Kerala

മുല്ലപ്പെരിയാര്‍ ലോകം തകര്‍ക്കുമോ?

മുല്ലപ്പെരിയാര്‍ ഡാം കേരളത്തിലാണെങ്കിലും കേരളവും തമിഴ് നാടും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം അണക്കെട്ടിനുമേലുള്ള അധികാരം തമിഴ് നാട്ടിനാണ്. ഒരു ഡാമിന്റെ ശരാശരി ആയുസ് ഏകദേശം അറുപതു വര്‍ഷമാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഈ കണക്ക് നൂറു വര്‍ഷം പിന്നിട്ടു കഴിഞ്ഞു.

മുല്ലപ്പെരിയാര്‍ ലോകം തകര്‍ക്കുമോ?

എന്നും വിവാദമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇടുക്കി ജില്ലയിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. പീരുമേട് താലൂക്കിലെ കുമളി പഞ്ചായത്തിലാണിത്.

പേരിനു പിന്നില്‍..

കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാര്‍. സമുദ്രനിരപ്പില്‍ നിന്നു 2400 മീറ്റര്‍ ഉയരമുള്ള ശിവഗിരിശൃംഖത്തില്‍ നിന്നാണ് പെരിയാറിന്റെ മുഖ്യ ഉല്‍ഭവം. 244 കിലോമീറ്റര്‍ നീളമുള്ള പെരിയാറിന്റെ പോഷക നദിയാണ് മുല്ലയാര്‍. സമുദ്രനിരപ്പില്‍ നിന്ന് 850 മീറ്റര്‍ ഉയരത്തിലാണ് പെരിയാര്‍ മുല്ലയാറുമായി സംഗമിക്കുന്നത്. ഇതിനു സമീപത്തായി സമുദ്രനിരപ്പില്‍ നിന്നു 873 ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റേയും മുല്ലയാറിന്റേയും സംഗമസ്ഥാനത്ത് നിര്‍മിച്ചിരിക്കുന്നതിനാല്‍ മുല്ലപ്പെരിയാര്‍ എന്ന പേരില്‍ ഡാം അറിയപ്പെടുന്നു.

സിമന്റില്ലാത്ത അണക്കെട്ട്..

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത് സിമന്റ് കൊണ്ടല്ല. പകരം സുര്‍ഖി മിശ്രിതം ഉപയോഗിച്ചാണ്. എന്താണ് സുര്‍ഖി ? ഒരു തരം ചുണ്ണാമ്പു മിശ്രിതമാണിത്. (ലൈം മോര്‍ട്ടാര്‍). പാകമാകാത്ത ഇഷ്ടികപ്പൊടിയും ചുണ്ണാമ്പും ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നത്. മണലിനു പകരം മോര്‍ട്ടാറില്‍ സുര്‍ഖി ഉപയോഗി ക്കുകയാണെങ്കില്‍ കെട്ടിട ബലം കൂടുമെന്ന് കരുതപ്പെടുന്നു. നിലവില്‍ ലോകത്ത് സുര്‍ഖിമിശ്രിതം ഉപയോഗിച്ചിരിക്കുന്ന ഏക അണക്കെട്ട് കൂടിയാണ് മുല്ലപ്പെരിയാര്‍. സുര്‍ഖിയേക്കാള്‍ ആറിരട്ടി ശക്തമാണ് ഇന്നത്തെ ഡാമുകള്‍ക്കുപയോഗിക്കുന്ന സിമന്റുകള്‍.

അണക്കെട്ട് കേരളത്തില്‍,അധികാരം തമിഴ്‌നാടിന്..

മുല്ലപ്പെരിയാര്‍ ഡാം കേരളത്തിലാണെങ്കിലും കേരളവും തമിഴ് നാടും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം അണക്കെട്ടിനുമേലുള്ള അധികാരം തമിഴ് നാട്ടിനാണ്. ഒരു ഡാമിന്റെ ശരാശരി ആയുസ് ഏകദേശം അറുപതു വര്‍ഷമാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഈ കണക്ക് നൂറു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് വര്‍ഷത്തേക്കാണ് പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത്. കരാറനുസരിച്ച് തിരുവിതാംകൂറിന് പാട്ടത്തുകയായി ഏക്കറിന് അഞ്ചു രൂപ നിരക്കില്‍ 40,000 രൂപ പ്രതിവര്‍ഷം ലഭിക്കും. മുല്ലപ്പരിയാര്‍ ഡാം ശില്‍പ്പിയായ പെനിക്വിക് പോലും ഡാമിനു നല്‍കിയ ആയുസ് അമ്പതുവര്‍ഷം മാത്രമായിരുന്നു.

മുല്ലപ്പെരിയാര്‍ ലോകം തകര്‍ക്കുമോ?

ചരിത്രത്തിലെ മുല്ലപ്പെരിയാര്‍..

ആയിരത്തി എഴുന്നൂറുകളില്‍ത്തന്നെ പെരിയാറിലെ ജലത്തെ വൈഗൈ നദിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിരുന്നു. രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവായിരുന്നു ഈ കാര്യത്തില്‍ ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ ബ്രിട്ടീഷുകാരുമായി നടത്തിയ യുദ്ധത്തില്‍ രാജാവ് സ്ഥാനഭ്രഷ്ടനായി. അധികാരം മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുമായി. പിന്നീട് തമിഴ് നാട്ടിലെ വരള്‍ച്ചയും കേരളത്തിലെ ജലപ്രളയവും തീര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ തന്നെരംഗത്തിറങ്ങി. പശ്ചിമഘട്ട മലനിരകള്‍ തുറന്നു ജലം വൈഗൈയിലെത്തിക്കാനായി ജെയിംസ് കാഡ് വെല്ലിനെ ചുമതലപ്പെടുത്തി. ഇദ്ദേഹം പദ്ധതിയുടെ അനന്തരഫലം മനസിലാക്കി പദ്ധതിയില്‍നിന്നു പിന്മാറാന്‍ ബ്രിട്ടീഷുകാരോടു മുന്നറിയിപ്പു നല്‍കി. ക്യാപ്റ്റന്‍ ഫേബര്‍, മധുര ജില്ലാ നിര്‍മാണ വിദഗ്ധനായ മേജര്‍ റീവ്‌സ്,ജനറല്‍ വാക്കര്‍,ക്യാപ്റ്റന്‍ പെനിക്യൂക്ക് ,ആര്‍ സ്മിത്ത് തുടങ്ങിയ നിരവധി വിദഗ്ധര്‍ ഈ കാര്യത്തില്‍ പലപദ്ധതികളുമായി രംഗത്തുവന്നു.

ഡാം വരുന്നു..

പല പദ്ധതികളും നിര്‍ദ്ദേശിച്ച കൂട്ടത്തില്‍ ക്യാപ്റ്റന്‍ പെനിക്യൂക്ക് നിര്‍ദ്ദേശിച്ച പുതിയൊരു പദ്ധതി ബ്രിട്ടീഷുകാര്‍ക്ക് ഇഷ്ടപ്പെട്ടു. ഇതനുസരിച്ച് 155 അടി ഉയരമുള്ള ഒരു അണക്കെട്ട് മുല്ലപ്പെരിയാറിന് കുറുകെ നിര്‍മിക്കാന്‍ പദ്ധതി യിട്ടു.സുര്‍ഖി,ചുണ്ണാമ്പ്,കരിങ്കല്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കപ്പെടുന്ന അണക്കെട്ടിന് അന്നത്തെ കാലത്ത് അറുപത്തിരണ്ട് ലക്ഷം രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. തുകയുടെ ഏഴുശതമാനം തുക ഓരോ വര്‍ഷം തിരികെ ലഭിക്കുന്നതു കണക്കുകൂട്ടി ബ്രിട്ടീഷുകാര്‍ പദ്ധതിക്ക് സമ്മതം നല്‍കി.

ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച കരാര്‍..

അണക്കെട്ടിന്റെ രൂപരേഖയായി.അണക്കെട്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം തിരുവിതാംകൂര്‍ നാട്ടു രാജ്യത്തായിരുന്നതിനാല്‍ നിര്‍മാണം തുടങ്ങണമെങ്കില്‍ തിരുവിതാംകൂര്‍ രാജാവ് വിശാഖം തിരുനാള്‍ രാമ വര്‍മ്മയുടെ സമ്മതം ആവശ്യമായിരുന്നു. എന്നാല്‍ രാജാവ് ഈ കാര്യത്തില്‍ ആദ്യം വിസമ്മതി ക്കുകയാ ണുണ്ടായത്. തമിഴ്‌നാട്ടിലെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ പദ്ധതിക്കാകുമെന്ന അഭിപ്രായവും ബ്രിട്ടീഷുകാരുടെ നയപരമായ ബലപ്രയോഗവും രാജാവിനെ കരാറില്‍ ഒപ്പു വയ്ക്കാന്‍ നിര്‍ബന്ധിതനാക്കി. ഹൃദയരക്തം കൊണ്ടാണ് ഞാന്‍ ഈ കരാര്‍ ഒപ്പു വയ്ക്കു ന്നതെന്നാണ് വിശാഖം തിരുനാള്‍ രാമ വര്‍മ്മരാജാവ് അന്ന് കരാറിനെക്കുറിച്ച് പറഞ്ഞത്.

മുല്ലപ്പെരിയാര്‍ ലോകം തകര്‍ക്കുമോ?

പെരിയാര്‍ പാട്ടക്കരാര്‍..

1886 ഒക്ടോബര്‍ 29 നാണ് പെരിയാര്‍ പാട്ടക്കരാറില്‍ ഇരുസംസ്ഥാനങ്ങളും ഒപ്പുവച്ചത്. തിരുവിതാംകൂറിനു വേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി രാമ അയ്യങ്കാരും മദ്രാസിനു വേണ്ടി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമായിരുന്നു കരാറില്‍ ഒപ്പുവച്ചത്.തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം ജലത്തിനു മാത്രമേ മദ്രാസ് സര്‍ക്കാറിന് അവകാശമുള്ളൂവെന്നും അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ യാതൊരു അധികാരവും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അങ്ങനെ ഏക്കര്‍ കണക്കിനു പ്രദേശം തിരുവിതാംകൂര്‍ മദിരാശി സ്‌റ്റേറ്റിനു പാട്ടത്തിനു നല്‍കി.

നിര്‍മാണം തുടങ്ങുന്നു..

1887 ലാണ് അണക്കെട്ടിന്റെ ശിലാസ്ഥാപനം നടന്നത്.നിര്‍മാണ കാലത്ത് നിരവധിപേര്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് മൃതിയടഞ്ഞു. ചിലരെ വന്യജീവികള്‍ അപായപ്പെടുത്തി. ഇടയ്ക്കിടെ അണക്കെട്ടിന്റെ നിര്‍മാണം തടസ്സപ്പെട്ടു. ഒരു തവണ അണക്കെട്ടു പൂര്‍ണമായി തകര്‍ന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു പദ്ധതിക്ക് ചുവപ്പു നാടവീണു. എന്നാല്‍ പെനിക്യൂക്കിക്കിന്റെ ദൃഢനിശ്ചയം അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 81.30 ലക്ഷം രൂപയാണ് ആകെ ചെലവായത്. ഏതാണ്ട് നാനൂറിലേര്‍ പേര്‍ അണക്കെട്ട് നിര്‍മാണത്തിനിടെ അപകടത്തില്‍പെട്ട് മരണമടയുകയുണ്ടായി.

കേട്ടുകേള്‍വിയില്ലാത്ത പാട്ടക്കരാര്‍..

ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പാണ് പെരിയാര്‍ പാട്ടക്കരാറില്‍ കേരളം ഒപ്പുവച്ചത്. എന്നാല്‍ സ്വതന്ത്രമായതിനു ശേഷം ബ്രിട്ടീഷു കാരുണ്ടാക്കിയ എല്ലാ കരാറും സ്വയം റദ്ദാകേണ്ടതാണല്ലോ. 1947 ലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്റ് ആക്ട് ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറും റദ്ദാകുമെന്നതാണ് ഈ വിവാദത്തിലെ ഏറ്റവും വിസ്മയം. വൈദ്യുതി ഉല്‍പാദത്തിലൂടെ തമിഴ്‌നാട് കോടിക്കണക്കിനു രൂപയുടെ ലാഭമുണ്ടാക്കുമ്പോള്‍ കേരളത്തിനു ലഭിക്കുന്നതാകട്ടെ തുച്ഛമായ പാട്ട സംഖ്യയാണ്.

വീണ്ടുമൊരു അബദ്ധം..

പാട്ടക്കരാറിനു ശേഷം ചിത്തിരബാലരാമ വര്‍മ്മ മഹാരാജാവിന്റെ കാലത്ത് ദിവാന്‍ സര്‍. സി.പി രാമസ്വാമി അയ്യര്‍ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റനെക്കണ്ട് കരാര്‍ റദ്ദ് ചെയാനുള്ള നടപടികള്‍ക്കായി ശ്രമിച്ചിരുന്നു. എന്നാല്‍ വൈസ്രോയി ഇതിനാവശ്യമായ നടപടി സ്വീകരിച്ചില്ല. പിന്നീട് സ്വാതന്ത്രത്തിനു ശേഷം കേരളവും തമിഴ്‌നാടും തമ്മില്‍ നിരവധി തവണ പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. 1970 മെയ് 29 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനുമായി നടത്തിയ ചര്‍ച്ചപ്രകാരം പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി. തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറി കെ.എസ്.ശിവ സുബ്രമണ്യവും കേരള ജല- വൈദ്യുത സെക്രട്ടറി കെ.പി വിശ്വനാഥന്‍ നായരും കരാറില്‍ ഒപ്പുവച്ച് ഏക്കറിന് മുപ്പത് രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ കരാറിലില്ലാത്ത ഒരു വ്യവസ്ഥ കൂടി പാട്ടക്കരാറില്‍ കൂട്ടിച്ചേര്‍ത്തു. അണക്കെട്ടിലെ ജലമുപയോഗിച്ച് വൈദ്യുതി നിര്‍മിക്കാമെന്ന് വ്യവസ്ഥയാണിത്.

മുല്ലപ്പെരിയാര്‍ ലോകം തകര്‍ക്കുമോ?

ജലനിരപ്പ് ഉയര്‍ന്നാല്‍..

സാധാരണയായി ഡാമിലെ ജലം ഡാമിനെ മുന്നോട്ടു തള്ളുമ്പോള്‍ താഴേക്കാണ് ഡാം ബലം പ്രയോഗിക്കുക. ഡാമിനു മുകളിലൂടെ ജലം ഒഴുകുന്നതോടു കൂടി ബാലന്‍സ് നഷ്ടപ്പെടും. ഓവര്‍ ടോപ്പിംഗ് എന്നാണ് ഈ പ്രതിഭാസത്തിനു പറയുക. 136 അടി ഉയരത്തിലായിരുന്നു മുല്ലപ്പെരിയാറിലെ ആദ്യകാല ജലസംഭരണം. മുല്ലപ്പെരിയാര്‍ ഡാമില്‍ ഇതില്‍ കൂടുതല്‍ ജലസംഭരണത്തിനു സുപ്രിം കോടതി അനുവാദം നല്‍കുകയുണ്ടായി. 142 അടിയാണ് കോടതി അനുവദിച്ച സംഭരണ ഉയരം .
ഒരു പ്രളയമോ ഉരുള്‍പ്പൊട്ടലോ സംഭവിച്ചാല്‍ അണക്കെട്ടിന്റെ മുകള്‍ പരപ്പിലൂടെ ജലം കരകവിഞ്ഞൊഴുകുകയും അണക്കെട്ടിനെ കടപുഴക്കുകയും ചെയ്യും. ഡാം സുരക്ഷയ്ക്കായി കേരള സര്‍ക്കാര്‍ ഡാം സുരക്ഷാ നിയമം കൊണ്ടു വന്നിരുന്നു. എന്നാല്‍ നിയമത്തെ ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രിം കോടതി നിരീക്ഷിച്ചത്.

ജലപീരങ്കികള്‍ ലോകം തകര്‍ക്കുമോ..

ആണവ ദുരന്തത്തേക്കാള്‍ ഭീതിയോടെയാണ് ലോകം അണക്കെട്ടുകളെ കാണുന്നത്. ലോകമെങ്ങും വന്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കാന്‍ ഓരോ അണക്കെട്ടിനും സാധിക്കും. മുല്ലപ്പെരിയാറിന് ചെറിയ ഭൂചലനങ്ങളെപ്പോലും താങ്ങാന്‍ ശേഷിയില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യതാ പ്രദേശത്തു കൂടിയാണ് എന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. ലോകത്താകെ 47 000 അണക്കെട്ടുകളില്‍ 40000 വും 2020 ഓടു കൂടി തകരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ലോകത്താകെമാനം രണ്ടായിരത്തോളം അണക്കെട്ട് ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
1975 ല്‍ ചൈനയിലെ ബാങ്കിയാവോ ഡാം തകര്‍ന്ന് ഡാമിന് താഴെയുള്ള 62 അണക്കെട്ടുകളുടെ തകര്‍ച്ചക്കു വഴിവച്ചു. 250000 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഈ ദുരന്തത്തേക്കാള്‍ പത്തിരട്ടിയായിരിക്കും മുല്ലപ്പെരിയാര്‍ ദുരന്തമുണ്ടായാല്‍ സംഭവിക്കുക. ഹിരോഷിമ ആണവ ബോംബിനേക്കാള്‍ 180 ഇരട്ടി ഊര്‍ജ്ജമായിരിക്കും സ്വതന്ത്രമാകുക.ഇവ വരുത്തിവയ്ക്കുന്ന ദുരന്തം സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണ്.

മുല്ലപ്പെരിയാര്‍ ലോകം തകര്‍ക്കുമോ?

മുല്ലപ്പെരിയാറിന് വയസാകുന്നു..

ലോകത്ത് ഇന്നുള്ള പഴക്കമേറിയ അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍. 53.64 മീറ്റര്‍ ഉയരവും 365.7 മീറ്റര്‍ നീളവുമാണ് മുല്ലപ്പെരിയാറിനുള്ളത്. തറനിരപ്പില്‍ 44.2 മീറ്റര്‍ വീതിയുള്ള ഡാമിന് മുകള്‍ ഭാഗത്ത് 3.66 മീറ്റര്‍ വീതി മാത്രമാണുള്ളത്. 15.662 ടി.എം.സി അഥവാ 443.23 മില്യന്‍ ക്യൂബിക് മീറ്ററാണ് ജല സംഭരണ ശേഷി. 1887 ല്‍ നിര്‍മാണമാരംഭിച്ച ഈ ഡാം 1895 ല്‍ആണ് പ്രവര്‍ത്തന മാരംഭിച്ചത്.പ്രായാധിക്യത്താല്‍ ഡാം ഇന്നു തകര്‍ച്ചയുടെ വക്കിലാണ്. തകര്‍ച്ച കേരളത്തിലെ ദശ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനപഹരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുല്ലപ്പെരിയാറിന്റെ തകര്‍ച്ച താഴ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി ഡാം അടക്കം നിരവധി ഡാമുകളുടെ തകര്‍ച്ചക്കു വഴിവയ്ക്കും. പ്രാകൃത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ഈ ഡാമിന്റെ തകര്‍ച്ച കേരളത്തെ രണ്ടായി പിളര്‍ക്കുമെന്നാണ് ഗവേഷകരുടെ വാദം. അഞ്ചു ജില്ലകളിലെ ജീവനു ഭീഷണിയാണ് മുല്ലപ്പെരിയാര്‍. ആധുനിക സാങ്കേതിക വിദ്യയായ ഡ്രില്ലിംഗ്, ഗ്രൗട്ടിംഗ് തുടങ്ങിയവ മുല്ലപ്പെരിയാറിനു വേണ്ടി അടിത്തറകെട്ടാന്‍ ഉപയോഗപ്പെടുത്തിയില്ല. ഡാമിനുള്ളില്‍നിന്നു ചോര്‍ന്നു വരുന്ന ജലം ഒഴുകിപ്പോകാന്‍ ഡ്രെയിനേജ് ഗ്യാലറി ഇല്ല.നിരന്തരം ചുണ്ണാമ്പ് ചോരുന്നതിനാല്‍ ഡാമിന്റെ സുരക്ഷ കുറഞ്ഞു വരികയാണ്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഏതാണ്ട് അമ്പതടി ഉയരത്തിലായിരിക്കും ജലം ഇടുക്കി ഡാമിലെത്തുക.

നിര്‍മാണം..

നദികളുടെ നാടാണ് കേരളം. ആദ്യ കാലം തൊട്ടേ കേരളത്തിലെ ജലസമൃദ്ധി ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലെ സ്ഥിതി അങ്ങനെയല്ല. വേനലിനു മുമ്പേ പല പ്രദേശങ്ങളും കൊടുംവരള്‍ച്ചയിലായിരുന്നു. ഇതിനൊരു പരിഹാരമായാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത്. പെരിയാറിലെ ജലം അറബിക്കടലിലേക്കാണ് ഒഴുകിച്ചേര്‍ന്നിരുന്നത് . ജലം സംഭരിച്ച് ബംഗാള്‍ ഉള്‍ക്കടലിലേക്കു തിരിച്ചുവിട്ടാല്‍ തമിഴ്‌നാട്ടിലെ മധുര,രാമനാഥപുരം,കമ്പം,ഡിണ്ടിഗല്‍,തേനി തുടങ്ങിയ പ്രദേശങ്ങളിലെ കൊടും വരള്‍ച്ചയെ പ്രതിരോധിക്കാമെന്ന് ആദ്യ കാല ഭരണകര്‍ത്താക്കള്‍ കണക്കുകൂട്ടി. തികച്ചും സൗഹാര്‍ദ്ദപരമായ തീരുമാനമാണ് ഇന്നു രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനു കാരണമായത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തോടെ തമിഴ്‌നാട്ടിലെ വരള്‍ച്ചാ പ്രദേശങ്ങളിലൂടെ ഒഴുകിയിരുന്ന വൈഗൈ നദിയേക്കാള്‍ കൂടുതല്‍ ജലം മുല്ലപ്പെരിയാറില്‍ നിന്നു ലഭ്യമായിത്തുടങ്ങി. ഇതോടെ തമിഴ് നാട്ടിലെ കാര്‍ഷിക വിളകളുടെ നിര്‍മാണശേഷി വര്‍ധിച്ചു.

ദുരന്തം ഒഴിവാക്കാന്‍..

മുല്ലപ്പെരിയാറിനു പകരം പുതിയൊരു ഡാം നിര്‍മിക്കലാണ് ഈ ദുരന്തം ഒഴിവാക്കാനുള്ള പോം വഴികളിലൊന്ന്. എന്നാല്‍ ഇതത്ര എളുപ്പമാവില്ല. കാരണം പുതിയൊരു ഡാം നിര്‍മിച്ച് അതിലേക്ക് ഇപ്പോഴുള്ള ജലനിരപ്പുണ്ടാക്കാന്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും. മാത്രമല്ല കേരളം ഇനിയുമൊരു കരാറില്‍ ഒപ്പുവയ്ക്കുമോയെന്ന കാര്യവും തമിഴ്‌നാടിനെ പുതിയൊരു ഡാം നിര്‍മാണത്തി ല്‍നിന്നു മാറ്റിച്ചിന്തിപ്പിക്കും...

advertisment

News

Related News

Super Leaderboard 970x90