Education

'നിങ്ങൾക്ക് കിട്ടാതെ പോയത് നേടിയെടുക്കാനുള്ള ഉപകരണമല്ല കുട്ടികൾ... നിങ്ങൾക്ക് ഡോക്ടറാകാൻ പറ്റാതെ പോയതുകൊണ്ട് കുഞ്ഞിനെ ഡോക്റ്ററാക്കാൻ നോക്കരുത്, അവർ ഓരോരുത്തരും മറ്റൊരു താല്പര്യവും ഇഷ്ടങ്ങളും കഴിവുകളുമുള്ള വ്യക്തികളാണ്....' - നെൽസൺ ജോസഫ്

തോറ്റവനുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഒറ്റയ്ക്കായിപ്പോയെന്നുള്ള തോന്നൽ..ആൾക്കൂട്ടം ആഘോഷിക്കുമ്പൊ അതിൻ്റെ നടുക്ക് ഒറ്റപ്പെട്ടുപോകുന്നതുപോലെ...അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അപ്പൊ ഓർത്താൽ മതി..ഇതിലും വലിയ പരീക്ഷയിൽ തോറ്റവരൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട്...

'നിങ്ങൾക്ക് കിട്ടാതെ പോയത് നേടിയെടുക്കാനുള്ള ഉപകരണമല്ല കുട്ടികൾ... നിങ്ങൾക്ക് ഡോക്ടറാകാൻ പറ്റാതെ പോയതുകൊണ്ട് കുഞ്ഞിനെ ഡോക്റ്ററാക്കാൻ നോക്കരുത്, അവർ ഓരോരുത്തരും മറ്റൊരു താല്പര്യവും ഇഷ്ടങ്ങളും കഴിവുകളുമുള്ള വ്യക്തികളാണ്....' - നെൽസൺ ജോസഫ്

വീണ്ടും ഒരു എസ്.എസ്.എൽ.സി റിസൾട്ട് കൂടി അറിഞ്ഞു. വിജയശതമാനം 97.84 ആണ്. അതായത് വിജയിക്കാൻ കഴിയാഞ്ഞവർ 2.16%. എല്ലാ തവണത്തെയും പോലെ വിജയികൾക്ക് ആശംസകൾ. പക്ഷേ ഞാൻ ഇത്തവണ വിജയിക്കാൻ കഴിയാത്തവരോടൊപ്പമാണ്.

എല്ലായ്പോഴും പറയാറുള്ളതുപോലെ ഒരു പരീക്ഷ ഒന്നിൻ്റെയും അവസാനമല്ല. കുറയുന്നതും തോൽക്കുന്നതും കൊണ്ട് ഇവിടെ ആരുടെയും ജീവിതം തോല്വിയാകുന്നില്ല. ഡൊമിനിക് പോലും വീണു കഴിഞ്ഞാൽ ചിലപ്പൊ ഒന്ന് കരഞ്ഞിട്ട് എണീറ്റ് പിന്നെയും നടക്കും. അതങ്ങനെയാണ്. വീഴാതെ ഇവിടെ ആരും നടക്കാൻ പഠിക്കുന്നില്ല.

2003ലാണ് ഞാൻ എസ്.എസ്.എൽ.സി എഴുതുന്നത്. കിട്ടില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നെങ്കിലും സ്കൂളുകാരും വീട്ടുകാരും കരുതിയിരുന്നത് അങ്ങനല്ല. ഹിസ്റ്ററി പരീക്ഷയുടെ തലേ ദിവസം ഫൈനലിൽ സച്ചിൻ 4 റൺസിൽ ഔട്ടായപ്പൊ തോറ്റത് ഇന്ത്യ മാത്രമായിരുന്നില്ല.

റിസൾട്ട് വന്നപ്പൊ റാങ്കില്ല. കാര്യം പത്തു തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്ക് കിട്ടിയെങ്കിലും അതിനെക്കുറിച്ച് പറഞ്ഞവർ ചുരുക്കമാണ്. മിക്കവരുടെയും ഡയലോഗ് ശോ, 15 മാർക്കൂടെ ഉണ്ടായിരുന്നെങ്കിൽ റാങ്ക് കിട്ടില്ലായിരുന്നോ എന്നാണ്...അന്ന് നല്ല ദേഷ്യം തോന്നിയിരുന്നു. ആരെങ്കിലും കിട്ടിയ മാർക്കിൻ്റെ കണക്ക് ഒന്ന് പറഞ്ഞിരുന്നെങ്കിലോർത്ത്...

പതിനഞ്ച് കൊല്ലം കഴിഞ്ഞ് ഇപ്പൊ ഇടയ്ക്ക് ഇരുന്ന് ആലോചിക്കാറുണ്ട്. അന്ന് റാങ്ക് കിട്ടിയവരിൽ എത്രപേരെ ഇന്ന് ആൾക്കാർ ഓർമിക്കുന്നുണ്ടാവും?

അന്നത്തെ ദുരന്തോ ഇംഗ്ലീഷും ഇന്ന് ഗൂഗിൾ ട്രാൻസ്ലേഷനും വച്ച് ഞാൻ എഴുതിയ ആർട്ടിക്കിളുകൾ ഒരുപക്ഷേ എനിക്ക് അറിയാത്തവർ പോലും വായിച്ചിട്ടുണ്ടാവും..(അതൊരു വലിയ സംഭവമാണെന്നല്ല പറഞ്ഞുവരുന്നത്. കാലം നമ്മളെ കൊണ്ടുപോയി നിർത്തുന്നത് എവിടെയാകുമെന്ന് 15 വയസിൽ അറിഞ്ഞുകൊള്ളണമെന്നില്ലെന്നാണ്)

പിന്നെ രണ്ട് കൊല്ലം കഴിഞ്ഞു..

കേരള എന്റ്രൻസ് റിസൾട്ട് എന്തായിരിക്കുമെന്നും ഒരു ഐഡിയ ഉണ്ടായിരുന്നു. കയ്യാലപ്പുറത്തെ തേങ്ങ ആകുമെന്നുറപ്പ്. സാരമില്ല, കൂടെയുള്ളവർ റിപ്പീറ്റ് ചെയ്യും, നമുക്കും ചെയ്യാം എന്നൊരു കോൺഫിഡൻസുമുണ്ട്. ആറ്റുനോറ്റിരുന്ന് റിസൾട്ട് വന്നു റാങ്ക് 842.

അതായത് സർക്കാർ മെഡിക്കൽ കോളജിൽ കിട്ടില്ല. ലോണെടുത്ത് സ്വാശ്രയത്തിൽ പഠിക്കണ്ടെന്ന് ഞാനും തീരുമാനിച്ചിരുന്നു. റിസൾട്ട് വന്ന ആശ്വാസത്തിൽ ഉച്ചകഴിഞ്ഞ് കിടന്ന് ഉറങ്ങുമ്പോഴാണ് അയൽവക്കത്തെ ചേച്ചി സന്ദർശനത്തിനു വന്നത്...

പകുതി ഉറക്കത്തിൽ ആ ചേച്ചിയും അമ്മയും തമ്മിലുള്ള സംഭാഷണം കേട്ടു...

" അറിഞ്ഞോ? " " അറിഞ്ഞു " " കിട്ടുമോ? " " സർക്കാരിൽ കിട്ടില്ല " " സാരമില്ല, വഴക്കൊന്നും പറഞ്ഞേക്കരുത്..." " ഞാനൊന്നും പറയില്ല ചേച്ചീ " " ഇപ്പൊഴത്തെ പിള്ളേരാ....എന്താ ചെയ്യുന്നേന്ന് പറയാൻ പറ്റത്തില്ല "

അതായത് ഞാൻ അങ്ങ് തൂങ്ങിക്കളയുമെന്ന്....അപ്പൊ ചിരി വന്നെങ്കിലും തിരിഞ്ഞ് കിടന്ന് ഒന്നൂടെ ഉറങ്ങിക്കളഞ്ഞു...ആത്മഹത്യ ചെയ്തില്ല റിപ്പീറ്റ് ചെയ്തു. മെഡിക്കൽ കോളജിലെത്തി...

അവിടെ ജയിച്ചുകയറിയെന്നും സന്തോഷത്തോടെ ജീവിച്ചെന്നുമാണു സ്റ്റോറിയെന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ. അതിനെക്കുറിച്ച് - എഴുത്ത് തുടങ്ങാൻ കാരണമായതിനെക്കുറിച്ച് - മുൻപ് പറഞ്ഞിട്ടുണ്ടല്ലോ...

അവസാനത്തെ സംഭവം പി.ജി എന്റ്രൻസ് എഴുതിയപ്പോഴായിരുന്നു....

റാങ്ക് കുറവായിരിക്കുമെന്ന് അറിയാം. ആറ് ദിവസം ആറ് വ്യത്യസ്ത ചോദ്യങ്ങളും സ്കെയിലിങ്ങുമുള്ള നീറ്റ് എഴുതുന്നവർക്ക് പോലും അത്ര പിടി ഇല്ലാത്ത സമയം...റിസൾട്ട് വന്നു. പ്രതീക്ഷിച്ചപോലെ എട്ടുനിലയിൽ പൊട്ടി. സാരമില്ല. 25 ദിവസം കഴിയുമ്പൊ ഉള്ള കേരള എന്റ്രൻസിന് പഠിക്കാമെന്ന് വച്ചു. ഏതായാലും അറിയിക്കേണ്ടവരെ അറിയിക്കാമെന്ന് കരുതി...

തിരിച്ച് ആദ്യം കിട്ടിയ മറുപടി, " നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ പഠിക്കാൻ " എന്നായിരുന്നു...ശരി. എനിക്ക് സൗകര്യമുള്ളപ്പൊ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞ് ഫോൺ സ്വിച്ചോഫ് ചെയ്തു. കാരണം വളരെ സിമ്പിളാണ്...ആ സമയത്ത് ക്രിട്ടിസിസം കേൾക്കാനല്ല ഞാൻ ഫോൺ വിളിക്കുന്നത്..റിസൾട്ട്‌ അറിയാൻ അവരും കാത്തിരിക്കുകയാണെന്ന് അറിയാവുന്നതുകൊണ്ട്‌ മാത്രം.

ചുരുക്കം ചില വാക്കുകളിൽ അപ്പനമ്മമാർക്ക് ചില ഉപദേശങ്ങൾ..

ഒരു പരീക്ഷയും ലോകാവസാനമല്ല. മാർക്ക് കുറയുന്നതും തോൽക്കുന്നതും കൊണ്ട് ഇവിടെ ആരുടെയും ജീവിതം തോല്വിയാകുന്നില്ല. വീഴാതെ നടക്കാൻ പഠിക്കുന്നവർ ലോകത്തില്ല. ഒരു കാരണവശാലും താഴെപ്പറയുന്ന കാര്യങ്ങൾ പരീക്ഷ കഴിഞ്ഞ് കുട്ടികളോട് പറയാൻ പാടില്ല. അല്ലാത്തപ്പൊഴും..

1. ഞാൻ പ്രാർഥിച്ചിട്ടാണ് നിനക്ക് മാർക്ക് കിട്ടിയത് - തെറ്റാണ്. അവന്റെയോ അവളുടെയോ പ്രയത്നത്തിന്റെ വില കുറയ്ക്കുകയാണ് നിങ്ങൾ. അവരു പഠിക്കാതെ ഫുൾ ടൈം നിങ്ങൾ തല കുത്തിനിന്ന് പ്രാർഥിച്ചാലും മാർക്ക് കിട്ടില്ല. പ്രാർഥിക്കുന്നത് നിങ്ങടെ കടമ. അത് മനസിലുണ്ടായാൽ മതി. ക്രെഡിറ്റ് എടുക്കരുത്. തോൽക്കുമ്പൊ ഞാൻ പ്രാർഥിക്കാഞ്ഞിട്ടാ തോറ്റത് എന്ന് പറയാറുണ്ടോ?

2 കമ്പാരിസൺ - അടുത്ത വീട്ടിലെ കൊച്ച് 98% വാങ്ങി. നിനക്കെന്തുകൊണ്ട് കിട്ടിയില്ല? അടുത്ത വീട്ടിലെ കൊച്ചിന്റെ സാഹചര്യമല്ല നിങ്ങളുടെ വീട്ടിൽ. കെട്ടിയോനും കെട്ടിയോളും അവിടെ സ്നേഹത്തിലാ. ഇവിടെ പൂര അടിയും...കൊച്ച് പഠിക്കുമോ? പഠിക്കാൻ തോന്നുമോ? രണ്ട് കുഞ്ഞുങ്ങൾ ഒരേപോലെയല്ല. കിട്ടാത്ത 15 മാർക്കിനെക്കുറിച്ച് പറഞ്ഞതോർക്കുമ്പൊ ഇപ്പൊ ചിരിയാണെങ്കിലും അന്ന് വന്ന ദേഷ്യത്തിനു കയ്യും കണക്കുമില്ല

3. നിന്നോട ഞാൻ അന്നേരേ പറഞ്ഞതല്ലേ ഇരുന്ന് പഠിക്കാൻ? അവൻ പുസ്തകത്തീന്ന് തല പൊക്കാതെ ഇരുന്ന് പഠിച്ചത് കണ്ടില്ലേ? - ഇതൊക്കെ പരീക്ഷയ്ക്ക് മുൻപ് പറയേണ്ടതാണ്.. അതുകഴിഞ്ഞ് കുറ്റപ്പെടുത്തിയിട്ട് എന്തുകാര്യം? പിന്നെ, ഓരോ കുഞ്ഞുങ്ങൾക്കും പഠനത്തിന്ന് ഓരോ പാറ്റേൺ കാണും..അതേ അവർക്ക് ഫോളോ ചെയ്യാൻ പറ്റൂ.

4. അവൻ ഒട്ടും പഠിച്ചിട്ടില്ല . ഇതൊക്കെ ഭാഗ്യം കൊണ്ട് കിട്ടിയതാ - ഇത് ലോട്ടറിയല്ല. ഭാഗ്യം പരീക്ഷിക്കാൻ. ഇതും വില കുറയ്ക്കലാണ്..

5. നിങ്ങൾക്ക് കിട്ടാതെ പോയത് നേടിയെടുക്കാനുള്ള ഉപകരണമല്ല കുട്ടികൾ. നിങ്ങൾക്ക് ഡോക്ടറാകാൻ പറ്റാതെ പോയതുകൊണ്ട് കുഞ്ഞിനെ ഡോക്റ്ററാക്കാൻ നോക്കരുത്. അവർ ഓരോരുത്തരും മറ്റൊരു താല്പര്യവും ഇഷ്ടങ്ങളും കഴിവുകളുമുള്ള വ്യക്തികളാണ്.

ഓരോ വർഷവും കേൾക്കാറുണ്ട് പരീക്ഷകളോടനുബന്ധിച്ച് ഓരോ ദുരന്തവാർത്തകൾ...എഴുതേണ്ടെന്ന് കരുതിയാലും എഴുതിപ്പോകും...അറ്റ് ലീസ്റ്റ് നമ്മുടെ ഫ്രണ്ട്സ് സർക്കിളിലെങ്കിലും ആർക്കും ഒന്നും പറ്റാതിരിക്കാൻ

തോറ്റവനുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഒറ്റയ്ക്കായിപ്പോയെന്നുള്ള തോന്നൽ..ആൾക്കൂട്ടം ആഘോഷിക്കുമ്പൊ അതിൻ്റെ നടുക്ക് ഒറ്റപ്പെട്ടുപോകുന്നതുപോലെ...

അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അപ്പൊ ഓർത്താൽ മതി..ഇതിലും വലിയ പരീക്ഷയിൽ തോറ്റവരൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട്....ആരും ഒറ്റയ്ക്കല്ല. ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ തോറ്റവർ തിരിച്ചുവരുമ്പൊഴാണ് കേൾക്കാൻ കൊള്ളാവുന്ന കഥകളുണ്ടാവുന്നത്...

advertisment

News

Super Leaderboard 970x90