Health

'ഹീമോലൈറ്റിക് ഡിസീസ് ഓഫ് ന്യൂബോണെന്ന് വടക്കനും തെക്കനുമൊക്കെ കേൾക്കുന്നത് തന്നെ ഇപ്പോഴായിരിക്കും...' നെൽസൺ ജോസഫ്

സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുപ്പിക്കുക മാത്രമല്ല, ഈ നഷ്ടമാകുന്ന കുഞ്ഞിൻ്റെ പേരിൽ അടികൊള്ളുന്നതും കേസ് കളിക്കേണ്ടിവരുന്നതും ഏതെങ്കിലും ഗൈനക്കോളജിസ്റ്റോ പീഡിയാട്രീഷനോ ആകാമെന്നുള്ളതാണ് ഇതിലെ അടുത്ത ദുരന്തം.

'ഹീമോലൈറ്റിക് ഡിസീസ് ഓഫ് ന്യൂബോണെന്ന് വടക്കനും തെക്കനുമൊക്കെ കേൾക്കുന്നത് തന്നെ ഇപ്പോഴായിരിക്കും...' നെൽസൺ ജോസഫ്

തുറന്ന് പറയാമല്ലോ, ഇനിയും ജനിക്കാത്ത ഈ കുഞ്ഞിൻ്റെയും ഇതുപോലുള്ള നൂറുകണക്കിനു കുഞ്ഞുങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്നതിൻ്റെ ഉത്തരവാദിത്വം അഞ്ചു കൂട്ടർക്കാണ്.

1. അവരുടെ മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും - എവിടെയോ കിടക്കുന്ന ഒരു ഫ്രോഡിനെ ക്വാളിഫൈഡ് ഡോക്ടർക്കുപരിയായി വിശ്വസിക്കുന്നതിനും ഉത്തരവാദിത്വമുണ്ട്. അത് വെറും അറിവില്ലായ്മയെന്ന നിഷ്കളങ്കതയിൽ ഒളിപ്പിക്കാൻ കഴിയില്ല.

2. ജേക്കബ് വടക്കഞ്ചേരി - മോഹനൻ വൈദ്യർ വൈദ്യശാസ്ത്രത്തിൻ്റെ കാര്യത്തിൽ ഒരു മണ്ടനാണെന്നെങ്കിലും കരുതാം. മറ്റ് സംഗതികൾക്ക് ആവശ്യത്തിനു കുരുട്ടുബുദ്ധി അയാൾക്കുണ്ട്.

പക്ഷേ ജേക്കബ് വടക്കഞ്ചേരി അതുപോലെയല്ല. അയാൾ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പുസ്തകങ്ങൾ തന്നെ വായിച്ചിട്ട് അതിൽ നിന്നുള്ള നല്ലതിനെ കുറച്ചുകാട്ടിയും ആധുനിക വൈദ്യശാസ്ത്രം തന്നെ തിരിച്ചറിയുകയും പറയുകയും ചെയ്തിട്ടുള്ള പാർശ്വഫലങ്ങൾ പോലുള്ളതിനെ പെരുപ്പിച്ചുകാട്ടിയും വസ്തുതകളെ വളച്ചൊടിച്ചും ചിലയിടത്ത് നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ചും ബിസിനസ് വളർത്താൻ ശ്രമിക്കുകയാണ്.

അയാൾക്കറിയാം അയാൾ ചെയ്യുന്നത് ദ്രോഹമാണെന്ന്. അതുകൊണ്ട് തെറ്റിനു ഗൗരവമേറും.

3. ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ - ടീച്ചറുടെ വാക്കും പഴയ ചാക്കും ഏതാണ്ട് ഒരുപോലെയാണ്.വ്യാജനാണെന്ന് തെളിഞ്ഞിട്ടും വാക്സിൻ വിരുദ്ധപ്രചരണം നടത്തിയിട്ടും തനിക്കെതിരെ നടപടി ഉണ്ടാകാത്തതെന്താണെന്ന് ഡോക്ടർമാരോട് വടക്കഞ്ചേരി ചോദിക്കുമ്പൊ കുനിയേണ്ടത് ഞങ്ങളുടെ തലയല്ല ടീച്ചറുടെ മുഖമാണ്..

ആരോഗ്യമന്ത്രിക്ക് 2016ൽ ഫ്രീതിങ്കേഴ്സ് ഫോറം തൊട്ട് എം.ആർ വാക്സിനേഷൻ കാമ്പെയിൻ സമയത്ത് വിവിധ വ്യക്തികൾ വരെ പരാതി നൽകിയിട്ടും എന്ത് നടപടിയാണുണ്ടായതെന്ന് ഇവിടെ എല്ലാവർക്കും അറിയാം. അതിർത്തിയിലെ ജവാന്മാർക്ക് ശേഷം അതിർത്തി ഇത്ര ഫലപ്രദമായി ഉപയോഗിച്ച മറ്റൊരു ആരോഗ്യമന്ത്രി കേരളചരിത്രത്തിലുണ്ടായിരിക്കുകയില്ല.

4&5. സഖാവ് വി.എസ്. അച്യുതാനന്ദൻ, സഖാവ് എം.എ.ബേബി,അനിൽ അക്കര എം.എൽ.എ - അയലോക്കത്തെ പുര കത്തിക്കൊണ്ടിരുന്നപ്പൊ പോലും അതിനകത്തുനിന്ന് സുഹൃത്തിനു ചൂട്ട് കത്തിച്ചു കൊടുത്ത രീതിയിലെ പരിപാടി കാണിച്ചതാണ് ഇതിലൊരാൾ. മറ്റെയാൾ വടക്കനു നൽകിയ സർട്ടിഫിക്കറ്റ് ഇപ്പൊഴും യൂട്യൂബിലുണ്ട്. ഇതുപോലെ കഞ്ഞിവച്ചുകൊടുക്കാൻ ആളുണ്ടെങ്കിൽ പിന്നെ ആരെ പേടിക്കാനാണ്?

ഈ കേസ് ഷീറ്റിലെഴുതിയിരിക്കുന്നത് മറ്റൊന്നുമല്ല. ആർ.എച്ച് നെഗറ്റീവ് ഗ്രൂപ്പുള്ള അമ്മയ്ക്ക് ആദ്യ കുഞ്ഞ് ആർ.എച്ച് പോസിറ്റീവാണെങ്കിൽ ആൻ്റി ഡി കുത്തിവയ്പ് എടുക്കേണ്ടത് അത്യാവശ്യമാണ്. എത്ര സൂക്ഷിച്ചുകഴിഞ്ഞാലും പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം അല്പമെങ്കിലും കലരാനും അതുവഴി ആർ.എച്ച് ആൻ്റിബോഡികൾ അമ്മയുടെ രക്തത്തിൽ സൃഷ്ടിക്കപ്പെടാനുമിടയാകും.

ഇപ്പൊ കുഴപ്പമൊന്നുമുണ്ടാകില്ല. അടുത്ത ഗർഭകാലത്ത് ഈ ആൻ്റിബോഡികൾ കുഞ്ഞിനെ ആക്രമിക്കും..അതിനെത്തുടർന്ന് വരുന്ന ഗർഭകാലങ്ങളിലും. കുഞ്ഞ് ഗർഭപാത്രത്തിൽത്തന്നെ വച്ച് മരിക്കാനും ചാപിള്ളകളെ പ്രസവിക്കാനുമുള്ള സാദ്ധ്യതയേറുകയാണു ചെയ്യുന്നത്. അതുകൂടാതെ വാക്സിനെടുക്കരുതെന്നും വ്യാജൻ ഉപദേശീക്കുന്നുണ്ടത്രേ..

ഇനി അഥവാ കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനു ഹീമോലൈറ്റിക് ഡിസീസ് ഓഫ് ന്യൂബോൺ എന്ന അവസ്ഥയുണ്ടാവാം. ഒന്നിലധികം പരിശോധനകളും സങ്കീർണമായ ചികിൽസയും വേണ്ടിവന്നേക്കാം ജീവൻ നിലനിർത്താൻ. ഇല്ലെങ്കിൽ കുഞ്ഞ് മരണമടയുകയാവും ഫലം...

അങ്ങനൊക്കെയുണ്ടായാലും ഇതുപോലത്തെ ചില വിഷവിത്തുകൾ കഴിഞ്ഞ ജന്മത്തിലെടുത്ത ആൻ്റിബയോട്ടിക്കിൻ്റെയോ കഫ് സിറപ്പിൻ്റെയോ അമ്മ ഇട്ട ജീൻസിൻ്റെയോ ഒക്കെ തലയിൽ കുറ്റം കെട്ടിവയ്ക്കും. ഉറപ്പ്. ഹീമോലൈറ്റിക് ഡിസീസ് ഓഫ് ന്യൂബോണെന്ന് വടക്കനും തെക്കനുമൊക്കെ കേൾക്കുന്നത് തന്നെ ഇപ്പോഴായിരിക്കും...പോത്തിനെന്ത് ഏത്തവാഴ.

സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുപ്പിക്കുക മാത്രമല്ല, ഈ നഷ്ടമാകുന്ന കുഞ്ഞിൻ്റെ പേരിൽ അടികൊള്ളുന്നതും കേസ് കളിക്കേണ്ടിവരുന്നതും ഏതെങ്കിലും ഗൈനക്കോളജിസ്റ്റോ പീഡിയാട്രീഷനോ ആകാമെന്നുള്ളതാണ് ഇതിലെ അടുത്ത ദുരന്തം. അതല്ലേലും അങ്ങനാണല്ലോ. ഇവിടെ ചിരഞ്ജീവികളായിരുന്നവരെയൊക്കെ കൊന്നുകൂട്ടിയത് ആധുനിക വൈദ്യശാസ്ത്രമാണല്ലോ....

advertisment

Super Leaderboard 970x90