Health

പേരാമ്പ്രയിലുണ്ടായത് നീപ്പാ വൈറസ് ബാധയാണോ?

വളരെ നിസാരമെന്ന് കരുതുന്ന മുൻ കരുതലുകൾ എടുത്താൽ ഒട്ടുമിക്ക തരം പകർച്ചവ്യാധികളെയും അകറ്റിനിർത്താം. നിപ്പാ ആണെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പോലും അത്തരം മുൻ കരുതലുകൾ ഗുണം ചെയ്യും..

 പേരാമ്പ്രയിലുണ്ടായത് നീപ്പാ വൈറസ് ബാധയാണോ?

നീപ്പാ വൈറസിനെക്കുറിച്ചുള്ള പേടികൾ ഒരുപാടുപേർ ഇൻബോക്സിൽ പങ്കുവയ്ക്കുന്നതുകൊണ്ട് ഇടുന്ന പോസ്റ്റാണ്.

1. പേരാമ്പ്രയിലുണ്ടായത് നീപ്പാ വൈറസ് ബാധയാണോ?

പേരാമ്പ്രയിൽ പനി ബാധിച്ചതിനെത്തുടർന്ന് മൂന്ന് പേർ മരണമടഞ്ഞു. ഇൻകുബേഷൻ പീര്യഡ് (രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാനെടുക്കുന്ന സമയം) 10-14 ദിവസം വരെയുളള ഒരു രോഗാണുവാണിതിനു കാരണമെന്നാണു നിഗമനം

തലച്ചോറിനെയും ഹൃദയത്തെയും പനി ബാധിച്ചതാണു മരണകാരണം. ഇന്ന് രാവിലെ വരെ നീപ്പാ വൈറസ് ബാധയാണെന്നത് സ്ഥിരീകരിച്ചിട്ടില്ല. മണിപ്പാൽ വൈറോളജി ലാബിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. റിപ്പോർട്ടിനായി കാത്തിരിക്കുന്നു.

2. ഞാൻ താമസിക്കുന്നത് പനിമരണങ്ങൾ നടന്നതിനടുത്താണ്. ഇവിടെ ആരോഗ്യപ്രവർത്തകർ വീടുകൾ തോറും വന്ന് സർവേ നടത്തുന്നുണ്ട്. പേടിക്കാനുണ്ടെന്നാണോ പറയുന്നത്?

പേടിയും മുൻ കരുതലും രണ്ടും രണ്ടാണ്. ഒരു പകർച്ചപ്പനി ഉണ്ടായെന്ന ചെറിയ സംശയമെങ്കിലുമുണ്ടായാൽ ആരോഗ്യപ്രവർത്തകർ ചെയ്യുന്ന കുറച്ച് അടിസ്ഥാന കാര്യങ്ങളുണ്ടെന്ന് മനസിലാക്കുക.

ആദ്യമായി ചെയ്യുന്നത് രോഗം സ്ഥിരീകരിക്കുകയാണ്. ഇതിനു വേണ്ടി ലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ലബോറട്ടറി ടെസ്റ്റുകൾ നടത്തുകയുമെല്ലാം ചെയ്യേണ്ടതായി വരും. അതിൻ്റെ ഭാഗമായാണ് വൈറോളജി പരിശോധനയും.

രണ്ടാമതായി രോഗം പകരാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്ന, രോഗിയുമായി സമ്പർക്കത്തിൽ വരുന്നവരുടെ വിവരങ്ങളും ശേഖരിക്കും. കൂടുതൽ രോഗം പകരാതിരിക്കാനുള്ള മുൻ കരുതലും അതിലുപരി സ്ഥിരീകരണം ലഭിക്കുമ്പോൾ മികച്ച വൈദ്യസഹായം ലഭിക്കാനും ഇതുകൊണ്ട് സാധിക്കും.

അതായത് ആരോഗ്യപ്രവർത്തകർ വിവരം ശേഖരിക്കുന്നത് ഭയപ്പെടുത്താനല്ല.

3. എന്നാലും പേടി തോന്നുന്നു. എന്തു ചെയ്യണം?

ഒരിക്കൽക്കൂടി ആവർത്തിക്കാം. പേടിക്കേണ്ട. വിവരങ്ങൾ മുൻപേ അറിഞ്ഞിരുന്നാൽ കൂടുതൽ മികച്ച രീതിയിൽ നമുക്ക് രോഗത്തെ നേരിടാനാവും. ഇരുട്ടത്ത് നടക്കുമ്പൊ ഒരു ടോർച്ചുള്ളത് നല്ലതല്ലേ?

വളരെ നിസാരമെന്ന് കരുതുന്ന മുൻ കരുതലുകൾ എടുത്താൽ ഒട്ടുമിക്ക തരം പകർച്ചവ്യാധികളെയും അകറ്റിനിർത്താം. നിപ്പാ ആണെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പോലും അത്തരം മുൻ കരുതലുകൾ ഗുണം ചെയ്യും..

- വവ്വാലുകളുമായി സമ്പർക്കം വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. പേരയ്ക്ക, ചാമ്പങ്ങ, മാങ്ങ മുതലായ പഴങ്ങൾ പക്ഷികളും വവ്വാലുകളും ഭക്ഷിച്ചതിനു ശേഷമുളളവ കഴിക്കുന്നത് ഒഴിവാക്കുക.

- പനി ബാധിച്ച വ്യക്തികളുമായി സമ്പർക്കമുണ്ടായാൽ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകുക. രോഗികളുടെ വ്യക്തിപരമായ ആവശ്യത്തിനുള്ള സാമഗ്രികൾ മറ്റുള്ളവർ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

- പനി,മയക്കം മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ വിദഗ്ധചികിൽസ തേടുക.

- വ്യക്തിശുചിത്വം പാലിക്കുക. കൈ - കാൽ കഴുകലും ദിവസേനയുള്ള കുളിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്വീകരിക്കേണ്ട പ്രാഥമിക മര്യാദകളും പാലിക്കുക.

- മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

- ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക

- വാലും തലയുമില്ലാത്ത വാട്സ് ആപ് സന്ദേശങ്ങൾ കേട്ട് സ്ഥലം മാറി താമസിക്കേണ്ട അവസ്ഥയൊന്നുമില്ലെന്ന് മനസിലാക്കുക.

ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ശരിയായ വിവരങ്ങൾ അറിഞ്ഞ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം ...

രോഗം സ്ഥിരീകരിക്കുന്നതിനു മുൻപ് മുൻ കരുതൽ സ്വീകരിക്കാൻ പറയുന്നത് ഭയപ്പെടുത്താനല്ല. നിസാരമായ ഒരു കൈ കഴുകൽ കൊണ്ടോ മാസ്കും ഗ്ലൗവും ഉപയോഗിക്കുന്നതിലൂടെയോ രോഗബാധ ഒഴിവാക്കാനാവുമെങ്കിൽ അതല്ലേ കൂടുതൽ നല്ലത്?

advertisment

Super Leaderboard 970x90