Sports

സച്ചിൻ ഒരു ബ്രാൻഡ് അല്ല, ഭ്രാന്ത് ആയിരുന്നു.. നെൽസൺ ജോസഫ്

​സച്ചിൻ ഔട്ടായാൽ ധൈര്യമായി ടി.വി ഓഫ് ചെയ്യാം...ഓഫ് ചെയ്യാമെന്ന് പറഞ്ഞാൽ അതൊരു തള്ളല്ല, മിക്കപ്പൊഴും അതുകഴിഞ്ഞത്തെ ബാറ്റിങ്ങ് സ്കൂൾ വിട്ടിട്ട് പിള്ളേരു വീട്ടിലോട്ട് ഓടുന്നതുപോലെയായിരിക്കും.. ഇന്ത്യയിൽ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന ക്രിക്കറ്റ് മൈതാനങ്ങളിലെ കളിക്കാരെല്ലാം ശ്രമിച്ചിരുന്നത് സച്ചിനാകാനായിരുന്നു...

സച്ചിൻ ഒരു ബ്രാൻഡ് അല്ല, ഭ്രാന്ത് ആയിരുന്നു.. നെൽസൺ ജോസഫ്

ഇച്ചിരെ അമ്മാവനിസം പറയാൻ പോവാണ്.. അമുൽ ബേബീസ് ആരെങ്കിലുമുണ്ടെങ്കിൽ ച്ചിരെ മാറി ഇരുന്നോളൂ... സച്ചിനെക്കുറിച്ച് ഒരു പുസ്തകമെഴുതാനും മാത്രമുള്ളത് പഴയൊരു ഫേസ്ബുക് പ്രൊഫൈലിൽ എഴുതിക്കൂട്ടീട്ടുണ്ട്. അതിലൊന്നുമില്ലാത്ത എന്നാൽ ചിലതൊക്കെയുള്ള ഒരു പുതിയ, പഴയ കുറിപ്പാണിത്..

മലയാളസിനിമയ്ക്ക് മോഹൻലാൽ ആരായിരുന്നോ അതായിരുന്നു ഇന്ത്യൻ ക്രിക്കറ്റിനു സച്ചിൻ. ഇടയ്ക്ക് ന്യൂ ജെനറേഷൻ വന്നു. ഫഹദും ദുൽഖറും കൂടെ വിവാദങ്ങളും വന്നു..പക്ഷേ പലപ്പൊഴും ഇപ്പോൾ വിരമിക്കുമെന്ന് തോന്നിപ്പിച്ച് ഇടയ്ക്കൊരു അദ്ഭുതപ്രകടനം നടത്തി തിരിച്ചുവരുന്നതിനെക്കാൾ വലിയ സാമ്യങ്ങൾ അവരുതമ്മിലുണ്ട്... മോഹൻലാലിൻ്റെ കാര്യത്തിൽ പറയുന്നതുപോലെ ഒരിക്കലെങ്കിലും സച്ചിനെപ്പോലൊരു മകനുണ്ടായിരുന്നെങ്കിലെന്ന് കുറഞ്ഞപക്ഷം കുറച്ച് ദക്ഷിണേന്ത്യൻ അമ്മമാരെങ്കിലും കരുതിക്കാണണം..

മോഹൻലാൽ സിനിമകൾ കണ്ട് അഭിനയം പഠിച്ച താരങ്ങളെപ്പോലെ സച്ചിൻ്റെ ബാറ്റിങ്ങ് ക്രിക്കറ്റിലേക്കാകർഷിച്ച ഒരുപിടി താരങ്ങളുടെ കഥകളും നമ്മൾ കേട്ടിരിക്കും..പക്ഷേ അതിനെക്കാളുപരി... ഇടത്തേ തോളോന്ന് ചരിച്ചുപിടിച്ച് ചുണ്ടിലൊരു പുഞ്ചിരിയുമായി നടക്കില്ലെന്നറിയാമായിട്ടും ലാലേട്ടനാകാൻ ശ്രമിച്ചതുപോലെ ഒരുകാലത്ത് സച്ചിനെപ്പോലെയാകാൻ ബാറ്റിൽ എം.ആർ.എഫ് എന്ന് കോറിയിടാത്ത കുട്ടികൾ വിരളമായിരുന്നിരിക്കണം അന്ന്...പെപ്സിയുടെ " ഓ സച്ചിൻ ആയാരെ ഭയ്യയും " ബൂസ്റ്റിൻ്റെ " ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനർജിയും " " വൈകിട്ടെന്താ പരിപാടി " പോലെ സാധാരണമായത് ചോദിച്ചത് സച്ചിനാണെന്നതുകൊണ്ടുകൂടിയാണ്.പ്രായത്തിനു മൂത്ത പെൺകുട്ടികളെ പ്രേമിക്കുന്നവരുടെ സർവകാലാശ്വാസം സച്ചിൻ്റെയും അഞ്ജലിയുടെയും പ്രണയകഥയുമായിരുന്നു....എം.ആർ.എഫ് ടയർ ആയിരുന്നില്ല , സച്ചിന്റെ ബാറ്റ് ആയിരുന്നു...

ഞാൻ പിച്ചവെക്കാൻ തുടങ്ങുന്ന സമയത്ത് തന്നെയാണ് സച്ചിനും പിച്ചവെച്ചുതുടങ്ങിയത്...വീട്ടിലല്ല. ക്രിക്കറ്റ് പിച്ചിൽ..ട്വന്റി ട്വന്റിയെക്കുറിച്ച് പോയിട്ട് വൺ ഡേയിലെ കളർഫുൾ ജേഴ്സിയെക്കുറിച്ചുപോലും ആലോചിക്കുന്നതിനു മുൻപ് പാക്കിസ്ഥാനെതിരെ 18 പന്തിൽ 53...അന്നത്തെ മെയിൻ വെടിക്കെട്ട് കാരൻ ശ്രീകാന്തിനിട്ട് ഒരു മെയ്ഡൻ ഓവർ എറിഞ്ഞ ആവേശത്തിൽ സ്പിന്നർ അബ്ദുൾ ഖാദർ നോൺ സ്ട്രൈക്കറായിരുന്ന സച്ചിനോട് വന്ന് പറഞ്ഞു... " പിള്ളേരെ (മുഷ്താഖ് അഹമ്മദ്) മാത്രം അടിച്ചാ മതിയോ? എനിക്കിട്ടൂടെ അടിക്ക് സിക്സ്" ...

അടുത്ത ഓവറിൽ 4 സിക്സ് ഉൾപ്പടെ 28 റൺസും വാങ്ങിച്ച് ഖാദിർ ചെന്ന് പാക്ക് ക്യാപ്റ്റനോട് പറഞ്ഞത്രേ... "പ്രതിഭയാണ്..പ്രതിഭാസമാണ്.." കഷ്ടം...ആ ഇന്നിങ്ങ്സ് ഒന്നും കാണാനൊത്തില്ല...ആദ്യമായിട്ട് സച്ചിനെ കാണുന്നത് നാലോ അഞ്ചോ വയസ് ഉള്ളപ്പൊ കിട്ടിയ പ്ലാസ്റ്റിക് ബാറ്റിലെ സ്റ്റിക്കറിലാണ്..അന്ന് അത് ആരാണെന്ന് അറിയില്ല...പിന്നെ സെന്റർ ഫ്രെഷിന്റെ കൂടെ കിട്ടുന്ന കാർഡുകളിൽ...സ്പോർട്സ് പേജിലെ ഫോട്ടോകളിൽ...ക്രിക്കറ്റുള്ളപ്പൊ റേഡിയോയിൽ കേൾക്കുന്ന കമന്ററിയിൽ ഒക്കെ ആവർത്തിച്ച് ആവർത്തിച്ച്കേട്ടുതുടങ്ങി...സച്ചിൻ...സച്ചിൻ...ആരാണിയാൾ?? ആരായിരുന്നു സച്ചിൻ?..സച്ചിൻ ഒരു ബ്രാൻഡ് അല്ല..ഭ്രാന്ത് ആയിരുന്നു മിക്ക ക്രിക്കറ്റ് പ്രേമികൾക്കും...സച്ചിൻ ബാറ്റ് ചെയ്യുമ്പൊ ഇന്ത്യ നിശ്ചലമാകും...

സച്ചിൻ ഔട്ടായാൽ ധൈര്യമായി ടി.വി ഓഫ് ചെയ്യാം...ഓഫ് ചെയ്യാമെന്ന് പറഞ്ഞാൽ അതൊരു തള്ളല്ല, മിക്കപ്പൊഴും അതുകഴിഞ്ഞത്തെ ബാറ്റിങ്ങ് സ്കൂൾ വിട്ടിട്ട് പിള്ളേരു വീട്ടിലോട്ട് ഓടുന്നതുപോലെയായിരിക്കും.. ഇന്ത്യയിൽ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന ക്രിക്കറ്റ് മൈതാനങ്ങളിലെ കളിക്കാരെല്ലാം ശ്രമിച്ചിരുന്നത് സച്ചിനാകാനായിരുന്നു...ഇന്ത്യയിൽ മാത്രമല്ല വിദേശത്തും...വീരേന്ദർ സെവാഗും വിരാട് കോഹ്ലിയും തൊട്ട് റിക്കി പോണ്ടിങ്ങ് വരെ (ഓസ്ട്രേലിയയിൽ അവർക്കെതിരെ സെഞ്ചുറി നേടിയ സച്ചിനെ കണ്ട് ഒരു കൊച്ചുപയ്യനു ഇതാകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടെന്ന് ചിന്തിച്ചതിന്റെ റിസൾട്ട് ആണു പോണ്ടിങ്ങിന്റെ കരിയർ) സച്ചിനാകാനുള്ള ആഗ്രഹവുമായി മടൽ ബാറ്റും വീശി ഇറങ്ങിയപ്പൊ കേട്ട ആദ്യത്തെ കഥ സച്ചിൻ ദിവസം 5000 പന്ത് വരെ പ്രാക്റ്റീസിനു ഫേസ്ചെ യ്യുമെന്നായിരുന്നു....

അന്ന് നുമ്മ സീൻ വിട്ടു..ഒരു പന്തിനു 15 സെക്കൻഡെടുത്താലും 20 മണിക്കൂർ വേണം..അതൊരു നുണക്കഥയാണെന്നറിയാം...പിന്നെ കുറച്ച് നാളുകൾ കഴിഞ്ഞ് ഷാർജയിൽ , ഡെസെർട്ട് സ്റ്റോം കഴിഞ്ഞ് അടുത്ത കഥ ... മാച്ചിനു തലേന്ന് ടീമിലെ ആരോ സച്ചിനോട് വന്ന് പറഞ്ഞത്രേ..നാളത്തെ കളിയിൽ ഇന്ത്യ ഒത്തുകളിച്ച് തോറ്റുകൊടുക്കുമെന്ന് ...ടീമിൽ കോഴക്കാർ പിടിമുറുക്കുന്നു...സച്ചിൻ അന്ന് ഉറപ്പുകൊടുത്തു...ഫൈനൽ ഇന്ത്യ തന്നെ ജയിക്കുമെന്ന്..രണ്ടും കഥകളാണെന്നറിയാം..എങ്കിലും ഒരു രസം.."ദൈവത്തെ ഞാൻ കണ്ടു. അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പരിൽ ബാറ്റ് ചെയ്യുന്നു"..ഹെയ്ഡനാണു പറഞ്ഞത്..സച്ചിനെക്കുറിച്ചും സച്ചിനുവേണ്ടിയും ഐതിഹ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായി.... ടെന്നീസ് എൽബോ എന്ന് ആദ്യം കേട്ടത് സച്ചിനെക്കുറിച്ചാണ്...അങ്ങനെ അധികമാർക്കുമറിയാത്ത ഒരു അസുഖവും ഇന്ത്യക്കാർക്ക് മനപ്പാഠമായി..നമുക്കും വരും ..വല്ല ചൊറിയോ ചിരങ്ങോ ഒക്കെ.. പിന്നെയും പരിക്കുകൾ..പുറം വേദന..മുട്ട് വേദന...

അങ്ങനെ എത്രയോ എത്രയോ ഷോട്ടുകളും വർഷങ്ങളും സച്ചിനു നഷ്ടപ്പെട്ടു..ക്രീസ് വിട്ടിറങ്ങി ബൗളറുടെ തലയ്ക്ക് മുകളിലൂടെ സൈറ്റ് സ്ക്രീനിനു മുകളിലേക്ക് ലോഫ്റ്റ് ചെയ്യുന്ന ഷോട്ട് കൊണ്ടുപോയത് പുറം വേദനയാണ്....പക്ഷേ അതിനെ വെല്ലാൻ പാഡീൽ സ്വീപ് പോലത്തെ ഷോട്ടുകൾ ബൗളർമാരുടെ തന്ത്രങ്ങൾക്കനുസരിച്ച് സച്ചിൻ കണ്ടെത്തിക്കൊണ്ടിരുന്നു...സച്ചിൻ ഒരു മനുഷ്യൻ തന്നെ ആയിരുന്നു..സാധാരണ ഒരു മനുഷ്യൻ..പക്ഷേ അത് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് മാറ്റ് കൂട്ടുന്നതേയുള്ളു... ജീവിച്ച വർഷങ്ങളിൽ 24 ഉം അദ്ദേഹം ക്രിക്കറ്റ് പിച്ചിലായിരുന്നു...നേരിട്ട ബൗളർമാരും പിന്നിലാക്കിയ ബാറ്റ്സ്മാന്മാരും മൂന്ന് തലമുറ വരും...സച്ചിനും വർഷങ്ങൾ മുൻപ് കളിനിർത്തിയ ഡോൺ ബ്രാഡ്മാൻ തൊട്ട് ഇന്ന് വിരാട് കോഹ്ലി വരെ താരതമ്യം ചെയ്യപ്പെടുന്നത് സച്ചിനുമായാണ്..സച്ചിനാണ് അളവുകോൽ..ഗോൾഡ് സ്റ്റാൻഡാർഡ്...

പൂർണതയോട് അടുത്ത് നിൽക്കുന്നതുമായേ താരതമ്യത്തിന് അർഥമുള്ളൂ.. ഇനി ഒരു സച്ചിൻ ഉണ്ടായേക്കാം....ഒരുപക്ഷേ ഇതിലും വലിയ മറ്റൊരു ബാറ്റ്സ്മാൻ ഉയർന്ന് വന്നേക്കാം...പക്ഷേ ഒരു കാര്യം ഏകദേശം തീർച്ചയാണ്..അത് കാണാൻ സച്ചിന്റെ തലമുറയിൽ ജീവിച്ചവർ മിക്കവരും ഉണ്ടാകില്ല...അങ്ങനെ ഉയർന്ന് വന്നാൽ പോലും മനസിൽ സച്ചിനൊപ്പം എത്തുകയുമില്ല.... കാരണം പിച്ചവെച്ച് നടന്നപ്പോൾ തൊട്ട് സ്വപ്നങ്ങളിലും സന്തോഷത്തിലും ദുഖത്തിലും വേദനയിലും നഷ്ടങ്ങളിലും നേട്ടങ്ങളിലും എല്ലാം സച്ചിനൊപ്പം നടന്നവരാണു നമ്മൾ... ജീവിതത്തിലെ എല്ലാ ടേണിങ്ങ് പോയിന്റുകളിലും 1983 സിനിമയിലെ രമേശനെപ്പോലെ , സച്ചിന്റെ അദൃശ്യമായ സാന്നിദ്ധ്യം ഒപ്പമുണ്ടായിരുന്നവർ....അത് ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടുകയില്ല.... ഇനി ഒരു ബാല്യവും കൗമാരവും യൗവനവും ഇല്ല....മറ്റൊരു സച്ചിനും... We enjoyed the game and chased our dreams with Sachin..That days won't come again Happy Birthday Master...Wish you all the very best

advertisment

News

Super Leaderboard 970x90