കിൽ പോലും മിക്കവാറും ആ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെടുകയില്ലായിരുന്നു, അയാൾ കൊല്ലപെടുമായിരുന്നില്ല എന്ന യാഥാർഥ്യവും, സാധ്യതയും ഇവിടെ നില നിൽക്കുന്നുണ്ട്.

സമൂഹത്തിലെ ജാതീയത അത്ര എളുപ്പം പോകുമെന്ന് വിചാരിക്കാൻ തരമില്ല.ഓർമയില്ലേ, നമ്മുടെ പുരോഗമന കലാകാരന്മാരിൽ ഒരാൾ മകളുടെ കല്യാണം ലളിതമാക്കി മാതൃകയാക്കിയത് . വിപുലമായ കല്യാണ ചടങ്ങുകളില്ല, ആ പണം സ്കൂളിലെയും , കോളേജിലെയും സ്കോളർഷിപ് തുക ആക്കി മാറ്റി വെക്കുമെന്നെല്ലാം വിശദീകരിച്ച ഫേസ് ബുക്ക് പോസ്റ്റിൽ മറക്കാതെ ഒരു കാര്യം കൂടി അദ്ദേഹം എഴുതിയിരുന്നു, തന്റെ മകളുടെ വരൻ ബിഹാറിലെ പുരാതന രാജ്പുത് കുടുംബത്തിൽ പെട്ടയാളാണെന്ന്. അതെ കല്യാണ ചെറുക്കന്റെ ജാതിക്ക് തൊട്ടു മുമ്പ് വെച്ച് പുരോഗമന കലാപരിപാടി അവസാനിപ്പിക്കാം എന്നദ്ദേഹം തീരുമാനിച്ചു കാണും.അതേ,പരിപാടികൾ ഏതായാലും ജാതി, അത് നമുക്ക് മസ്റ്റാ.

എന്നാലും, എങ്കിലും ദളിതനെ കൊല്ലാതെയെങ്കിലും ഇരുന്നു കൂടെ.

advertisment

News

Related News

    Super Leaderboard 970x90