Technology

ബ്ലാക്ക് ബെറി കാലമസ്തമിക്കുമ്പോൾ...

ലാപ്ടോപ്പ് ചുമന്ന് നടുവൊടിയുന്ന കാലം പോയി. ആൻഡ്രോയ്ഡ് വിപ്ലവം വന്നു. ഡാറ്റ എന്നു ജനം കേട്ടു തുടങ്ങി. പോക്കറ്റിൽ ഇൻറർനെറ്റു വന്നു. ആളുകൾ സ്മാർട്ടായി.അപ്പിയിടാൻ വരെ ആപ്പായി. പ്രീമിയം ഫോണുകളുടെ ഉദ്ദേശം മെയിൽ നോക്കുകയും സെക്യൂരിറ്റിയും മാത്രമല്ലാതെയായി. സോഷ്യൽ മീഡിയ വന്നു, വോയ്സും വീഡിയോയുമായ കോളുകൾ വന്നു. എന്തിനു കുടുംബജീവിതം വരെ സ്കൈപ്പിലായ തലമുറയാണ്, ലാപ്പിനു പകരം ടാബ് വന്നു. ഫോണും ടാബും ചേർന്ന ഫാബ് വന്നു. സന്തോഷം. ആപ്പു വെച്ച് വലുതായൊന്നും ചെയ്യാനില്ലായിരുന്ന പ്രാകൃതനായിരുന്നതു കൊണ്ടുമാവണം. മെയിലു മാത്രം കൊണ്ടു സന്തുഷ്ടനായതു കൊണ്ടും. അതു മാത്രമല്ല...കീബോർഡ് തല്ലിപ്പൊട്ടിച്ചു ശീലിച്ച നീണ്ട വലിയ വിരലുകൾ. പട കണ്ട കുതിര പന്തിയിൽ കിടക്കില്ല. വലിയ ടച്ച് സ്ക്രീനുളള ഫോണുകൾ വരുന്നതിനു മുൻപുളള കാലത്ത് വിരലും സ്ക്രീനും തമ്മിലൊരു കോംബോ ഏകദേശം അസ്സാധ്യം...

ബ്ലാക്ക് ബെറി കാലമസ്തമിക്കുമ്പോൾ...

 അങ്ങനെ അതു കഴിഞ്ഞു. ബ്ലാക്ക് ബെറി ദശകങ്ങൾ. ഇന്ത്യയിലാദ്യം ലോഞ്ച് ചെയ്തപ്പോൾ മുതൽ ഒന്നു രണ്ടു മാസത്തെ ഇടവേളകളൊഴിച്ച് ഇന്നു വരെ ഏതെങ്കിലുമൊരു മോഡൽ ബ്ലാക്ക്ബെറി എപ്പോഴുമുണ്ടായിരുന്നു. തകഴിയും മാധവിക്കുട്ടിയും ഫോണിൽ സംസാരിച്ചു കഴിഞ്ഞിട്ടും വർഷങ്ങളെടുത്ത് മൊബൈൽ ഫോൺ ക്ലച്ചു പിടി്ക്കാൻ. ക്രഡിറ്റ് പോളീസ്റ്റർ കിങ്ങ് ധീരുഭായി അമ്പാനിക്കുളളതാണ്. പയനിയർ ഓഫറെന്ന അയ്യായിരത്തിൻറെ ചെറിയ മൊബൈൽ ലോഞ്ച്.

ത്രിജിക്കു മുൻപുളള ജിപിആർഎസ് കാലത്ത്, ബ്രോഡ്ബാൻഡിനു മുൻപുളള ഡയലർ കാലത്ത് വലിയ ഒപ്ഷനുകളൊന്നുമില്ല. നാലു നാലര കിലോ ഭാരമുളള ലാപ്ടോപ്പ് ചുമ്മി നടുവൊടിയുക. ഇഷ്ടികയുടെ വലുപ്പത്തിൽ നിന്നും നോക്കിയ 3310, 9310 ഒക്കെയായപ്പോഴേക്കും മൊബൈൽ ചെറുതായിട്ടുണ്ടെങ്കിലും ഡാറ്റ ഒരു സങ്കല്പം മാത്രമാണ്. മെസ്സേജ് എന്ന മിനക്കെട്ട പരിപാടിക്കപ്പുറം ചില കമ്പനികൾ എസ്എംഎസ് ചാറ്റ് അനുവദിച്ചതല്ലാതെ കഥയില്ല. യാത്രയിലോ പുറത്തോ ആയിരിക്കുമ്പോൾ മെയിൽ നോക്കണമെങ്കിൽ രണ്ടു വഴികൾ. ഒന്ന് ഏറ്റവും അടുത്ത ഇൻറർനെറ്റ് കഫേ പിടിക്കുക. മോഡം ഭഗവാൻ കനിഞ്ഞാൽ തിരക്കില്ലെങ്കിൽ, അല്ലെങ്കിൽ ജനം തുണ്ടു കണ്ടു തീർന്ന് സീറ്റൊഴിവുണ്ടെങ്കിൽ നോക്കാൻ പറ്റിയാലായി. ഏതെങ്കിലും ഹൈടെക്ക് പരിചയക്കാരനോ വീടോ ഉണ്ടെങ്കിൽ ചിലപ്പം ഡയലപ്പ് സമ്മതിക്കും. ലാപ്പിൽ ഫോൺ ജായ്ക്കുണ്ടായിരുന്ന കാലം.

കുങ്കുമത്തിൻറെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നതു പോലെ ഗർദ്ദഭം. കുങ്കുമം പോലല്ല. ലാപ്ടോപ്പിനു നാലു നാലരകിലോ ഭാരമുണ്ട്. ബാക്ക് പാക്കുകൾ വന്നു തുടങ്ങിയിട്ടില്ല. ലാപ്ടോപ്പിനു പ്രീമിയം സ്വഭാവമുളളതു കൊണ്ടു കറുത്ത ലെതർ ബാഗ് കൂടെ ഫ്രീയാണ്. തേയില കിളളുന്നവര് പുറത്തു തൂക്കുന്നതു പോലെ ഒരോവർ നൈറ്റ് ഡ്രസ്സടക്കം കഴുത ഭാരം ചുമ്മുന്ന പണിയാണ്. ടൈപ്പ് ചെയ്ത് ചെയ്ത് വിരലിൻറെ നീളം കുറഞ്ഞെന്നു ഖേദിക്കുന്നതു പോലെ ലാപ്ടോപ്പ് ചുമ്മി നടുവൊടിയുമെന്നയാപ്പോഴാണ് മെയിലു നോക്കാവുന്ന ഫോൺ വരുന്നത്. ബ്ലാക്ക് ബെറി. അക്കരയ്ക്കു യാത്ര ചെയ്യും ലാപ്ടോപ് സഞ്ചാരീ, ഭാരങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട പാടിക്കൊണ്ട്.ലാപ് ടോപ്പ് താഴെ വെച്ചു നടു നിവർത്തു.

അന്നു മുതലിന്നു വരെ. അല്ല ഇന്നലെ വരെ സന്തതസഹചാരി. കടുത്ത പ്രിയാപ്രിയങ്ങളിലെ ഐഡന്റിഫയർ പോലുമായ പ്രിയം. പ്രിയങ്ങൾക്കൊരു കുഴപ്പമുണ്ട്. ഒട്ടും യുക്തിസഹമായിരിക്കില്ലത്. പലപ്പോഴും സന്ദർഭത്തിനു ചേരാത്തതും. പ്രീമിയം ഡ്രിങ്ക്സ് കഴിക്കുന്നവരുടെ ഇടയിൽ ഫുളളിനിരുനൂറിൻറെ ഓൾഡ് മോങ്ക് കഴിക്കുന്നത് പോലെ. നാട്ടിൽ കിട്ടാത്തതു കൊണ്ട് വാങ്ങിക്കൊണ്ടു പോകുന്ന സ്ഥിരമായി അന്യായ വില കൊടുത്ത് വലിച്ചിരുന്ന സിഗരറ്റ് ബ്രാനറ് പോലെ. സ്ഥിരമിരിക്കുന്ന കസേരകളും സ്ഥിരം നോക്കുന്ന ജാലകങ്ങളും സ്ഥിരം ചായ കുടിക്കുന്ന കടയും. നാട്ടിൽ ചെന്നാലുമിപ്പോഴും രണ്ടു പൊറോട്ടേമിറച്ചീം തിന്നണന്നു തോന്നിയാലും പത്തു കിലോമീറ്ററു വണ്ടിയോടിച്ച് പഴയ സ്ഥിരം തടികൊണ്ടുളള ഷട്ടറും മരക്കസേരയുമൊക്കെയുളള അലമാരയിൽ എണ്ണപ്പലഹാരം പുഞ്ചിരിക്കുന്ന സാധാരണക്കാരൻറെ ഹോട്ടലിലേ പോകൂ. ഏറിനിൽക്കുന്ന ശീലത്തിനും ബ്രാൻറ് ലോയൽറ്റിക്കുമുളള പ്രവണത. ചിലപ്പോഴതിലൊന്നു മാത്രമാവണം ബ്ലാക്ക് ബെറി ശീലവും.

ലാപ്ടോപ്പ് ചുമന്ന് നടുവൊടിയുന്ന കാലം പോയി. ആൻഡ്രോയ്ഡ് വിപ്ലവം വന്നു. ഡാറ്റ എന്നു ജനം കേട്ടു തുടങ്ങി. പോക്കറ്റിൽ ഇൻറർനെറ്റു വന്നു. ആളുകൾ സ്മാർട്ടായി.അപ്പിയിടാൻ വരെ ആപ്പായി. പ്രീമിയം ഫോണുകളുടെ ഉദ്ദേശം മെയിൽ നോക്കുകയും സെക്യൂരിറ്റിയും മാത്രമല്ലാതെയായി. സോഷ്യൽ മീഡിയ വന്നു, വോയ്സും വീഡിയോയുമായ കോളുകൾ വന്നു. എന്തിനു കുടുംബജീവിതം വരെ സ്കൈപ്പിലായ തലമുറയാണ്, ലാപ്പിനു പകരം ടാബ് വന്നു. ഫോണും ടാബും ചേർന്ന ഫാബ് വന്നു. സന്തോഷം. ആപ്പു വെച്ച് വലുതായൊന്നും ചെയ്യാനില്ലായിരുന്ന പ്രാകൃതനായിരുന്നതു കൊണ്ടുമാവണം. മെയിലു മാത്രം കൊണ്ടു സന്തുഷ്ടനായതു കൊണ്ടും. അതു മാത്രമല്ല

കീബോർഡ് തല്ലിപ്പൊട്ടിച്ചു ശീലിച്ച നീണ്ട വലിയ വിരലുകൾ. പട കണ്ട കുതിര പന്തിയിൽ കിടക്കില്ല. വലിയ ടച്ച് സ്ക്രീനുളള ഫോണുകൾ വരുന്നതിനു മുൻപുളള കാലത്ത് വിരലും സ്ക്രീനും തമ്മിലൊരു കോംബോ ഏകദേശം അസ്സാധ്യം. ഫിസിക്കൽ കീബോർഡുണ്ടായിരുന്ന ബ്ലാക്ക് ബെറി വലിയ വിരലുളളവർക്ക് തരുന്ന ആനന്ദം ഒന്നു വേറെയാണ്. കീബോർഡിൽ ടൈപ്പ് ചെയ്തും എഴുതിയും ശീലമുളളവര് പിന്നെ പേനയും പേപ്പറുമെഴുതാനെടുക്കാത്തതു പോലെ മറ്റൊരു ശീലം. നിലവിൽ മേശപ്പുറത്തു കിടക്കുന്ന ബ്ലാക്ക്ബെറി പാസ്പോർട്ടു വരെ നീണ്ട വർഷങ്ങളിൽ സീ10 എന്ന ഒറ്റമോഡലു മാത്രമാണ് ഫിസിക്കൽ കീബോർഡില്ലാത്ത ബ്ലാക്ക്ബെറിയുപയോഗിച്ചത്. കറുപ്പിലെ അസാധ്യഫോം ഫാക്ടറും കരുത്തഴകിൻറെ സുന്ദര രൂപവും കാരണം.

ആദ്യകാലങ്ങളിലെ വലിയ മോഡലുകൾ മുതൽ ബ്ലാക്ബെറി പ്രൊഡക്ഷൻ ഔട്ട് സോഴ്സ് ചെയ്ത കാലം വരെയും മോഡലുകളുടെ മിനിമം ഗാരൻറി ഡിസൈൻ പെർഫക്ഷൻ. ഇടക്കാലത്ത് 8310 പോലെ ഒന്നോ രണ്ടോ മോഡലുകളുടെ പ്ലാസ്റ്റിക് പാപങ്ങളൊഴിച്ചാൽ പിക്ചർ പെർഫക്ട്. മേശപ്പുറത്ത് കിടക്കുന്നത് ഒരായിരം തവണയെങ്കിലും താഴെ വീണിട്ടുണ്ട്. ഒരു പോറലു പോലുമില്ലാതെ. രണ്ടു തവണ താഴെ വീണ എച്ച്ടിസി ഒന്ന് ഗ്ലാസ്സ് ചിതറിത്തെറിച്ചുരഞ്ഞ്. ദോശമാവിനകത്തു വീണിട്ടും കേടില്ലാതെ പുറത്തു വന്ന പഴയ ഐഫോണൊഴിച്ച് ഡ്യൂറബിലിറ്റിയിലും ദൃഡതയിലും സമാനതകളുളള പെർഫോർമൻസ് അധികം കണ്ടിട്ടില്ല.

അമേരിക്കൻ പ്രസിഡൻറിൻറെ ഫോണായിരുന്നു. ഒബാമയുടെ പ്രിയ ഫോൺ. സർക്കാർ സംവിധാനങ്ങൾ ഓട്ടമേറ്റു ചെയ്തു തുടങ്ങിയ കാലങ്ങളിലേറ്റവുമധികം ഉപയോഗിക്കപ്പെട്ട ഫോൺ. അമേരിക്കയിൽ മാത്രമല്ല ബാംഗ്ലൂരും. വൈകിട്ട് വെളളമടിച്ചേച്ചു വണ്ടിയോടിച്ചതിനു പിടി കൊടുക്കുന്ന ഗഡികൾക്ക് കേസു ചാർജ്ജു ചെയ്തു കോടതി തീരുമാനിച്ചു കൊടുക്കുന്നത് പോലീസുകാരൻറെ വിരൽത്തുമ്പിലുളള ബ്ലാക്ക്ബെറിയായിരുന്നു. കോർപ്പറേറ്റ് വർക്ക് ഹോഴ്സ്. ചാറ്റു ചെയ്യാനും പുന്നാരിക്കാനും താല്പര്യമില്ലാത്തവരുടെ ഇഷ്ട ഫോൺ. പിന്നെ എവിടെയാണ് പ്രീമിയം സ്വഭാവം പോകുന്നത്?

ലളിതമാണ്. ആൻഡ്രോയിഡ് വന്നതോടെ ജീവിതം സ്മാർട്ടായി. അപ്പിയിടാൻ വരെ ആപ്പായതോടെ സാധ്യതകളുടെ അനന്തമായ ആകാശം തെളിഞ്ഞു. ഒരിക്കലുമസ്തമിക്കില്ലെന്നു കരുതിയ നോക്കിയ അസ്തമിച്ചതങ്ങനെയാണ്. ആൻഡ്രോയിഡിലേക്കു മാറാനും ആപ്പുകളിലേക്കു മാറാനുമുളള വിമുഖത. അതു തന്നെയാണ് ബ്ലാക്ക്ബെറിക്കും സംഭവിച്ചത്. ആൻഡ്രോയിഡ് സ്വാതന്ത്ര്യത്തിൻറെ തുറസ്സാണ്. ആർക്കും സ്വന്തമായി ആപ്പുണ്ടാക്കി ലോഞ്ച് ചെയ്യാം. ഓടാനവട്ടത്ത് സുധാരനു സ്വന്തം പച്ചക്കറിക്കടയ്ക്കു വരെ ആപ്പുണ്ടാക്കാം. ഓടനാവട്ടംകാർക്കു മാത്രം പ്ലേ സ്റ്റോറിൽ ഡൌ ൺ ലോഡ് ചെയ്യാം. സെക്യൂരിറ്റിക്കു പുകഴേന്തിയ ബ്ലാക്ക്ബെറിയിൽ ആപ്പു വരണമെങ്കിൽ കമ്പനി കൊടുക്കണം. ദുഷ്ടൻറെ ഫലം ചെയ്ത സെക്യൂരിറ്റി ശുദ്ധൻ. ആൻഡ്രോയിഡ് പോലെ ആർക്കും ആപ്പടിക്കാനൊക്കില്ല. ഫലം ആപ്പ് ശുഷ്കം.

ത്രീജി കാലത്ത് ലൈഫ് സ്റ്റൈലു മാറി. ഇന്ന് വാട്സാപ്പില്ലാത്ത ആളുകളില്ല. വാട്സാപ്പ് ഗ്രൂപ്പുകളില്ലാത്ത കുടുംബങ്ങളും സംഗമങ്ങളുമില്ല. ഇരുപത്തിനാലു മണിക്കൂറും സോഷ്യൽ മീഡിയയായി. സുന്ദര മനോഹര ഫോം ഫാക്ടറും അസ്സാധ്യ ഹാർഡ് വെയറും ക്യാമറയും ശബ്ദവുമടക്കം പിന്നെ കീബോര്ഡുമുളള ഫോൺ ആൻഡ്രോയ്ഡ് ആപ്പുകൾ സൈഡ് ലോഡ് ചെയ്യണ്ട അവസ്ഥയായി. നിരന്തരം ക്രാഷ് ചെയ്യുന്ന അവസ്ഥ. ഇന്ത്യൻ കമ്പനി ഏറ്റടുത്തപ്പോൾ ടാറ്റ ജാഗ്വാറിനെയും ടെറ്റ്ലിയേയും ഏറ്റെടുത്ത അവസ്ഥയല്ലുണ്ടായത്. മറിച്ച് അമേരിക്കൻ പ്രസിഡൻറ് ഉപയോഗിക്കുന്ന ഫോണിൻറെ ആപ്പുകൾ ഡൌൺലോഡ് ചെയ്യാനുളള ബ്ലാക്ക്ബെറി വേൾഡിൽ രാഹുകാലം നോക്കാനുളള ആപ്പുകൾ. ഹിന്ദിയിലും തെലുങ്കിലുമുളള ആപ്പുകൾ. വികസിത വിപണികളിൽ കട്ടയും പടവും മടക്കാനതു മതി. അതു തന്നെ നടന്നു. ആക്ടിവിറ്റി ട്രാക്കറും എയർഫ്രയറും മാത്രമല്ലില്ലാത്തത്, മാപ്പിനു ഗൂഗിളിൻറ വ്യാപ്തിയില്ല, ബാങ്കു മുതൽ പത്രം വരെ ആപ്പുകളില്ല. ആന്ഡ്രോയിഡിലെല്ലാമുണ്ട്. ഐഫോണിലും. ഏറ്റവമടുത്ത സൂപ്പർമാർക്കറ്റിൽ നൂറു രൂപയ്ക്കു വിൽക്കുന്ന ഉള്ളിയുടെ വില നാല്പതായാൽ അതറിയാനുളള ആപ്പു വരെയുണ്ട്. രാഹു കാലം നോക്കാനുളള ആപ്പ് കൊണ്ടുളളി വാങ്ങാനൊക്കില്ല. വീക്ഷണത്തിൻറെ സമീപനങ്ങളുടെ പ്രൊഫഷണലിസ്സത്തിൻറെ പ്രശ്നങ്ങളാണ്

ഫലത്തിൽ ഇതൊന്നും ജീവിതത്തെ ബാധിച്ചിരുന്നില്ല. എസ്എംഎസ് വായിക്കാത്ത വാട്സ് ആപ്പ് നോക്കാത്ത ഫോണിൽ ടൈപ്പ് ചെയ്യുന്നതിഷ്ടമല്ലാത്ത, ചെറിയ സ്ക്രീനിൽ വായിക്കാത്ത പാട്ടു കേൾക്കാത്ത, ബെസ്റ്റ് വേ ടു റീച്ച് മീ ഈസ് ഇമെയിൽ, ഇഫ് ഇറ്റ്സ് അർജനര് കോൾ മീന്നു ബാനറു പിടിച്ചേക്കുന്ന കടുംവെട്ടുകൾക്ക് അതൊന്നും വലിയ കാര്യമല്ല. ഒരു സുപ്രഭാതത്തിൽ നെറ്റ്വർക്ക് തകരാർ. ഗുഗിളു നോക്കിയപ്പോൾ പാസ്പോർട്ടെന്ന മോഡലിനു ഒരു അപ്ഗ്രേഡിനു ശേഷം സംഭവിക്കുന്നതാണ്. ഫോറമായ ഫോറങ്ങളിലെല്ലാം നിലവിളികളാണ്. സന്തോഷമായി. വയറു നിറഞ്ഞു. പാസ് പോർട്ട് താഴ്ത്തി. വൈഫൈയിൽ മെയിലുകൾക്കുളള ഉപകരണമാക്കി. ഇടയ്ക്ക് ചെക്കനു പാട്ടു കേൾക്കാനും.

വർഷങ്ങൾ നീണ്ട ബന്ധമായിരുന്നു. ശരീരത്തിൻറെ ഭാഗം പോലെയായി മാറിയ ബ്രാൻറും. വണ്ടിക്കകത്തും മേശപ്പുറത്തുമൊക്കെ ഫോൺ കണ്ടാൽ സ്ഥലത്തുണ്ടെന്ന് ആളുകൾ തിരിച്ചറിയാനും മാത്രം കടുത്ത ബ്രാൻറ് ബന്ധം.

ചിലപ്പോഴൊക്കെ ശീലങ്ങളും ബ്രാൻറുകളും ആളുകളെ നിർവചിക്കും. ചില ബ്രാൻറുകൾ നിങ്ങളെ പ്രതിഫലിപ്പിക്കും. ഓൾഡ് മോങ്കും ജിഷോക്കും ചാർമിനാറും യെസ്ഡിയും പോലെ. ഇനി പോക്കറ്റിലോ കയ്യിലോ ബ്ലാക്ക് ബെറിയില്ല. വീട്ടിലെ സ്റ്റഡി ടേബിളിൽ. ഇടയ്ക്കലസ്സമായൊന്നു നോക്കാൻ. അതും പോവും. ബ്ലാക്ക്ബെറി ഹബ്ബ് എന്ന ഏസ് ഫീച്ചർ മറ്റുളളവരും നൽകാനധികം കാലമൊന്നുമില്ല. ഇതിനകം അതു സംഭവിച്ചില്ലെങ്കിൽ. സാർത്ഥകമായിരുന്ന ബ്ലാക്ക് ബെറി വർഷങ്ങൾ. അതോ ദശകങ്ങളോ. യുഗങ്ങൾ പോലെ തോന്നുന്ന വർഷങ്ങൾ. ജനിച്ചു വീണപ്പോഴേ കർണ്ണനു കവചകുണ്ഡലം പോലെയുണ്ടായിരുന്നെന്ന തോന്നൽ. ബിലോംങ്ങിങ്ങ്. നന്ദി.

നമത്  ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

#TAGS : namath   facebook  

advertisment

News

Super Leaderboard 970x90