Health

കൊതുകുകൾ വഴി പകരുന്ന വ്യാധികൾ എങ്ങനെ പ്രതിരോധിക്കാം?

മഴയെത്തുന്നതിനു ഒരുപാടു മുൻപുതന്നെ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോളും അവ സജീവമായി തുടരുന്നുണ്ട്. എന്നാൽ ആ ഉദ്യമം പൂർണമായി വിജയിക്കണമെങ്കിൽ എല്ലാവരുടേയും ആത്മാർഥമായ ഇടപെടൽ കൂടിയേ തീരൂ.

കൊതുകുകൾ വഴി പകരുന്ന വ്യാധികൾ എങ്ങനെ പ്രതിരോധിക്കാം?

മഴ ഇടതടവില്ലാതെ പെയ്യുന്ന വർഷകാലമാണിത്. മഴക്കാല രോഗങ്ങൾ സംസ്ഥാനത്ത് പലയിടത്തായി തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. എല്ലാ വർഷവും ഈ സമയത്ത് ഭീതി വിതയ്ക്കുന്ന കൊതുകുജന്യ രോഗങ്ങളാണ് ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, മലമ്പനി എന്നിവ. ചില ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന ജപ്പാൻ ജ്വരവും പകർത്തുന്നത് കൊതുകുകളാണ്. മഴക്കാലം കൊതുകുകളുടെ പ്രജനനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കുന്നു.

മഴയെത്തുന്നതിനു ഒരുപാടു മുൻപുതന്നെ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോളും അവ സജീവമായി തുടരുന്നുണ്ട്. എന്നാൽ ആ ഉദ്യമം പൂർണമായി വിജയിക്കണമെങ്കിൽ എല്ലാവരുടേയും ആത്മാർഥമായ ഇടപെടൽ കൂടിയേ തീരൂ. സ്വയംരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതോടൊപ്പം ഉറവിട നശീകരണത്തിലും നാമേവരും പങ്കാളികളാകണം. അതിനുവേണ്ടി നമുക്കെന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു നോക്കാം.

കൊതുകുകൾ വഴി പകരുന്ന വ്യാധികൾ എങ്ങനെ പ്രതിരോധിക്കാം?

സ്വയംരക്ഷാ മാർഗങ്ങൾ

കൊതുകുകടി കൊള്ളാതെ നോക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനായി:

1) കൈകളും കാലുകളും പരമാവധി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. കുഞ്ഞുങ്ങളേയും അത്തരം വസ്ത്രങ്ങൾ ധരിപ്പിക്കുക. ഡെങ്കിപ്പനി പരത്തുന്ന ഏയ്ഡിസ് കൊതുകുകൾ പകൽ സമയം കടിക്കുന്നവയാണ്. അതുകൊണ്ട്, പകൽ സമയങ്ങളിൽ വസ്ത്രം ധരിക്കുമ്പോളും ഇക്കാര്യം ശ്രദ്ധിക്കുക.

2) വാതിലിലും ജനലുകളിലും കൊതുകുവല ഘടിപ്പിച്ചതിനു ശേഷം മാത്രം അവ തുറന്നിടുക. പകൽ സമയങ്ങളിലും ഇക്കാര്യം ശ്രദ്ധിക്കുക.

3) രാത്രിയായാലും പകലായാലും കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുന്നത് ശീലമാക്കുക. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് പാലിക്കാൻ മറക്കാതിരിക്കുക.

4) രൂക്ഷമായ കൊതുകു ശല്യമുള്ളയിടങ്ങളിൽ കൊതുകുതിരിയോ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകുനിവാരണ ഉപകരണങ്ങളോ ഉപയോഗിക്കാം. പക്ഷേ, ശ്വാസകോശസംബന്ധമായ അസുഖമുള്ളവർക്കും ആസ്തമ ഉള്ളവർക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കാം എന്നുള്ളതുകൊണ്ട് അവയുടെ ഉപയോഗം കുറയ്ക്കുകയും കൊതുകുവല ഉപയോഗിക്കുകയും ചെയ്യുന്നതാണ് നല്ലത്.

5) കൊതുകുകടി തടയാൻ ദേഹത്തു പുരട്ടുന്ന ലേപനങ്ങളും ലഭ്യമാണ്. അവയുടെ പാക്കറ്റിനു പുറത്തു നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചു മാത്രം ഉപയോഗിക്കുക. ആദ്യ ഉപയോഗത്തിനു മുൻപ് അല്പമെടുത്ത് കൈകളിൽ പുരട്ടി അലർജിയില്ല എന്നുറപ്പു വരുത്തണം. വസ്ത്രങ്ങൾക്ക് മുകളിൽ പുരട്ടാവുന്ന ലേപനങ്ങൾ ഇപ്പോൾ ലഭ്യമാണ്. അവ കുറെക്കൂടെ സുരക്ഷിതമാണ്.

6) ഡെങ്കി, മലേറിയ എന്നീ രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ഡോക്ടറെ കാണുക. മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനിയോടൊപ്പം സന്ധികളിലും കണ്ണിൻ്റെ പിന്നിലും അനുഭവപ്പെടുന്ന വേദന ഡെങ്കിയുടെ ലക്ഷണങ്ങളാകാം. വിറയോടു കൂടി നീണ്ടു നിൽക്കുന്ന പനിയും തലവേദനയും മലമ്പനിയുടെ ലക്ഷണങ്ങളാകാം.

7) ഈ മുൻകരുതലുകളോടൊപ്പം ആരോഗ്യവകുപ്പിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.

കൊതുകുകൾ വഴി പകരുന്ന വ്യാധികൾ എങ്ങനെ പ്രതിരോധിക്കാം?

കൊതുകു നിർമ്മാർജനം - നമുക്കു ചെയ്യാവുന്നത്

കൊതുകിനെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിജയത്തിൽ പൊതുജനങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണ്, പ്രത്യേകിച്ചും ഡെങ്കി പരത്തുന്ന ഏയ്ഡിസ് കൊതുകിൻ്റെ നശീകരണത്തിൽ. കാലുകളിൽ വെള്ള വരകളും മുതുകിൽ വെള്ളപ്പാടുമുള്ള കൊതുകിനെ കണ്ടാൽ നൂറോ ഇരുനൂറോ മീറ്റർ ചുറ്റളവിനുള്ളിൽ ഇവയുടെ പ്രജനനം നടക്കുന്നുണ്ടെന്നു അനുമാനിക്കാം. വെള്ളം നിറഞ്ഞു നിൽക്കുന്ന ചെറിയ പാത്രങ്ങളിലോ, പാഴ് വസ്തുക്കളിലോ, ടയറുകളിലോ, ചിരട്ടകളിലോ ഒക്കെ കൊതുകിൻ്റെ കൂത്താടികൾ ഉണ്ടാകാം. അതുകൊണ്ട് ഇവയുടെ ഉറവിടം നശിപ്പിക്കുക എന്നത് അതിപ്രധാനമാണ്. അതിനു വേണ്ടി ചെയ്യേണ്ടത്:

1) വീടിൻ്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാൻ സാദ്ധ്യതയുള്ള എല്ലാ തുറന്ന വസ്തുക്കളും മാറ്റുക. ചിരട്ട, ടയർ, ഒഴിഞ്ഞ കപ്പുകൾ, തുടങ്ങിയവയെല്ലാം മാറ്റുക.

2) നീക്കാൻ ബുദ്ധിമുട്ടുള്ള തുറന്ന വസ്തുക്കൾക്ക് വെള്ളം കയറാതെ മൂടി വയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക. അല്ലെങ്കിൽ ചരിച്ചു വയ്ക്കുക. വെള്ളം കളയുന്നതിനോടൊപ്പം ഉരച്ചു കഴുകുകയും ചെയ്യുക. ഏയ്ഡിസ് കൊതുകിൻ്റെ മുട്ടകൾ പാത്രത്തിൻ്റെ വക്കുകളിൽ ഒട്ടിപ്പിടിച്ചിരിക്കാൻ സാധിക്കുന്നവയാണ്. ഒരു തുള്ളി വെള്ളം മതി ഇവയ്ക്ക് കൂത്താടികളായി പരിണമിക്കാൻ.

3) മഴവെള്ള സംഭരണികൾ വല കൊണ്ടു മൂടണം. പലപ്പോളും വീടിനു മുകളിലുള്ള ജലസംഭരണികൾ തുറന്നു വയ്ക്കാറാണ് പതിവ്. ഇവയെല്ലാം നിർബന്ധമായും അടച്ചു വയ്ക്കണം.

4) ഫ്രിഡ്ജ്, എയർ കണ്ടീഷണർ, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ താഴെ ശേഖരിക്കപ്പെടുന്ന വെള്ളത്തിൽ കൊതുകുകൾ വളരാനിടയുണ്ട്. ഈ വെള്ളം ദിവസവു കളഞ്ഞു വൃത്തിയായി സൂക്ഷിക്കുക.

5) വീടിനു പരിസരത്തുള്ള കാടും പടലയും വെട്ടി വൃത്തിയായി സൂക്ഷിക്കുക. ഇലകളിൽ കെട്ടി നിൽക്കുന്ന വെള്ളം മതി കൊതുകിനു മുട്ടയിടാൻ. അതുപോലെ, ചെടിച്ചട്ടിയിൽ കെട്ടിക്കിടക്കുന്ന വെള്ളവും ദിവസവും ചെരിച്ചു കളയണം.

6) തൊഴുത്തും നാൽക്കാലികളുമുള്ളവർ വീടിൽ നിന്നും പരമാവധി അകലത്തിൽ അവ സ്ഥാപിക്കുക. വെള്ളം കെട്ടി നിർത്താതെ വൃത്തിയായി സൂക്ഷിക്കുക. മലേറിയ പരത്തുന്ന അനോഫിലസ് കൊതുകുകൾ തൊഴുത്തുകളുടെ പരിസരങ്ങളിൽ കൂടുതലായി കാണാറുണ്ട്.

7) ചെറിയ കുളങ്ങളിലും, വെള്ളകെട്ടുകളിലും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ എന്നീ മത്സ്യങ്ങളെ വളർത്തുന്ന രീതിയും ഫലപ്രദമാണ്.

മഴക്കാലത്ത് ഇടയ്ക്കിടെ നമ്മുടെ പറമ്പിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്നും അതിൽ കൂത്താടികൾ വളരുന്നുണ്ടോയെന്നും നോക്കാം. കുട്ടികളിലും ഈ കാര്യത്തിൽ അവബോധവും ജാഗ്രതയും നമ്മൾ സൃഷ്ടിക്കണം. കേരളത്തിലെ മഴവും ഈർപ്പവും കാലാവസ്ഥയും കൊതുകുകളുടെ പ്രജനനത്തിനു വളരെ അനുയോജ്യമാണ്. എന്നാൽ ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കൊപ്പം നമ്മളെല്ലാവരും മുന്നിട്ടിറങ്ങിയാൽ മഴക്കാലം ആകുലപ്പെടാനുള്ള കാലമല്ല, ആസ്വദിക്കാനുള്ള കാലമായി മാറും.

advertisment

Super Leaderboard 970x90