Health

'നിപ്പാ വൈറസെന്ന് പോലും മര്യാദയ്ക്ക് എഴുതാൻ അറിയാത്തവനോട്... ബിവറേജിൽ ക്യൂ നിന്ന് "നിൽപ്പൻ" അടിക്കുന്നവർക്കാണ് "നിപ്പം" വൈറസ് ബാധ ഉണ്ടാകുന്നതെന്ന് പറയാഞ്ഞത് നന്നായി..!'- നെൽസൺ ജോസഫ്

ഇത്തരം ദ്രോഹങ്ങൾ ആരോഗ്യവകുപ്പിൻ്റെ ശ്രമങ്ങളെ തകർക്കുകയേ ഉള്ളൂ...പേടിയല്ല ഇവിടെ ആവശ്യം, വിവേകമാണ്. അവാസ്തവ പ്രചരണമല്ല ആവശ്യം..കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെ പ്രതിരോധമാണ്.

'നിപ്പാ വൈറസെന്ന് പോലും മര്യാദയ്ക്ക് എഴുതാൻ അറിയാത്തവനോട്... ബിവറേജിൽ ക്യൂ നിന്ന് "നിൽപ്പൻ" അടിക്കുന്നവർക്കാണ് "നിപ്പം" വൈറസ് ബാധ ഉണ്ടാകുന്നതെന്ന് പറയാഞ്ഞത് നന്നായി..!'- നെൽസൺ ജോസഫ്

രണ്ട് സന്ദേശങ്ങളെക്കുറിച്ചാണ്...ഇത്തരം പാഷാണത്തിൽ കൃമികളെ സാധാരണ അവഗണിക്കാറാണു പതിവ്.

അറിയാതെ അബദ്ധം പ്രചരിപ്പിക്കുന്നവരെ തിരുത്തും. അത് കടമയായതുകൊണ്ട്. ഇതുപോലെയുള്ള , അറിഞ്ഞുകൊണ്ട് സമൂഹത്തിലേക്ക് ആശയക്കുഴപ്പം പ്രചരിപ്പിക്കാൻ നോക്കുന്നവന്മാരെ ഒക്കെ അവർ വലിയ ചലനങ്ങളുണ്ടാക്കിയില്ലെങ്കിൽ അവഗണിക്കും. ഒന്നുമല്ലെങ്കിലും 12 വർഷം പഠിച്ചതിനു ശേഷമാണ് ഞാൻ ഡോക്ടറാണെന്ന് പറയുന്നത്. അപ്പൊ അതിൻ്റെ നിലവാരം കാണിക്കണമല്ലോ.

ജനങ്ങൾക്ക് ആവശ്യത്തിലധികം പരിഭ്രാന്തിയും ആശയക്കുഴപ്പവുമുള്ള അവസരത്തിൽ ഇത്തരക്കാർ ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. സ്വന്തം ബിസിനസ് തകരുമോ എന്നതാണവരുടെ പ്രധാന ആശങ്ക. അത് സേഫാണെങ്കിൽ മുഴുവൻ കേരളീയരും മരിച്ചാൽ പോലും അതവർക്കൊരു പ്രശ്നമാകില്ല.

നിപ്പാ വൈറസിനെ കണ്ടുപിടിക്കുന്നത് 1998-99 കാലത്താണ്. അതായത് ഇന്നലെ ആരോഗ്യവകുപ്പായിട്ട് കോഴിക്കോട്ടുനിന്ന് കണ്ടുപിടിക്കുന്ന ഒന്നല്ല നിപ്പാ വൈറസെന്ന് ചുരുക്കം. രണ്ടാം വർഷ മൈക്രോബയോളജി പഠിക്കുന്ന ഏത് മെഡിക്കൽ വിദ്യാർഥിയോട് ചോദിച്ചാലും പറഞ്ഞുതരുന്ന ഒരു ചെറിയ കാര്യം ഇത്തരക്കാർക്ക് അറിയാതെ പോകുന്നത് " ഡോക്ടർമാരെ പഠിപ്പിക്കുന്നത് മെഡിക്കൽ റപ്രസൻ്റേറ്റീവുമാരാണെന്ന് " തെറ്റിദ്ധരിച്ച് അവരിൽ നിന്ന് പഠിക്കാൻ പോകുന്നതുകൊണ്ടാണ്.

പഴം പുഴുങ്ങിക്കൊടുത്ത് നടത്തുന്ന "ചികിൽസ"യും ഡോക്ടറാക്കലും അവതാളത്തിലാകുമോ എന്നതാണ് പഴം കഴിക്കുന്ന വവ്വാലാണ് രോഗം പരത്തുന്നതെന്ന് പറയുമ്പൊ പുള്ളിയുടെ ആശങ്ക. പട്ടി വെജിറ്റേറിയനായിരുന്നെങ്കിൽ പേവിഷബാധയും ഇല്ലെന്ന് ചിലപ്പൊ പുള്ളി പറഞ്ഞേനെ.ഞാനിതാരോടാ ഈ പറയുന്നത്...നിപ്പാ വൈറസെന്ന് പോലും മര്യാദയ്ക്ക് എഴുതാൻ അറിയാത്തവനോട്...ബിവറേജിൽ ക്യൂ നിന്ന് "നിൽപ്പൻ" അടിക്കുന്നവർക്കാണ് "നിപ്പം" വൈറസ് ബാധ ഉണ്ടാകുന്നതെന്ന് പറയാഞ്ഞത് നന്നായി..

കീടനാശിനിയാണ്, വവ്വാലുകളല്ല രോഗം പരത്തുന്നതെന്ന നുണ പ്രചരിപ്പിച്ചാൽ അവതാളത്തിലാവുക ആരോഗ്യവകുപ്പിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളാണ്. അക്യുപങ്ങ്ചറിസ്റ്റാണെന്ന് അവകാശപ്പെടുന്ന ഏതോ ഒരു ഷറഫുവിൻ്റെ മെസേജും ഇറങ്ങിയിട്ടുണ്ട്. കീടനാശിനിയാണെന്ന് പറഞ്ഞുകൊണ്ട്..

മുൻപുണ്ടായ മരണങ്ങളുടെ കണക്കെടുത്താൽ നിങ്ങൾക്ക് തന്നെ മനസിലാകും, വൈറസിനെ തിരിച്ചറിയാൻ സമയമെടുത്ത ആദ്യ അവസരത്തിലൊഴികെ ബാക്കി മിക്ക അവസരങ്ങളിലും വളരെയധികം കുറവായിരുന്നു ഇൻഫെക്ഷനും മരണസംഖ്യയും. സപ്പോർട്ടീവ് ട്രീറ്റ്മെൻ്റ് മാത്രമാണുള്ളതെന്ന് പറയപ്പെടുന്ന ഒരു രോഗത്തെ അങ്ങനെ നിയന്ത്രിച്ചത് അത് എങ്ങനെ പകരുന്നുവെന്ന് കൃത്യമായി മനസിലാക്കി അതിനു തടയിട്ടതിനാലാണ്.

ഇത്തരം ദ്രോഹങ്ങൾ ആരോഗ്യവകുപ്പിൻ്റെ ശ്രമങ്ങളെ തകർക്കുകയേ ഉള്ളൂ...പേടിയല്ല ഇവിടെ ആവശ്യം, വിവേകമാണ്. അവാസ്തവ പ്രചരണമല്ല ആവശ്യം..കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെ പ്രതിരോധമാണ്.

1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. തുറന്ന സ്ഥലങ്ങളിൽ കലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കള്ള്, മാങ്ങ,കശുമാങ്ങ,ചാമ്പങ്ങ, പേരയ്ക്ക, പോലുള്ളവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിദ്ധ്യമുള്ളിടങ്ങളിൽ നിന്ന് അകലം പാലിക്കുക.

2. രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക..വ്യക്തിശുചിത്വം പാലിക്കുക. രോഗിയുടെ വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കുക.

3. ആരോഗ്യപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കുക.യൂണിവേഴ്സൽ പ്രിക്കോഷൻ പ്രധാനമാണ്. സാംക്രമിക രോഗങ്ങളിൽ സ്വീകരിക്കുന്ന എല്ലാ വിധ മുൻ കരുതലുകളും ഈ രോഗികളിലും നിർബന്ധമാണ്. മാസ്ക്, ഗ്ലൗ തുടങ്ങിയവ ഉപയോഗിക്കുക.

4. മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്

5. പനി,മയക്കം മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ വിദഗ്ധചികിൽസ തേടുക.പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്

6. ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക

(നിങ്ങളുടെ ആരുടെയെങ്കിലും ഫാമിലി ഗ്രൂപ്പുകളിലോ മറ്റ് വാട്സാപ് ഗ്രൂപ്പുകളിലോ മേൽപ്പറഞ്ഞ സന്ദേശം വന്നിട്ടുണ്ടെങ്കിൽ ഈ പോസ്റ്റ് അവിടെ ഒട്ടിക്കുക...)

advertisment

Super Leaderboard 970x90