Kerala

'അച്ഛനോർമ്മയുടെ ആഴം'- അച്ഛനെ കുറിച്ച് രഘുനാഥൻ പറളി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം...

മികച്ച കാരംസ് കളിക്കാരനായിരുന്ന അച്ഛന്‍ റിക്രിയേഷന്‍ ക്ലബ്ബിലെ കാരംസ് കളികൂടി കഴിഞ്ഞ് വൈകി വീട്ടിലെത്തുന്നത് പലപ്പോഴും എന്റെ കാത്തിരിപ്പിനെ അക്ഷമമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത്, 'വിക്രമാദിത്യകഥകള്‍' എല്ലാ വെക്കേഷനും ഞാന്‍ ആവശ്യപ്പെട്ടു. പിന്നീട് നിരവധി അപസര്‍പ്പക കൃതികളും. ദുര്‍ഗാ പ്രസാദ് ഖത്രിയുടെയും കോട്ടയം പുഷ്പനാഥിന്റെയും നിരവധി കൃതികള്‍ പ്രത്യേകിച്ചു ഓര്‍ക്കുന്നു....

'അച്ഛനോർമ്മയുടെ ആഴം'- അച്ഛനെ കുറിച്ച് രഘുനാഥൻ പറളി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം...

ഇന്ന് അച്ഛന്റെ ചരമ വാര്‍ഷിക ദിനമാണ്. സ്കൂള്‍ കാലഘട്ടത്തില്‍, അച്ഛന്‍ എനിക്കും ഒരു പിതൃബിംബം തന്നെ ആയിരുന്നെങ്കില്‍ വൈകാതെ അത് സൗഹൃദത്തിന്റെ തലത്തിലേക്ക് വഴിമാറി. എനിക്കു ഓര്‍മവെച്ച നാള്‍ മുതല്‍ അച്ഛന്‍ പാലക്കാട് കളക്ടറേറ്റില്‍ പ്യൂണ്‍ ആയി ജോലി ചെയ്യുകയായിരുന്നു, അറുപതാമത്തെ വയസ്സില്‍, 1999 ല്‍ പിരിയുന്നതുവരെ. പതിനഞ്ചോ പതിനാറോ വയസ്സുളളപ്പോള്‍ അന്നത്തെ 'ബോയ് സെര്‍വീസ് ' ആയി (അച്ഛന്റെ ഒരു ജ്യേഷ്ഠന്റെ നിര്‍ബന്ധപ്രകാരം) ജോലിയില്‍ പ്രവേശിച്ച അച്ഛന്‍, നേരത്തെ താന്‍ ഏര്‍പ്പെട്ടിരുന്ന പച്ചക്കറി കച്ചവടത്തില്‍ സാധ്യമായിരുന്നതു പോലെ, ബീഡി വലിക്കാനുളള സ്വാതന്ത്ര്യം ഇല്ല എന്ന കാരണത്താല്‍ രണ്ടു തവണ ജോലി ഉപേക്ഷിക്കാനുളള 'വിഫലശ്രമം' നടത്തിയ കഥ പറഞ്ഞിട്ടുണ്ട്. അതും മുത്ത മകൻ എന്ന നിലയ്ക്കുള്ള നിരവധി കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ ഞെരുങ്ങുമ്പോഴും..


ഏതായാലും സര്‍വ്വീസ് ബുക്കില്‍ 42 വര്‍ഷത്തെ 'സ്തുത്യര്‍ഹമായ സേവന'വുമായാണ് അച്ഛന്‍ പിരിയുന്നത്. എന്നെ അക്ഷരസ്നേഹി ആക്കിയതില്‍ അച്ഛനുളള പങ്ക് വലുതാണ്. കലക്ടറേറ്റ് ലൈബ്രറിയില്‍ നിന്നു അച്ഛന്‍ കൊണ്ടുവന്ന പുസ്തകങ്ങളിലൂടെ ആയിരുന്നു പ്രധാനമായും അത്. ഒപ്പം എല്ലാ മാസവും കൃത്യമായി കൊണ്ടുവന്ന 'പൂമ്പാറ്റ' യിലൂടെയും. (അതിനായുളള കാത്തിരിപ്പും ആ താളുകളുടെ മണവും ഇപ്പോഴും എനിക്ക് അനന്യവും അനിര്‍വചനീയവുമാണ്!) മികച്ച കാരംസ് കളിക്കാരനായിരുന്ന അച്ഛന്‍ റിക്രിയേഷന്‍ ക്ലബ്ബിലെ കാരംസ് കളികൂടി കഴിഞ്ഞ് വൈകി വീട്ടിലെത്തുന്നത് പലപ്പോഴും എന്റെ കാത്തിരിപ്പിനെ അക്ഷമമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത്, 'വിക്രമാദിത്യകഥകള്‍' എല്ലാ വെക്കേഷനും ഞാന്‍ ആവശ്യപ്പെട്ടു. പിന്നീട് നിരവധി അപസര്‍പ്പക കൃതികളും. ദുര്‍ഗാ പ്രസാദ് ഖത്രിയുടെയും കോട്ടയം പുഷ്പനാഥിന്റെയും നിരവധി കൃതികള്‍ പ്രത്യേകിച്ചു ഓര്‍ക്കുന്നു.

 പിന്നീട് എം.ടി. ഉള്‍പ്പെടുന്ന നിരവധി സാഹിത്യ കൃതികള്‍. മററു വരുമാന സ്രോതസ്സുകള്‍ ഒന്നുമില്ലായിരുന്നു അച്ഛന്. അങ്ങനെ ഒന്ന് അച്ഛന്‍ ആഗ്രഹിച്ചതുമില്ല. വിവാഹാനന്തരം, പത്തുവര്‍ഷത്തിനു ശേഷം ജനിച്ച ആദ്യപുത്രന്‍ എന്ന നിലയ്ക്ക് അച്ഛന്‍ മരണം വരെയും എന്നെ അമിതമായി സ്നേഹിക്കുകയും ഓര്‍മിക്കുകയും ചെയ്തു എന്നു വേണം പറയാന്‍. (2008 മെയ് മാസത്തില്‍ മരണക്കിടക്കയില്‍ എല്ലാ ഓര്‍മയും അറ്റുപോകുമ്പോഴും എന്റെ പേര് അച്ഛനില്‍ അവശേഷിച്ചിരുന്നു.) രണ്ടു വര്‍ഷങ്ങളുടെ ഇടവേളകളില്‍ എനിക്കു താഴെ ‍ജനിച്ച അനിയത്തിമാരെയും പഠിപ്പിക്കാന്‍ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചു-തന്റെ വരുമാന പരിധിയില്‍ ഒതുങ്ങിനിന്നു കൊണ്ടും, ഓരോ ആറു മാസത്തിലും പി.എഫ് ലോണ്‍ എടുത്തുകൊണ്ടും. എല്ലാത്തരം അഴിമതിയില്‍ നിന്നും അപവാദങ്ങളില്‍ നിന്നും അച്ഛന്‍ എന്നും വിട്ടുനിന്നു. ഒരു സാധാരണ എന്‍.ജി.ഒ യൂണിയന്‍ അംഗം മാത്രമായിരുന്ന (എന്നും ഇടതുപക്ഷമായിരുന്നു അച്ഛന്‍, പലപ്പോഴും സുപ്രധാന വിമര്‍ശനങ്ങളോടെ തന്നെ..!)അച്ഛന്‍ പാലക്കാട് കളക്ടറേറ്റിലെ ഫിനാന്‍സ് സെക്ഷനിലെ ഏവരുടെയും കൃഷ്ണേട്ടനായി (ടി.കെ.കൃഷ്ണന്‍ എന്നായിരുന്നു മുഴുവന്‍ പേര്). ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ മാതൃകാജീവിതം ഞാന്‍ അച്ഛനില്‍ കണ്ടിരുന്നു. പിന്നീട് അനിയത്തിമാരുടെ വിവാഹ ബാധ്യതകളിലേക്ക് അച്ഛന്‍ ആണ്ടു പോകുമ്പോഴും ഒരിക്കലും എന്നെ പ്രയാസപ്പെടുത്താതിരിക്കാന്‍ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചു. പൊതുവില്‍ ഒരു സുഖിയനും മടിയനുമായ എന്നെ അച്ഛന് നന്നായി അറിയാമായിരുന്നു. എന്നാല്‍, ഞാന്‍ ജോലി നേടാതെയും തേടാതെയും വായനയിലും എഴുത്തിലും മുഴുകുന്നതു കണ്ടപ്പോള്‍ അച്ഛന് സന്തോഷത്തേക്കാള്‍ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ജോലി നേടുന്നതിന്റെ പ്രാധാന്യം ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ ജോലിയില്‍നിന്ന് പിരിയുന്നതിന് ആറുമാസം മുമ്പ് ഞാന്‍ മലപ്പുറത്ത് ഒരു ഗവണ്‍മെന്റ് സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അത് അച്ഛന് ഏറെ ആശ്വാസമായിട്ടുണ്ടാകണം.

 പിന്നീട് എന്റെ 'ലിവിംഗ് ടുഗതര്‍' സങ്കല്പം ഞാന്‍ അച്ഛനുമായി പങ്കിട്ടപ്പോള്‍ അതിനെല്ലാം തയ്യാറായി ആരെങ്കിലും വരുമോ എന്ന് മാത്രം സംശയത്തോടെ ചോദിച്ചു. എങ്കിലും എന്നെ എപ്പോഴും എന്റെ വഴിക്കു വിട്ടു. 2007ലെ ഹിമാലയ യാത്രയില്‍ ഞാന്‍ കൊണ്ടുവന്ന ഗംഗാജലം (ഒരു വിശ്വാസത്തിനും വേണ്ടിയല്ലാതെ, അച്ഛന്റെ വിശ്വാസങ്ങളെ മാത്രം പിന്‍പറ്റി-ഒട്ടും അമിതമല്ലാതിരുന്ന ചില ആത്മീയ സങ്കല്പങ്ങളെ മാത്രം പിന്‍പറ്റി) അച്ഛന്റെ വായില്‍ ഇറ്റിച്ചത്, പതുക്കെ ഇറക്കി അച്ഛന്‍ അന്ത്യശ്വാസം വലിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു എന്നത് പക്ഷേ വിശ്വസിക്കാന്‍ ഇപ്പോഴും ഏറെ പ്രയാസമാണ്. ഒരര്‍ത്ഥത്തില്‍, എന്റെ എല്ലാ എഴുത്തും അച്ഛനുവേണ്ടിക്കൂടിയായിരുന്നു എന്ന് ഇപ്പോഴിപ്പോള്‍ ഞാന്‍ കൂടുതല്‍ തിരിച്ചറിയുന്നുമുണ്ട്..!! (മുന്‍പ് എഴുതിയ ഈ കുറിപ്പ്, ഓര്‍മകളുടെ സജീവതയില്‍, ചെറിയ എ‍ഡിറ്റിംഗോടെ ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്..!)

advertisment

News

Super Leaderboard 970x90