Health

അമ്മിഞ്ഞ വിപ്ലവം - നെൽസൺ ജോസഫ്

ഒരു കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നത് എന്തുകൊണ്ടോ അശ്ലീലമായിത്തോന്നുന്നില്ല. അത് ചിത്രത്തിലായാലും നേരിട്ടായാലും. പക്ഷേ എല്ലാവർക്കും തുറസായ സ്ഥലത്തോ മറ്റുള്ളവരുടെ മുന്നിലോ ഇരുന്ന് മുലയൂട്ടുന്നത് അത്ര കംഫർട്ടബിളായി തോന്നണമെന്നില്ല. അവർക്കായി പൊതുസ്ഥലങ്ങളിൽ മുലയൂട്ടൽ മുറികൾ അനിവാര്യമാണ്. മിക്ക ആശുപത്രികളിലുമുള്ള അവ പൊതുസ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുമാണ്...

അമ്മിഞ്ഞ വിപ്ലവം - നെൽസൺ ജോസഫ്

ചിത്രത്തിൽ കാണുന്ന ആദ്യത്തെയാൾ ഓസ്ട്രേലിയൻ എം.പി ആണ്. ലാരിസ വാട്ടേഴ്സ്. ഓസ്ട്രേലിയൻ പാർലിമെന്റിൽ ആദ്യമായി മുലയൂട്ടിയ അമ്മ എന്ന പദവി ലാരിസയ്ക്കാണ്.

വെറുതെയിരുന്ന് മുലയൂട്ടുകയല്ല ആയമ്മ ചെയ്തത്. ഒരു പ്രസംഗം നടത്തുന്നതിനിടയിലാണ് കുഞ്ഞിനു പാൽ നൽകിയത്. ഓസ്ട്രേലിയൻ പാർലമെന്റ് കഴിഞ്ഞ വർഷം അവിടത്തെ നിയമങ്ങൾ അമ്മമാർക്ക് പാർലമെന്റിനുള്ളിലിരുന്ന് മുലയൂട്ടത്തക്കവിധം പരിഷ്കരിച്ചിരുന്നു.

രണ്ടാമത്തെയാൾ വിക്ടോറിയ പെരെസ്. അർജന്റീനിയൻ രാഷ്ട്രീയത്തിൽ നിന്നും. അവരും പാർലമെന്റിനുള്ളിലിരുന്ന് മുലയൂട്ടിയ അമ്മയാണ്. ഐസ് ലാൻഡ് പാർലിമെന്റിലും സമാനമായ സംഭവമുണ്ടായിരുന്നു അല്പനാൾ മുൻപ്. ഒരു കാര്യം ഒരു സമയത്ത് ചെയ്യാൻ തന്നെ പ്രയാസമാണിവിടെ. അപ്പൊ പ്രസംഗത്തിനിടയിൽ മുലയൂട്ടിയതിന് ഒരു നമോവാകം ആദ്യമായിട്ട്...

അമ്മിഞ്ഞ വിപ്ലവം - നെൽസൺ ജോസഫ്

നമ്മുടെ കൊച്ചുകേരളത്തിലെ ഒരു അമ്മയും മുലയൂട്ടുന്നതിന്റെ ചിത്രം പരസ്യമായി സോഷ്യൽ മീഡീയ വഴി പോസ്റ്റ് ചെയ്തിരുന്നു ഈ അടുത്തിടെ.ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അമൃത.. ചിത്രത്തെക്കാൾ സന്തോഷിപ്പിച്ചത് ഒപ്പം കൊടുത്തിരുന്ന ഒരു നീണ്ട ലിസ്റ്റാണ്.. ഒരുമാതിരിപ്പെട്ട അമ്മിഞ്ഞ വിശ്വാസങ്ങളൊക്കെ പൊളിച്ചടുക്കിയിട്ടുണ്ടതിൽ..അതോടൊപ്പം മറ്റ് ചിലവ കൂടി ചേർത്ത് ലിസ്റ്റ് പരിഷ്കരിക്കുന്നു ഇവിടെ...

* മുലയൂട്ടലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടത് കുഞ്ഞ് പിറക്കുമ്പോളല്ല. അതിനും വളരെ മുൻപേയാണ്. മാറിടങ്ങൾക്ക് മുലയൂട്ടലിനു വിഘാതമായേക്കാവുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ( ഉദാഹരണത്തിന് ഉൾ വലിഞ്ഞിരിക്കുന്ന നിപ്പിൾ ) എന്ന് പ്രസവത്തിനു മുൻപ് തന്നെ ഡോക്ടറോട് ചർച്ച ചെയ്യാവുന്നതാണ്.

 * സാധാരണ പ്രസവത്തിൽ അമ്മയ്ക്ക് സാദ്ധ്യമാവുന്നത്ര നേരത്തെയും സിസേറിയൻ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിലും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ മുലയൂട്ടാവുന്നതാണ്. ആദ്യത്തെ കൊഴുത്ത മഞ്ഞ നിറത്തിഉള്ള പാൽ നിർബന്ധമായും കുഞ്ഞിന് നൽകണം. ആദ്യത്തെ വാക്സിൻ ഇതാണ് (ഇനി അത് കേട്ടിട്ട് പിഴിഞ്ഞ് കളയുന്നവർക്ക് ഓടാൻ ആശുപത്രിക്കടുത്ത് കണ്ടങ്ങൾ ഉണ്ടാക്കാം)

* ആദ്യം കൊടുക്കുന്ന ആഹാരം എന്താണെന്നതനുസരിച്ചല്ല കുഞ്ഞ് ആരാകുമെന്നും ബുദ്ധിയും ശക്തിയുമൊക്കെ തീരുമാനിക്കപ്പെടുന്നതും...അല്ല, അത് പൂർണമായും ശരിയല്ല. ആദ്യം കൊടുക്കുന്ന ആഹാരത്തിലെ അണുബാധ മതി ഇതൊക്കെ തീരുമാനിക്കപ്പെടാൻ. അതുകൊണ്ട് തേനും വയമ്പും ഗംഗാജലവും ഹന്നാൻ വെള്ളവും സംസം ജലവുമൊക്കെയായി ആ ഏരിയയിലേക്ക് പോകരുത്.എവിടെയെങ്കിലും കിടക്കുന്ന ചേട്ടന്റെ കയ്യിലെ മോതിരവും വെള്ളവുമൊക്കെ മതി ഇത്തിരിയില്ലാത്ത ആ കുഞ്ഞിനു പണി കൊടുക്കാൻ.

* ആദ്യത്തെ ആറ് മാസം മുലപ്പാൽ മാത്രം നൽകുക.

" അയ്യോ അവക്ക് പാലില്ല കേട്ടോ "

അല്ല, നിങ്ങ എന്താ ഉദ്ദേശിക്കുന്നത്? മകൾക്കോ മരുമകൾക്കോ ക്ടാവ് ഉണ്ടാകുമ്പൊ അടുത്ത വീട്ടില് രണ്ട് കുപ്പി പാല് കൊടുക്കാന്ന് ഏറ്റിരുന്നോ? ഇത്രമാത്രം പാല് ഉണ്ടായിട്ട് വേറെന്ത് കാട്ടാനാ? അപൂർവം അവസരങ്ങളിലൊഴികെ അമ്മയ്ക്ക് കുഞ്ഞിനു നൽകാനുള്ള പാൽ ഉണ്ടായിരിക്കും. പാലില്ല എന്ന് പരാതി പറയുന്നതിനു മുൻപ് ചില കാര്യങ്ങൾ ഓർക്കുക. അമ്മയുടെ ആകാംക്ഷയും വേദനയും അരക്ഷിതത്വവും പാല് കുറയാൻ കാരണമാകു

അമ്മിഞ്ഞ വിപ്ലവം - നെൽസൺ ജോസഫ്

എന്ന് വച്ചാൽ സന്ദർശകരുടെ നടുക്ക് നിർത്തിയിട്ട് കൊച്ചിനു പാല് കൊടുത്തോളാൻ പറഞ്ഞാൽ ചിലപ്പൊ നടന്നെന്ന് വരില്ലെന്ന് സാരം. അതുപോലെ തന്നെ " അയ്യോ അവക്ക് പാലില്ല " എന്നുള്ള ഡയലോഗും പാലിന്റെ അളവ് കുറയ്ക്കും. അതുകൊണ്ട് മിണ്ടാതിരിക്കുക. ( ഇനി ചായ ഉണ്ടാക്കാൻ പാലില്ല എന്ന് പറയുന്നത് പോലും ഇച്ചിരെ മാറി നിന്ന് മതി )

* വെള്ളം കുടിച്ചാൽ വയറ് ചാടില്ല. അമ്മയ്ക്കിഷ്ടമുള്ള വെള്ളവും ഭക്ഷണവുമൊക്കെ ആവശ്യത്തിനു നൽകണം. ആവശ്യത്തിനു വെള്ളം കുടിക്കുന്നതും ആവർത്തിച്ചുള്ള മുലയൂട്ടലും കുഞ്ഞിന്റെ സാമീപ്യവുമൊക്കെ പാൽ ചുരത്താൻ അമ്മയെ സഹായിക്കുകയേ ഉള്ളൂ. വെള്ളത്തിന്റെ കുറവ് പാലിന്റെ അളവിൽ വ്യത്യാസമുണ്ടാക്കുമെന്ന് മാത്രമല്ല, മൂത്രത്തിൽ അണുബാധ പോലെയുള്ള രോഗങ്ങൾക്കും ഇടയാക്കാനിടയുണ്ട്.

* കംഫർട്ടബിളായ ഒരു പൊസിഷനിൽ ഇരിക്കുന്നതും മാറിനോട് കുഞ്ഞ് ശരിയായ രീതിയിൽ അറ്റാച്ച് ചെയ്യുന്നതും ( വായ വിടർന്ന്, കീഴ്ത്താടി മാറിനോട് ചേർന്ന് ) പാൽ കിട്ടാൻ സഹായിക്കും. ഇടയ്ക്ക് ചിലപ്പോൾ കുഞ്ഞ് മയങ്ങിപ്പോകാം. ഒന്ന് വിളിച്ചുണർത്തി കൊടുത്താൽ മതി. കൃത്യം ഇടവേളകളിൽ ഫീഡ് ചെയ്താലേ പിന്നെ സമയത്ത് ഭക്ഷണം കഴിക്കൂ എന്നൊക്കെ പറയുന്നത് അബദ്ധമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആദ്യകാലത്ത് കുടിക്കുന്നതിനിടയിലെ സമയം പിന്നെ കൂടിക്കൂടി വന്നുകൊള്ളും..

അമ്മിഞ്ഞ വിപ്ലവം - നെൽസൺ ജോസഫ്

 * ആദ്യത്തെ ആറ് മാസങ്ങളിൽ മുലയൂട്ടലിൽ നിന്ന് കുഞ്ഞിന് ആവശ്യമായ പോഷണം കിട്ടിക്കൊള്ളും. അതുകഴിഞ്ഞാണ് വീനിങ്ങ് / സപ്ലിമെന്ററി ഫീഡിങ്ങ് എന്ന പേരിട്ട് കുറുക്കൊക്കെ കൊടുത്ത് തുടങ്ങുക.. അമ്മയ്ക്ക് നല്ല ഭക്ഷണവും ആവശ്യത്തിന് ഊർജവും ലഭിക്കാൻ ശ്രദ്ധിച്ചാൽ മതി.

മരുന്നുകൾ - ആയുർവേദ മരുന്നുകൾ ഉൾപ്പടെ - കഴിക്കുമ്പോൾ ഡോക്ടറോട് ഉപദേശം ചോദിക്കുക. മുലപ്പാലിൽ മരുന്നിന്റെ അംശം ഉണ്ടാകില്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ള മരുന്നുകൾ കഴിക്കുന്നതാണ് ഉത്തമം.പ്രസവം ഒരു ദുരന്തമല്ല രക്ഷിച്ചെടുക്കാൻ...വേണമെങ്കിൽ ഒന്ന് ആഞ്ഞുപിടിച്ചാൽ ദുരന്തമാക്കിയെടുക്കാം.

* മുലയൂട്ടലിനു ശേഷം തോളിലോ മടിയിലോ കിടത്തി നന്നായി പുറത്ത് തട്ടി ( എല്ലാ ലേബർ റൂമിലെയും സിസ്റ്റർമാർ ഇതിന്റെ രീതി പഠിപ്പിച്ചു തരും ) ഗ്യാസ് കളഞ്ഞ് (ബർപ്പിങ്ങ്) വേണം കിടത്താൻ.

* ആവശ്യമുള്ള പാൽ കുഞ്ഞിന് കിട്ടുന്നുണ്ടെങ്കിൽ ഫീഡിങ്ങ് കഴിഞ്ഞ് അവർ സുഖമായി ഉറങ്ങും. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുകയും വയറ്റിൽ നിന്ന് പോവുകയും ആവശ്യത്തിനു തൂക്കം കൂടുകയും ( സിക്സ് പായ്ക്ക് - ഘടോൽക്കചന്മാർ ആകണമെന്നല്ല , അതിനൊരു കണക്കുണ്ട് ) ചെയ്യുന്നെങ്കിൽ പിന്നെ കുപ്പിപ്പാലിനെ ആശ്രയിക്കണ്ടാ... (ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ തൂക്കം കുറയുന്നത് സാധാരണമാണ്. അതിൽ ആശങ്ക വേണ്ടാ)

* വയർ കുറയ്ക്കാൻ ബൈൻഡറോ തുണിയോ കെട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ പെൽ വിക് ഫ്ലോർ മസിലുകൾ ബലപ്പെടുത്താനുള്ള വ്യായാമങ്ങൾ ഡോക്ടർ നിർദേശിക്കുന്നതിനനുസരിച്ച് ചെയ്യുന്നത് പിന്നീട് ഗർഭാശയം ഇറങ്ങാതിരിക്കാനൊക്കെ സഹായിക്കും. വയറിലെ പേശികൾ ബലപ്പെടുത്താനുള്ള എക്സർസൈസ് പിന്നീട് ആരംഭിക്കാവുന്നതാണ്..

പതിവ് പോലെ ഇതിന്റെ പേരിലും - യേത്.. മുലയൂട്ടുന്ന ഫോട്ടോ ഇട്ടതിന്റെ - അപസ്വരങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബോധവൽക്കരണമൊക്കെ കൊള്ളാം , പക്ഷേ ഫോട്ടോ ഇട്ടത് മോശമായിപ്പോയി എന്നാണ് ഒരുകൂട്ടരുടെ വാദം.

ഒരു കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നത് എന്തുകൊണ്ടോ അശ്ലീലമായിത്തോന്നുന്നില്ല. അത് ചിത്രത്തിലായാലും നേരിട്ടായാലും. പക്ഷേ എല്ലാവർക്കും തുറസായ സ്ഥലത്തോ മറ്റുള്ളവരുടെ മുന്നിലോ ഇരുന്ന് മുലയൂട്ടുന്നത് അത്ര കംഫർട്ടബിളായി തോന്നണമെന്നില്ല. അവർക്കായി പൊതുസ്ഥലങ്ങളിൽ മുലയൂട്ടൽ മുറികൾ അനിവാര്യമാണ്. മിക്ക ആശുപത്രികളിലുമുള്ള അവ പൊതുസ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുമാണ്.

ഫേസ്ബുക്കിലൂടി മുലയൂട്ടലിനെക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കാൻ അവർ അവരുടേതായ രീതി സ്വീകരിച്ചെന്ന് മാത്രം. അതുകണ്ട് ഇനി മാറു മറയ്ക്കാതിരിക്കാൻ സമരം ചെയ്യുമോ എന്നൊക്കെ ചോദിക്കുന്നത് ബാലിശമാണ്. മാറ് മറയ്ക്കേണ്ടവർക്ക് മറച്ചും അല്ലാതെ മുലയൂട്ടാൻ സങ്കോചമില്ലാത്തവർക്ക് അങ്ങനെയും ചെയ്യാനുള്ള, തിരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കുകയെന്നതാണ് പ്രധാനം..

advertisment

Super Leaderboard 970x90