വിടവാങ്ങിയ 'മോങ്കി'ന്റെ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലിയായി ഹൃദയസ്പർശിയായൊരു കുറിപ്പ്...

മോഹന് മേകിന്‍സ്. പഴയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിലപ്പോഴൊര്‍മ്മയുണ്ടാവും. എഴുപതുകളിലെ വെല്‍ ടു ഡു ഉദ്യോഗസ്ഥ കുടുംബങ്ങളുടെ ഷോ കേസിലെ ഒരു ബ്രൌണ്‍ സ്ഫടിക പരുന്ത്. ഗോള്‍ഡന്‍ ഈഗിളെന്ന കലര്‍പ്പില്ലാത്ത ഒരേ സമയം മൈല്‍ഡും സ്മൂത്തുമായ ബിയര്‍. ഒരു രൂപ പോലും പരസ്യത്തിനു മുടക്കാതെ ഉത്പന്നത്തിന്റെ പര്യായവും നാനാര്‍ത്ഥവുമെല്ലാമായി മാറിയ ഒരേയൊരുല്പന്നമേയുള്ളൂ. അതീ ചതുരന്‍ കുപ്പിയിലെ വൃദ്ധ സന്യാസിയാണ്. ഓള്‍ഡ് മോങ്ക് അതിഭാവുകത്വമാണെന്നു കരുതുന്നവരുണ്ട്. സ്കോച്ച് വിസ്കിയില്‍ പൊക്കിള്‍ കൊടി കുഴിച്ചിട്ടവര്‍. ഏഴു കൊല്ലം പഴക്കമുള്ള വിസ്കി അമൃതായും ഏഴു വര്‍ഷം പഴക്കമുള്ള റം കുതിരയായും കാണുന്നത് രുചി മുകുളങ്ങളുടെ മാത്രം പ്രശ്നമല്ല. ഇനിയും മായാത്ത മറയാത്ത കൊളോണിയല്‍ വിധേയത്വത്തിന്റെയും കൂടെ പ്രശ്നമാണ്....

വിടവാങ്ങിയ 'മോങ്കി'ന്റെ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലിയായി ഹൃദയസ്പർശിയായൊരു കുറിപ്പ്...

ക്രൂര‌വിഷാദശരം കൊണ്ട് നീറുമീ

നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം

ഓള്ഡ് മോങ്ക് ലോഞ്ച് ചെയ്ത മഹാപ്രതിഭയാണ് വിടവാങ്ങിയത്. ശമത്തിന്റെ വലിയ കേശവന് ഡാക്കിട്ടര്. ഇന്ത്യാ മഹാരാജ്യത്തിന്നും നൂറില് താഴെ രൂപയ്ക്കൊരു ക്വാര്ട്ടറു കിട്ടുന്ന ഒരൊറ്റ ഡീസന്റ് റമ്മേയുളളൂ. ചങ്കും കുടലും വാടാത്തത്. ആദരാഞ്ജലിയായി പഴയ ഒരു പോസ്റ്റ്. ഡീപ്ലി ഇന്ഡെബറ്റഡ് സര്. അഗാധമായ കടപ്പാടും കടലാഴത്തോളം സ്നേഹവും. ബോണ് വോയേജ്. പഴയ കുറിപ്പ്.

ഓശ്‍ഡ് മോങ്കുണ്ട്. വെറും റമ്മുകളും.
നിയമപ്രകാരമുള്ള മുന്നറിയിപ്പ് - മദ്യപാനം ആരോഗ്യത്തിനു ഹാനികരം. .

ലണ്ടന് ഒരു ലണ്ടനല്ല. ഒന്നില് തന്നെ പല ലണ്ടനാണ്. തമിഴരുടെ ലണ്ടന്, ചീനക്കാരുടെ ലണ്ടന് സിക്കുകാരുടെ ലണ്ടന്. അവസാനം പറഞ്ഞ സ്ഥലത്ത്, സൌത്ത് ഹാളിലൂടെ നടക്കുന്നത് ഡെല്ഹിയിലോ ബോംബെയിലോ നടക്കുന്നതു പോലെ. തെരുവുകവിയുന്ന കച്ചവടങ്ങള്. ശരവണഭവനില് ഉഴുന്നു വടയും മസാലദോശയും തിന്നുമ്പോള് ദേഹം സൌത്താളിലും ദേഹി അങ്ങു ചെന്നൈയിലുമെത്തുന്നു. ഒന്നര ദശകത്തെ ഓര്മ്മകള് നാലഞ്ചു വര്ഷത്തിനു ശേഷം വിധത്തിലും തലത്തിലുമുള്ള ചട്ടിണികളില്‍ ധാര കോരി അയവെട്ടുന്നു. തമിഴന്റെ കടയില് നിന്നും നെല്ലിക്കയും കറിവേപ്പിലയും അടക്കം അത്യാവശ്യം നാടന്‍ സാധനങ്ങള്‍ വാങ്ങി ടില്ലില്‍ കാശു കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ മുന്‍പില്‍ ഷെല്‍ഫില്‍ അവന്‍. ആത്മമിത്രം. പുതിയ ഭാഷയില്‍ സോള്‍ ഗഡി. ഫ്രീക്കന്‍മാരു പറയുന്ന പോലെ പൌളിച്ചു. ഓള്‍ഡ് മോങ്ക്സ്. മന്നിച്ചിടുങ്ക തമ്പീ, ഒരാറു വാത്തു മുട്ട, ഫ്രോസന്‍ മസില്‍സ് കൂടെ ബില്‍ പോട്ടുക്കോ.. കഴിഞ്ഞ തവണ പരസ്പരം കണ്ടത് ഒരു കുഗ്രാമത്തിലെ സര്‍ദാര്‍ജ്ജിയുടെ കടയില്‍. ഷെല്‍ഫിന്റെ ഒരു മൂലയിലൊതുങ്ങിയ സന്യാസിയെ ചോദിച്ചു വാങ്ങിച്ചു സ്വന്തമാക്കിയപ്പോള്‍ സര്‍ദാര്‍ജ്ജി വചനത്തിന്റെ ചാക്കഴിച്ചു. പഞ്ചാബിലെ ഏതോ ഗ്രാമവും ഗോതമ്പുവയലേലകളിലെ കാറ്റും ഓള്‍ഡ് മോങ്കോര്‍മ്മകളും. പെട്ടന്ന് ഒരപരിചിതന്‍ ആത്മിത്രമാവുന്നു. പൊതുവായ ഒരു സ്ഥലം നിങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്നു. അയാളെ നിങ്ങള്‍ക്കറിയാം. നിങ്ങളെ അയാള്‍ക്കും. പഞ്ചാബി ആലിംഗനത്തില്‍ പരസ്പരം യാത്ര പറയുമ്പോഴേക്കും നിങ്ങള്‍ക്ക് ഇടയ്കൊരു യാത്രയില്‍ വണ്ടി നിര്‍ത്തി അല്പസമയം ചിലവഴിക്കാനും മാത്രം ഒരു ബന്ധം ബാക്കിയാവുന്നു. ഓള്‍ഡ് മോങ്ക് ഒരു മാനസികാവസ്ഥയാണ്. ആദ്യകാമുകിയുടെ ആദ്യ ചുംബനം പോലെ അസ്തിയില്‍ പൊളളി നില്‍ക്കുന്ന ഒരു വികാരം.

1970കളുടെ അവസാനം. മോണ്‍സ്റ്റര്‍ പ്രായം. മലയാളിയുടെ ജീവിതത്തില്‍ ബ്രാന്റുകള്‍ ശുക്ഷം. പത്രം വായന പോലെ ഒരുപചാരമായിരുന്നു ലേബല്‍ വായനയും. പോസ്റ്റ് മാന്‍ എണ്ണ, ടാറ്റ മോട്ടി സോപ്പ്, പിയേഴ്സ് സോപ്പ്,. കുട്ടിക്കുറാ പൌഡര്‍ (പിന്നെ കൌമാരകാലത്തെ വരകളില്‍ തെളിഞ്ഞു വിളങ്ങിയ നെടുവരിയന്‍ സുന്ദരി, മൂണ്‍ മൂണ്‍ സെന്നിന്റെ പരസ്യം.), സിന്തോള്‍, ഓള്ഡ് സൈ്പസസ് ആഫ്റ്റര്‍ ഷേവ്. റാണിപാല്‍ ടീനോപാല്‍, അംബാസിഡര്‍, ഫിയറ്റ്, ജീപ്പ്, ബുള്ളറ്റ്, യെസ്ദി, വില്‍സ്, ഗോള്ഡ് ഫ്ലേയ്ക്, ബിന്നി സില്‍ക്സ്, ഡബിള്‍ബുള്‍ പുതുതായി കൂട്ടിവായിച്ച ഇംഗ്ലീഷ് അക്ഷരങ്ങളില്‍ അതുമുണ്ടായിരുന്നു. ആദ്യം മൂന്ന് എക്സ്. ത്രിഗുണന്‍. പിന്നെ അതിശയിപ്പിച്ച ഒരു കുപ്പി. ചില്ലില്‍ ഞരമ്പുകള്‍ തെളിഞ്ഞു നിന്ന ഒന്ന്. പഴയ ആ നരച്ച ഫ്ലാറ്റില്‍ ജനല്‍പ്പടികളില്‍ ഏറെ കാലം മണിപ്ലാന്റുകള്‍ വളര്‍ത്തിയ സ്ഫടിക ഞരമ്പുകളോടുന്ന കുപ്പി. ഒരു പക്ഷെ നിങ്ങള്‍ മുതിരുമ്പോഴും ബാല്യം അവശേഷിക്കുമായിരിക്കും അല്ലെങ്കില്‍ ബാല്യത്തില്‍ നിന്നും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവ മാത്രം നിലനിര്‍ത്തുമായിരിക്കും. ഓള്‍ഡ് സ്പൈസും ഓള്‍ഡ് മോങ്കും ജീപ്പും ബുളളറ്റും ഇപ്പോഴും ബാക്കി നില്‍ക്കുന്നു. വില്‍സും ഗോള്‍ഡ് ഫ്ലെയിക്കും കുറെ കാലം കൂടെ നടന്നു തീര്‍ത്ത ശേഷം വിടപറഞ്ഞുപിരിഞ്ഞു.

1980കളുടെ അവസാനം. കത്തിരി വേനല്‍ പോലെ പൊള്ളിപ്പുകഞ്ഞ ഒരു കൌമാരം. അമ്ലലാവാപ്രവാഹം. സര്‍ക്കാരുദ്യോഗപ്പെരുമകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന കൂട്ടം തെറ്റിയ കുഞ്ഞാട്. ചിത്രം വരയ്ക്കുന്നത്. മുദ്രാവാക്യം വിളിക്കുന്നത്. അവനെന്താ ചുവരെഴുതി ജീവിക്കുമോ? ഒരു ഓലപ്പുരയിലേക്ക് നടന്നു കയറി ചാരായം ഒരോ നൂറും ഓരോ മുട്ടയും കഴിച്ച ലഹരിയുടെ ആദ്യ ചുംബനം. തുടര്‍ചുംബനങ്ങള്‍. ഫ്രഞ്ചി. ചിലവ് കൂടുതലുള്ള വിസ്കിയും ബ്രാന്റിയുമൊക്കെ എസ്റ്റാബ്ലിഷ്മെന്റിനുള്ളത്. കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍, ഏതെങ്കിലും വിശേഷവസരങ്ങളിലല്ലാതെ തൊടാനും അനുഭവിക്കാനും പാടില്ലാത്തത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഡ്രിങ്ക് റമ്മാണ്. അതിര്‍ത്തിയില്‍ പാറാവു നില്‍ക്കുന്ന പട്ടാളക്കാരനും തൊഴിലാളിയാണ്. വിരമിച്ച പട്ടാളക്കാരന്‍, അമ്പതു ശതമാനം ഗാഡതയുള്ള ഓള്‍ഡ് മോങ്ക് തരുന്ന കരുണാനിധി, വിശാലമനസ്കന്‍ കണാരേട്ടനും തൊഴിലാളിയാണ്.

1990കളുടെ അവസാനം. നഗരം ഒരൊളിത്താവളമാണ്. ലഹരിയുടെ ഈടുവഴികളും ഈടുവെപ്പുകളുമൊക്കെയുള്ള ഒളിത്താവളം. മിഠായിത്തെരുവിലെ മച്ചകങ്ങളില്‍, വലിയങ്ങാടിയിലിഴ പിരിഞ്ഞ ഇടവഴികളില്‍. ചെപ്പോക്കിലെയും കുടുസ്സു റോഡുകളില്‍, മരീനയിലെ വേനല്‍ പാതിരാകളില്‍, പോണ്ടിച്ചേരിയിലെ ആകാശം നോക്കിയും തിരയെണ്ണിയും സ്വപ്നങ്ങള്‍ കണ്ടു മലര്‍ന്നു കിടന്ന കടല്‍ത്തീരത്ത് ഒരേകാകി ആത്മസൌഹൃദത്തെ തിരിച്ചറിയുന്നു. സ്ഫടിക ഞരമ്പുകളില്‍ മുഖം നോക്കുന്നു. ഓള്‍ഡ് മോങ്ക് ഒരു ജ്ഞാനസ്നാനമാണ്. ആദ്യപ്രേമം കടക്കണ്ണില്‍ പുഞ്ചിരിച്ചപ്പോള്‍, കാലപ്രവാഹത്തില്‍ കടലെടുത്തപ്പോള്‍, ആദ്യത്തെ ഉടല്‍വിറയും തിളയ്ക്കുന്ന നനവുമറിഞ്ഞപ്പോള്‍, ആദ്യത്തെ രാഷ്ട്രീയ സംഘര്‍ഷത്തില്‍, കയ്യേറ്റത്തിലും ഉടല്‍യുദ്ധത്തിലും. ഒരുപാട് യാത്രയയപ്പുകളില്‍, ഒത്തു ചേരലുകളില്‍, വേര്‍പാടുകളില്‍, സ്വപ്നങ്ങളില്‍. ജീവിതത്തിന്റെ കപ്പല്‍ഛേദങ്ങളില്‍ ഓള്‍ഡ് മോങ്ക് ഒരു പ്രത്യയ ശാസ്ത്രമാണ്.

ഓള്‍ഡ് മോങ്ക് ഒരു ഉപാസനയും. പഞ്ചമകാരം. മത്സ്യം. മാംസം, മുദ്ര, മദ്യം (ഓള്‍ഡ് മോങ്ക്), മൈഥുനം. ഉപാസനയുടെ ചേരുവകള്‍ മദ്യം മത്സ്യം മാംസം ധാന്യം മൈഥുനം എന്നിവയാണെന്ന് കാമാഖ്യ തന്ത്ര. ...........യൌവ്വനയുക്തയും ബുദ്ധിമതിയുമായിരിക്കണം. ലജ്ജയില്‍ നിന്നും അറപ്പില്‍ നിന്നും വെറുപ്പില്‍ നിന്നും മുക്തയായിരിക്കണം. സാധകന്‍ മന്ത്രം നൂറു തവണ മൂര്‍ദ്ധാവിലും നൂറു തവണ നെറ്റിയിലും നൂറു തവണ സിന്ദൂരരേഖയിലും നൂറു തവണ അധരത്തിലും. നൂറു തവണ കഴുത്തിലും നൂറു തവണ ഹൃദയത്തിലും നൂറു തവണ സ്തനത്തിലും നൂറു തവണ..... കൌളം). അതു പോലെ ഉപാസിച്ചും അറിഞ്ഞും തന്നെ പഞ്ചമകാരങ്ങളിലെ പുതു മകാരവും. ഓള്‍ഡ് മോങ്ക്. മറ്റൊരു രുചി ഉപാസന

യാഗങ്ങളിലെ പരാമര്‍ശങ്ങളോളം പഴക്കമുണ്ട് നമ്മുടെ മദ്യത്തിനു. ചരകസംഹിതയില്‍ മദ്യം വിളമ്പുന്ന രീതികള്‍ പരാമര്‍ശിക്കുന്നുുന്നുണ്ട്. സോമം അഫ്ദാന്‍ ദേശത്തു കണ്ടു വരുന്ന ഒരു ചെടിയാണെന്ന സമീപകാല കണ്ടെത്തല്‍. എല്ലാം പുളിക്കല്‍ പ്രക്രിയയുടെ സ്ഥലകാലഭേദങ്ങള്‍. കുറെ കാലം മുന്‍പ് ദൈവത്തെക്കുറിച്ച് ഒരു നിര്‍വചനം. ചെന്നു പിറക്കുന്ന സ്ഥലത്തിനും കാലത്തിനും ദേശത്തിനുമനുസരിച്ച് വിവിധ രൂപങ്ങളില്‍ അവതരിക്കുന്ന ഒന്നാണ് മദ്യവും. കള്ളി മുള്ളില്‍ നിന്നു വാറ്റിയെടുക്കുന്നവ. ഗോതമ്പില്‍ നിന്നും വാറ്റിയെടുക്കുന്നവ, നെല്ലില്‍ നിന്നും വാറ്റിയെടുക്കുന്നവ. ചേരുവകള്‍ വിവിധങ്ങളാണ്. എല്ലായിടത്തുംപൊതുവായ ഒന്നേയൊക്ക് ഫെര്‍മന്റേഷന്‍. പാമ്പിട്ടു വാറ്റിയ ഹാബു സേകാണെങ്കിലും ഓള്ഡ് മോങ്കാണെങ്കിലും. മലയാളിയുടെ നാടന്‍ വാറ്റു മദ്യ പാരമ്പര്യങ്ങള്‍ കൊളോണിയലൈസേഷനോടെ പ്രാകൃതമായി. ദശമൂലമിട്ടും ഫലങ്ങളിട്ടും വാറ്റിയവ കണ്‍ട്രിയും കൈത്തറിയുമായി. നമ്മുടെ കാലാവസ്ഥയ്ക്കും ശരീര പ്രകൃതിക്കും ചേര്‍ന്നവ ഏതൊക്കെയോ മ്ലേച്ഛതകളിലേക്ക് തുച്ഛവത്കരിക്കപ്പെട്ടു.

പക്ഷെ നമ്മുടെ മദ്യങ്ങളെല്ലാം നിറം മാറിയ റമ്മാണ്. പട്ടിണി അടുപ്പു കൂട്ടി പുകയുന്ന ജീവിതങ്ങളുള്ള രാജ്യത്ത് ധ്യാനം വാറ്റി മദ്യമുണ്ടാക്കുന്നത് അപ്രായോഗികമാണ് ക്രൂരതയും. വിസ്കിയാണെങ്കിലും വോഡ്കയാണെങ്കിലും ബ്രാന്റിയാണെങ്കിലും പഞ്ചസാര ഫാക്ടറികളിലെ ഉപോത്പന്നമായ മൊളോസസില്‍ നാമമാത്രമായി യാഥാസ്ഥിതികനായ ഒറിജിനല്‍ വിസ്കിയും മറ്റു ചേരുവകളും ചേര്‍ത്തുണ്ടാക്കുന്നതാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം.നിറം മാറിയ രുചി മാറിയ റം. അമൃതിന്റെ സിംഗിള്‍മാള്‍ട്ടു പോലുള്ള അതിപ്രീമിയങ്ങളൊഴിച്ചാല്‍ ഇതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. പ്രശ്ചന്ന വേഷങ്ങളിലഭിരമിക്കുന്നവരും ഒറിജിനലുകളും തമ്മിലുള്ള വ്യത്യാസം രണ്ടാമതു പറഞ്ഞയാള്‍ ഒരു വൃദ്ധ സന്യാസിയായിരിക്കുമെന്നതാണ്.

മോഹന് മേകിന്‍സ്. പഴയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിലപ്പോഴൊര്‍മ്മയുണ്ടാവും. എഴുപതുകളിലെ വെല്‍ ടു ഡു ഉദ്യോഗസ്ഥ കുടുംബങ്ങളുടെ ഷോ കേസിലെ ഒരു ബ്രൌണ്‍ സ്ഫടിക പരുന്ത്. ഗോള്‍ഡന്‍ ഈഗിളെന്ന കലര്‍പ്പില്ലാത്ത ഒരേ സമയം മൈല്‍ഡും സ്മൂത്തുമായ ബിയര്‍. ഒരു രൂപ പോലും പരസ്യത്തിനു മുടക്കാതെ ഉത്പന്നത്തിന്റെ പര്യായവും നാനാര്‍ത്ഥവുമെല്ലാമായി മാറിയ ഒരേയൊരുല്പന്നമേയുള്ളൂ. അതീ ചതുരന്‍ കുപ്പിയിലെ വൃദ്ധ സന്യാസിയാണ്. ഓള്‍ഡ് മോങ്ക് അതിഭാവുകത്വമാണെന്നു കരുതുന്നവരുണ്ട്. സ്കോച്ച് വിസ്കിയില്‍ പൊക്കിള്‍ കൊടി കുഴിച്ചിട്ടവര്‍. ഏഴു കൊല്ലം പഴക്കമുള്ള വിസ്കി അമൃതായും ഏഴു വര്‍ഷം പഴക്കമുള്ള റം കുതിരയായും കാണുന്നത് രുചി മുകുളങ്ങളുടെ മാത്രം പ്രശ്നമല്ല. ഇനിയും മായാത്ത മറയാത്ത കൊളോണിയല്‍ വിധേയത്വത്തിന്റെയും കൂടെ പ്രശ്നമാണ്. സത്യസന്ധതയുടെയും അതില്ലായ്മയുടെയും.

സമൂഹത്തിലെ പാപനിലകള്‍ നിശ്ചയിക്കുന്നത് എപ്പഴും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാണ്. അരുതുകളെ നിശ്ചയിക്കുന്നതും. യൂണിഫോം പോലെ സമൂഹശരീരത്തില്‍ നെയ്തു വീഴുന്ന ഒന്നാണ് അരുതുകള്‍. ഗുരുത്വവിധേയത്വ ശൃംഗലകളില്‍ മുതിര്‍ന്നവരെ പേരു വിളിക്കുന്നത് ഗുരുത്വക്കേടാവുന്നു. അവരുടെ മുന്നില്‍ മദ്യപിക്കുന്നത് പുകവലിക്കുന്നത് ഒക്കെ നിന്ദയാകുന്നു. മുതിര്‍ന്നവരോടുള്ള നിങ്ങളുടെ ബഹുമാനം ഒളിച്ചു വെച്ചിരിക്കുന്ന കുറെ അരുതുകളാണ്. പ്രകടിപ്പിക്കാത്ത അരുതുകള്‍. വിധേയത്വത്തിന്റെ നുകം ചുമന്ന് നിങ്ങള്‍ മുതിരുമ്പോള്‍ നുകം അടുത്ത തലമുറയിലേക്കു മറിയുന്നു. ചിലപ്പോള്‍ ചില വാതിലുകള്‍ തുറക്കുമ്പോള്‍ തലമുറകളപ്രസക്തമാകുന്നു. അല്ലെങ്കില്‍ നിങ്ങള്‍ മുതിരുന്നു. നിങ്ങളുടെ അടുത്ത തലമുറയും മുതിരുന്നു. അച്ഛന്‍ കഴിച്ചിരുന്ന ഡ്രിങ്ക്, അച്ഛന്റെ ആഫ്റ്റര്‍ഷേവിന്റെ മണം എന്നൊക്കെയുള്ള വൈകാരികതകള്‍ താണ്ടി നിങ്ങള്‍ മലയാളത്തില്‍ പകരം വെക്കാനൊരു വാക്കില്ലാത്ത connoisseur ആകുന്നു. നിങ്ങള്‍ മുതിര്‍ന്ന, പക്വതയുള്ള ഒരു മനോനില കൈവരിക്കുമ്പോള്‍ നിങ്ങളുടെ രുചിപ്രിയങ്ങള്‍ മാറുന്നു. ക്ഷോഭവും രോഷവും പുഞ്ചിയിരിയിലേക്ക് ശമം വരുന്നതു പോലെ. അലകളടങ്ങിയ ഒരു സമുദ്രം.

പുതുമഴയുടെ ഏതോ ഒരു ഷേഡിന്റെ, വാനിലമണമുള്ള പെണ്ണുടലിന്റെ രുചിഗന്ധങ്ങളുള്ള സൌമ്യം അതേ സമയം തീഷ്ണമായ ഒരു ഡ്രിങ്ക്. സ്കോച്ചില്‍ സോഡയും അനുസാരികളും ചേര്‍ത്തു കഴിക്കുന്ന നാടന്‍ പൊങ്ങച്ചം പോലെയാണ് റമ്മില്‍ കോല ചേര്‍ത്തു കഴിക്കുന്ന വിവരദോഷിയും. മദ്യാസക്തനും നേരത്തെ പറഞ്ഞ രുചി പ്രിയനും തമ്മിലുള്ള വ്യത്യാസം അതാണ്. മദ്യാസക്തന്‍ നാവിനെ മദ്യമറിയിക്കാതെ കോളയോ പെപ്സിയോ ചേര്‍ത്ത് മടമടാന്നു ഫിറ്റായി ഉറക്കം പിടിക്കുന്നു. രുചിപ്രിയന്‍ ഒന്നോ രണ്ടോ പെഗ്ഗിനെ മുത്തി, ഓരോ തുള്ളിയും നുണഞ്ഞ്, ഒരോ അണുവുമറിഞ്ഞ്, ഒന്നോ രണ്ടോ മണിക്കൂര്‍ സമയമെടുത്ത്. മദ്യാസക്തിയില്‍ നിന്നും രുചിപ്രിയനിലേക്കുള്ള ആരോഹണം. ഓള്‍ഡ്മോങ്ക് കഴിക്കുന്നവരില്‍ രാവിലെ ഹാങ്ങോവര്‍ മാറ്റാന്‍ രണ്ടെണ്ണം കഴിക്കുന്ന കടുത്ത മദ്യപാനികള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. കാരണം ശാരീരിക നിലകളിലെ അപൂര്‍വ്വ വ്യതിയാനങ്ങളിലൊഴികെ പൊതുവെ ഹാങ്ങോവറില്ലാത്ത, അടുത്ത ദിവസത്തേക്ക് അവശിഷ്ടങ്ങളൊന്നും ബാക്കി വെക്കാത്ത ഒരു ഡ്രിങ്ക്. രുചിയും മണവുമറിയാതെ എത്രയും വേഗം കിക്കാവുന്നതിലേക്ക് അവരോഹണം നടത്തുന്ന മദ്യപാനി, മദ്യാസക്തനാവുന്നവന് രുചി പ്രസക്തമല്ല. മദ്യപാനത്തിന്റെ ക്വാളിറ്റിയും. ഏതെങ്കിലും കരിയോയിലില്‍ സംതൃപ്തനാവുന്നവനാണ് മദ്യാസക്തന്‍. ഏതെങ്കിലുമൊക്കെ പൊങ്ങച്ചങ്ങളില്‍ സംതൃപ്തനാകുന്നവനാണ് രുചിയറിയാതെ കഴിക്കുന്ന ഇമേജ് ബില്ഡര്‍.രണ്ടും രണ്ടതിരുകളാണ്. പത്തും പലതുമാണ്. ചിലതൊക്കെ പതിരും.

1820 ല്‍ ലയണ്‍ ബിയറുകള്‍ക്കു വേണ്ടി തുടങ്ങിയ ഡിസ്റ്റിലറി 1855ല്‍ മോഹന്‍ മേകിന്‍സായി. വെള്ളം. നമ്മള്‍ സ്കൂളില്‍ രുചിയും മണവുമില്ലാത്ത ദ്രാവകമെന്നു പഠിച്ച എച് ടു ഓ, പക്ഷെ മദ്യനിര്‍മ്മാണത്തിലെത്തുമ്പോല്‍ രുചിയും മണവുമെല്ലാം അതിപ്രസക്തമാവുന്നു. ഏതെങ്കിലും കാട്ടുചോലയിലെ വെള്ളം കുടിച്ചിട്ടുള്ളവര്‍ക്കരിയാം വെള്ളത്തിനു രുചി വ്യത്യാസംങ്ങള്‍ ഭവിക്കുമെന്ന്. മണ്‍കൂജകളില്‍ ചില വെള്ള രുചികളെങ്കിലും പുനസൃഷ്ടിക്കാന്‍ സാധിക്കൂുമെന്ന്.. ബവാറിയ സ്കോട്ടിഷ് മലനിരകള്‍ തുടങ്ങി ഏതു മദ്യപ്പെരുമയിലെയും അടിസ്ഥാന ചേരുവകളിലൊന്ന്, അവിടെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണവും മണവുമാണ്. മലയാളിക്ക് ഓള്‍ഡ് കാസ്ക് റം പ്രിയങ്കരമാകുന്നതിനുള്ള കാരണങ്ങളിലൊന്നും. ക്ലീഷേയുടെ കൊങ്ങയ്ക്കു പിടിച്ചാല്‍ ഹിമാലയ സാനുക്കളിലെ ജലം. വാനില മണമുള്ള കാരമല്‍ രുചിയുള്ള സ്മൂത്ത് ‍ഡാര്‍ക്ക് റം. കെമിക്കലുകളൊന്നും ചേരുന്നില്ലെന്നു പൊതുവെ കരുതപ്പെടുന്നത്.

രതി പോലെയാണ് മദ്യവും. ഫോര്‍ പ്ലേ, ക്രിയ, പിന്നെ ആലസ്യവും വിരമിക്കലും. മദ്യത്തിനു കുപ്പിയിലൊരു രുചി. കുപ്പി തുറക്കുമ്പോള്‍ മൂക്കിനോടടുപ്പിച്ച് ശ്വസിക്കുക. വാനിലയുടെയോ ചോക്ലേറ്റിന്റെയോ മറ്റെന്തിന്റയക്കെയോ മണം. കാലപ്പഴക്കത്തില്‍ ചെറിയ രുചി വ്യതിയാനങ്ങള്‍ പോലും പ്രവചിക്കാന്‍ സാധിക്കുന്ന ഒരു സ്കില്ലിന്റെ ആദ്യ പടി. ഗ്ലാസ്സിലൊരു രുചി. വീണ്ടും സ്മെല്‍ യുവര്‍ ഗ്ലാസ്സ്. ഗ്ലാസ്സിലിരുന്നിരുന്നൊരു രുചി. വായു, അന്തരീഷം, പിന്നെ നിങ്ങളുടെ വെള്ളം. ഇതൊക്കെ ഒരു പക്ഷെ വസന്തം ചെറിമരങ്ങളോട് ചെയ്തതു ചെയ്യുമായിരിക്കണം. ചില രുചികള്‍ നേര്‍ക്കുന്നു. ചിലത് വ്യതിരക്തമാകുന്നു. ചിലത് ശമിക്കുന്നു. മൊത്തുമ്പോഴൊരു രുചി, നുണയുമ്പോഴൊന്ന്, ഇറക്കുമ്പോഴൊന്ന്.

ഓള‍്ഡ് മോങ്ക് ആദ്യവസാനമായി ഒരു പുരുഷ ഡ്രിങ്കാണ്. സ്ത്രീരുചിമുകുളങ്ങള്‍ക്ക് പൊതുവെ ഇഷ്ടപ്പെടാത്തത്. കോക്ക്ടെയിലുകളുടെ ചേരുവയിലും പരിമിത ഉപയോഗം. മറ്റു ചേരുവകളെ മറികടക്കുന്ന വിധം വ്യതിരിക്തവും പാര്‍ട്ടി ക്ലാസ്സിനു ചേരാത്ത വിധം എടുത്തു കാണിക്കുന്ന ഗന്ധവും കാരണം ഡാര്‍ക്ക് റം എന്ന വിഭാഗം ചേരുന്ന കോക്ടെയിലുകളില്‍ പോലും പൊതുവെ ഉപയോഗിക്കാന്‍ വിമുഖതയുണ്ടാക്കുന്നത്.

ഓള്ഡ് മോങ്ക് ഒരു കുലമാണ്. ബുള്ളറ്റ് പോലെ, ജിഷോക്ക് പോലെ, ജീപ്പ് പോലെ ഒരു കുലം. വെന്‍ യൂ ആര്‍ സോളിഡ്. വെന്‍ യൂ ഹാവ് ഗട്സ്, വെന്‍ യു ആര്‍ ട്രൂ. നിങ്ങള്‍ക്കു പരസ്യം വേണ്ട. സറോഗേറ്റ് പരസ്യങ്ങള്‍ പോലും. നിങ്ങള്‍ വാക്കുകളില്‍ നിന്നും വാക്കിലേക്കും മനസ്സുകളില്‍ നിന്നും മനസ്സിലേക്കും പകരപ്പെടുന്ന ഒന്നാണ്. മൃദുവായി താലോലിക്കുന്ന, സ്വന്തം ചുഴികളെയും മലരികളെയും സുനാമികളെയും ശമിപ്പിക്കുന്ന ഒന്നാണ്. സ്വന്തമാക്കി ആഘോഷിക്കപ്പെടുന്ന ഒന്ന്. ഞാന്‍ ഒരു ഓള്‍ഡ് മോങ്കാണ്. ജീവിതത്തിലും ഡ്രിങ്കിലും. കേരളത്തിലും ചെന്നൈയിലും ബാംഗ്ലൂരിലും പോണ്ടിച്ചേരിയിലും ഡെല്‍ഹിയിലും ലണ്ടനിലും എല്ലാം. എന്നും എപ്പോഴും.

അനുബന്ധം . 1. ബുള്ളറ്റുകളുണ്ട്, വെറും ബൈക്കുകളും

പിന്‍കുറിപ്പ്.- ഓള്‍ഡ് മോങ്ക് ഷെല്‍ഫുകളില്‍ നിന്നപ്രത്യക്ഷമായിത്തുടങ്ങുന്നതിനെക്കുറിച്ചുള്ള വേവലാതികള്‍ നെറ്റില്‍ സുലഭമാകുന്നു. വാര്‍ത്ത തെറ്റായിരിക്കട്ടെ. ശരിയാണെങ്കില്‍ ഒരു സംസ്കാരമാണസ്തമിക്കുന്നത്. ഒരു വംശവും കുലവും

Namath Namath ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്തത്

advertisment

News

Super Leaderboard 970x90