Education

നീറ്റ് പ്രവേശനം - നിയമപ്രകാരമുളള മുന്നറിയിപ്പുകൾ

ഇത് ഒന്നോ രണ്ടോ വർഷം കൊണ്ട് അവസാനിക്കുന്ന ഒരു പണിയല്ല. ഒരിക്കൽ ഡോക്ടറായാൽ ഭൂരിഭാഗത്തിനും അത് ജീവിതാവസാനം വരെയുള്ള ജോലിയാണ്.

നീറ്റ് പ്രവേശനം - നിയമപ്രകാരമുളള മുന്നറിയിപ്പുകൾ

1. ഹോമിയോപ്പതി കോഴ്സിൻ്റെ സ്റ്റേറ്റ് മെറിറ്റ് ലാസ്റ്റ് റാങ്ക് 5000 ങ്ങളിലാണെന്ന് കാണുന്നു.

ഡോക്ടറാകണം എന്ന് അദമ്യമായ ആഗ്രഹമുണ്ടെങ്കിൽ ഒരു വർഷം കൂടി റിപ്പീറ്റ് ചെയ്യുകയാണു വേണ്ടത്.അല്ലാതെ ആരെങ്കിലും പറയുന്നതു കേട്ട് ഏതെങ്കിലും ഒരു കോഴ്സ് എടുത്ത് പോകാതിരിക്കുക.

അയലോക്കത്തെ ചേട്ടനോ ബന്ധത്തിലുള്ള ചേച്ചിയോ വിദഗ്ധോപദേശം തരാൻ കെല്പുള്ളവരല്ല.

സർക്കാർ നടത്തുന്നെന്നതുകൊണ്ട് മാത്രം ഒരു കോഴ്സും ശാസ്ത്രീയമാകണമെന്നില്ല. കോഴ്സിനു ചേർന്നുകഴിഞ്ഞ് പറഞ്ഞതുകൊണ്ട് ഒട്ട് പ്രയോജനവുമില്ല. നിങ്ങൾ 12 വരെ പഠിച്ച കെമിസ്ട്രിയും ഫിസിക്സുമെല്ലാം മറന്നുകളഞ്ഞ് അതിനെയൊക്കെ വെല്ലുവിളിച്ചാണു ഹോമിയോപ്പതി പഠിക്കേണ്ടിവരുന്നത്. അതിൻ്റെ അടിസ്ഥാന തത്വങ്ങളെന്ന് പറയുന്നവയ്ക്ക് തന്നെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ, ആധുനിക വൈദ്യശാസ്ത്രമോ മോഡേൺ സയൻസോ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിനു മുൻപ് എഴുതിയ ഒരു പുസ്തകം അതേപടി ഇപ്പൊ തുടരുന്നതുകൊണ്ട് മാത്രം അവിടേയ്ക്ക് ചെന്ന് കയറുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കണം. നേർപ്പിക്കുമ്പൊ വീര്യം കൂടുന്നെന്നും മറ്റുമുള്ള പരമാബദ്ധങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കുന്നതിനു മുൻപും..

ഒരു വർഷം ഒരു ജീവിതകാലത്തെക്കാൾ എന്തുകൊണ്ടും നല്ലതാണ്.അത്ര നിർബന്ധമുള്ളവർ ഒരുതവണകൂടി റിപ്പീറ്റ് ചെയ്യുന്നത് നീണ്ട പ്രാക്ടീസ് കാലത്ത് ഒരു നഷ്ടമാകില്ല. ബി.എ.എം.എസ് / ബി.എച്ച്.എം.എസ് കഴിഞ്ഞവരും എം.ബി.ബി.എസ് പഠിക്കാൻ വരാറുണ്ട്.

നീറ്റ് പ്രവേശനം - നിയമപ്രകാരമുളള മുന്നറിയിപ്പുകൾ

2. എം.ബി.ബി.എസിനു ചേരാൻ താല്പര്യപ്പെടുന്നവരോട് - ഇത് ഒന്നോ രണ്ടോ വർഷം കൊണ്ട് അവസാനിക്കുന്ന ഒരു പണിയല്ല. ഒരിക്കൽ ഡോക്ടറായാൽ ഭൂരിഭാഗത്തിനും അത് ജീവിതാവസാനം വരെയുള്ള ജോലിയാണ്.

- അതുകൊണ്ട് സ്വന്തം തീരുമാനമായിരിക്കണം കോഴ്സിനു ചേരുന്നത്. മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കാനും സ്റ്റാറ്റസ് വർദ്ധിപ്പിക്കാനുമായി ഒരു കാരണവശാലും ചേരരുത്.

- പ്ലസ് ടു കഴിഞ്ഞാൽ / എൻ്റ്രൻസ് കഴിഞ്ഞാൽ പിന്നെല്ലാം എളുപ്പമാണെന്ന മോഹനവാഗ്ദാനം കേൾക്കരുത്. നിങ്ങൾ നീറ്റ് പരീക്ഷയ്ക്ക് അനുഭവിച്ച ടെൻഷൻ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ഒരു പൂ പറിക്കുന്നതു പോലെ നിസാരമാണ്.

- അഞ്ചു വർഷം കൊണ്ട് പഠനം കഴിയില്ല. മുൻപോട്ട് വീണ്ടും പല എൻ്റ്രൻസുകളും പല വർഷത്തെ പഠനങ്ങളും കാത്തിരിപ്പുണ്ടാവും. സ്കൂൾ കൂട്ടുകാരുടെ ജോലിയും കല്യാണവുമൊക്കെ നടക്കും. എന്നാലും നിങ്ങൾ ഒരിടത്തുമെത്തിയെന്നിരിക്കില്ല.

- വീട് , വീട്ടുകാർ, ആഘോഷങ്ങൾ , വിശേഷാവസരങ്ങൾ ഒക്കെയോടും ഗുഡ് ബൈ പറയേണ്ടിവരാം. ഉറക്കം, സമാധാനം ഒക്കെ നഷ്ടപ്പെടാനിടയുണ്ടെന്ന് മനസിലാക്കിക്കോളുക. നന്ദിയുടെ വാക്കുകൾ ആഗ്രഹിക്കരുത്.

- ദൈവമാകാനുള്ള പരിശീലനം മെഡിക്കൽ കോളജിൽ പ്രതീക്ഷിക്കരുത്. ഇവിടെ മാജിക് പഠിപ്പിക്കുമെന്നും കരുതരുത്. നിരാശരാകേണ്ടിവരും. അതെല്ലാം സമൂഹം പറഞ്ഞുപഠിപ്പിക്കുന്ന അബദ്ധധാരണകളാണ്.

- സിനിമയിലെ ആശുപത്രി, ഡോക്ടർ, അവസരങ്ങൾ, ഹീറോയിസങ്ങൾ ഒക്കെ മറന്നേക്കുക. ഇവിടെയുണ്ടാവുക കൊച്ചുകൊച്ച് സന്തോഷങ്ങളാണ്. പക്ഷേ അത് നിങ്ങൾ മറക്കില്ലാത്തവയായിരിക്കും.

ഒരു ഡോക്ടറാവുന്നത് ഒരു ദുരന്തമല്ല. കരയുന്ന കുഞ്ഞും റീസ്റ്റാർട്ട് ചെയ്യുന്ന ഹൃദയവും മായുന്ന വേദനയുമൊക്കെ തരുന്ന സാറ്റിസ്ഫാക്ഷൻ ഇവിടെയേ കിട്ടൂ..പക്ഷേ ഇതൊട്ടും എളുപ്പമുള്ള ഒരു ജോലിയുമല്ല. ഒരുപാട് നഷ്ടങ്ങൾ സഹിക്കേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ട് അഡ്മിഷൻ നേടിയാൽ ഇച്ഛാഭംഗം കുറഞ്ഞുകിട്ടും..

advertisment

News

Related News

    Super Leaderboard 970x90