നിര്‍ത്തൂ, നിന്‍റെ അനുഷ്ഠാനാരവങ്ങള്‍

ചരിത്രാരംഭം മുതല്‍ സ്ഥാപനത്തിന്‍റെ വക്താക്കള്‍ ആത്മാവിന്‍റെ നിറവില്‍ സംസാരിക്കുന്ന പ്രവാചകരെ കുരുതികൊടുത്തിട്ടേയുള്ളൂ. ആമോസിന്‍റെ ചൈതന്യത്തോടെ ഇക്കാലഘട്ടത്തിലെ ധര്‍മ്മച്യുതിക്കെതിരെ സംസാരിക്കുന്ന പ്രവാചകര്‍ ഉയര്‍ന്നുവരണം. അവരും രക്താഭിഷിക്തരാകുമെന്നതിനു സംശയം വേണ്ട ! ‘നിങ്ങളോട് എനിക്കു വെറുപ്പാണ്; അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കണ്ട. നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല. നീതി ജലംപോലെ ഒഴുകട്ടെ. ധര്‍മ്മം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും” (ആമോ. 5: 21-24)

നിര്‍ത്തൂ, നിന്‍റെ അനുഷ്ഠാനാരവങ്ങള്‍

കേരളത്തില്‍ അങ്ങോളമിങ്ങോളം ധ്യാനമഹോത്സവങ്ങളും കണ്‍വെന്‍ഷന്‍ പ്രഭാഷണങ്ങളും മതാനുഷ്ഠാനങ്ങളും തീര്‍ത്ഥയാത്രാരവങ്ങളും പെരുന്നാള്‍ പ്രദക്ഷിണങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്. എല്ലാ മതങ്ങളും മതവിഭാഗങ്ങളും ഇക്കാര്യത്തില്‍ മത്സരിക്കുന്നു. നാടു മുഴുവന്‍ ഫ്ളെക്സ് തറച്ച്, പരസ്യങ്ങള്‍ പതിപ്പിക്കാനും പരമാവധി ആളുകളെ കൂട്ടി മാമാങ്കം സൃഷ്ടിക്കാനും വിവിധ തരത്തിലുള്ള സ്തോത്രകാഴ്ചകളിലൂടെ ജനങ്ങളില്‍നിന്നു പണം പിരിച്ചെടുക്കാനും രോഗശാന്തികളുടെ വിവരങ്ങള്‍ അതിശയോക്തിയോടെ വര്‍ണിച്ചു ജനങ്ങളെ ഉന്മാദത്തിലാഴ്ത്തി പണം സ്വരൂപിക്കാനും മതാഘോഷവേദികള്‍ മത്സരിക്കുകയാണ്. ആസന്നമായ ലോകാന്ത്യത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ നല്കി ജനങ്ങളെ സംഭ്രമിപ്പിക്കാനും പൂര്‍വിക പാപ-ശാപങ്ങളുടെ ബന്ധങ്ങളെപ്പറ്റി വര്‍ണിച്ചു പാവപ്പെട്ട ജനങ്ങളെ കുറ്റബോധത്തിലാഴ്ത്താനും ചില മതപ്രഭാഷകര്‍ അതീവസാമര്‍ത്ഥ്യമുള്ളവരാണ്. ഇങ്ങനെ ആരാധനാനുഷ്ഠാനങ്ങളുടെയും വചനപ്രഘോഷണങ്ങളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തിരിച്ചറിയാനും യഥാര്‍ത്ഥ വിശ്വാസത്തിലേക്കും മനുഷ്യത്വത്തിലേക്കും വളരാനും ബൈബിളിലെ പ്രവാചകന്മാരുടെ പഠനങ്ങള്‍ നമ്മെ സഹായിക്കും. ബിസി 760 മുതല്‍ ചുരുങ്ങിയ കാലം ഇസ്രായേലില്‍ പ്രവാചകശുശ്രൂഷ നിര്‍വഹിച്ച ആമോസ് പ്രവാചകന്‍റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ സമകാലിക സംഭവങ്ങള്‍ വിലയിരുത്തുന്നതു സമുചിതമാകുന്നു.

പ്രവാചകന്‍റെ വ്യക്തിത്വം:

തെക്കന്‍ രാജ്യമായ യൂദയായിലെ തെക്കോവായില്‍ ജീവിച്ചിരുന്ന ആട്ടിടയനും കര്‍ഷകനുമായിരുന്നു ആമോസ്. ബെത്ലഹേമില്‍ നിന്ന് ഏകദേശം അഞ്ചു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണു തെക്കോവാ. ഗ്രാമീണജീവിതത്തിന്‍റെ ലാളിത്യവും കഠിനാദ്ധ്വാനത്തിന്‍റെ പാരുഷ്യവും ഒരുപോലെ വ്യക്തിത്വത്തില്‍ സമന്വയിപ്പിച്ച പച്ച മനുഷ്യനായിരുന്നു ആമോസ്. അയാള്‍ പണ്ഡിതനായിരുന്നില്ല; പുരോഹിതനോ പ്രമാണിയോ ആയിരുന്നില്ല; പ്രവാചകസംഘത്തില്‍പ്പെട്ടവനുമായിരുന്നില്ല. സമൂഹത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടു പ്രതികരിക്കാന്‍ പരുക്കന്‍ ഭാഷയില്‍ സംസാരിക്കുന്ന ഈ സാധാരണക്കാരനെ ദൈവം തിരഞ്ഞെടുത്തു. ഭൗതികാര്‍ത്തിയിലും സുഖലോലുപതയിലും അഴിമതിയിലും അനീതിയിലും അധാര്‍മ്മികതയിലും ആണ്ടുമുഴുകി, പാവപ്പെട്ടവരെ ചവിട്ടിമെതിച്ചു ഭോഗങ്ങളില്‍ രമിച്ചു കഴിഞ്ഞിരുന്ന വരേണ്യവര്‍ഗത്തെ വചനത്തിന്‍റെ സിംഹഗര്‍ജ്ജനത്തിലൂടെ പ്രഹരിക്കാന്‍ ആടുകളെ മേയ്ച്ചു നടന്ന ആമോസിനോട് ദൈവം ആവശ്യപ്പെട്ടു.

പൊടുന്നനെ ലഭിച്ച പ്രവാചകവിളി വിനയപൂര്‍വം സ്വീകരിച്ചു വടക്കന്‍ രാജ്യമായ ഇസ്രായേലിലെ ആരാധനാകേന്ദ്രമായ ബെഥേലില്‍ അദ്ദേഹം പ്രവാചകശുശ്രൂഷ ആരംഭിച്ചു. ബഥേലിലെ പുരോഹിതന്‍ അമസിയാ ആമോസിനെതിരെ ശാസന മുഴക്കി: “ദീര്‍ഘദര്‍ശീ, യൂദാ നാട്ടിലേക്ക് ഓടുക. മേലില്‍ ബഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്‍റെ ശ്രീകോവിലും രാജ്യത്തിന്‍റെ ക്ഷേത്രവുമാണ്” (ആമോ. 8:12-13). ഈ മുന്നറിയിപ്പ് അവഗണിച്ചു പുരോഹിതനായ അഹസിയായ്ക്കും രാജ്യം ഭരിക്കുന്ന ജ റോബോവാം രണ്ടാമന്‍ രാജാവി നും സമൂഹത്തിലെ സമ്പന്ന വര്‍ഗത്തിനുമെതിരെ ആമോസ് തന്‍റെ പ്രവചനങ്ങള്‍ തുടര്‍ന്നു. വടക്കന്‍ ഇസ്രായേലിലെ അധികാരകേന്ദ്രങ്ങളുമായുള്ള സംഘര്‍ഷം ആമോസിനെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചിട്ടുണ്ടാവും. അതേപ്പറ്റി ബൈബിള്‍ കൃത്യമായൊന്നും രേഖപ്പെടുത്തുന്നില്ല. അധികാരസ്ഥാപനങ്ങളിലെയും നേതൃകേന്ദ്രങ്ങളിലെയും ജീര്‍ണതയാണു സമൂഹത്തിന്‍റെ ധര്‍മച്യുതിക്കു പലപ്പോഴും കാരണമാകുന്നത്. അപ്പോള്‍ അവയ്ക്കെതിരെ വചനത്തിലൂടെ പ്രതികരിക്കുന്ന പ്രവാചകനെ സ്ഥാപനത്തിന്‍റെ വക്താക്കള്‍ വെറുതെ വിടില്ല. ചരിത്രാരംഭം മുതല്‍ സ്ഥാപനത്തിന്‍റെ വക്താക്കള്‍ ആത്മാവിന്‍റെ നിറവില്‍ സംസാരിക്കുന്ന പ്രവാചകരെ കുരുതികൊടുത്തിട്ടേയുള്ളൂ. ആമോസിന്‍റെ ചൈതന്യത്തോടെ ഇക്കാലഘട്ടത്തിലെ ധര്‍മ്മച്യുതിക്കെതിരെ സംസാരിക്കുന്ന പ്രവാചകര്‍ ഉയര്‍ന്നുവരണം. അവരും രക്താഭിഷിക്തരാകുമെന്നതിനു സംശയം വേണ്ട (മത്താ. 23:29-36).

കാലത്തിന്‍റെ ജീര്‍ണതകള്‍:

ഇസ്രായേല്‍ സാമ്പത്തികാഭിവൃദ്ധിയും രാഷ്ട്രീയസമാധാനവും കൈവരിച്ച കാലഘട്ടത്തിലാണ് ആമോസ് ജീവിച്ചിരുന്നത്. എന്നാല്‍ ഈ സാമ്പത്തികവളര്‍ച്ച വരേണ്യവര്‍ഗത്തിനു മാത്രമേ ഉതകിയുള്ളൂ. സമ്പന്നവര്‍ഗത്തിന്‍റെ പക്കല്‍ സമ്പത്തു കുമിഞ്ഞു കൂടിയപ്പോള്‍ പാവപ്പെട്ടവര്‍ ദാരിദ്ര്യത്തിന്‍റെയും ചൂഷണത്തിന്‍റെയും പടുകുഴയില്‍ നിപതിച്ചു. അങ്ങനെ സമൂഹം സമ്പന്നരെന്നും ദരിദ്രരെന്നും രണ്ടായി വേര്‍തിരിക്കപ്പെട്ടു. സമ്പന്നരും ശക്തരും പാവപ്പെട്ടവരെ ചവിട്ടിമെതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു. ദരിദ്രര്‍, ചൂഷിതര്‍, സാധുക്കള്‍, അടിമകള്‍, അനാഥര്‍, വിധവകള്‍, പരദേശികള്‍ മുതലായ സംജ്ഞകളിലാണു പാവപ്പെട്ടവരെ ബൈബിള്‍ വ്യവഹരിക്കുന്നത്. സമ്പന്നരുടെ പക്കലാണു ഭൂസ്വത്തും ധനവും വിഭവങ്ങളും. പാവപ്പെട്ടവര്‍ സമ്പന്നരുടെ അടിമകള്‍ മാത്രം. അടിമകളെ വിനിമയം ചെയ്തു ലാഭമുണ്ടാക്കാന്‍ സമ്പന്നര്‍ക്കു മടിയില്ല.

മനുഷ്യാവകാശലംഘനം, മനുഷ്യക്കടത്ത്, അടിമവ്യാപാരം, പാവപ്പെട്ടവരുടെ മുന്നേറ്റത്തിനു തടസം സൃഷ്ടിക്കല്‍, അവിഹിതവും അധാര്‍മ്മികവുമായ ലൈംഗികബന്ധങ്ങള്‍, പാവപ്പെട്ടവുരുടെ സ്വത്ത് പിടിച്ചെടുക്കല്‍, പാവപ്പെട്ടവരില്‍ നിന്നു നികുതി പിരിച്ച് ആഡംബരജീവിതം നയിക്കുന്ന ധനികവര്‍ഗത്തിന്‍റെ സുഖാസക്തി, അഴിമതി, കൈക്കൂലി, വഞ്ചന മുതലായ സാമൂഹിക തിന്മകളാണ് ആമോസ് തന്‍റെ സമൂഹത്തില്‍ ദര്‍ശിച്ചത്. “അവര്‍ നീതിമാന്മാരെ വെള്ളിക്കു വില്ക്കുന്നു; ഒരു ജോഡി ചെരുപ്പിനു സാധുക്കളെയും; പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു; ദരിദ്രരെ വഴിയില്‍നിന്നു തളളിമാറ്റുന്നു; അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു. പണയം കിട്ടിയ വസ്ത്രം വിരിച്ച് ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം അവര്‍ തങ്ങളുടെ ദേവന്‍റെ ആലയത്തില്‍വച്ചു പാനം ചെയ്യുന്നു” (ആമോസ് 2:6-8).

സമ്പന്നവര്‍ഗത്തിലെ സ്ത്രീകളും പുരുഷന്മാരും സുഖാലസ്യത്തില്‍ മുഴുകിക്കഴിയുന്നതിനാല്‍ ദരിദ്രരുടെ രോദനം കേള്‍ക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ‘ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്ക്കുകയും ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരിക എന്നു ഭര്‍ത്താക്കന്മാരോടു പറയുകയും ചെയ്യുന്ന’ (ആമോ. 4:1) വരേണ്യസ്ത്രീകളെ ബാഷാനിലെ കൊഴുത്തപശുക്കളോടാണ് ആമോസ് ഉപമിക്കുന്നത്. ‘ദരിദ്രരെ ചവിട്ടിമെതിക്കുകയും അവരില്‍ നിന്ന് അന്യായമായി ധാന്യം ഈടാക്കുകയും ചെയ്ത്, ചെത്തിയൊരുക്കിയ കല്ലുകൊണ്ടു മാളിക പണിത്’ സുഖലോലുപതയില്‍ ആറാടുന്ന വരേണ്യപുരുഷന്മാര്‍ ശിക്ഷിക്കപ്പെടുമെന്ന് ആമോസ് മുന്നറിയിപ്പ് നല്കുന്നു (ആമോ. 5:11). പാവപ്പെട്ടവരെ പരിഗണിക്കാതെ സുഖഭോഗങ്ങളില്‍ മുഴുകുന്നതു കടുത്ത അനീതിയും അധാര്‍മ്മികതയുമാണെന്നാണ് പ്രവാചകന്‍റെ പക്ഷം. ആമോസിന്‍റെ സാമൂഹികവിമര്‍ശനം നമ്മുടെ സമൂഹത്തിനു നേരെ പിടിച്ചിരിക്കുന്ന കണ്ണാടിയാണെന്നു തിരിച്ചറിയാന്‍ നാം അധികം ബദ്ധപ്പെടേണ്ടതില്ല.

നീതിയും ധര്‍മ്മവും:

യഥാര്‍ത്ഥ ആദ്ധ്യാത്മികത നീതിയോടും ധര്‍മ്മത്തോടുമുള്ള പ്രതിബദ്ധതയാണ്. ‘മിഷ്പാത്ത്’, ‘സെദാക്കാ’ എന്നീ ഹീബ്രുപദങ്ങള്‍ ഉപയോഗിച്ചാണു മതജീവിതത്തിന്‍റെ അന്തസ്സത്ത ആമോസ് വ്യാഖ്യാനിക്കുന്നത്. മിഷ്പാത്ത് എന്ന പദത്തിനു ന്യായാധിപന്‍റെ വിധിവാചകമെന്നോ നീതിനിര്‍വഹണമെന്നോ അര്‍ത്ഥമുണ്ട്. ആമോസിന്‍റെ വീക്ഷണത്തില്‍ പറഞ്ഞതു നൈയമികമോ വിതരണപരമോ വിനിമയപരമോ ആയ നീതിസങ്കല്പമല്ല. മറിച്ചു പാവപ്പെട്ടവരോടും പ്രാന്തസ്ഥരോടും അലിവു കാണിക്കുന്ന, പാവങ്ങളുടെ പക്ഷം ചേരാന്‍ പ്രേരിപ്പിക്കുന്ന കരുണാമസൃണമായ മനുഷ്യസ്നേഹമാണ്. ‘സെദാക്കാ’ എന്ന വാക്കിനെ ‘ധര്‍മ്മം’ എന്നു പരിഭാഷപ്പെടുത്താറുണ്ട്. ഉടമ്പടി സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ വച്ചുപുലര്‍ത്തേണ്ട വിശ്വസ്തതയെ കുറിക്കുന്ന പദമാണിത്. കഷ്ടകാലങ്ങളിലും ക്ഷേമകാലങ്ങളിലും തന്‍റെ സഹോദരങ്ങളുടെ ഭാഗധേയങ്ങളില്‍ പങ്കുചേര്‍ന്ന്, പരസ്പരം സഹായിക്കാനും ശുശ്രൂഷിക്കാനും തയ്യാറാകുന്ന സന്മനോഭാവമാണിത്. മിഷ്പാത്ത്, സെദാക്കാ എന്നീ പദങ്ങള്‍ ഒന്നിച്ചാണു പ്രവാചകന്‍ ഉപയോഗിക്കുന്നത്. ഇവ ഒന്നിച്ചുവരുമ്പോള്‍ ‘സാമൂഹികനീതി’ എന്ന അര്‍ത്ഥം ലഭിക്കും. സാമൂഹത്തിലെ അധഃസ്ഥിതരെ കൈകൊടുത്തുയര്‍ത്താനുള്ള പ്രത്യേക ഉത്തരവാദിത്വമാണു സാമൂഹികനീതി. ഉപവിപ്രവര്‍ത്തനം നടത്തുന്നതല്ല സാമൂഹികനീതി. മറിച്ചു പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹമായതു തിരിച്ചുനല്കുന്നതാണത്. ‘നീതി’, ‘ധര്‍മ്മം’ എന്നീ പദങ്ങള്‍ ഒന്നിച്ച് ഉപയോഗിച്ചു കൊണ്ടു സാമൂഹികനീതിയുടെ സന്ദേശം ആമോസ് വിളംബരം ചെയ്യുന്നതു ശ്രദ്ധിക്കുക: “നീതിയെ കീഴ്മേല്‍ മറിക്കുകയും ധര്‍മ്മത്തെ നിലത്തെറിയുകയും ചെയ്യുന്നവരേ, കര്‍ത്താവിനെ അന്വേഷിക്കുക; എന്നാല്‍ നിങ്ങള്‍ ജീവിക്കും” (ആമോ. 5:7); “നീതി ജലംപോലെ ഒഴുകട്ടെ, ധര്‍മ്മം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും” (ആമോ. 5:24). “നിങ്ങള്‍ നീതിയെ വിഷമാക്കിക്കളഞ്ഞു: ധര്‍മ്മത്തിന്‍റെ ഫലത്തെ കാഞ്ഞിരമാക്കി” (ആമോ. 6:12).

സാമൂഹികനീതിയില്ലാത്ത ആരാധനാനുഷ്ഠാനങ്ങള്‍: ആമോസ് ഏറ്റവും ശക്തമായി വിമര്‍ശിച്ചത് ഇസ്രായേലിന്‍റെ ആരാധനാനുഷ്ഠാനങ്ങളെയാണ്. ആരാധനക്രമത്തിനോ പൂജാവിധികള്‍ക്കോ പ്രവാചകന്‍ എതിരാണെന്നു ധരിക്കേണ്ടതില്ല. നീതിയും ധര്‍മ്മവും ചവിട്ടിമെതിച്ചുകൊണ്ട് ആര്‍ഭാടപൂര്‍ണമായ ആരാധനാനുഷ്ഠാനങ്ങള്‍ നടത്തുന്ന വരേണ്യ വര്‍ഗത്തിന്‍റെ കാപട്യത്തിനെതിരെയാണ് അദ്ദേഹം ആക്രോശിച്ചത്. പ്രധാന ആരാധനാകേന്ദ്രമായ ബഥേലിലെ ദേവാലയത്തിന്‍റെ ബലിപീഠങ്ങള്‍ കര്‍ത്താവ് തകര്‍ത്തുകളയുമെന്ന് ആമോസ് പ്രഖ്യാപിച്ചു (ആമോ. 3:14). ആക്ഷേപഹാസ്യത്തിന്‍റെ ശൈലി ഉപയോഗിച്ച്. ബഥേല്‍, ഗില്‍ഗാല്‍ മുതലായ ആരാധനാലയങ്ങളില്‍ ബലിയര്‍പ്പിക്കാന്‍ പോകുന്നതു പാപം ചെയ്യു ന്നതിനു തുല്യമാണെന്ന് അദ്ദേഹം താക്കീതു നല്കി. “ബഥേലില്‍ ചെന്ന് അകൃത്യം ചെയ്യുവിന്‍. ഗില്‍ഗാലില്‍ച്ചെന്നു കഴിയുന്നത്ര അകൃത്യങ്ങള്‍ ചെയ്യുവിന്‍” (ആമോ. 4:4-5). സഹോദരങ്ങളോടു നീതിയും ധര്‍മ്മവും പുലര്‍ത്താതെ പള്ളിയില്‍ ആരാധനാനുഷ്ഠനങ്ങള്‍ നടത്തുന്നതു വ്യര്‍ത്ഥമാണെന്നു മാത്രമല്ല, പാപമാണെന്നും ആമോസ് പ്രസ്താവിക്കുമ്പോള്‍ സാമ്പ്രദായിക ഭക്തന്മാര്‍ക്ക് ഉള്‍ക്കിടലമുണ്ടാകുമെന്നു തീര്‍ച്ച. ആരാധനാകേന്ദ്രങ്ങളായ ബഥേല്‍, ഗില്‍ ഗാല്‍, ബീര്‍ഷെബാ മുതലായവ സന്ദര്‍ശിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുന്നു (ആമോ. 5:4-7). കര്‍ത്താവിനെ അന്വേഷിക്കുക; നിങ്ങള്‍ ജീവിക്കും.’ കര്‍ത്താവിനെ അന്വേഷിക്കുകയെന്നാല്‍ കൂടുതല്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയോ കാഴ്ചവസ്തുക്കള്‍ സമര്‍പ്പിക്കുകയോ തിരുനാളുകള്‍ കൊണ്ടാടുകയോ ചെയ്യുക എന്നല്ല, അര്‍ത്ഥം. മറിച്ച് ദരിദ്രരോടും ചൂഷിതരോടും കരുണ കാണിക്കുക, അവരുടെ മോചനത്തിനുവേണ്ടി പരിശ്രമിക്കുക, എന്നാണര്‍ത്ഥം. സാമൂഹികനീതിക്കുവേണ്ടി നിലകൊള്ളുന്നതാണു യഥാര്‍ത്ഥ ദൈവാന്വേഷണവും ദൈവാരാധനയും.

ആരാധനാനുഷഠാനങ്ങളോടുള്ള ദൈവത്തിന്‍റെ വെറുപ്പു ശക്തമായി പ്രഖ്യാപനം ചെയ്യുന്ന വാക്യങ്ങള്‍ ആമോസിന്‍റെ പ്രവചനങ്ങളില്‍ കാണാം. ‘നിങ്ങളോട് എനിക്കു വെറുപ്പാണ്; അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കണ്ട. നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല. നീതി ജലംപോലെ ഒഴുകട്ടെ. ധര്‍മ്മം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും” (ആമോ. 5: 21-24). ആമോസിന്‍റെ അഞ്ചു ദര്‍ശനങ്ങളില്‍ അവസാനത്തെ ദര്‍ശനം ദൈവമായ കര്‍ത്താവു ബലിപീഠത്തിനരികില്‍ നിന്ന് അള്‍ത്താര വെട്ടിവീഴ്ത്താന്‍ കല്പന പുറപ്പെടുവിക്കുന്നതാണ് (ആമോ. 9: 1-4).

ആമോസിനുശേഷം വന്ന ഏശയ്യാ (1:12-17), ഹോസിയാ (6:6), മിക്കാ. (6:6-8), ജെറെമിയാ (7:1-15), സഖറിയാ (7:8-9) മുതലായ പ്രവാചകന്മാര്‍ നീതി-ധര്‍മ്മങ്ങളില്‍നിന്നു വേര്‍പെട്ടുനില്ക്കുന്ന ആരാധനാനുഷ്ഠാനങ്ങളെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാചകനായ നസ്രത്തിലെ യേശുവും ഇക്കാര്യത്തില്‍ പഴയനിയമ പ്രവാചകന്മാരുടെ കാഴ്ചപ്പാടാണു പിന്തുടരുന്നത്. മത്തായിയുടെ സുവിശേഷം 23-ാം അദ്ധ്യായത്തില്‍ വരേണ്യവര്‍ഗത്തിനെതിരെ യേശു പുറപ്പെടുവിക്കുന്ന ശാപങ്ങള്‍ ആത്യന്തികവിശകലനത്തില്‍ നീതി-ധര്‍മ്മങ്ങളെ നിലംപരിശാക്കിക്കൊണ്ട് അനുഷ്ഠാനപരതയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന മതത്തോടു ള്ള കലഹംതന്നെയാണ്.

നീതിധര്‍മ്മങ്ങളോടുള്ള പ്രതിബദ്ധത മാത്രമാണു ദൈവം കാര്യമായി കണക്കാക്കുന്നതെന്നും പാവപ്പെട്ടവരുടെ മോചനത്തിനുവേണ്ടി പരിശ്രമിക്കുന്നതാണു യഥാര്‍ത്ഥ മതധര്‍മ്മമെന്നും അതിശക്തമായി പ്രഖ്യാപിക്കുന്ന പ്രവാചകന്‍റെ വാക്കുകള്‍ക്കു മറ്റെന്നത്തേക്കാളും ഇന്നും പ്രസക്തിയുണ്ട്. പള്ളികള്‍ പൊളിച്ചുപണിയാനും മോടി പിടിപ്പിക്കാനും പെരുന്നാളുകള്‍ ആര്‍ഭാടമായി ആചരിക്കാനും ഉത്സവങ്ങള്‍ കൊണ്ടാടാനും തീര്‍ത്ഥയാത്രാ മാമാങ്കങ്ങള്‍ പൊടിപൊടിക്കാനും അത്ഭുതരൂപങ്ങളുടെ പ്രയാണങ്ങള്‍ സംഘടിപ്പിക്കാനും രോഗശാന്തി കണ്‍വെന്‍ഷനുകള്‍ വ്യാപിപ്പിക്കാനും നാമിന്നു മത്സരിക്കുകയാണ്. പണസമ്പാദനമെന്ന വാണിജ്യതാത്പര്യമാണ് ഈ ആഘോഷാരവങ്ങളുടെ പിറകില്‍ ഒളിഞ്ഞിരിക്കുന്ന വില്ലന്‍. ‘ദൈവത്തെയും മാമോനെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല’ (മത്താ. 6:24) എന്നു പറഞ്ഞ വലിയ പ്രവാചകന്‍റെ വാക്കുകള്‍ ബധിര കര്‍ണ ങ്ങളിലാണോ പതിക്കുന്നത്? ദൈ വത്തിന്‍റെ സ്ഥാനം പണം കയ്യടക്കിയപ്പോള്‍ എല്ലാ ജീര്‍ണതകളും മതസംവിധാനങ്ങളിലേക്കു കടന്നുവന്നു. കാലിത്തൊഴുത്തില്‍ പിറന്നു കാല്‍വരിയില്‍ മരിച്ചവന്‍റെ പേരില്‍ എളിയ പ്രാര്‍ത്ഥനാമന്ദിരങ്ങളും കരുണയുടെ വാസഗേഹങ്ങളും എന്നുണ്ടാകുമോ? മതങ്ങളുടെ സമ്പത്തു മുഴുവന്‍ പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുംവേണ്ടി നീക്കിവയ്ക്കുന്ന പുതിയ യുഗം എന്നു പിറന്നു വീഴും? ആരാധനാനുഷ്ഠാനങ്ങളുടെ ആരവങ്ങളില്‍ നിന്നു മാറി, നീതിയും ധര്‍മ്മവും പാലിച്ചു ജീവിക്കുന്ന മതാത്മകത എന്ന് ഉദയം ചെയ്യും? നീതിപൂര്‍വമായ ജീവിതത്തിനും കരുണാമസൃണമായ പ്രവര്‍ത്തനത്തിനും പാവങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനശൈലിക്കും ശക്തിപകരുന്ന ‘സത്യത്തിലും അരൂപിയിലുമുള്ള’ യഥാര്‍ത്ഥ ആരാധന എന്നു സംസ്ഥാപിതമാകും?

ഫാ.തോമസ് വള്ളിയാനിപ്പുറത്തിന്റെ ലേഖനം - സന്ധ്യാദീപം എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90