Kerala

പൈതൃകമുറങ്ങുന്ന പഴയ കോട്ടയത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ടിൻ

AD 1579 ൽ കോട്ടയത്തെ പരമ്പരാഗത മർത്തോമ്മാ നസ്രാണികളുടെ ആരാധനയ്ക്കായാണ് ചെറിയപള്ളി സ്ഥാപിതമാകുന്നത്. പഴയ കോട്ടയം പട്ടണത്തിലെ എല്ലാ വിഭാഗം ക്രിസ്ത്യാനികൾക്കുമായി AD 1550 ൽ അന്നത്തെ തെക്കുംകൂർ രാജാവ് സ്ഥലമനുവദിച്ച് കോട്ടയം വലിയ പള്ളി പണിതുയർത്തി എങ്കിലും തെക്കുംഭാഗക്കാർ എന്നറിയപ്പെട്ട ക്നാനായക്കാരും വടക്കുംഭാഗക്കാർ എന്ന മാർത്തോമ നസ്രാണികളും തമ്മിൽ മേൽക്കോയ്മയെ ചൊല്ലി വഴക്കു മൂർച്ഛിച്ചതിനെ തുടർന്ന് വടക്കുംഭാഗക്കാർക്കായി ചെറിയപള്ളി സ്ഥാപിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.

 പൈതൃകമുറങ്ങുന്ന പഴയ കോട്ടയത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ടിൻ

ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ടിന്റെ കേരളസന്ദർശനവേളയിൽ അദ്ദേഹം പൈതൃകമുറങ്ങുന്ന പഴയ കോട്ടയത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചു. താഴത്തങ്ങാടി ജുമാ മസ്ജിദിന്റെയും വലിയ പള്ളിയുടെയും ചെറിയപള്ളിയുടെയും രൂപഭംഗി അദ്ദേഹം നോക്കിനടന്നു കണ്ടു.

ചരിത്രമുറങ്ങുന്ന കോട്ടയത്തെ പ്രധാന ദേവാലയങ്ങളിലൊന്നായ ചെറിയപള്ളിയെ കുറിച്ച് അദ്ദേഹം ചോദിച്ചു മനസിലാക്കി. പുരാതനമായ അവിടുത്തെ ചുവർചിത്രങ്ങളും പോർച്ചുഗീസ് - ഗോഥിക് കേരളസങ്കലിതമായ വാസ്തുമികവും അദ്ദേഹത്തെ ആകർഷിച്ചു.

AD 1579 ൽ കോട്ടയത്തെ പരമ്പരാഗത മർത്തോമ്മാ നസ്രാണികളുടെ ആരാധനയ്ക്കായാണ് ചെറിയപള്ളി സ്ഥാപിതമാകുന്നത്. പഴയ കോട്ടയം പട്ടണത്തിലെ എല്ലാ വിഭാഗം ക്രിസ്ത്യാനികൾക്കുമായി AD 1550 ൽ അന്നത്തെ തെക്കുംകൂർ രാജാവ് സ്ഥലമനുവദിച്ച് കോട്ടയം വലിയ പള്ളി പണിതുയർത്തി എങ്കിലും തെക്കുംഭാഗക്കാർ എന്നറിയപ്പെട്ട ക്നാനായക്കാരും വടക്കുംഭാഗക്കാർ എന്ന മാർത്തോമ നസ്രാണികളും തമ്മിൽ മേൽക്കോയ്മയെ ചൊല്ലി വഴക്കു മൂർച്ഛിച്ചതിനെ തുടർന്ന് വടക്കുംഭാഗക്കാർക്കായി ചെറിയപള്ളി സ്ഥാപിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.

 പൈതൃകമുറങ്ങുന്ന പഴയ കോട്ടയത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ടിൻ

സ്ഥാപന ചരിത്രം

പള്ളി സ്ഥാപിക്കപ്പെട്ടതുമായി ലഭ്യമായ വിവരങ്ങൾ ഇങ്ങനെയാണ്...
വലിയപള്ളിയിലെ മേൽക്കോയ്മ തെക്കുംഭാഗക്കാർ കയ്യടക്കിയതോടെ പരമ്പരാഗത കേരളനസ്രാണികൾ തങ്ങൾക്ക് വേറേ ആരാധനാലയം വേണമെന്ന ആവശ്യവുമായി തെക്കുംകൂർ രാജാവായ കോത വർമ്മയെ മുഖം കാണിച്ചു. ഔസേഫ് കത്തനാരുടെ നേതൃത്വത്തിൽ അവർ കിഴിപ്പണം നടയ്ക്ക വച്ച് അഭ്യർത്ഥിച്ചതിൻ പ്രകാരം വേളൂർ കരയുടെ ഭാഗമായ നരിക്കുന്നിന്റെ തെക്കുഭാഗത്ത് പള്ളിക്കായി അനുമതി നൽകി. തെക്കുംഭാഗക്കാരുമായി വഴക്ക് നിലനിന്നിരുന്നതിനാൽ അവർ എതിർ ഭാഗത്തോട് "തോറ്റ് തെക്കോട്ടോടുന്നു" എന്നു പരിഹസിച്ചു.ഇത് വടക്കുംഭാഗക്കാർക്ക് അപമാനകരമായതിനാൽ നഗരത്തിൽ തന്നെ പള്ളി പണിയണമെന്ന ആഗ്രഹം രാജാവിനെ അറിയിച്ചു.

അക്കാലത്ത് ഒരു കരയിൽ ഒരു പള്ളി പണിയാനേ നിയമപരമായി അനുമതിയുണ്ടായിരുന്നുള്ളൂ. കോട്ടയം നഗരത്തിൽ മറ്റൊരു പള്ളിക്ക് സാധ്യതയില്ല. പക്ഷേ, തൊട്ടടുത്ത കരയായ വേളൂരിന്റെ അതിർത്തി പുനർനിർണ്ണയിച്ച് ഒരു ഭാഗം വാലു പോലെ നീട്ടി വലിയപള്ളിയുടെ സമീപത്ത് വരെയാക്കിയ ശേഷം അവിടെ പുതിയപള്ളിക്കായി അനുമതി നൽകി.

കിഴക്കൻ മലയിൽ നിന്നുള്ള നല്ല തേക്കിൻ തടികളും നല്ല വെട്ടുകല്ലുമാണ് പണിക്കായി എടുത്തത്. AD 1570ൽ വലിയ പള്ളി പോർച്ചുഗീസ് രീതിയിൽ പുതുക്കിപ്പണിത കൊച്ചിയിൽ നിന്നുവന്ന അന്തോണി മേസ്ത്രി എന്ന പോർച്ചുഗീസ് വാസ്തുശിൽപിയാണ് ചെറിയപള്ളിയുടെയും രൂപരേഖ തയ്യാറാക്കി നിർമ്മാണത്തിന് നേതൃത്വം കൊടുത്തത്. തെക്കുംകൂർ രാജാവിന്റെ നിർദ്ദേശപ്രകാരം പ്രദേശത്തെ മൂത്താശാരിമാരും കൽപ്പണിക്കാരും നിർമ്മിതിയിൽ സഹകരിച്ചു. താഴത്തങ്ങാടിയിൽ മാത്രം കാണപ്പെടുന്ന സവിശേഷമായ പറങ്കി - സുറിയാനി - കേരള മിശ്ര വാസ്തുവിദ്യാരീതി രൂപപ്പെടുന്നത് ഈ കൂട്ടായ്മയിൽ നിന്നാണ്.

മാർ അബ്രഹാം ;ആദ്യത്തെ ബിഷപ്പ് 

സുറിയാനി ക്രൈസ്തവസഭയുടെ ഇന്ത്യയിലെ കാവൽപിതാവായി അറിയപ്പെട്ടമാർ അബ്രഹാം എന്ന നെസ്തോറിയൻ മെത്രാനാണ് ചെറിയപള്ളി ആദ്യകൂദാശ ചെയ്തപ്പോൾ മുഖ്യകാർമ്മികത്വം വഹിച്ചത്. ചെറിയപള്ളിയുടെ പള്ളിപ്പാട്ടിൽ അതു പറയുന്നുമുണ്ട് .കേരളത്തിലെ സുറിയാനി നസ്രാണിജനതയെ ആത്മീയമായി നയിക്കുന്നതിന് ബാബിലോണിയയിലെ പാത്രിയർക്കീസ് AD 1565 ൽ അയച്ച കൽദ്ദായ മെത്രാനായിരുന്നു മാർ അബ്രഹാം. അങ്കമാലിയിലെ ജാതിക്കുകർത്തവ്യൻ അഥവാ അർക്കദിയാക്കോൻ എന്ന തദ്ദേശീയ സഭാപുരോഹിതന് പിന്തുണയും നിർദ്ദേശവും നൽകിയിരുന്ന് മാർ അബ്രഹാം ആയിരുന്നു.

അങ്കമാലി കേന്ദ്രീകരിച്ച് സഭാപ്രവർത്തനങ്ങൾ നടത്തിയ മാർ അബ്രഹാം വൈകാതെ പോർച്ചുഗീസുകാരുടെ കണ്ണിലെ കരടായി. കേരളത്തിലെ സുറിയാനി ക്രൈസ്തവരെ ലത്തീൻ പാതയിലേയ്ക്ക് കൊണ്ടുവരാൻ ഈശോസഭയും പറങ്കി ഭരണാധികാരികളും നടത്തിവന്ന ശ്രമങ്ങളെ ബൗദ്ധികമായി ചെറുത്തു തോൽപ്പിച്ചുകൊണ്ടിരുന്നത് നെസ്തോറിയൻ വാദക്കാരനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹമായിരുന്നു.

പറങ്കികൾ ഒരിക്കൽ പിടികൂടി വിചാരണ ചെയ്യാൻ ലിസ്ബണിലേയ്ക്ക് അയയ്ക്കും വഴി മഡഗാസ്കർ ദ്വീപിൽ വച്ച് കപ്പലിൽനിന്ന് ചാടി രക്ഷപ്പെട്ടു. മറ്റൊരു ചരക്കുകപ്പലിൽ കടന്നുകൂടി ഗോവയിലെത്തിയ അദ്ദേഹം വീണ്ടും പറങ്കികളുടെ പിടിയിലായി. തടവു ചാടി രക്ഷപെട്ട അദ്ദേഹം തെക്കേ മലബാറിലെ ഒരു കുന്നിൻ പ്രദേശത്ത് അഭയം തേടിയതായി സഭാചരിത്രകാരനായ തിസ്സറാങ് എഴുതുന്നു.

മാർ അബ്രഹാമിന്റെ പിൽക്കാല പ്രവർത്തനങ്ങൾ പഴയ കോട്ടയം (താഴത്തങ്ങാടി) കേന്ദ്രീകരിച്ചായിരുന്നതിനാൽ തെക്കേ മലബാറിലെ കുന്നിൻപുറം തളിക്കോട്ടയാണെന്ന് വ്യക്തമാകുന്നു. കേരളത്തെയാകെ മലബാർ എന്നാണ് വിദേശികൾ അക്കാലത്ത് വിളിച്ചിരുന്നത്.

ദക്ഷിണേന്ത്യയിൽ എക്കാലത്തും അഭയാർത്ഥികൾക്ക് ആതിഥ്യമരുളിയിരുന്ന തെക്കുംകൂർ നാടുവാഴികൾ ഭരിച്ചിരുന്നത് കോട്ടയം ആസ്ഥാനമാക്കിയായിരുന്നു. പുറംനാട്ടുകാർക്ക് അക്കാലത്ത് കോട്ടയത്ത് എത്തിപ്പെടാൻ ദുഷ്കരമായിരുന്നു. അതുകൊണ്ടു തന്നെ സുരക്ഷിതവും.
കോട്ടയത്ത് തളീക്കോട്ടയിൽ തെക്കുംകൂർ രാജാവിന്റെ മുന്നിലെത്തി അഭയം തേടിയ മാർ അബ്രഹാമിനെ രാജാവ് തെക്കുംകൂറിലെ പതിനെട്ടര കളരികളിൽ ഒന്നായ അയ്മനത്തെ കുറുപ്പംവീട്ടിൽ കൈമളുടെ കളരിയിലെ സുരക്ഷിതസ്ഥാനത്തേയ്ക്ക് സകല ബഹുമാനങ്ങളും നൽകി അയച്ചു.

കൈമളുടെ വസതിയിൽ കുറേകാലം തിരുമേനി വസിച്ചിട്ടുണ്ടാകണം. ചെമ്പകശ്ശേരി സൈന്യത്തിലെ നസ്രാണി സൈനികരെ അഭ്യസിച്ചിരുന്നത് ഈ കളരിയിൽ ആയിരുന്നു.( പ്രശസ്ത ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന യശശ്ശരീരനായ പ്രൊഫ. അയ്മനം കൃഷ്ണക്കൈമൾ സാർ കുറുപ്പുംവീട്ടിൽ കുടുംബാംഗമാണ്.)

AD 1570ൽ കോട്ടയം വലിയപള്ളി പുതുക്കിപ്പണിത് കൂദാശ ചെയ്തതും മാർ അബ്രഹാം മെത്രാനാണ്.

പറങ്കി സ്വാധീനത്തിനെതിരെ സധൈര്യം പോരാട്ടിയ മാർ അബ്രഹാം AD 1597ൽ അങ്കമാലിയിൽ വച്ച് കാലം ചെയ്തു. അങ്കമാലിയിലെ ഹൊർമീസ് പള്ളിയിൽ അദ്ദേഹത്തെ കബറടക്കി. രണ്ടു വർഷങ്ങൾക്ക് ശേഷം AD 1599ൽ മാത്രമാണ് അബ്രഹാം തിരുമേനിയുടെ അസാന്നിധ്യം മുതലെടുത്ത് ഉദയംപേരൂർ സുന്നഹദോസിൽ വച്ച് നസ്രാണികളെ പോപ്പിന്റെ കീഴിൽ ലത്തീൻ ആരാധനാക്രമത്തിൽ കൊണ്ടുവരാൻ പറങ്കികൾക്ക് സാധിച്ചുള്ളൂ.

അങ്കമാലി സെൻറ് ഹൊർമീസ് പള്ളിയിൽ മാർ അബ്രഹാമിന്റെ കബർ അടുത്ത കാലത്ത് കണ്ടെത്തിയതായി വാർത്ത ഉണ്ടായിരുന്നു.

മാർ ഗബ്രിയേൽ തെക്കുംകൂറിലെ ആത്മീയാചാര്യൻ

ഡച്ചു ചാപ്ലയിനും സഞ്ചാരസാഹിത്യകാരനുമായ ജെക്കോബ്സ് കാൻറർ വിഷർ രചിച്ച Letters from Malabar എന്ന വിഖ്യാതകൃതിയിൽ അദ്ദേഹത്തിന്റെ കോട്ടയം സന്ദർശനം വിവരിക്കുന്നുണ്ട്. AD 1719ൽ പഴയ കോട്ടയം നഗരത്തിൽ എത്തിയപ്പോൾ അവിടെ കുന്നിൻമുകളിലുള്ള ഒരു കൃസ്ത്യൻ പള്ളി (ചെറിയപള്ളി) സന്ദർശിച്ചുവത്രെ. അവിടെ മാർ ഗബ്രിയേൽ എന്ന ശീമക്കാരനായ മെത്രാനെയും നേരിൽ കണ്ടു സംസാരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

കാൻറർ വിഷറുടെ കോട്ടയം സന്ദർശനം കേരളത്തിലെ ക്രൈസ്തവർക്കിടയിലെ സഭാനവീകരണ സാധ്യതകൾ മനസിലാക്കുക എന്നതു തന്നെയായിരുന്നു. ബാബിലോണിയയിലെ പാത്രിയർക്കീസിന്റെ നിയോഗത്താൽ AD 1705 ൽ കൊച്ചിയിൽ കപ്പലിറങ്ങി 25 വർഷത്തോളം കേരളത്തിൽ കഴിയുകയും AD1730 ൽ കോട്ടയത്ത് വച്ച് കാലം ചെയ്ത് ചെറിയപള്ളിയിൽ അടക്കം ചെയ്യപ്പെടതുമായ കൽദായ (നെസ്തോറിയൻ) മെത്രാപ്പോലീത്തയാണ് മാർ ഗബ്രിയേൽ. ഈ ബിഷപ്പിനെ സന്ദർശിച്ച് നിലപാടുകൾ വ്യക്തമാക്കുകയായിരുന്നു മുഖ്യലക്ഷ്യം.

കോട്ടയത്തെ വടക്കുംഭാഗക്കാരായ നസ്രാണികളുടെ മുഖ്യ ദേവാലയമായിരുന്ന ചെറിയപള്ളിയിലെ മേൽപ്പട്ടസ്ഥാനം മാർ ഗബ്രിയേലിനായിരുന്നു. അക്കാലത്ത് കേരളത്തിൽ പൊതുവേ നെസ്തോറിയൻ കാഴ്ചപ്പാട് ദുർബലപ്പെടുകയും ഒരുവശത്ത് ഈശോസഭയിലൂടെ ലത്തീൻ കത്തോലിക്ക സ്വാധീനവും മറുവശത്ത് കർമ്മലീത്തക്കാരുടെ റോമൻ കത്തോലിക്ക സ്വാധീനവും പരക്കെ മേൽക്കൈ നേടുകയും ചെയ്തു. എന്നാൽ കത്തോലിക്ക ഇതര പാരമ്പര്യവാദികൾ പടിഞ്ഞാറൻ സിറിയയിലെ അന്തോഖ്യ പാത്രിയാർക്കീസിന്റെ കീഴിലുള്ള യാക്കോബായ നിലപാടുകളിലേയ്ക്ക് ക്രമേണ പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.

മാർ ഗബ്രിയേലിന് ബാബിലോണിയയിലുള്ളതുപോലെ തന്നെ അന്ത്യോഖ്യൻ പാത്രിയർക്കീസിലും മാർപ്പാപ്പയിലും നല്ല പിടിയുണ്ടായിരുന്നു. അതു മാത്രമല്ല മധ്യപൗരസ്ത്യ ദേശത്ത് അദ്ദേഹം ആരാധ്യനുമായിരുന്നു. കൊച്ചിയിലെത്തി ചുരുക്കം നാളുകൾകൊണ്ട് മലയാളം വശമാക്കിയ മെത്രാൻ നമ്മുടെ പാരമ്പര്യശാസ്ത്രങ്ങളെ കുറിച്ചും അറിവു സമ്പാദിച്ചു.

AD 1708ൽ തെക്കുംകൂറിലേയ്ക്ക് ക്ഷണിക്കപ്പെട്ട മാർ ഗബ്രിയേലിനെ ചങ്ങനാശ്ശേരിയിലെ പുഴവാത് മെത്രാപ്പോലീത്ത പള്ളിയിൽ മേല്പട്ടക്കാരനായി നിയോഗിച്ചു. അക്കാലത്തിനുള്ളിൽ കത്തോലിക്ക സ്വാധീനം വർദ്ധിച്ച അവിടെ ഈ ബിഷപ്പിന്റെ കൽദായ ആരാധനക്രമങ്ങളും കുർബാനയും അസ്വീകാര്യമായി മാറി. അക്കാലത്ത് മാർ ഗബ്രിയേലുമായി ഭൂരിപക്ഷം വരുന്ന ഇടവകക്കാർ ഇടയാനും ഇടയായി. മാർ ഗബ്രിയേൽ ചങ്ങനാശ്ശേരിയിൽ തിരസ്കൃതനായി തീർന്നതോടെ കാര്യങ്ങൾ വ്യക്തമായി അറിയാമായിരുന്ന തെക്കുംകൂറിലെ ഉദയ മാർത്താണ്ഡവർമ്മ (ഭരണവർഷം 1691-1717) കോട്ടയത്തേയ്ക്ക് വരുത്തി ചെറിയപള്ളിയിൽ മേൽപ്പട്ട സ്ഥാനത്ത് ഇരുത്തുകയായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും ആരാധ്യപുരുഷനായി മാർ ഗബ്രിയേൽ മാറി. അസാധാരണമായ ആത്മീയപ്രഭാവം പുലർത്തിയ ബിഷപ്പ് പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്നതായി വാമൊഴിയായി കേട്ടിട്ടുണ്ട്. സാധാരണ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചിരുന്നു. ഉദയ മാർത്താണ്ഡവർമ്മയും പിൻഗാമി ആദിത്യവർമ്മയും (ഭരണവർഷം AD 1717-149) ബിഷപ്പ് ഗബ്രിയേലിനെ ഗുരുവായി ആദരിച്ചിരുന്നു.

എന്നാൽ അന്ത്യോക്യൻ മെത്രാന്മാരുടെ സ്വാധീനം വർദ്ധിച്ചതോടെ നാലാം മെത്രാപ്പോലീത്ത ബിഷപ്പിനെ നെസ്തോറിയൻ പാഷാണ്ഡതയുടെ വക്താവ് എന്ന ആരോപിച്ച് പുറത്താക്കാനുള്ള ശ്രമങ്ങൾ നടത്തി. അന്ത്യോക്യൻ പാത്രിയർക്കീസിന്റെയും മാർപ്പാപ്പയുടെയും ആശീർവാദം ബിഷപ്പ് ഗബ്രിയേലിന് തുടർന്നും ഉണ്ടായതിനാൽ അദ്ദേഹത്തിന് സ്ഥാനചലനം ഉണ്ടായില്ല. AD 1730 ൽ മാർ ഗബ്രിയേൽ കാലം ചെയ്തു.
കോട്ടയം ചെറിയപള്ളിയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കബറടക്കി. ഒരു വർഷത്തിന് ശേഷം 1731 ൽ അഞ്ചാം മാർത്തോമയുടെ കാലത്ത് മാർ ഗബ്രിയേലിന്റെ കബറിടം പൊളിച്ചുമാറ്റപ്പെട്ടു.

 പൈതൃകമുറങ്ങുന്ന പഴയ കോട്ടയത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ടിൻ

ചെറിയപള്ളിയിലെ ചുവർ ചിത്രങ്ങൾ

പഴയ കോട്ടയത്ത് തളിയിൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചതും മദ്ധ്യകേരളമാകെ പ്രചരിച്ചതുമായ വേമ്പനാട് ചുവർചിത്രരചനാ സമ്പ്രദായത്തെ പിൻപറ്റി പള്ളിയിൽ ചുവർ ചിത്രമെഴുതുന്ന രീതിയും ഇവിടെ തുടങ്ങി. യൂറോപ്യൻ ചിത്രകാരന്മാർ പ്രകൃതിജന്യ നിറക്കൂട്ടുകൾ ഉപയോഗിച്ച് പള്ളിയുടെ മദ്ബഹയിൽ അലങ്കാര ചിത്രങ്ങളും ബൈബിൾ ദൃശ്യങ്ങളും വരച്ചിരിക്കുന്നത് ഒട്ടൊക്കെ മാഞ്ഞുപോയി എങ്കിലും ഇന്നും സംരക്ഷിക്കപ്പെടുന്നു, യേശുവിന്റെ അവസാന നാളുകളും പീഡാനുഭവങ്ങളുമൊക്കെ മദ്ബഹയുടെ ഇരുവശത്തും ചിത്രീകരിച്ചിരിക്കുന്നു. യഹൂദ സംസ്കാരത്തിലെ വസ്ത്രധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായി യൂറോപ്യൻ വേഷമാണ് ഇതിലെ മനുഷ്യരൂപങ്ങൾക്ക്. കുരിശു ചുമക്കുന്ന ക്രിസ്തുവിന്റെ ചിത്രത്തിൽ കുരിശിൽ കയറിയിരുന്ന് ചിരിക്കുന്ന കോമാളി പ്രത്യേകം ശ്രദ്ധയിൽ പെടും.

വേമ്പനാട് ശൈലിയുടെ മാതൃകകള്‍ കോട്ടയം തളിയില്‍ ക്ഷേത്രം,ആര്‍പ്പൂക്കര സുബ്രഹ്മണ്യക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം, പനയനാർകാവ് ദേവീക്ഷേത്രം, കണ്ണൂർ തൊടിക്കളം ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു. അതില്‍ത്തന്നെ തളിയിലേത് ആദ്യകാലത്തേതാണ്. അത് നാശോന്മുഖവുമാണ്! തിരുനക്കര മഹാദേവര്‍ക്ഷേത്രം, പുതിയ തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ അശാസ്ത്രീയമായി പുനരാഖ്യാനം ചെയ്യപ്പെട്ടതിനാല്‍ ഇന്ന് നിലവിലില്ല.

 പൈതൃകമുറങ്ങുന്ന പഴയ കോട്ടയത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ടിൻ

ക്ഷേത്രങ്ങളിലേതില്‍നിന്നും വ്യത്യസ്തമായ ആഖ്യാനരീതികൊണ്ട് ശ്രദ്ധേയമാണ് ചെറിയപള്ളിയിലേത്. രംഗചിത്രീകരണം കൂടാതെ ഇലകളും പൂക്കളുമൊക്കെ ശ്രേണിയായി വരുന്ന അലങ്കാരങ്ങളും അള്‍ത്താരയെ ആകമാനം മനോഹരമാകുന്നു. അള്‍ത്താരയില്‍ മധ്യഭാഗത്തായി ചില പുനര്‍രചനകള്‍ നടന്നിട്ടുണ്ട്. കോട്ടയത്ത് തളിയില്‍കോട്ടയ്ക്കു സമീപം താമസിച്ച് തുപ്പായി(നാടന്‍പറങ്കി)കളും ലന്തക്കാരുമായ ചിത്രകാരന്മാരാണ് ഇത് വരച്ചതെന്നു കരുതാം. അവര്‍ ഈ സാങ്കേതികവിദ്യ വേമ്പനാട്ശൈലിയുടെ പ്രചാരകരായ ചിത്രകാരന്മാരില്‍നിന്നും പഠിച്ച് ചെറിയപള്ളിയില്‍ പ്രായോഗികമാക്കുകയായിരുന്നു. ഇതേ പോലെയുള്ള ചുവര്‍ചിത്രങ്ങള്‍ കേരളത്തില്‍ മറ്റു ചില പള്ളികളിലും കാണപ്പെടുന്നുണ്ട്. അതെല്ലാം ഇവിടുത്തേതിന്‍റെ തുടര്‍ച്ചയായി വേണം കരുതാന്‍!

AD 1664ല്‍ തെക്കുംകൂറുമായി ഉണ്ടായ വ്യാപാരക്കരാറിനെ തുടര്‍ന്ന് ഡച്ചുകാര്‍ കോട്ടയത്ത് സജീവമായി. AD 1664 മുതല്‍1744 വരെയുള്ള കാലഘട്ടങ്ങളിലാണ് കോട്ടയം സാമ്പത്തികാഭിവൃദ്ധി പ്രാപിച്ചതും ഉള്‍നാടന്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നാട്ടുപാതകള്‍ വികസിച്ചതും. AD 1668ല്‍ ഡച്ചുകാര്‍ കോട്ടയത്ത് ഒരു ബഹുഭാഷാ സ്കൂളും സ്ഥാപിച്ചു. ഒലന്തക്കളരി എന്നാണു ആ സ്കൂള്‍ അറിയപ്പെട്ടത്. ഹോളണ്ട് എന്നത് ഒലന്ത അഥവാ ലന്ത എന്നാണു നാട്ടുകാര്‍ പറഞ്ഞിരുന്നത്!

ലന്തക്കാരായ(ഡച്ചുകാര്‍) ചിത്രകാരന്മാര്‍ തെക്കുംകൂര്‍ കൊട്ടാരമായ ഇടത്തില്‍ കോവിലകത്ത് ഉണ്ടായിരുന്നു. അവര്‍ അക്കാലത്തെ പ്രാദേശിക ചുവര്‍ ചിത്രകാരന്മാരുമായി സഹകരിച്ചിരുന്നു. കൂടാതെ ചെറിയപള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പിയായ അന്തോണി മേസ്തിരിയുടെ കൂടെ നിരവധി തുപ്പായി കലാകാരന്മാരും ശില്‍പ്പികളും അക്കാലത്ത് കോട്ടയത്ത് എത്തിയിരുന്നു. ഇമ്മാനുവല്‍ കര്‍ണ്ണീറോ എന്ന തുപ്പായിയും കസാറിയസ് എന്ന പുരോഹിതനും ഡച്ചു സ്കൂളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്ത് സജീവമായിരുന്നു. അതുകൊണ്ട് ഈ ചിത്രമെഴുത്തില്‍ ഇരു വിഭാഗത്തിലുള്ള ചിത്രകാരന്മാരും സഹകരിച്ചിരിക്കാം. സൂക്ഷ്മമായ പഠനങ്ങള്‍ ആവശ്യമാണ്‌. ചിത്രത്തിലെ വേഷവിധാനങ്ങള്‍ പഠിച്ച് അത് തെളിയിക്കാവുന്നതേ ഉള്ളൂ. അത് ഭാവിയിൽ ആരെങ്കിലും ചെയ്യുമെന്ന് കരുതാം.

പള്ളിയുടെ മുൻഭാഗത്തെ ശില്പങ്ങളും വിശേഷപ്പെട്ടതാണ്. മുഖത്തളത്തിന്റെ നിർമ്മിതി തനി കേരളീയവും സുഖശീതളിമ പ്രദാനം ചെയ്യുന്നതുമാണ്. ഗജപൃഷ്ട മാതൃകയിലുള്ള മതിൽക്കെട്ടാണുള്ളത്. വാസ്തുഭംഗിയോടു കൂടിയ ഒരു മാളികയും മതിൽക്കെട്ടിനുള്ളിലുണ്ട്.

#TAGS : nick uttin  

advertisment

News

Related News

    Super Leaderboard 970x90