Health

പ്രസവസമയത്ത് ഭർത്താവ് മാത്രമാണ് അടുത്തുണ്ടായിരുന്നതത്രേ... അമ്മയ്ക്കോ കുഞ്ഞിനോ അടിയന്തിരമായി എന്തെങ്കിലും അപകടാവസ്ഥയുണ്ടായിരുന്നെങ്കിൽ ഭർത്താവ് എന്തു ചെയ്തേനെ? - നെൽസൺ ജോസഫ്

" വീട്ടിൽ പ്രസവിച്ചോട്ടെ ചേട്ടാ. അത് പക്ഷേ ചേട്ടന്റെ വിശ്വാസമോ മറ്റെന്തെങ്കിലുമോ സംരക്ഷിക്കാൻ നിർബന്ധിച്ച് വീട്ടിൽ പ്രസവിപ്പിക്കുമ്പൊഴല്ല. വീട്ടിൽ പ്രസവിച്ചാൽ സംഭവിക്കാവുന്ന ദോഷങ്ങളും ദുരന്തങ്ങളും മനസിലാക്കി സ്വമനസാലെ ഒരു ശാസ്ത്രീയ പരിശീലനം ലഭിച്ച ആളുടെ സാന്നിദ്ധ്യത്തിൽ എപ്പോൾ വേണമെങ്കിലും വിദഗ്ധ വൈദ്യ സഹായം കിട്ടുമെന്ന് ഉറപ്പാക്കിയ ശേഷമാകുമ്പൊ മാത്രം.അതല്ലാത്തപ്പൊ കൊലപാതകക്കുറ്റമാണ്..

പ്രസവസമയത്ത് ഭർത്താവ് മാത്രമാണ് അടുത്തുണ്ടായിരുന്നതത്രേ... അമ്മയ്ക്കോ കുഞ്ഞിനോ അടിയന്തിരമായി എന്തെങ്കിലും അപകടാവസ്ഥയുണ്ടായിരുന്നെങ്കിൽ ഭർത്താവ് എന്തു ചെയ്തേനെ? - നെൽസൺ ജോസഫ്

ഒരാൾ ഒരു ദിവസം വീടിൻ്റെ അടുത്തുകൂടി പോകുന്ന റെയിൽ പാളത്തിൽ ഭാര്യയെയും കുട്ടിയെയും കൊണ്ടുപോയി ഒരു മണിക്കൂർ കിടത്തി..വെറുതെ ഒരു പഠനം നടത്തിയതാണ്. അയാളുടെ ഭാര്യയുടെയും കുഞ്ഞിൻ്റെയും ഭാഗ്യത്തിനു ട്രെയിനുകളൊന്നും ആ സമയത്ത് വന്നില്ല.

പഠനം നടത്തിയ അയാൾ പ്രഖ്യാപിച്ചു. സുഖമായി കിടന്നുറങ്ങാൻ റെയിൽ പാളങ്ങൾ സുരക്ഷിതമാണ്. വീടുകളില്ലാത്തവർക്ക് ഇനി റെയിൽ പാളങ്ങൾ ഉപയോഗിക്കാവുന്നതാണ്. വില തുച്ഛം, ഗുണം മെച്ചം.. ഒരു പത്രം അങ്ങനെ തന്നെ തലക്കെട്ട് കാച്ചി...

" വീടിൻ്റെയോ വീട്ടുകാരുടെയോ സഹായമില്ലാതെ റെയിൽ പാളത്തിൽ ഉറക്കം "

മറ്റൊരാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു..

" ഹെല്മറ്റ് വച്ചില്ല, ട്രാഫിക് നിയമങ്ങൾ അനുസരിച്ചില്ല, സീറ്റിലിരുന്നില്ല, ബുക്കോ പേപ്പറോ ലൈസൻസോ ഒന്നുമില്ല. ഇന്നലെ എന്റെ ഭാര്യയെക്കൊണ്ട് ബൈക്കിൽ നട്ടുച്ചയ്ക്ക് വൈറ്റില ജങ്ങ്ഷനിലൂടെ ബൈക്കോടിപ്പിച്ചു..അവൾ ബൈക്കോടിച്ചപ്പോൾ ഞാൻ വഴിയരികിൽ നോക്കിനിൽക്കുകയാണുണ്ടായത്.

പൂർവികർ പുഷ്പകവിമാനം വരെ ലൈസൻസില്ലാതെ ഓടിച്ചെന്ന അചഞ്ചലവിശ്വാസത്തിലും പ്രാർഥനയിലും മാത്രം വിശ്വസിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഹെല്മറ്റ് വയ്ക്കാനും ലൈസൻസെടുക്കാനും പറയുന്ന ഹെല്മറ്റ് - ലൈസൻസ് മാഫിയയിൽ നിങ്ങൾ വിശ്വസിക്കരുത് സുഹൃത്തുക്കളേ "

വീണ്ടും ഒരു വീട്ടു പ്രസവ ഗ്ലോറിഫിക്കേഷൻ കൂടി കണ്ടതുകൊണ്ട് എഴുതുന്നതാണിത്.

ഭാര്യയുടെ പ്രസവത്തിനു ഹിജാമയും അക്യു പങ്ങ്ചറും മാത്രമേ ഉപയോഗിച്ചുള്ളൂത്രേ. ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കാതെ ഭാര്യയെക്കൊണ്ട് പ്രസവിപ്പിച്ച ചങ്ങായി നല്ല ഒന്നാന്തരമൊരു കണ്ണാടി മുഖത്ത് ഫിറ്റ് ചെയ്തിട്ടുണ്ട്. അതിനെന്താ ഈ ഹിജാമയും അക്യു പങ്ങ്ചറും ഫലിക്കില്ലേ? സ്വന്തം കാഴ്ചയ്ക്ക് കൊടുക്കുന്നത്ര പ്രാധാന്യം പോലും ഭാര്യയുടെയും കുഞ്ഞിൻ്റെയും ജീവനു നൽകില്ലേ?

ആദ്യ മാസങ്ങളിൽ സ്കാൻ ചെയ്തതുകൊണ്ടാണ് പിന്നീട് ആധുനിക വൈദ്യത്തെ ആശ്രയിക്കാഞ്ഞതത്രേ..സ്കാൻ ചെയ്യുന്നതിനു പല കാരണങ്ങളുമുണ്ട്. ആദ്യം ഗർഭിണിയാണെന്നറിയുമ്പോൾ കുഞ്ഞിൻ്റെ സ്ഥാനം ഗർഭപാത്രത്തിനുള്ളിൽത്തന്നെയാണോ എന്ന് ഉറപ്പിക്കുന്നത് തുടങ്ങി ജന്മവൈകല്യങ്ങളുണ്ടോ എന്നറിയാനും കുഞ്ഞിൻ്റെ വളർച്ചയെക്കുറിച്ചറിയാനും ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഗർഭപാത്രത്തിനുള്ളിലുണ്ടോ എന്നുറപ്പിക്കാനുമെല്ലാം സ്കാനുകൾ ആവശ്യമായി വരും. സങ്കീർണതകളുള്ളതോ മുൻപ് പലതവണ കുഞ്ഞിനെ നഷ്ടപ്പെട്ടതോ ആയ സാഹചര്യത്തിൽ സ്കാനിൻ്റെ എണ്ണം കൂടുന്നത് തികച്ചും സ്വഭാവികമാണ്.

അടുത്ത വൻ അബദ്ധമിതാ...പ്രസവസമയത്ത് ഭർത്താവ് മാത്രമാണ് അടുത്തുണ്ടായിരുന്നതത്രേ...അമ്മയ്ക്കോ കുഞ്ഞിനോ അടിയന്തിരമായി എന്തെങ്കിലും അപകടാവസ്ഥയുണ്ടായിരുന്നെങ്കിൽ ഭർത്താവ് എന്തു ചെയ്തേനെ? ദൈവഹിതമാണെന്ന് കരുതി അങ്ങ് സമാധാനിച്ചേനെ അല്ലേ? ഒന്നും സംഭവിക്കില്ല എന്ന് പറയേണ്ട. അമ്മയും കുഞ്ഞും വ്യാജന്മാർ സിസേറിയനു ശേഷം നോർമൽ ഡെലിവറി നടത്താൻ ശ്രമിച്ചതിനെത്തുടർന്ന് മരിച്ചത് ഈ അടുത്ത കാലത്താണ്.

ഇനി പ്രസവകാലത്ത് ഡോക്ടറെ കാണിക്കാത്തതിൻ്റെ മേന്മ....

നിയോനേറ്റൽ ടെറ്റനസ് എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല. പ്രസവശേഷം ദിവസങ്ങൾക്കുള്ളിൽ വില്ലുപോലെ വളഞ്ഞുനിൽക്കുന്ന കുഞ്ഞിനെ കണ്ടിട്ടുണ്ടോ? മരിച്ച് പോകുന്നതിനു മുൻപ്? കണ്ടിട്ടുണ്ടാകില്ല. ഞാനും കണ്ടിട്ടില്ല, കേട്ടും വായിച്ചുമുള്ള അറിവ് മാത്രം.

ടെറ്റനസിനെതിരായ കുത്തിവയ്പ് രണ്ട് ബൂസ്റ്റർ ഡോസ് അമ്മമാർക്ക് ലഭിക്കുന്നതിലൂടെയും യൂണിവേഴ്സൽ ഇമ്യൂണൈസേഷനിലൂടെയും പ്രസവസമയത്തെ വൃത്തി ( 1. Clean hands - അണുവിമുക്തമായ കൈകൾ, 2. Clean delivery surface - വൃത്തിയുള്ള പ്രസവസ്ഥലം, 1. Clean cord care - പൊക്കിൾക്കൊടിയുടെ പരിചരണം 4. Clean blade for cutting cord - അണുവിമുക്തമായ പൊക്കിൾക്കൊടി മുറിക്കാനുള്ള ഉപകരണം, 5. Clean cord tie and no application on cord stump - പൊക്കിൾക്കൊടിയുടെ പുറത്ത് മറ്റൊന്നും ഇടാൻ പാടില്ല ) യിലൂടെയും ഇല്ലായ്മ ചെയ്ത അസുഖം.

പതിമൂന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 1.11.2011 ൽ ശ്രീ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ചോദ്യത്തിന് മറുപടിയായി അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ അടൂർ പ്രകാശ് നൽകിയ ഉത്തരത്തിൽ ഈ രോഗത്തിന്റെ പേരുണ്ട്. മലപ്പുറത്ത് ഒരു കുഞ്ഞിന്റെ ജീവൻ അപഹരിച്ച നിയോനേറ്റൽ ടെറ്റനസ്. ഗർഭകാലത്ത് ഡോക്ടറെ കാണിക്കാത്തതിന്റെയും വാക്സിനെടുക്കാത്തതിന്റെയുമൊക്കെ ഭവിഷ്യത്ത് ആരോട് പറയാൻ?

എന്റെ ഭാര്യ വീട്ടിൽ പ്രസവിക്കുന്നതിനു തനിക്കെന്താ ഇത്ര സൂക്കേടെന്ന് ചോദിക്കുന്നവരോട് കൃത്യമായ മറുപടിയുണ്ട്.

" വീട്ടിൽ പ്രസവിച്ചോട്ടെ ചേട്ടാ. അത് പക്ഷേ ചേട്ടന്റെ വിശ്വാസമോ മറ്റെന്തെങ്കിലുമോ സംരക്ഷിക്കാൻ നിർബന്ധിച്ച് വീട്ടിൽ പ്രസവിപ്പിക്കുമ്പൊഴല്ല. വീട്ടിൽ പ്രസവിച്ചാൽ സംഭവിക്കാവുന്ന ദോഷങ്ങളും ദുരന്തങ്ങളും മനസിലാക്കി സ്വമനസാലെ ഒരു ശാസ്ത്രീയ പരിശീലനം ലഭിച്ച ആളുടെ സാന്നിദ്ധ്യത്തിൽ എപ്പോൾ വേണമെങ്കിലും വിദഗ്ധ വൈദ്യ സഹായം കിട്ടുമെന്ന് ഉറപ്പാക്കിയ ശേഷമാകുമ്പൊ മാത്രം.അതല്ലാത്തപ്പൊ കൊലപാതകക്കുറ്റമാണ്..അർഹമായ വൈദ്യസഹായം നിഷേധിച്ചതിന്.

ഒരു നിസാരമായ യാത്രയല്ല ഗർഭപാത്രതൽ നിന്ന് പുറത്തേക്കുള്ളത്. പല ശക്തികൾ , ഒടുവിൽ അമ്മയുടെ പ്രയത്നമടക്കം ഒരു സിംഫണിയിലെന്നപോലെ ക്രമം തെറ്റാതെ മുറ തെറ്റാതെ നടന്നെങ്കിലേ പ്രസവം നടക്കൂ. എവിടെവച്ച് വേണമെങ്കിലും മുറിഞ്ഞുപോകാവുന്ന ഒന്ന്.

അമ്മയുടെ അരക്കെട്ട് കുഞ്ഞിന്റെ തല കടന്നുപോകാൻ അനുയോജ്യമല്ലാതാകുന്ന CPD, കുഞ്ഞിന്റെ കിടപ്പിലെ (presentations) വ്യതിയാനങ്ങൾ, അമ്മയ്ക്കുണ്ടാകാവുന്ന മറ്റ് കോമ്പ്ലിക്കേഷനുകൾ.കൃത്യമായ ചെക്കപ്പുകളോ വിദഗ്ധ പരിശോധനയോ ഇല്ല എങ്കിൽ ഇതൊക്കെ പ്രസവസമയത്ത് കുഞ്ഞ് പാതിവഴിയിൽ തങ്ങുന്നത് വരെ അജ്ഞാതമായിരിക്കും...

പണ്ടുകാലത്ത് അരി ഇടിച്ചുകൊണ്ടിരുന്ന അമ്മ വന്ന് പ്രസവിച്ചിട്ട് പോയി അരി ഇടിച്ച വീരകൃത്യമൊക്കെ കേട്ടെന്നിരിക്കും. അതിന്റെ കൂടെ 13 പ്രസവത്തിൽ മൂന്നോ നാലോ പേർ 28 കെട്ട് കാണാതെ പോയതൊന്നും ആരും പറയാറില്ലാത്തതുകൊണ്ടാണ്.

മുക്കിനു മുക്കിനു ഹോസ്പിറ്റലുള ഇക്കാലവും ഗതികേടിന്റെ പുറത്ത്‌ വീട്ടിൽ പ്രസവിക്കേണ്ടിവരുന്ന നോർട്ട്‌ ഇന്ത്യയും പഴങ്കഥയുമൊന്നും പൊക്കിക്കോണ്ട്‌ വരരുതെന്ന് സാരം. ഇനി നോർത്ത്‌ ഇന്ത്യ താരതമ്യം ചെയ്തേ ഒക്കൂ എന്നാണെങ്കിൽ ദാ. . .

മറ്റേണൽ മോർട്ടാലിറ്റി റേറ്റ് അതായത് ഒരു ലക്ഷം പ്രസവങ്ങളിൽ എത്ര അമ്മമാർ മരിച്ചു എന്നതാണ് കണക്ക്.

കേരളത്തിന്റെ റേറ്റ് 61,
ഇന്ത്യയുടെ ആകെ 167,
ഗുജറാത്ത് 112,
ഉത്തർപ്രദേശ് 285,
തമിഴ്നാട് 79,
മഹാരാഷ്ട്ര 68.

ഇനി ഇതേ സംസ്ഥാനങ്ങളിലെ ആശുപത്രിയിലെ പ്രസവ നിരക്കും കൂടി പരിശോധിക്കാം. സിമ്പിളായി പറഞ്ഞാൽ വീട്ടിൽ പ്രസവം കുറയുന്ന സ്ഥലങ്ങളിൽ മാതൃമരണ നിരക്ക് കുറയുന്നു.

കേരളം 99.8 %,
ഇന്ത്യ 78.5 %,
ഗുജറാത്ത് 91.8 %,
ഉത്തർപ്രദേശ് 57.9 %,
തമിഴ്നാട് 99.8 %,
മഹാരാഷ്ട്ര 90.7%.

നവജാത ശിശുക്കളുടെ മരണ നിരക്കും ഈ ആശുപത്രി പ്രസവുമായും ഇതേ ബന്ധമാണ്. അവയും എത്ര എന്നുനോക്കാം. ആയിരം ശിശുജനനങ്ങളിൽ എത്ര കുഞ്ഞുങ്ങൾ മരിക്കുന്നു എന്നതാണ് നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ്.

കേരളത്തിന്റെ Rural - 7 & Urban - 3,
ഇന്ത്യയുടെ ആകെ Rural - 31 & Urban - 15,
ഗുജറാത്ത് Rural - 31 & Urban 16,
ഉത്തർപ്രദേശ് Rural 38 & Urban 20,
തമിഴ്നാട് Rural - 18 & Urban 11,
മഹാരാഷ്ട്ര Rural - 21 & Urban 11.

അഞ്ഞൂറിനു മുകളിലെ മാതൃമരണനിരക്ക് നൂറിൽ താഴെയും ശിശുമരണനിരക്ക് പത്തോടടുത്തുമൊക്കെ കൊണ്ടുവന്നത് ഒരുപാട് പേരുടെ പ്രയത്നവും സമയവും പണവും ഒക്കെ ചിലവാക്കി ഒരുപാട് നാളുകൊണ്ടാണ്. ഒരു സ്ത്രീ വീട്ടിൽ പ്രസവിച്ചാൽ ചിലപ്പോൾ ഒന്നും സംഭവിക്കില്ലായിരിക്കാം.പക്ഷേ അതുകണ്ട് വീണ്ടുവിചാരമില്ലാതെ നൂറുപേർ, ആയിരം പേർ തുനിഞ്ഞാൽ ഡീഫ്തീരിയ തിരിച്ച് വന്നതുപോലെ മാതൃ-ശിശു മരണനിരക്കും പഴയപടിയാവും..

അത് ആരോഗ്യപ്രവർത്തകരുടെ തോല്വിയാണ്...ലേശം ദെണ്ണമുണ്ട്...

അതുകൊണ്ട് പ്രസവിച്ച് വീഴുന്ന കുഞ്ഞിനു മുലപ്പാൽ നിഷേധിക്കുന്നവരെയും സ്ത്രീകളെ വീട്ടിൽ പ്രസവിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെയും വാക്സിൻ വിരുദ്ധരെയുമെല്ലാം എതിർത്തുകൊണ്ടേയിരിക്കും..

അതാരായാലും....

പല തവണ മുൻപ് എഴുതിയതാണ്, ഹിജാമ എന്നത് ഒരു അശാസ്ത്രീയ ചികിൽസയാണെന്ന്. ഗർഭകാലത്ത് നൽകുന്ന മരുന്നുകളും ചികിൽസാരീതികളും ആധുനിക വൈദ്യശാസ്ത്രത്തിൽ പല വർഷങ്ങളിലെ നിരീക്ഷണങ്ങൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും ശേഷമാണ് നൽകാറുള്ളത്. അത്തരത്തിൽ ഒരു പഠനവുമില്ലാത്ത ഇത്തരം രീതികൾ പരീക്ഷിക്കുമ്പൊ അപകടസാദ്ധ്യത വർദ്ധിക്കുകയേ ഉള്ളൂ.

വെറുതെ ഒന്ന് ആലോചിച്ച് നോക്കിക്കേ, ഗർഭകാലത്ത് അനീമിയ അഥവാ വിളർച്ച ഉള്ള പെൺകുട്ടിക്ക് ഹിജാമ എന്ന പേരിൽ രക്തമൂറ്റിയാലുണ്ടാകാവുന്ന അവസ്ഥ...

ഇത്തരം അബദ്ധങ്ങളെ ഗ്ളോറിഫൈ ചെയ്ത് പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളെക്കുറിച്ച് ഇനി എന്ത് പറയാൻ !!

advertisment

Super Leaderboard 970x90