Education

" അവൾക്ക്/അവന് __ എ പ്ലസ് ഉണ്ട്... മെഡിസിനു വിടുന്നതിനെക്കുറിച്ച് എന്താ അഭിപ്രായം? " - നെൽസൺ ജോസഫ്

തീരുമാനമെടുക്കേണ്ടത് കുട്ടി തന്നെയാണ്. അപ്പനും അമ്മയും അല്ല. ഡോക്ടറാകാൻ കഴിയാതെ പോയ അപ്പനും അമ്മയ്ക്കും ആഗ്രഹം സാധിക്കാനുള്ള മെഷീനല്ല മുന്നിലിരിക്കുന്ന കുട്ടി. സ്റ്റാറ്റസ് കൂട്ടാനോ കല്യാണം നടത്തിക്കാനോ ഉള്ള മൂലധനവുമല്ല.

" അവൾക്ക്/അവന് __ എ പ്ലസ് ഉണ്ട്... മെഡിസിനു വിടുന്നതിനെക്കുറിച്ച് എന്താ അഭിപ്രായം? " - നെൽസൺ ജോസഫ്

 എസ്.എസ്.എൽ.സി റിസൾട്ട് അറിഞ്ഞു. കുറച്ചൂടെ കഴിഞ്ഞാൽ പ്ലസ് ടുവിൻ്റെയും എൻ്റ്രൻസിൻ്റെയും റിസൾട്ട് വരും. സീസൺ ഇതായതുകൊണ്ടും നമ്മള് ഡോക്ടറായകൊണ്ടും കല്യാണവീട്ടിലും മരണവീട്ടിലും ചിലപ്പൊ സ്വന്തം വീട്ടിലും സന്ദർശനം നടത്തുമ്പൊ കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് ഇത്...

വിടണമെന്നോ വിടേണ്ടെന്നോ പറയാറില്ല. സ്വന്തം അനുഭവം പറയുകയാണ് ചെയ്യുക. അത് കേൾക്കുമ്പൊ ഡോക്ടറാകാൻ വേണ്ട വിവേകത്തിൻ്റെ പകുതി ഉള്ള ആൾക്കാർക്ക് കാര്യം പിടികിട്ടും. മനസിൽ ഇതേ ചോദ്യവുമായി നടക്കുന്ന ഒരുപാടുപേരുണ്ടാകാനിടയുള്ളതുകൊണ്ട് ഒരു പോസ്റ്റാക്കി ഇടുന്നു.

എന്താണു ഡോക്ടറാവുകയെന്ന ആഗ്രഹത്തിനു പിന്നിലെ ലക്ഷ്യമെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാൽ ഈ നാട്ടുകാരുടെ അഭിപ്രായസർവേ എടുത്തുകൊണ്ട് നടക്കേണ്ട ആവശ്യമുണ്ടാകില്ല.

അന്ന് SSLC ജയിച്ചിട്ട് ഡോക്ടറാവണം എന്ന് ആഗ്രഹം പറയുന്ന പിള്ളേർ കാരണമായിപ്പറയുന്ന ചില ക്ലീഷേ ഡയലോഗുകളുണ്ട്. " സാമൂഹ്യസേവനം " " മറ്റുള്ളവരുടെ വേദനമാറ്റൽ " " സൗജന്യ ചികിൽസ " എന്നിങ്ങനെ. എനിക്കങ്ങനൊന്നുമില്ലായിരുന്നു. ഡോക്ടറാകാം എന്ന് തീരുമാനിക്കുന്നത് ആദ്യ തവണ എൻ്റ്രൻസ് തലനാരിഴ വ്യത്യാസത്തിൽ നഷ്ടപ്പെട്ടപ്പോഴായിരുന്നു. കാരണങ്ങൾ ഇവയാണ്.

1. പണം - പണത്തിനു പണം തന്നെ വേണം. തട്ടിപ്പും വെട്ടിപ്പും കാണിക്കാതെ തന്നെ പാവപ്പെട്ടവരെ സർക്കാരാശുപത്രിയിൽ മാന്യമായി ചികിൽസിച്ചാലും ജീവിക്കാനുള്ള മാന്യമായ ശമ്പളം കിട്ടുമെന്നത് ഡോക്ടറാകാനുള്ള ഒന്നാമത്തെ ആകർഷണമായിരുന്നു.

2. ജോലിസുരക്ഷ - അതായത് നാലരക്കൊല്ലം പഠനം, ഒരു കൊല്ലം ഹൗസ് സർജൻസി, പിന്നെ ഒരു കൊല്ലം ഗ്രാമീണസേവനം. അതുകഴിഞ്ഞാൽ നമുക്ക് സർക്കാർ തന്നെ ജോലി തരുമെന്നാണ് അന്നത്തെ ചിന്ത. 25 1/2 വയസിൽ ഡോക്ടറായിക്കഴിഞ്ഞാൽ പിന്നെ സുരക്ഷിതം.

3. സമൂഹത്തിൽ ലഭിക്കുന്ന മാന്യമായ സ്ഥാനം. ഡോക്ടർ പേഷ്യൻ്റ് റിലേഷൻഷിപ് ഓർമയിലുണ്ടായിരുന്നത് 1997-2000 കാലത്തെയായിരുന്നു. അന്ന് കാണാൻ പോയ പീഡിയാട്രീഷ്യൻ തൊട്ട് ഇങ്ങോട്ട് കണ്ട നല്ല ഡോക്ടർമാർ.

പിൽക്കാലത്ത് ഇത് രണ്ടും തേഞ്ഞെന്നുള്ളത് ഒരു വാസ്തവം. 26 വയസുള്ളപ്പൊ അടുത്ത പഠനത്തിലേക്ക് കാലെടുത്ത് കുത്തുന്നതേയുള്ളു. അന്നെഴുതിയ പി.എസ്.സി ഇപ്പൊഴും വിളി വന്നിട്ടില്ല. പി.ജി എന്നൊന്നുണ്ടെന്ന് അന്ന് ആരും പറഞ്ഞുതന്നിട്ടില്ല.ഡോക്ടർമാരുടെ നേർക്കുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെയൊക്കെ പ്രതികരിക്കേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നിട്ടുമില്ല.

അതായത് റൂൾ നമ്പർ 1 അവിടെയാണ് - ആറ് വർഷത്തോളം നീളുന്ന ഒരു കോഴ്സ് കഴിഞ്ഞിറങ്ങുമ്പൊ എന്താവും അവസ്ഥ എന്ന് ഏകദേശം ഒരു ഐഡിയ ഉണ്ടാവുന്നത് നല്ലതാണ്. അത് ആ പ്രൊഫഷനിലെ തന്നെ ആളുകളോട് ചോദിച്ചാൽ (ഏറ്റവും ഉയർന്ന നിലയിലുള്ള ആൾക്കാരോട് മാത്രമല്ല) മനസിലാക്കാൻ കഴിയും.

രണ്ടാമത്തെ കാര്യം തീരുമാനം ആരുടേതാവണമെന്നതാണ്.

എൻ്റെ കാര്യത്തിൽ ആദ്യം എൻ്റ്രൻസിനു കൊണ്ടുപോയി ചേർത്തത് വീട്ടിൽ നിന്നായിരുന്നെങ്കിലും പിന്നീട് റിപ്പീറ്റ് ചെയ്യാനും എം.ബി.ബി.എസ് തന്നെ തിരഞ്ഞെടുക്കാനുമുള്ളത് എൻ്റെ തീരുമാനം തന്നെ ആയിരുന്നു.

സംശയിക്കേണ്ട, തീരുമാനമെടുക്കേണ്ടത് കുട്ടി തന്നെയാണ്. അപ്പനും അമ്മയും അല്ല. ഡോക്ടറാകാൻ കഴിയാതെ പോയ അപ്പനും അമ്മയ്ക്കും ആഗ്രഹം സാധിക്കാനുള്ള മെഷീനല്ല മുന്നിലിരിക്കുന്ന കുട്ടി. സ്റ്റാറ്റസ് കൂട്ടാനോ കല്യാണം നടത്തിക്കാനോ ഉള്ള മൂലധനവുമല്ല.

മൂന്നാമത്തെ കാര്യം എവിടെ ചേരണം എന്നതാണ്. പണം ഉള്ളവർക്ക് ഈ ഭാഗം വായിക്കാതെ സ്കിപ് ചെയ്യാം.

ഗവണ്മെൻ്റ് മെഡിക്കൽ കോളജിൽ മെറിറ്റ് സീറ്റിൽ കയറിയാലും പഠിപ്പിക്കുന്നതിൻ്റെ ചിലവ് വഹിക്കുന്നത് സർക്കാരാണെന്ന് തെറ്റിദ്ധരിക്കരുത്. " സർക്കാർ ചിലവിൽ പഠിക്കുന്നു " എന്നത് ഒരു ഡയഗോൾ മാത്രമാണ്. ഫീസിനു പുറമെ പുസ്തകം, വസ്ത്രം, പാർപ്പിടം മറ്റ് അല്ലറ ചില്ലറ ചിലവുകളെല്ലാം സ്വന്തം കയ്യിൽ നിന്നെടുക്കണം.അവിടെപ്പോലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലോണിൻ്റെ ആവശ്യം വേണ്ടിവന്നേക്കാം.

ഒരു കാരണവശാലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സ്വാശ്രയ കോളജിൽ ചേരാൻ മിനക്കെടരുത്. ഡോക്ടറാവണമെന്ന് അത്രമാത്രം ആഗ്രഹിക്കുന്നവർ ഒരു വർഷം റിപ്പീറ്റ് ചെയ്ത് പോകുന്നുവെന്ന് വിഷമിക്കേണ്ടതില്ല. എം.ബി.ബി.എസിന് 25 ലക്ഷവും മേൽപ്പറഞ്ഞ ചിലവുകളും പിന്നെ പി.ജി എടുക്കുന്നുണ്ടെങ്കിൽ 40 ലക്ഷത്തിനു മേലോട്ടും പൈസ കൊടുക്കാനുള്ളവർ സ്വാശ്രയത്തിൽ പഠിച്ചാൽ മതി എന്നാണ് പാവപ്പെട്ടവൻ്റെ സർക്കാരിൻ്റെ തീരുമാനം.

അത്രയും വലിയ ഒരു നുകമെടുത്ത് തോളത്ത് വച്ച് പഠിക്കേണ്ട ഒരു കോഴ്സല്ല എം.ബി.ബി.എസ്. പഠിച്ച് ജോലിചെയ്ത് രക്ഷപ്പെടാനോ കുടുംബം രക്ഷപ്പെടുത്താനോ പോലത്തെ ടാർഗറ്റുകൾ മനസിൽ വച്ചുകൊണ്ട് എം.ബി.ബി.എസ് പഠിപ്പിക്കരുത്.

എം.ബി.ബി.എസ് ഒരു മാവ് നടുന്നതുപോലെയാണ്. വഴിയെ പോകുന്നവർക്ക് തണലും കാക്കയ്ക്കും കിളിക്കും വരെ മാങ്ങയും അടുത്ത തലമുറയ്ക്ക് വിറകുമൊക്കെ കിട്ടിയെന്നിരിക്കും...പക്ഷേ നട്ടയാൾക്ക് ഒരു മാമ്പഴം പോലും ചിലപ്പൊ കിട്ടിയെന്ന് വരില്ല.. മാവിനു കിട്ടുന്നത് കല്ലേറും...അത്രയേ പ്രതീക്ഷിക്കാവൂ..

നൂറാളെ ചികിത്സിക്കുമ്പോൾ ഒരാളെങ്കിലും നല്ലത്‌ പറഞ്ഞേക്കും. കരഞ്ഞ്‌ കൊണ്ടിരിക്കുന്ന രോഗി ഒരു നിമിഷം കൊണ്ട്‌ ആശ്വാസം നേടി ചിരിക്കും, നന്ദി പറയും. ഓരോ തവണയും അടുത്തേക്ക്‌ വരുന്ന വേദനയും വറുതിയും മാറ്റുന്നതിന്റെ സന്തോഷവും സംതൃപ്‌തിയും ചെറുതാകില്ല.

അതായത് ഈ കോഴ്സിന് ആരും ചേരരുതെന്നോ ആരും ഡോക്ടറാവരുതെന്നോ എന്നല്ല പറഞ്ഞുവരുന്നത്. മുന്നോട്ടുള്ള വഴി പ്രയാസം നിറഞ്ഞതാണെന്നാണ്.ഡോക്ടർ എന്നത് ഒരു പ്രഫഷനാണ്. ഡോക്ടർ ദൈവമല്ല. പഠിപ്പുള്ള ഒരു പ്രഫഷണലാണ്. പഠിക്കാനേറെയുണ്ട്‌. അതിനിടയിൽ കുടുംബമുണ്ടാകുന്നതും സെറ്റിലാവുന്നതുമെല്ലാം കൂടി ഉണ്ടാകുന്ന മാനസികസംഘർഷവും ചെറുതാകില്ല.

മറ്റ് കഴിവുകളും അഭിരുചികളും താല്പര്യങ്ങളുമുള്ള കുട്ടികളെ ഉന്തി മരം കേറ്റിയാൽ അത്യാവശ്യം നന്നായിത്തന്നെ നെഞ്ചിലെ തൊലി പോകുന്ന ഒരു കോഴ്സാണ് എം.ബി.ബി.എസ്. താല്പര്യമില്ലാത്ത ഒരാൾക്ക് പഠിക്കാനും ജോലി ചെയ്യാനും ഒട്ടും എളുപ്പമാകില്ല.

പക്ഷേ ഡോക്ടറാവണമെന്ന് തന്നെയാണ് ഉറച്ച തീരുമാനമെങ്കിൽ ഡോക്ടറാവുകതന്നെ ചെയ്യണം. അതിനായിട്ട് പരിശ്രമിക്കണം. അങ്ങനെയുള്ളപ്പൊ ചില കഷ്ടപ്പാടുകളെങ്കിലും കഷ്ടപ്പാടായി തോന്നിയെന്ന് വരില്ല..

ഓൾ ദ ബെസ്റ്റ്

advertisment

News

Super Leaderboard 970x90