Health

ഒറ്റമൂലിയെന്ന തട്ടിപ്പ്

ആശുപത്രിയിൽ കിടക്കുന്ന രോഗിയെ കാണുക പോലും ചെയ്യാതെ ഒരാഴ്ചകൊണ്ട് സുഖമാക്കിത്തരാമെന്നും ഒരൊറ്റ ഒറ്റമൂലി കഴിച്ചാൽ ശരിയാകുമെന്നുമൊക്കെ പറയുന്നവരെ അപ്പൊത്തന്നെ " ചേട്ടൻ പോയി പണി നോക്ക് " എന്ന് പറഞ്ഞ് തിരിച്ച് വിടുക. അല്ലാത്തതിനു പിറകെ പോയാൽ ഉള്ള രോഗം പോകില്ലെന്ന് മാത്രമല്ല ഒന്നാമതേ ക്ഷീണമായിരിക്കുന്ന കരളിന് പണി കൂടുകയും ചെയ്യും...പിന്നെ ഭാഗ്യമുള്ളവർക്ക് പത്രത്തിൽ പേരു വരും...പടം വരും...

ഒറ്റമൂലിയെന്ന തട്ടിപ്പ്

" പിഞ്ചുകുഞ്ഞിന്റെ മഞ്ഞപ്പിത്തത്തിനു ചെയ്ത ഒറ്റമൂലി ചികിൽസ കുഞ്ഞിന്റെ ജീവനെടുത്തു "

" ഒറ്റമൂലിയായി മുലപ്പാൽ കണ്ണിലൊഴിച്ചു. നവജാത ശിശുവിൻ്റെ കാഴ്ച നഷ്ടപ്പെട്ടു "

" മലപ്പുറം ജില്ലയിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ച ശേഷം ഒറ്റമൂലിയും ഭസ്മവും കൊണ്ട് ചികിൽസ നടത്തിയ ഏഴുപേർ മരണപ്പെട്ടു "

" മൂന്ന് വർഷം മുൻപ്‌ ക്രിയാറ്റിനിൻ 1.6 . ഡയബറ്റിസിനു ഒറ്റമൂലി ചികിൽസ ചെയ്തു. ഷുഗർ മാറിയതായിരുന്നു.ഇപ്പൊ ക്രിയാറ്റിനിൻ 9.7 "

ഇതെല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേട്ടുമറന്ന വാർത്തകൾ മാത്രമാണ്. തട്ടിപ്പുകൾക്ക് ഒരു രാജാവുണ്ടെങ്കിൽ ആ പദം അലങ്കരിക്കാൻ ഏറ്റവും യോഗ്യനാണ് ഒറ്റമൂലിയെന്ന തട്ടിപ്പ്. സാധാരണ തുമ്മലിനു തൊട്ട് ജീവിതശൈലീ രോഗങ്ങൾക്ക് വരെ " ഒറ്റമൂലിപ്രയോഗം " ഫലം ചെയ്യുന്നെന്നാണ് അവകാശവാദം.

എന്താണ് ഒറ്റമൂലി?

രോഗം ഏതുമായിക്കൊള്ളട്ടെ. ഒരൊറ്റത്തവണത്തെ ഔഷധപ്രയോഗം കൊണ്ട് വേരോടെ പിഴുതെറിയുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായിട്ടാണ് ഒറ്റമൂലികൾ അവതരിക്കപ്പെടുന്നത്. ജീവിതശൈലീരോഗങ്ങളോടൊപ്പം ഇവരുടെ സ്ഥിരം വേട്ടമൃഗങ്ങളിലൊന്ന് മഞ്ഞപ്പിത്തമാണ്. മിക്കവരും ഈ ചതിയിൽച്ചെന്ന് ചാടുന്നത് ഒരൊറ്റത്തവണയല്ലേയുള്ളൂ എന്നുള്ള തോന്നലും ശ്രമിച്ചതുകൊണ്ട് കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ എന്ന ചിന്തയും കൊണ്ടാണ്.

ഒറ്റമൂലി ഫലം ചെയ്യുമോ?

പണ്ടത്തെ ആൾക്കാരോട് ചോയ്ച്ചാൽ അറിയാം , അവർക്ക് സമ്പാദ്യം സൂക്ഷിക്കാനുണ്ടാരുന്നത് ഒരു തകരത്തിൻ്റെ ട്രങ്കുപെട്ടിയായിരുന്നു. ആ ട്രങ്ക് പെട്ടി തൊട്ട് നാസിക്കിലെ റിസർവ് ബാങ്കിൻ്റെ കമ്മട്ടം സൂക്ഷിച്ചിരിക്കുന്ന സേഫ് വരെ തുറക്കാൻ ഒരൊറ്റ താക്കോൽ മതിയെന്നും അതിനു വെറും രണ്ടായിരം രൂപയേ ഉള്ളെന്നും പറഞ്ഞ് ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്നാൽ എന്തായിരിക്കും മറുപടി?

" ഓട് മഹാനുഭാവാ കണ്ടം വഴി എന്ന്.." അല്ലേ?

അതുതന്നെയാണ് ഒറ്റമൂലിക്കാരോടും പറയേണ്ടത്. നമുക്ക് ഉദാഹരണമായി മഞ്ഞപ്പിത്തത്തെത്തന്നെ എടുക്കാം.

മഞ്ഞപ്പിത്തം ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണ്. ശരീരത്തിൽ - കണ്ണിൻ്റെ വെള്ളയുടെ ഭാഗത്തും തൊലിയിലും ഒക്കെ - മഞ്ഞനിറം കാണുന്നത് എന്തുകൊണ്ടാണെന്ന് അറിയാത്തതുകൊണ്ടാണ്. ഈ അറിവില്ലായ്മയെ ഒറ്റമൂലിക്കാർ ചൂഷണം ചെയ്യുന്നു.ആ മഞ്ഞനിറത്തിനു കാരണം രക്തത്തിൽ ക്രമാതീതമായി ഉയരുന്ന ബിലിറുബിൻ ആണ്.

അപ്പൊ എന്താണീ ബിലിറുബിൻ?

രക്തക്കുഴലിലൂടെ ശരീരം മൊത്തം ഓടിത്തീർക്കുന്ന ചുവന്ന രക്താണുക്കൾ നശിച്ച് പോകാറുണ്ടെന്ന് അറിയാല്ലോ? പകരം പുതിയത് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും. ഈ ചുവന്ന രക്താണു നശിക്കുമ്പോൾ " ഹീം " എന്നും " ഗ്ലോബിൻ " എന്നും പേരായ രണ്ട് ഘടകങ്ങളാണുണ്ടാവുക. ഇതിലെ " ഹീം " കരളിൽ വച്ച് ബിലിറുബിൻ എന്ന ഘടകമാവും. അത് പിത്തരസത്തിലൂടെ ചെറുകുടലിലും പിന്നെ വൻ കുടലിലുമെത്തും.

അവിടെ വച്ച് ഇവൻ യൂറോബിലിൻ, സ്റ്റെർകോബിലിൻ എന്നീ ഭാഗങ്ങളായി മാറും..കുറച്ച് മലത്തിലൂടെ പുറത്ത് പോകും.മലത്തിനു മഞ്ഞനിറം നൽകുന്നത് ഇവനാണ്. കുറച്ച് യൂറോബിലിൻ രക്തത്തിലൂടെ കിഡ്നിയിലെത്തി പുറത്ത് പോകും. കുറച്ച് തിരിച്ച് കരളിലേക്ക് പോവും..അതായത് കരളിനു ബിലിറുബിൻ ഉണ്ടാക്കുന്നതിലും അതിനെ പുറന്തള്ളുന്നതിലും പ്രധാന പങ്കുണ്ട്..

ഇനി, എങ്ങനെയാണീ ബിലിറുബിൻ കൂടുന്നത്?

വളരെ സിമ്പിളാണ്. വെള്ളം റോഡിൽ കെട്ടിനിൽക്കുന്നത് എങ്ങനെയാണ്. മൂന്ന് രീതിയിലാണ് അല്ലേ? (1) ഒഴുകാൻ പറ്റുന്നതിൽ കൂടുതൽ വെള്ളം വരുമ്പൊ (2) ഓടയിലെ പ്രശ്നങ്ങൾ കൊണ്ട് (3) ഒഴുകിപ്പോകേണ്ടീടത്തെ തടസങ്ങൾ കൊണ്ട്. ഇതുപോലെതന്നെയാണ് മഞ്ഞപ്പിത്തം ഉണ്ടാവുന്നതും. മൂന്ന് തരത്തിലാണ് പ്രശ്നങ്ങൾ.

1. കരളിനു കൈകാര്യം ചെയ്യാവുന്നതിൽ കൂടുതൽ ബിലിറുബിൻ ഉണ്ടാകുന്ന അവസ്ഥ. അതായത് കരളിനു മുൻപുള്ള ഭാഗത്തെ പ്രശ്നം..ഏതെങ്കിലും കാരണം കൊണ്ട് ചുവന്ന രക്താണുക്കൾ കൂടുതലായി നശിപ്പിക്കപ്പെടുമ്പൊ..

2. കരളിലെ പ്രശ്നങ്ങൾ - ജന്മനാ ഉള്ള പ്രശ്നങ്ങൾ കൊണ്ടോ , കരളിലെ കോശങ്ങളുടെ കുഴപ്പങ്ങൾ കൊണ്ടോ ബിലിറുബിനെ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് നഷ്ടപ്പെടുമ്പൊ കൂടുതൽ ബിലിറുബിൻ രക്തത്തിൽ കലരും. ഹെപ്പറ്റൈറ്റിസ് എ,ബി,സി,എലിപ്പനി പോലെയുള്ള ഇൻഫെക്ഷനുകളും ഇവിടെയാണ് പ്രവർത്തിക്കുക. നമ്മുടെ ബീവറേജസ് കോർപ്പറേഷനും പ്രശ്നമുണ്ടാക്കുന്നത് ഇവിടെത്തന്നെ..മദ്യം.

3. പോകുന്ന വഴിക്ക് തടസമുണ്ടെങ്കിൽ - അതായത് പാൻക്രിയാസിൻ്റെ തലയ്ക്കലെ കാൻസർ പോലെയുള്ള, അല്ലെങ്കിൽ പിത്താശയത്തിലെ കല്ല് പോലെയുള്ള പ്രശ്നങ്ങൾ ചിലപ്പൊ പിത്തരസം ഒഴുകി ചെറുകുടലിലെത്തുന്നതിനു തടസം സൃഷ്ടിക്കാം. അപ്പൊഴും ബിലിറുബിൻ്റെ അളവ് രക്തത്തിൽ കൂടും.

അപ്പൊ ഒറ്റമൂലി ബ്രോസ് ഇതിൽ ഏത് കാരണത്തിനാണ് മൂലി കൊടുക്കുന്നത്?

ശരിയായ ചികിൽസാരീതി കൃത്യമായ കാരണം കണ്ടെത്തി അതിനെ ചികിൽസിക്കലാണ്. അല്ലാതെ മഞ്ഞനിറം കുറയ്ക്കലല്ല. ഒറ്റമൂലിക്ക് അവിടെ യാതൊരു റോളുമില്ല.

എന്നാലും ഒരു തവണ ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റുണ്ടോ?

ഉണ്ടെന്നാണ് മുകളിലെ വാർത്തകൾ സൂചിപ്പിക്കുന്നത്.

* ശരിയായ രോഗനിർണയം താമസിക്കുന്നത് സുഖപ്പെടാനുള്ള സാദ്ധ്യതയെ സാരമായി ബാധിക്കും. നേരത്തെ പറഞ്ഞ, ചില കാൻസറുകൾ പോലും ആദ്യമേ കണ്ടെത്തി ചികിൽസിച്ചാൽ സുഖപ്പെടാൻ സാദ്ധ്യത കൂടുതലുള്ളതാണ്.

* കരളിൻ്റെ പ്രശ്നം കൊണ്ടാണ് മഞ്ഞപ്പിത്തമെങ്കിൽ അനാവശ്യ ചികിൽസകൾ കൂടുതൽ കുഴപ്പത്തിലേക്കേ എത്തിക്കുകയുള്ളൂ. കരളിലാണ് മിക്ക വസ്തുക്കളുടെയും വിഷാംശം നീക്കം ചെയ്യുന്നത്. (ഡീ-ടോക്സിഫിക്കേഷൻ) അതോടൊപ്പം അവശ്യ പ്രോട്ടീനുകളുടെ നിർമാണമടക്കം പിടിപ്പത് പണിയുമുണ്ട്. അപ്പൊ അതിനൊപ്പം അനാവശ്യമായി കണ്ട അതും ഇതുമൊക്കെ കൊടുത്ത് വീണ്ടും പണിയെടുപ്പിച്ചാൽ കരൾ വീണ്ടും കുഴപ്പത്തിലാവുകയേ ഉള്ളു...

* മഞ്ഞപ്പിത്തം ഒരു ഉദാഹരണം മാത്രം. ഇതുപോലെ തന്നെയാണ് മറ്റ് ഒറ്റമൂലികളുടെയും കഥ. എന്താണ് രോഗമെന്നോ അത് എങ്ങനെ ഉണ്ടാവുന്നെന്നോ നോക്കാതെ വഴിപോക്കരുടെ വാക്ക് കേട്ട് സ്വന്തം ജീവനും സ്വത്തും എന്തിനാണ് വെറുതെ അപകടത്തിലാക്കുന്നത്?

ആശുപത്രിയിൽ കിടക്കുന്ന രോഗിയെ കാണുക പോലും ചെയ്യാതെ ഒരാഴ്ചകൊണ്ട് സുഖമാക്കിത്തരാമെന്നും ഒരൊറ്റ ഒറ്റമൂലി കഴിച്ചാൽ ശരിയാകുമെന്നുമൊക്കെ പറയുന്നവരെ അപ്പൊത്തന്നെ " ചേട്ടൻ പോയി പണി നോക്ക് " എന്ന് പറഞ്ഞ് തിരിച്ച് വിടുക. അല്ലാത്തതിനു പിറകെ പോയാൽ ഉള്ള രോഗം പോകില്ലെന്ന് മാത്രമല്ല ഒന്നാമതേ ക്ഷീണമായിരിക്കുന്ന കരളിന് പണി കൂടുകയും ചെയ്യും...പിന്നെ ഭാഗ്യമുള്ളവർക്ക് പത്രത്തിൽ പേരു വരും...പടം വരും...

വേണ്ട...എന്നാത്തിനാ...

advertisment

Super Leaderboard 970x90