Kerala

വിശപ്പിന്റെ ഭാഷ മനുഷ്യനുള്ള സ്ഥലങ്ങളിലെല്ലാം ഒന്നാണ്, അതിന് ഒരേ ഗന്ധമാണ്, ​മധുവിനെ കൊന്നവർക്ക് വിശപ്പിന്റെ ഗന്ധം തിരിച്ചറിയാന് കഴിഞ്ഞില്ല...

അയാൾക്ക് ചോറ് കൊടുത്തിട്ട് ഞങ്ങൾ അകത്തേയ്ക്ക് കയറി. ഇവളെ മാറ്റി നിർത്തി ഒന്നു ഗുണദോഷിക്കാമെന്ന് വെച്ചു. ഡീ നീ എന്തു മണ്ടത്തരമാണീ കാണിക്കുന്നത്. അയാൾ വല്ലൊ കള്ളനും ആണെങ്കിലൊ. നിന്നെ കൊന്നിട്ടിട്ട് അയാൾ പോയെങ്കിലൊ ?. അതിന് അവൾ പറഞ്ഞ മറുപടി ഇന്നും ഓർമ്മയുണ്ട്. "ഡാ വിശന്നിരിക്കുന്നവർക്ക് ഒരു മണമുണ്ട്. അയാൾക്കാ മണമുണ്ട്. അയാൾ കള്ളനല്ല"

 വിശപ്പിന്റെ ഭാഷ മനുഷ്യനുള്ള സ്ഥലങ്ങളിലെല്ലാം ഒന്നാണ്, അതിന് ഒരേ ഗന്ധമാണ്, ​മധുവിനെ കൊന്നവർക്ക് വിശപ്പിന്റെ ഗന്ധം തിരിച്ചറിയാന് കഴിഞ്ഞില്ല...

ഇന്ന് മധുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വായിച്ചു.ഹൃദയത്തിന്റെ കോണിൽ എന്തൊ ഒന്ന് കൊളുത്തി പിടിച്ച പോലൊരു വേദന. മധു രാവിലെ എഴുന്നേറ്റിട്ട് കഴിച്ചത് ഒരു പഴം മാത്രമാണത്രെ. മരിച്ചപ്പോൾ പോലും വയറു നിറഞ്ഞ് മരിക്കാൻ മധുവിന് സാധിച്ചില്ല.

വർഷങ്ങൾക്ക് മുമ്പ്. എഞ്ചിനീറിങ്ങിന് പഠിച്ചിരുന്ന സമയം. ഹോട്ടലീന്നൊക്കെ കഴിച്ച് മടുക്കുമ്പോൾ ചങ്ങനാശ്ശേരിയിൽ അമ്മാവന്റെ വീട്ടിലേയ്ക്ക് വെച്ചടിക്കും. ചെങ്ങന്നുരു നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ബസ്സ് കയറി ചങ്ങനാശ്ശേരീലെത്തും. ഉച്ച ഭക്ഷണം. ഒരു ഉച്ച ഉറക്കം. പിറ്റേന്ന് ഞായറാഴ്ച ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് മടക്കം. ഇതാണ് ഉദ്ദേശ്ശം.

ഒരു ഓഗസ്റ്റ് മാസം ശനിയാഴ്ച. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തി. അമ്മാവനും അമ്മായിയും ബാങ്കിലാണ് ജോലി. അതിനാൽ ഉച്ചയോടെയെ വീട്ടിലെത്തു എന്നറിയാം. അവർ വരാൻ വൈകിയാലും കസിൻ പെങ്ങൾ വീട്ടിലുണ്ടാവും. അതിനാൽ ഭക്ഷണമൊക്കെ അമ്മായിയും, അമ്മാവനും വരുന്നതിനു മുന്നെ കിട്ടും. ഞാൻ വീട്ടിലെത്തുമ്പോൾ കാർ പോർച്ചിൽ ഒരാൾ പരുങ്ങി നിൽക്കുന്നു. മുഷിഞ്ഞ വേഷം. ഞാൻ ഗയിറ്റ് തുറന്ന് കയറി വരുമ്പോൾ ആ മനുഷ്യൻ ഒരു പതുങ്ങിയ ക്ഷീണിച്ച ചിരി സമ്മാനിച്ചു. അന്ന് സ്ത്രീകൾ ഒറ്റയ്ക്കുള്ള വീടുകളിൽ കയറി മോഷ്ടിക്കുന്നവരുടെ കഥയൊക്കെ പത്രത്തിൽ സ്ഥിരമായി വരുന്ന സമയം. എന്നിലെ സംശയാലു ഉണർന്നു. ആരാ, എന്ത് വേണം എന്നൊക്കെ ചോദിക്കാൻ വാ തുറക്കുന്നതിനു മുൻപ് പെങ്ങൾ ഒരു പാത്രത്തിൽ ഭക്ഷണവുമായി പുറത്തേയ്ക്ക് വന്നു. അയാൾ കാർപ്പോർച്ചിന്റെ അരമതിലിൽ ഒരു വശത്തേയ്ക്ക് കാലിട്ടിരുന്ന് ചോറ് വാരി ഉണ്ട് തുടങ്ങി.

അയാൾക്ക് ചോറ് കൊടുത്തിട്ട് ഞങ്ങൾ അകത്തേയ്ക്ക് കയറി. ഇവളെ മാറ്റി നിർത്തി ഒന്നു ഗുണദോഷിക്കാമെന്ന് വെച്ചു. ഡീ നീ എന്തു മണ്ടത്തരമാണീ കാണിക്കുന്നത്. അയാൾ വല്ലൊ കള്ളനും ആണെങ്കിലൊ. നിന്നെ കൊന്നിട്ടിട്ട് അയാൾ പോയെങ്കിലൊ ?. അതിന് അവൾ പറഞ്ഞ മറുപടി ഇന്നും ഓർമ്മയുണ്ട്. "ഡാ വിശന്നിരിക്കുന്നവർക്ക് ഒരു മണമുണ്ട്. അയാൾക്കാ മണമുണ്ട്. അയാൾ കള്ളനല്ല". പെങ്ങൾ എന്നൊക്കെ പറയുമ്പോൾ വളരെ മുതിർന്ന ഒരു സ്ത്രീയെന്നൊക്കെ തോന്നും.. അവൾക്ക് അന്ന് 19 വയസ്സേ ഉള്ളു. എന്നേക്കാൾ കൄത്യം ഒരു വയസ്സ് മൂത്തത്. ഞങ്ങൾ തമ്മിൽ 362 ദിവസത്തെ വത്യാസമെ ഉള്ളു. എന്നേക്കാൾ കഷ്ടി ഒരു വയസ്സിന് മൂത്ത അവൾക്ക് എന്നേക്കാൾ പക്വത ഉണ്ടെന്ന് തോന്നി.

ഞാൻ പുറത്തിറങ്ങി അയാൾ ഭക്ഷണം കഴിക്കുന്നത് നോക്കി നിന്നു. പരിചിതമല്ലാത്ത ഒരു ഗന്ധം അവിടെ തളം കെട്ടി നിന്നു. പക്ഷെ അവൾ പറഞ്ഞ വിശപ്പിന്റെ ഗന്ധം ആണ് അതെന്നൊന്നും തോന്നിയില്ല.വർഷങ്ങൾ കഴിഞ്ഞു. 1994 ൽ എപ്പോഴോ നടന്ന ഈ സംഭവമൊക്കെ ഞാൻ മറന്നു. ജീവിതം അമേരിക്കയിലേയ്ക്ക് പറിച്ചു നട്ടു. 2010 ജനുവരി മാസം. മകളുണ്ടായിട്ട് ആറുമാസമേ ആയുള്ളു. അവളെ നോക്കാൻ വരുന്ന ഒരു അമ്മാമ്മയെ കൊണ്ട് വരാനായി പോയതാണ്. വ്യാഴാഴ്ചകളിൽ, ഒരു ഫുഡ് പാൻട്രിയിൽ (ദരിദ്രർക്കും, വീടില്ലാത്തവർക്കുമൊക്കെ ഭക്ഷണം വിളമ്പുന്ന ഇത്തരം സ്ഥലങ്ങളെ ഫുഡ് പാൻട്രി, സൂപ് കിച്ചണ് എന്നൊക്കെ പറയും) അമ്മാമ്മ വളന്റീറായി ജോലി ചെയ്യുന്നുണ്ട്. അവിടെ ചെന്ന് അവരെ വിളിച്ച് കൊണ്ട് വരണം. എല്ലാ വ്യാഴാഴ്ചകളിലെയും റുട്ടീനാണ്. അന്ന് ചെല്ലുമ്പോൾ അവിടെ ഉച്ചഭക്ഷണം വിളമ്പുന്ന സമയമാണ്. അമ്മാമ്മ പണി തീർത്ത് വരാനായി ഞാൻ ആ ഡയിനിങ് ഹാളിൽ കാത്തിരുന്നു. അപ്പോൾ ഒരു സ്ത്രീ മൂന്ന് കുട്ടികളെയുമായി കയറി വന്നു. തന്നേക്കാൾ വലിപ്പമുള്ള ഒരു കമ്പിളി കോട്ടും ജീൻസ്സുമാണ് വേഷം. അവരെ ശ്രദ്ധിക്കാൻ കാരണം അവരിട്ടിരുന്നത് വള്ളിച്ചെരുപ്പാണെന്നത് കൊണ്ടാണ്. മെയിനിലെ ആ കനേഡിയൻ അതിർത്തിയിലെ ഗ്രാമത്തിൽ മഞ്ഞത്ത് വള്ളിച്ചെരുപ്പുമായി ഒരാൾ ഇറങ്ങിയാൽ ആരായാലും നോക്കി പോകും. ആ സ്ത്രീ കുട്ടികളുമായി വന്ന് എന്റെ പിറകിലെ മേശയിൽ മക്കളെ ഇരുത്തി. അവർ ഭക്ഷണം എടുക്കാനായി പോയി. അവർ എന്നെ കടന്ന് പോയപ്പോൾ എനിക്കാ ഗന്ധം കിട്ടി. 1994 ലെ ആഗസ്റ്റിൽ ചങ്ങനാശ്ശേരിയിലെ ആ കാർപ്പോർച്ചിൽ അനുഭവപ്പേട്ട അതേ ഗന്ധം. ഒരു നിമിഷം പോലും എനിക്ക് വേണ്ടി വന്നില്ല എനിക്കത് തിരിച്ചറിയാൻ. പതിനാറു കൊല്ലം മുന്നെ നടന്ന ആ സംഭാഷണത്തിന്റെ ഒരോ ചെറിയ ഡീറ്റെയിലും എനിക്ക് ഓർമ്മ വന്നു. "ഡാ വിശപ്പിന് ഒരു മണമുണ്ട്" എന്ന് പെങ്ങൾ പറയുമ്പോൾ അവളുടെ കണ്ണിലെ നനവ് പോലും ഓർത്തെടുത്തു.

അതിനു ശേഷം പലപ്രാവശ്യം ആ മണം എന്നെ തേടി വന്നു. ന്യുയോർക്കിൽ വെച്ച്, ചിക്കാഗോയിൽ വെച്ച്, സാൻഫ്രാൻസിസ്കൊ, ബീജിങ്ങിൽ, ദുബൈയിൽ, ചിലെയിൽ ഒക്കെ വെച്ച പല സന്ദർഭങ്ങളിലും അതേ മണം അനുഭവിച്ചു. പലപ്പഴും സഹായിക്കാൻ പോലും സാധിക്കാതെ തിരിച്ചു നടക്കണ്ടി വന്നിട്ടുണ്ട്. കൈയ്യിൽ ചില്ലറയില്ലാത്തതാകാം. അല്ലെങ്കിൽ തിരക്കിട്ട് വല്ലയിടത്തേയ്ക്കും പോകുന്ന കൊണ്ടാവും. പക്ഷെ വിശപ്പിന്റെ ഭാഷ മനുഷ്യനുള്ള സ്ഥലങ്ങളിലെല്ലാം ഒന്നാണ്. അതിന് ഒരേ ഗന്ധമാണ്.

മധുവിനെ കൊന്നവർക്ക് വിശപ്പിന്റെ ഗന്ധം തിരിച്ചറിയാന് കഴിഞ്ഞില്ല. മധു മനുഷ്യനാണെന്ന് പോലും അവർക്ക് തോന്നിയിട്ടില്ല. പിന്നല്ലെ അവന്റെ വിശപ്പിന്റെ ഗന്ധം. !!!

#TAGS : madhus murder  

advertisment

News

Super Leaderboard 970x90