Kerala

'കർണാടക ഒരു ആഹ്ലാദപ്രകടനത്തിനുള്ള വേദിയല്ല.... ഒരു പുനപരിശോധന അത്യാവശ്യമാണ്..' - നെൽസൺ ജോസഫ്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാവണം, യാതൊരു തെളിവുമില്ലാതിരുന്നിട്ടും കേരളത്തിലെ കോൺഗ്രസുകാരെല്ലാവരും ബി.ജെ.പിയിലേക്കെന്ന് നിരന്തരം പോസ്റ്റിട്ട പ്രമുഖ അന്തം കമ്മി പ്രൊഫൈലുകളെയും കോൺഗ്രസ് നേതാവ് സുധാകരൻ്റെ മീഡിയ വണ്ണിൽ വന്ന അഭിമുഖം എഡിറ്റ് ചെയ്ത് സുധാകരൻ ബി.ജെ.പിയിലേക്ക് എന്ന് അച്ചു നിരത്തിയ പാർട്ടി ചാനലിനെയും പാർട്ടി പത്രത്തെയും തന്നെയാണുദ്ദേശിച്ചത്.

'കർണാടക ഒരു ആഹ്ലാദപ്രകടനത്തിനുള്ള വേദിയല്ല.... ഒരു പുനപരിശോധന അത്യാവശ്യമാണ്..' - നെൽസൺ ജോസഫ്

കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതങ്ങ് പറയാൻ പോവുകയാണ്. ഇത് എൻ്റെ മാത്രം കൺക്ലൂഷനുകളായതുകൊണ്ട് ശരിയും തെറ്റുമുണ്ടാവാം.

കർണാടകത്തിൽ നടന്നത് കണ്ട് അനന്തകാലത്തേക്ക് സന്തോഷിച്ചുകൊണ്ടിരിക്കാൻ ഉള്ളതൊന്നുമില്ലെന്നതാണു വാസ്തവം. പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും മറ്റ് പ്രമുഖരുമടക്കം കർണാടകയിൽ പറഞ്ഞുകൊണ്ടിരുന്നത് ബി.ജെ.പി കഴിഞ്ഞ നാലു വർഷം കാഴ്ചവച്ച വികസനോന്മുഖമായ പ്രവൃത്തികളെക്കുറിച്ചായിരുന്നില്ല.

മറിച്ച് നെഹൃവിനെയും ഭഗത് സിങ്ങിനെയും തങ്ങൾക്ക് ഒരു തേങ്ങയും പറഞ്ഞ് അഭിമാനിക്കാനില്ലാതിരുന്ന സ്വാതന്ത്ര്യസമരത്തിനെയും കുറിച്ചുള്ള നുണകളും രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും തരം താണ ഭാഷയിൽ അധിക്ഷേപിക്കലും ഉൾപ്പെടുന്ന തള്ളുകളിലും നുണകളിലും അധിഷ്ഠിതമായ നാണം കെട്ട പ്രചരണമായിരുന്നു. ആ വർഗീയ ചാണകക്കൂട്ടിനാണു പാൽപ്പായസമെന്ന് കണക്കാക്കി 104 സീറ്റ് നൽകി കർണാടകക്കാർ ആദരിച്ചത്.

അതായത് വികസനവും ഒരു തേങ്ങയുമുണ്ടാക്കിയില്ലെങ്കിലും നൂറു നോട്ടുനിരോധനം നടത്തിയാലും പെട്രോൾ വില നൂറിലെത്തിയാലും ഇവിടെ ഹിന്ദു ആക്രമിക്കപ്പെടുന്നെന്നും ഹിന്ദുവിനു നീതികിട്ടുന്നില്ലെന്ന നുണപ്രചരണം നടത്തിയാലും ബി.ജെ.പി 2019ലും അധികാരത്തിലെത്താം...

അടുത്ത സംഗതി തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞതിനു ശേഷമുണ്ടായതാണ്. കോൺഗ്രസിൻ്റെ കാര്യത്തിൽ അല്പം കൂടി പ്രതീക്ഷ നൽകുന്നതാണെങ്കിലും അതോടൊപ്പം തന്നെ ആശങ്കയുമുണ്ട്. നൂറ്റിനാലിനെക്കാൾ വലുതാണോ 117 എന്ന ചോദ്യത്തിനുത്തരം തേടിയാണു കോൺഗ്രസിനു സുപ്രീം കോടതി വരെ പോകേണ്ടിവന്നത്. അതിന് ആരെ സമീപിക്കുമെന്ന് അന്വേഷിച്ചപ്പോഴാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ തുടങ്ങി പ്രധാന ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം തന്നെ ബി.ജെ.പിയുടെ വിശ്വസ്തരാണെന്ന് തിരിച്ചറിയുന്നത്.

എന്നിരുന്നാലും കർണാടകത്തിൽ കോൺഗ്രസ് നടത്തിയ നീക്കങ്ങൾ സാധാരണയിൽ നിന്ന് വിഭിന്നമായി ചടുലമായിരുന്നു. ജെ.ഡി.എസിലേക്ക് ദൂതനെ അയച്ചത് തൊട്ട് സുപ്രീം കോടതിയിൽ രായ്ക്ക് രാമാനം കേസിനു പോയതുൾപ്പടെയുള്ള നീക്കങ്ങൾ.

പിന്നെ കുറച്ച് പാഷാണത്തിൽ കൃമികളുമുണ്ട്. സംഘപരിവാറിനു ഫ്രീ ആയി പണിയെടുത്ത് കൊടുക്കുന്നവർ. 2014 തിരഞ്ഞെടുപ്പ് കാലത്തും അതിനു മുൻപും രാഹുൽ ഗാന്ധിയെ താറടിച്ച് കാണിക്കാൻ ബി.ജെ.പി ഐ.ടി സെൽ കൊണ്ടുവന്ന പപ്പു എന്ന പേര് ഇപ്പോളും ഉപയോഗിച്ച് അതിനു വൻ പ്രചാരം കൊടുത്തുകൊണ്ടിരിക്കുന്ന ഏതൊരുവനെയും ഈ ഗണത്തിൽപ്പെടുത്താം.രാഹുൽ ഗാന്ധി പ്രചാരണം നടത്തിയിടത്തെല്ലാം തോറ്റെന്ന സംഘപരിവാർ ട്വിറ്റർ ഹാൻഡിലുകളുടെ ട്വീറ്റുകൾ അതേപടി തൊണ്ട തൊടാതെ വിഴുങ്ങി ഫേസ്ബുക്കിൽ ഛർദ്ദിച്ചവരെപ്പോലെയുള്ളവർ.

മിക്കവാറും ഈ പോസ്റ്റിനടിയിലും വന്ന് തലയിൽ പൂട തപ്പും

മറ്റൊന്ന് കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എ മാരുടെ കൂറുമാറ്റത്തെക്കുറിച്ചാണ് .കോൺഗ്രസ് എം.എൽ.എ മാർ മുൻപ് ചില സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ കാലുമാറുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച സാധാരണക്കാരനെ അല്ല ഞാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാവണം, യാതൊരു തെളിവുമില്ലാതിരുന്നിട്ടും കേരളത്തിലെ കോൺഗ്രസുകാരെല്ലാവരും ബി.ജെ.പിയിലേക്കെന്ന് നിരന്തരം പോസ്റ്റിട്ട പ്രമുഖ അന്തം കമ്മി പ്രൊഫൈലുകളെയും കോൺഗ്രസ് നേതാവ് സുധാകരൻ്റെ മീഡിയ വണ്ണിൽ വന്ന അഭിമുഖം എഡിറ്റ് ചെയ്ത് സുധാകരൻ ബി.ജെ.പിയിലേക്ക് എന്ന് അച്ചു നിരത്തിയ പാർട്ടി ചാനലിനെയും പാർട്ടി പത്രത്തെയും തന്നെയാണുദ്ദേശിച്ചത്. നിങ്ങളിപ്പോൾ ഫീൽഡ് ചെയ്തുകൊണ്ടിരിക്കുന്നത് സംഘപരിവാറിൻ്റെ ബി ടീമിനു വേണ്ടിയാണ്.

കോൺഗ്രസോ രാഹുൽ ഗാന്ധിയോ പരിപൂർണരല്ല. കുറ്റങ്ങളും കുറവുകളും രണ്ട് കൂട്ടർക്കുമുണ്ട്. പക്ഷേ 2019ൽ ബി.ജെ.പി അധികാരത്തിലെത്താതിരിക്കാൻ ഇനിയൊരു പാർട്ടിയെയോ എല്ലാ സംസ്ഥാനങ്ങളിലും വിത്തിട്ടിട്ടുണ്ടെന്ന് ഇടയ്ക്കിടയ്ക്ക് അവകാശപ്പെടുന്ന ഇടതുമുന്നണിയെയോ വെള്ളമൊഴിച്ച് വളർത്തി വലുതാക്കി വടിയെടുത്ത് കൊടികെട്ടാനുള്ള സമയം ഇല്ല. ഏറ്റവും കുറഞ്ഞത് വേണ്ടത് പ്രതിപക്ഷ ഐക്യമാണ്.

രാഹുൽ ഒരു നേതാവെന്ന നിലയിൽ മുന്നേറിയിട്ടുണ്ട്. രണ്ട് ലക്ഷണങ്ങളാണ്. ഗുജറാത്തിലോ ത്രിപുരയിലോ കർണാടകത്തിലോ കോൺഗ്രസ് പിന്നിലായപ്പൊ ഒളിച്ചോടുകയോ ജനങ്ങളെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. നരേന്ദ്രമോഡിയെയും ബി.ജെ.പിയെയും നിരന്തരമായി നേരിടുകതന്നെയാണു ചെയ്തത്. അത് മാത്രമല്ല മോഡി ചെയ്യാത്ത ഒരു കാര്യം രാഹുൽ ആവർത്തിച്ചാവർത്തിച്ച് ചെയ്യുന്നുണ്ട്. പത്രപ്രവർത്തകരുടെയും സാധാരണക്കാരുടെയും ചോദ്യങ്ങളെ നിരന്തരം നേരിടുന്നു...

എതിരഭിപ്രായമുള്ളവർ പ്രധാനമന്ത്രി അവസാനമായി ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ നോട്ട് നിരോധനത്തെപ്പറ്റിയോ എം.എൽ.എ മാരുടെ ബലാത്സംഗത്തെപ്പറ്റിയോ പെട്രോൾ വിലവർദ്ധനയെപ്പറ്റിയോ റാഫേൽ സ്കാമിനെപ്പറ്റിയോ മറുപടി പറഞ്ഞത് കാണിച്ചുതരൂ...

അതുമല്ലെങ്കിൽ 600 കോടി ഇന്ത്യക്കാരുടെ വോട്ടോ സ്ട്രെങ്ങ്തിൻ്റെ സ്പെല്ലിങ്ങോ മോഹൻലാൽ കരം ചന്ദ് ഗാന്ധിക്കോ എം.ആർ.എസ് സിരിസേനയ്ക്കോ മഹാഭാരതകാലത്തിനോ തത്തുല്യമായ മണ്ടത്തരങ്ങളുടെ ഫ്രഷ് ലിസ്റ്റ് കാണിച്ചാലും മതി.

കർണാടക ഒരു ആഹ്ലാദപ്രകടനത്തിനുള്ള വേദിയല്ല. ഒരു പുനപരിശോധന അത്യാവശ്യമാണ്. ആസന്നമായ ആപത്തിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൻ്റെ ഭവിഷ്യത്ത് കോൺഗ്രസ് മാത്രമാവില്ല അനുഭവിക്കുന്നതെന്നറിയാൻ ബിപ്ലവ് കുമാരൻ്റെ അത്രയെങ്കിലും ബുദ്ധിയുണ്ടായാൽ മതി..

advertisment

News

Super Leaderboard 970x90