Cinema

''നിലം എന്ന ഉയിരടയാളം''......''കാല'' എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം.

രജനീകാന്ത് അവതരിപ്പിക്കുന്ന കാല എന്ന കരികാലന്‍, ധാരാവിയുടെ രക്ഷകനായ ഒരു ഭൂതകാല ഗാങ്സ്റ്റര്‍ തന്നെയാണെന്നത് സിനിമ വ്യകത്മാക്കുമ്പോഴും, അതീവ യാഥാര്‍ത്ഥ്യബോധത്തോടെയുളള ഒരു സാന്നിധ്യമാണ് സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ നിലകൊളളുന്നത്.

''നിലം എന്ന ഉയിരടയാളം''......''കാല'' എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം.

'കബാലി'ക്കു ശേഷമുളള 'കാല' എന്ന പുതിയ പാ രഞ്ജിത്ത് തമിഴ് സിനിമ, ഒരു രജനീകാന്ത് സിനിമ എന്നു പറയുമ്പോഴും, പഴയ 'സ്റ്റൈല്‍ മന്നന്‍' രജനീകാന്തിനെ ആരും പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെയാണ് അത് വലിയൊരളവില്‍ സംവിധായകന്റെ ചിത്രമായിത്തീരുന്നതും. രജനീകാന്ത് അവതരിപ്പിക്കുന്ന കാല എന്ന കരികാലന്‍, ധാരാവിയുടെ രക്ഷകനായ ഒരു ഭൂതകാല ഗാങ്സ്റ്റര്‍ തന്നെയാണെന്നത് സിനിമ വ്യകത്മാക്കുമ്പോഴും, അതീവ യാഥാര്‍ത്ഥ്യബോധത്തോടെയുളള ഒരു സാന്നിധ്യമായാണ് സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ നിലകൊളളുന്നത്. 

കോര്‍പ്പറേറ്റ് ലോകവും രാഷട്രീയലോകവും ഒരുമിച്ചുകൊണ്ട്-കൈകോര്‍ത്തുകൊണ്ട് തങ്ങളുടെ ചേരിപ്രദേശത്തിന്റെ മണ്ണിലേക്കും, മോഹന വാഗ്ദാനങ്ങളുമായി ആര്‍ത്തിയോടെ കയറി വരുമ്പോള്‍, കാല രക്ഷകനാകുന്നു.. ചേരിയിലെ ഓരോരുത്തലിലും ഒരു കാല ഉണരുന്നത്, ഒരു ബഹുജനമുന്നേറ്റമായി അത് വളരുന്നത് സിനിമയുടെ രാഷട്രീയ സന്ദേശം കൂടിയായി മാറുന്നുണ്ട്.

പുതിയ കാലത്തിന്റെ അവിഹിത ആര്‍ത്തികളിലേക്ക് ഭീതിയുടെയും നാശത്തിന്റെയും ഇരുള്‍മഴ പെയ്യിക്കുന്ന, ഒരു വലിയ വെളിച്ചം- ഉദിച്ചുയരുന്ന പുതിയ മനുഷ്യബോധം-കാലയുടെ ആകെ സത്ത നിര്‍ണ്ണയിക്കുന്നുണ്ട്. വാസ്തവത്തില്‍, ഫ്യ‍ൂഡല്‍-ആര്യ-സവര്‍ണ്ണ-കോര്‍പ്പറേറ്റ്-ധവള വേഷങ്ങള്‍ക്കുളളില്‍ ഒളിഞ്ഞിരിക്കുന്ന അഴുക്കിന്റെയും ഇരുട്ടിന്റെയും കോട്ടകള്‍, ചേരിയിലെ കറുത്ത മനുഷ്യരുടെ വെളുത്ത ബോധത്തില്‍ ഇടിഞ്ഞു വീഴുന്ന കാഴ്ചയിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. 

ഒരു ദളിത്പക്ഷ സ്ത്രീപക്ഷ ചിത്രമായി സിനിമയുടെ സൂക്ഷ്മരാഷട്രീയം വികസിക്കുന്നത്, തീര്‍ച്ചയായും അങ്ങനെയൊരു ലക്ഷ്യം സംവിധായകനായ പാ രഞ്ജിത്തിന് ഉള്ളതുകൊണ്ടു തന്നെയാണ്. സിനിമയിൽ,  കാലയുടെ പത്നിയായ ശെല്‍വിയുടെയും(ഈശ്വരി റാവു), മകന്റെ പ്രണയിനി കൂടിയായ പുയലിന്റെയും(അഞ്ജലി), ചേരിയില്‍ നേതൃത്വപരമായ ഇടപെടലുകള്‍ നടത്തുന്ന സെറീനയുടെയും (ഹുമ ഖുറേഷി) പ്രകടമായ കരുത്തിലെ അധികവോള്‍ട്ടേജ്, സിനിമ സ്വാഭാവികമായി പ്രസരിപ്പിക്കുന്നതും അതിനാലാണ്.

''നിലം എന്ന ഉയിരടയാളം''......''കാല'' എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം.

നിങ്ങള്‍ക്കു് ഭൂമി അധികാരമാണ്, ഞങ്ങള്‍ക്ക് അത് ജീവിതമാണ് എന്ന് കാല, ഹരിദാദയോട് (നാനാ പടേക്കര്‍ ഉജ്ജ്വലമാക്കുന്ന കഥാപാത്രം) പറയുന്ന ഒരു പ്രധാന സന്ദര്‍ഭമുണ്ട് സിനിമയില്‍. എന്നാല്‍, ആ അധികാരമാണ് എനിക്കു ജീവിതം എന്ന ഹരിദാദയുടെ തിരിച്ചുളള മറുപടിയില്‍, ലോക ചരിത്രത്തിലെ എല്ലാ അധികാര കാമനയുടെയും ആകെ ഉത്തരം പതിയിരിപ്പുണ്ട്-അത് സാമ്രാജ്യങ്ങളിലേക്കുമാത്രമല്ല, ചേരികളിലേക്കും നീങ്ങുന്നതുകൂടിയാണ്..! അധികാരം പിടിച്ചെടുക്കാനുളള പോരാട്ടം, കൊലകള്‍ എല്ലാം, ഹരിദാദയ്ക്കും ധര്‍മ്മയുദ്ധമത്രേ..! കൃഷ്ണനും കുരുക്ഷേത്രവുമെല്ലാം അയാളുടെ മനസ്സിലും ഉണ്ടെന്നത് സശ്രദ്ധം പഠിക്കേണ്ടതാണ്. വ്യാഖ്യാനത്തില്‍ തന്നെയാണ് നീതി പലപ്പോഴും കിടക്കുന്നത് എന്നത് അതിനെ എത്രമാത്രം ആപേക്ഷികമാക്കുന്നുവെന്ന് ഓര്‍ക്കുക. 

തന്റെ വീട്ടിലെത്തുന്ന മുഖ്യ പ്രതിയോഗി കാലയുടെ കാല്‍ക്കല്‍ നമസ്കരിക്കാന്‍ ഹരിദാദ തൻ്റെ പേരക്കുട്ടിയോടു   പറയുന്ന അവിശ്വസനീയമായ ഒരു രംഗം പോലുമുണ്ട് ചിത്രത്തില്‍..! (ഒപ്പം കാല ഉൾപ്പെടെ എല്ലാവരും തന്റെ കാൽതൊട്ട് വന്ദിക്കണമെന്ന് അയാൾ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്) എങ്കിലും രജനീകാന്ത് എന്ന നടനില്‍ പഴയ ഒരു ഫയര്‍ കാണാനായില്ല എന്നത് അല്പം നിരാശയുണ്ടാക്കി എന്നു പറയട്ടെ, അതുപോലെ സിനിമയിലുളള പാഷന്‍ അല്പാല്പമായി ഈ നടനു  കൈമോശം വന്നു തുടങ്ങിയോ എന്ന ചെറു സന്ദേഹവും എന്തുകൊണ്ടോ ഉണ്ടായി..! എങ്കിലും ക്ലൈമാക്സിലെ കറുപ്പിന്റെ നൃത്തം, പിന്നെ ബഹുവര്‍ണ്ണ ന‍ൃത്തമായി വികസിക്കുമ്പോള്‍, കറുപ്പിന്റെ ഈ നായകന്‍ സിനിമയില്‍ സൃഷ്ടിച്ച വന്‍വിജയങ്ങള്‍ നമുക്ക് ഓര്‍ക്കാതിരിക്കാനാകില്ല. 

അതുപോലെ നടന്റെ രാഷ്ട്രീയ പ്രവേശം എന്തായിരുന്നാലും എങ്ങിനെ ആയിരുന്നാലും, ഏവര്‍ക്കും നല്‍കാവുന്ന ഒരു പൊതു താക്കീതായി സിനിമ അതിന്റെ ലോകം സ്ഥാപിക്കുന്നതാണ് നമ്മള്‍ കാണുന്നത്. 

സന്തോഷ് നാരായണന്റെ സംഗീതവും മുരളി ജി യുടെ ഫോട്ടോഗ്രാഫിയും ഈ സിനിമയുടെ അടിസ്ഥാന ശക്തിയായി, തികഞ്ഞ സ്വാഭാവികതയോടെ പ്രകടമാകുന്നുവെന്നത് ഒപ്പം പറയേണ്ട കാര്യമാണ്. കച്ചവടത്തില്‍നിന്ന് മണ്ണിനെ അതിന്റെ നൈസര്‍ഗിക ജീവിതത്തിലേക്കു തിരികെപ്പിടിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രം എന്ന നിലയില്‍ക്കൂടി പാ രഞ്ജിത്തിന്റെ ഈ ചിത്രം പ്രസക്തി കൈവരിക്കുന്നുണ്ട്. വെള്ളം,വായു, മണ്ണ് എന്നിവയെല്ലാം സിനിമാപ്രമേയങ്ങളാകുന്ന ഒരു ഘട്ടത്തിലും കൂടിയാണ് നമ്മുടെ ജീവിതം, എന്ന് ഓര്‍മിപ്പിക്കാനും ഇത്തരം ചിത്രങ്ങള്‍ക്കു കഴിയുന്നു എന്നത് പ്രധാനമത്രേ..!

advertisment

News

Super Leaderboard 970x90