Kerala

'വെറും വികാരവിക്ഷോഭമെന്ന " നിഷ്കളങ്ക " ന്യായീകരണത്തിലൊതുങ്ങില്ല ഈ കൊലപാതകങ്ങൾ...! എനിക്കുവേണ്ടി ആരും ആരെയും കൊല്ലാനിറങ്ങരുതെന്ന് പറയാനുള്ള ആർജവം ഒരു നേതാവിനെങ്കിലും ഉണ്ടായിരുന്നെങ്കിൽ...' നെൽസൺ ജോസഫ്

" ഇവിടെ സമാധാനമാണ് വേണ്ടത്. എൻ്റെ മകൻ കൊല്ലപ്പെട്ടു. പക്ഷേ ഇനി ഒരു കുടുംബത്തിനുകൂടി പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല. ഒരു വീടുകൂടി കത്തിക്കപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല...ഏതെങ്കിലും തരത്തിലുള്ള തിരിച്ചടി നൽകാൻ ശ്രമിച്ചാൽ ഞാൻ ഈ പ്രദേശം വിടും..നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അക്രമത്തിനായി ഒരു ചെറുവിരൽ പോലും അനക്കരുത്..."

'വെറും വികാരവിക്ഷോഭമെന്ന " നിഷ്കളങ്ക " ന്യായീകരണത്തിലൊതുങ്ങില്ല ഈ കൊലപാതകങ്ങൾ...! എനിക്കുവേണ്ടി ആരും ആരെയും കൊല്ലാനിറങ്ങരുതെന്ന് പറയാനുള്ള ആർജവം ഒരു നേതാവിനെങ്കിലും ഉണ്ടായിരുന്നെങ്കിൽ...' നെൽസൺ ജോസഫ്

ഇക്കഴിഞ്ഞ ദുഖവെള്ളിയാഴ്ച ഇട്ട പോസ്റ്റ് അറിയാതെ ഓർത്തുപോയി. അന്ന് പള്ളിയിൽപ്പോയി വന്നുകഴിഞ്ഞപ്പൊഴാണ് ആ വാർത്ത ശ്രദ്ധിച്ചത്.

പശ്ചിമ ബംഗാളിൽ രാമനവമിയുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം നാലിലേക്കെത്തി. നാലാമൻ ഈ വർഷം പത്താം ക്ലാസിലെ ബോർഡ് എക്സാമെഴുതിയ സിബ്തുള്ള റഷീദിയെന്ന കുട്ടിയാണ്. ഒരു ജനക്കൂട്ടം അവനെ കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. മണിക്കൂറുകൾക്ക് ശേഷം കൊല്ലപ്പെട്ട നിലയിൽ അവനെ കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും പൊലീസ് അറിയിക്കാൻ ചെന്ന മൂത്ത സഹോദരനെ അവിടെ കാത്തുനിർത്തുകയായിരുന്നു. പിന്നീട് കുട്ടി മരിച്ചതായി അറിയിക്കുകയും ചെയ്തു. അവിടത്തെ ഒരു മോസ്കിലെ ഇമാമായ മൗലാനാ ഇംദാദുൾ റാഷിദിയുടെ മകനായിരുന്നു അവൻ..

സംസ്കാരച്ചടങ്ങ് കഴിഞ്ഞ് ഒത്തുകൂടിയ ഏതാണ്ട് ആയിരത്തോളം വരുന്ന ജനക്കൂട്ടത്തെ ഇമാം അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു...

" ഇവിടെ സമാധാനമാണ് വേണ്ടത്. എൻ്റെ മകൻ കൊല്ലപ്പെട്ടു. പക്ഷേ ഇനി ഒരു കുടുംബത്തിനുകൂടി പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല. ഒരു വീടുകൂടി കത്തിക്കപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല...ഏതെങ്കിലും തരത്തിലുള്ള തിരിച്ചടി നൽകാൻ ശ്രമിച്ചാൽ ഞാൻ ഈ പ്രദേശം വിടും..നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അക്രമത്തിനായി ഒരു ചെറുവിരൽ പോലും അനക്കരുത്..."

പ്രതികാരമാഗ്രഹിച്ച് വന്നവർ കണ്ണു നിറഞ്ഞാണ് തിരികെപ്പോയത്. പ്രതികാരത്തിനായി അക്ഷമരായിരുന്ന യുവാക്കളടങ്ങിയ ആ ജനക്കൂട്ടത്തെ ശാന്തരാക്കി തിരിച്ചയച്ചത് ഇമാമിൻ്റെ വാക്കുകളായിരുന്നു.അവിടെയും സംഘപരിവാരം ഇളക്കിവിട്ട ജനക്കൂട്ടമാണ് നിരപരാധികളായ നാലുപേരുടെ ജീവനെടുത്തത്. പക്ഷേ ഒരു ഇമാമിൻ്റെ കരുതൽ ഒരു ജീവൻ - ഒരുപക്ഷേ ഒട്ടനേകം ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ സഹായിച്ചു.

ഇന്നലെ കണ്ണൂരിൽ ഒരു സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കകം മറ്റൊരു പാർട്ടിയിലെയും ഒരാൾ കൊല്ലപ്പെട്ടു. ടൈം ലൈനിൽ കണ്ട പോസ്റ്റുകളിൽ നിന്ന് മനസിലായത് അയാളൊരു നല്ല മനുഷ്യനായിരുന്നെന്നാണ്. മൂന്ന് മക്കളുള്ള ഒരു കുടുംബത്തിൻ്റെ നാഥൻ. എതിർ പാർട്ടിയിൽ കൊല്ലപ്പെട്ടയാൾക്ക് മേൽപ്പറഞ്ഞ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. അയാൾക്കുമുണ്ടാകണം ഒരു കുടുംബം.

അതിവിചിത്രമായ ഒരു സ്ഥിതിവിശേഷം ഇന്നലെ ടൈം ലൈനിൽ കാണുകയുണ്ടായി. കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് വ്യാപകമായി അദ്ദേഹത്തിൻ്റെ ഫോട്ടോ - കൊല്ലപ്പെട്ട് കിടക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നത്. ക്രൂരമായ കൊലപാതകത്തിൻ്റെ ചിത്രം പ്രചരിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തെന്താണെന്ന് നമുക്കറിയാവുന്നതേ ഉള്ളൂ...മൗലാനാ ഇംദാദുൾ റാഷിദിയുടെ പോലൊരു സമാധാനസന്ദേശമല്ല അത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതവസാനിക്കുകയും ചെയ്തു.

സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കി കലാപം സൃഷ്ടിക്കലാണ് ആർ.എസ്.എസിൻ്റെ ശ്രമം എന്ന് ചില നേതാക്കളെങ്കിലും പറയുന്നുണ്ട്. അവർ പോലും അണികളോട് സംയമനം പാലിക്കണമെന്നോ പ്രതികാരത്തിനു മുതിരരുതെന്നോ പറയുന്നില്ല (ശ്രീ ജയരാജൻ്റെ പോസ്റ്റ് എക്സപ്ഷനാണ്). അവരും മുൻപ് സംസാരിച്ചിരുന്നത് " നിങ്ങൾ കൊല്ലാതിരുന്നാൽ ഞങ്ങൾ കൊല്ലില്ല " എന്നും " പാടത്ത് പണി, വരമ്പത്ത് കൂലി " എന്നുമാണ്.

കൊലപാതകത്തിനു തിരിച്ച് കൊലപാതകം നടത്തുമ്പൊ കലാപസാദ്ധ്യത കൂടുകയേ ഉള്ളൂ എന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എങ്കിലുമുണ്ടാവണം. അതോ ആഭ്യന്തര വകുപ്പിൽ അത്രയ്ക്ക് വിശ്വാസമില്ലെന്നാണോ? ഒരു വിഭാഗം കൊല്ലുന്നെന്ന് കരുതി മറ്റുള്ളവരും അതിനിറങ്ങരുത്. പൊലീസും നിയമവുമുണ്ട്. പ്രതികളെ പിടിക്കൂ. ഇല്ലെങ്കിൽ അവരും നിങ്ങളും തമ്മിലെന്താണു വ്യത്യാസം?

ഒരാൾക്ക് പകരം മറ്റൊരുവനെ കൊന്നതുകൊണ്ട് ഈ ചോരക്കളി അവസാനിക്കുമെന്ന് കരുതുന്നുണ്ടോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. ബലിദാനികളുടെ എണ്ണം പറഞ്ഞ് വോട്ട് പിടിക്കുന്ന പ്രധാനമന്ത്രിയും രക്തസാക്ഷികളുടെ കണക്കെടുത്ത് ഉയർത്തിക്കാട്ടുന്ന പാർട്ടികളും ഉള്ളിടത്തോളം കാലം ഈ കളി തുടർന്നുകൊണ്ടേയിരിക്കും. ഇത് മരിച്ചവരുടെ മാത്രം കണക്കാണ്. മരിക്കാതെ മരിച്ചവർ എത്രപേരുണ്ടാകും !

ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടപ്പൊ നിങ്ങൾ കണ്ടില്ലെന്ന് നടിച്ചെന്ന് ആരോപിക്കുന്നവർ സ്വയം ആത്മപരിശോധന നടത്തൂ, എല്ലായ്പോഴും നിരപരാധികൾ കൊല്ലപ്പെട്ടിരുന്നപ്പൊ പ്രതികരിച്ചിരുന്നോ എന്ന്...സെലക്ടീവ് മൗനം കസ്റ്റഡി കൊലപാതകങ്ങളിലടക്കം പാലിച്ചവർ തന്നെ ഭൂരിപക്ഷം..

കൊലപാതകം ന്യായീകരിക്കുന്ന കുറച്ചേറെപ്പേരെ കണ്ടു ഇന്നലെ. ഞങ്ങളിലൊരാളെ കൊന്നതുകൊണ്ട് വികാരപരമായി പ്രതികരിച്ചതാണെന്ന് തൊട്ട് എവരി ആക്ഷൻ ഹാസ് ഈക്വൽ ആൻഡ് ഓപ്പസിറ്റ് റിയാക്ഷനെന്ന് വരെ...ഒരു പ്രകോപനവും കൂടാതെ കൊല്ലപ്പെട്ടവരെ അപ്പൊ ഏത് റിയാക്ഷനിൽ പെടുത്തും? വെറും വികാരവിക്ഷോഭമെന്ന " നിഷ്കളങ്ക " ന്യായീകരണത്തിലൊതുങ്ങില്ല ഈ കൊലപാതകങ്ങൾ.

കുറച്ചുനാൾ മുൻപ് തിരുവനന്തപുരത്ത് നടന്നത് ഓർമിക്കുന്നു. തിരുവനന്തപുരത്ത് അടിയും തിരിച്ചടിയുമായി സംഘർഷം മൂത്തിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങൾ. അങ്ങനെ പ്രശ്നങ്ങൾ അതിരു കടന്നപ്പോൾ ഇരു വിഭാഗത്തിൻ്റെയും നേതാക്കൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്തു. ആ നിമിഷം മുതൽ സംഗതികൾ ശാന്തം.

എന്നെ ഇപ്പൊഴും അലട്ടുന്ന ചോദ്യങ്ങളുണ്ട്...അവരെന്തുകൊണ്ട് ആ ചർച്ച നേരത്തെ നടത്തിയില്ല? അതിനു ശേഷം ഒരു ഇല പോലും അനങ്ങിയില്ല...അത് അവർക്ക് സാധിച്ചിരുന്നുവെങ്കിൽ ആ കൊലപാതകങ്ങളും അക്രമങ്ങളും ഒഴിവാക്കാനും അവർക്ക് കഴിയുമായിരുന്നില്ലേ?

മരിക്കുമ്പൊ നഷ്ടം കൊല്ലപ്പെടുന്നവൻ്റെ കുടുംബത്തിനാണ്. കുടുംബത്തിനു മാത്രം.

മരിച്ചയാൾ നല്ലവനായിരുന്നിരിക്കാം. ജനോപകാരി ആയിരുന്നിരിക്കാം. അതല്ലെങ്കിൽ വെറുതെ ഓട്ടോ റിക്ഷ ഓടിച്ച് കുടുംബം പുലർത്തുക മാത്രം ചെയ്തവനായിരിക്കാം..എന്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കൊല...സ്വന്തം പക്ഷത്ത് ഒരുത്തനെ കൊന്നതിനു പകരമായി എതിർ ചേരിയിലെ ആരെയെങ്കിലും കൊല്ലുന്നതല്ല രാഷ്ട്രീയം. ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നത് തെറ്റായിക്കാണുന്നവർ... അതിൻ്റെ പേരു ഗുണ്ടായിസമെന്നും തീവ്രവാദമെന്നുമൊക്കെയാവണം.

എല്ലാവർക്കും മൗലാനാ ഇംദാദുൾ റാഷിദി ആകാൻ കഴിയില്ലായിരിക്കാം...പക്ഷേ ഏറ്റവും കുറഞ്ഞത് എനിക്കുവേണ്ടി ആരും ആരെയും കൊല്ലാനിറങ്ങരുതെന്ന് പറയാനുള്ള ആർജവം ഒരു നേതാവിനെങ്കിലും ഉണ്ടായിരുന്നെങ്കിൽ...

advertisment

News

Related News

    Super Leaderboard 970x90