അമല്‍ നീരദിന്റെ പുതിയ ചിത്രമായ വരത്തന് ദാരുണമായി പാളിപ്പോകുന്ന ഒരു സിനിമാനുഭവമായാണ് അനുഭവപ്പെട്ടത് എന്നു പറയട്ടെ. ഫഹദ് ഫാസില്‍ നായകനായുളള ചിത്രം, തീര്‍ച്ചയായും ഫഹദിന്റെ അഭിനയ അനായാസതയില്‍ മുന്നേറുന്ന ഒരു അനുഭവം നമുക്ക് പ്രകടിപ്പിക്കുമ്പോഴും, പ്രമേയപരമായി ഒരു നവീനതയും, സിനിമയ്ക്ക് അവശേഷിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് വലിയ പരിമിതിയാകുന്നത്.
ദുബായിലെ ജോലി തത്കാലം വിട്ട് നാട്ടിലെത്തുന്ന എബിയുടെയും (ഫഹദ് ഫാസില്‍) ഭാര്യയായ പ്രിയയുടെയും (ഐശ്വര്യ ലക്ഷ്മി) അരക്ഷിതാവസ്ഥ യുക്തപൂര്വ്വം സ്ഥാപിച്ചെടുക്കാന്‍ പോലും ചിത്രത്തിനായി എന്നു തോന്നിയില്ല. മാത്രമല്ല, മലയാള സിനിമ പല തവണ, പല രൂപത്തില്‍ കൈകാര്യം ചെയ്തിട്ടുളള ഒരു പ്രമേയത്തെ ഈ വിധം ലളിതമായി ആവര്‍ത്തിക്കുന്നതിന്റെ പൊരുളും കൃത്യമായി മനസ്സിലായില്ല. ഐശ്വര്യ ലക്ഷ്മിയുടേത് ഇടയ്ക്കെങ്കിലും അമിതാഭിനയമാകുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്.
അയല്പക്കത്തെ ദമ്പതിമാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന, യുവതിയ ലൈംഗികമായി കടന്നാക്രമിക്കുന്ന ചെറുപ്പക്കാരും, അതിന്റെ പ്രതികാരവും എന്ന പ്ലോട്ട്, 1985 ല്‍ ജോണ്‍ പോള്‍ എഴുതി പി ജി വിശ്വംഭരന് സംവിധാനം ചെയ്ത 'ഈ ശബ്ദം ഇന്നത്തെ ശബ്ദം' എന്ന മമ്മൂട്ടി-ശോഭന ചിത്രം മുതലെങ്കിലും സജീവമായി മനസ്സിലുണ്ട് എന്നതു കൂടിയാകണം, ഈ ചിത്രത്തെ ഒരു ആഖ്യാന പരീക്ഷണമായി പോലും സ്വീകരിക്കാന്‍ കഴിയാതെ പോയത്.
ലൈംഗികാതിക്രമങ്ങള്‍, ഒരിടത്തും വരത്തന്മാര്‍ക്കായി 'സംവരണം'ചെയ്യപ്പെട്ടിട്ടുളള ഒന്നല്ല എന്നതിനാല്‍, സിനിമാ നാമവും പതിയെ റദ്ദായിപ്പോകുന്നുണ്ട് എന്നതാണ് വാസ്തവം. നിരവധി ന്യൂനീകരണങ്ങള്‍ ഒരുമിച്ച് ഈ സിനിമയെ വേട്ടയാടുന്നുണ്ടെന്നു പറയാം. നിയമ വ്യവസ്ഥയിലുളള വിശ്വാസമില്ലായ്മ, ഹിംസാത്മകതയുടെ ഉദാത്തവല്‍ക്കരണം, നാട്ടിലെ 'കണ്ട്രി ഫെല്ലോസി'ന്റെ ലൈംഗിക ദാരിദ്ര്യം, ഫ്യൂഡല്‍ ചിഹ്നങ്ങള്‍ കൈമുതലായുളള ജീവിച്ചിരിപ്പില്ലാത്ത അച്ഛന് നല്കുന്ന സുരക്ഷാ ബോധം എന്നിങ്ങനെ അത് പല രൂപത്തില്‍ പ്രകടമാകുന്നുണ്ട്.
ഹൊറര്‍ മൂഡ് സൃഷ്ടിക്കാനുളള ദുര്‍ബലവും കൃത്രിമവുമായ ശ്രമങ്ങളായി പലപ്പോഴും ലിറ്റില്‍ സ്വയമ്പിന്റെയും(ഛായാഗ്രഹണം) സുഷിന് ശ്യാമിന്റെയും (സംഗീതം) വിവേക് ഹര്ഷന്റെയും (എഡിറ്റിംഗ്) ശ്രമങ്ങള്‍ മാറുന്നത്, ഫലത്തില്‍, സിനിമ ഒരു 'ഉണ്ടയില്ലാ വെടി'യായി അവസാനിക്കുന്നതിനാലാണ്. സദാചാര 'സദ്സംഘ'ങ്ങളെ പാഠം പഠിപ്പിക്കുക എന്ന സന്ദേശം സിനിമയിലൂടെ നല്‍കാനൊന്നും 'ബാച്ചിലര്‍ പാര്‍ട്ടി' പോലുളള അന്തംവിട്ട ചിത്രങ്ങള്‍ എടുത്തിട്ടുളള അമല്‍ നീരദ് ഒരിക്കലും തുനിയുകയില്ലെന്നതും ഒരു യാഥാര്‍ത്ഥ്യം മാത്രം. ഷറഫ്-സുഹാസ് ടീമിന്റെ കഥ തിരക്കഥ ഫലത്തില്‍, ഏതൊക്കെയോ മുന്‍ചിത്രങ്ങളുടെ വിളറിയ ഒരു പ്രതിഫലനം മാത്രമേ സൃഷ്ടിക്കുന്നുള്ളൂ എന്നു ചുരുക്കം.