' ശ്രീനിവാസനു ഖേദപൂര്‍വ്വം..., കൊച്ചിയില്‍ ആര്‍സിസി വേണ്ടെന്ന താങ്കളുടെ അഭിപ്രായം ചെന്നു പൊള്ളുന്നത് പാവങ്ങളുടെ നെഞ്ചത്താണ്, ഒരു വ്യക്തിക്ക് സ്വന്തം ചികിത്സ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്,അതിനെ എതിര്‍ക്കുന്നത് വേദനയോടുള്ള പാപമാണ് '

വേദനയുടെ വലിയ ഒരു ലോകമുണ്ട്. ഒരിക്കലെങ്കിലും അര്‍ബുദാശുപത്രിയില്‍ പോകാനിടവന്നാല്‍ കാണാന‍്‍ കഴിയുന്ന ഒന്ന്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ആര്‍സിസിയിലുമായി മരണത്തിനു മുന്‍പ് കുറച്ചുനാള്‍ അച്ഛന്‍ അര്‍ബുദ ചികിത്സയിലായിരുന്നു. അമ്മ സ്തനാര്‍ബുദത്തിനു ചികിത്സ കഴിഞ്ഞു ആരോഗ്യം വീണ്ടെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ വേദനാജനകമായ ക്ലിനിക്കല്‍ നടപടിക്രമങ്ങളും ചികിത്സാരീതികളും ശരീരമാറ്റങ്ങളും എല്ലാം നിറഞ്ഞ ഒന്നാണ് ചികിത്സ. രോഗം ഭേദപ്പെടുന്നവരുടെ തോത് ചില സ്ഥലങ്ങളിലെങ്കിലും എണ്‍പതു ശതമാനമോ അതില്‍ കൂടുതലോ ആണ്. പക്ഷെ ചികിത്സ, അതുമായി ബന്ധപ്പെട്ട യാത്രകള്‍, ചികിത്സാ ചിലവ്. ഇങ്ങനെ സാധാരണക്കാരന്‍ നേരിടുന്ന പ്രശ്നങ്ങളേറെയാണ്....

' ശ്രീനിവാസനു ഖേദപൂര്‍വ്വം..., കൊച്ചിയില്‍ ആര്‍സിസി വേണ്ടെന്ന താങ്കളുടെ അഭിപ്രായം ചെന്നു പൊള്ളുന്നത് പാവങ്ങളുടെ നെഞ്ചത്താണ്, ഒരു വ്യക്തിക്ക് സ്വന്തം ചികിത്സ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്,അതിനെ എതിര്‍ക്കുന്നത് വേദനയോടുള്ള പാപമാണ് '

രണ്ടായിരത്തി പതിനഞ്ചിലെഴുതിയതാണ്. റെഫറൻസ് ആവശ്യത്തിനിവിടെ കിടന്നോട്ടെ

നടന്‍ ശ്രീനിവാസനു ഖേദപൂര്‍വ്വം

കൊച്ചിയിലെ റീജിയണല്‍ കാന്‍സര്‍ സെന്ററിനെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന വാര്‍ത്ത കണ്ടു. വാചക മേളകളിലേക്കുള്ള വായ്ത്താരി മാത്രമായി പറഞ്ഞതാണെങ്കില്‍, പഴയ യൂത്തന്‍ പത്ര പ്രസ്താവനയുമായി പത്രക്കടകളില്‍ കയറിയിറങ്ങുന്ന പരിപാടിയായിപ്പോയി. ഒരു മുതിര്‍ന്ന സെലിബ്രിറ്റിക്ക് അപാകം. വൈദ്യശാസ്ത്രപരമോ ക്ലിനിക്കലോ ആയ കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള താങ്കളുടെ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നില്ല. ചികിത്സ വേണ്ടന്നല്ല, ആശുപത്രി വേണ്ടന്നാണ് താങ്കള്‍ പറഞ്ഞെതന്നത് വലിയ ഭാഗ്യം. അതല്ല സീരിയസ്സായി പറഞ്ഞതാണെങ്കില്‍ വേദനയോടുള്ള ഗുരുതരമായ കുറ്റകൃത്യമാണത്. വേദനിക്കുന്നവരോടുള്ള പാപവും.

വേദനയുടെ വലിയ ഒരു ലോകമുണ്ട്. ഒരിക്കലെങ്കിലും അര്‍ബുദാശുപത്രിയില്‍ പോകാനിടവന്നാല്‍ കാണാന‍്‍ കഴിയുന്ന ഒന്ന്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ആര്‍സിസിയിലുമായി മരണത്തിനു മുന്‍പ് കുറച്ചുനാള്‍ അച്ഛന്‍ അര്‍ബുദ ചികിത്സയിലായിരുന്നു. അമ്മ സ്തനാര്‍ബുദത്തിനു ചികിത്സ കഴിഞ്ഞു ആരോഗ്യം വീണ്ടെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ വേദനാജനകമായ ക്ലിനിക്കല്‍ നടപടിക്രമങ്ങളും ചികിത്സാരീതികളും ശരീരമാറ്റങ്ങളും എല്ലാം നിറഞ്ഞ ഒന്നാണ് ചികിത്സ. രോഗം ഭേദപ്പെടുന്നവരുടെ തോത് ചില സ്ഥലങ്ങളിലെങ്കിലും എണ്‍പതു ശതമാനമോ അതില്‍ കൂടുതലോ ആണ്. പക്ഷെ ചികിത്സ, അതുമായി ബന്ധപ്പെട്ട യാത്രകള്‍, ചികിത്സാ ചിലവ്. ഇങ്ങനെ സാധാരണക്കാരന്‍ നേരിടുന്ന പ്രശ്നങ്ങളേറെയാണ്.

സ്വകാര്യമേഖലയിലെ ചികിത്സ സാധാരണക്കാരന് പലപ്പോഴും അപ്രാപ്യമാണ്. അല്ലെങ്കില്‍ സാമ്പത്തിക നട്ടെല്ലൊടിക്കുന്നതാണ്. പരിയാരം മുതലിങ്ങോട്ടു സ്പെഷ്യലൈസ്‍ഡ് ആശുപത്രികളും മെഡിക്കല്‍ കോളജുകളുമുണ്ടായിട്ടും ഇന്നും ബത്തേരിയില്‍ നിന്നും കല്പറ്റയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം കെ.എസ്.ആര്‍.ടി സി ബസ്സുകളിലെ യാത്രക്കാരില്‍ നല്ലൊരു ശതമാനം ആര്‍സിസിയിലേക്കു രോഗവും ദുരിതവും വേവലാതിയുമെല്ലാം പേറി പോകുന്നവരാണ്. തമ്പാനൂര് പകച്ചിറങ്ങി നഗരത്തിരക്കിലേക്കു നോക്കി അല്‍ഭുതപ്പെടുന്നവര്‍. കൊച്ചിയിലൊരു ആര്‍സിസി വരുമ്പോള്‍ ദീനാകുലരുടെ യാത്ര കൊച്ചിയലവസാനിക്കും. ഹാഫ് വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഒരു കാറോടുമ്പോള്‍, യാത്ര പാതിവഴിയില്‍ കൊച്ചിയിലവസാനിക്കുമ്പോള്‍ ലാഭിക്കുന്ന അരട്ടാങ്ക് ഡീസലിന്റെ ലാഭമല്ല ആന വണ്ടിയില്‍ കയറുന്ന ഗതികേടുകാരന് ടിക്കറ്റ് പാതിയില്‍ താഴെയായി കുറയുമ്പോള്‍. അതവന്റെ അടുത്ത രണ്ടു ദിവസങ്ങളിലെ ഭക്ഷണം കൂടെയാണ്. വെള്ളിത്തിരശ്ശീലയ്ക്കു പുറത്തുള്ള ചെറിയ ജീവിതങ്ങളില്‍ അതൊരു വലിയ കാര്യമാണ്.

വാഗമണ്‍, മൂന്നാര്‍, അതിരപ്പിള്ളി. കാഴ്ചയ്ക്കു സുന്ദരമായ സിനിമാലൊക്കേഷനുകളിലെ ജീവിതങ്ങള്‍ ഒരു രോഗദുരിതത്തില്‍ യാത്ര ചെയ്തെത്തേണ്ടത് തിരുവനന്തപുരത്താണ്. സിനിമാതാരങ്ങളും കൈക്കൂലിപ്പാവികളും രാഷ്ട്രീക്കാരുമടക്കം പുതിയ എലീറ്റിനു നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഉയര്‍ന്ന ഉയരുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. ധ്യാനഗുരുക്കുളും അത്ഭുത സസ്യങ്ങളുമുണ്ട്. ധര്‍മ്മാശുപത്രി പിടിക്കുന്ന ഏഴകള്‍ക്ക്, അവിടുന്നു കുറുപ്പടിയുമായി ചെന്നിറങ്ങാന്‍ പറ്റുന്ന ആശുപത്രി ഇപ്പഴും തിരുവന്തപുരത്ത് തന്നെയാണ്. പലവിധ ചാരിറ്റികളും സംഘടനകളും വ്യക്തികളും താമസവും ഭക്ഷണവും ആംബുലന്‍സുമടക്കം സൌജന്യമായി നല്‍കുന്ന ഒരു വ്യവസ്ഥിതി വര്‍ഷങ്ങളിലൂടെ വളര്‍ന്നു വന്നിട്ടുണ്ട്.

കൊച്ചിയില്‍ ആര്‍സിസി വേണ്ടെന്ന താങ്കളുടെ അഭിപ്രായം ചെന്നു പൊള്ളുന്നത് ഒരിക്കലും വെള്ളിത്തിരശ്ശീലയില്‍ വരാന‍് സാധ്യതയില്ലാത്ത രണ്ടോ മൂന്നോ ജില്ലകളിലെ പാവങ്ങളുടെ നെഞ്ചത്താണ്. ചികിത്സാരീതിയോടും അലോപ്പതിയോടുമുള്ള എതിര്‍പ്പാണ് വിഷയമെങ്കില്‍ അതെല്ലാ ആശുപത്രികള്‍ക്കും ബാധകമാവണം. വന്നേക്കാവുന്ന ഒരു ആര്‍സിസിക്കു മാത്രമല്ല. ഒരു വ്യക്തിക്ക് സ്വന്തം ചികിത്സ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ആയുര്‍വേദം വേണോ അലോപ്പതി വേണോ സിദ്ധവൈദ്യം വേണോ യുനാനി വേണോ എന്നതൊക്കെ പോക്കറ്റില്‍ കാശുള്ളവന്റെ മാത്രം വേവലാതികളാണ്. രോഗങ്ങള്‍ക്ക് കുബേരകുചേല വ്യത്യാസമില്ലാത്തതു കൊണ്ട്, കുചേലന്‍മാരും എവിടെയെങ്കിലുമൊക്കെ ചികിത്സിച്ചോട്ടെ സര്‍. അതിനെ എതിര്‍ക്കുന്നത് വീണ്ടും ആദ്യ ഖണ്ഡികയിലെഴുതിയതു പോലെ വേദനയോടുള്ള പാപമാണ്.

20th July 2015 എന്ന സമയത്ത് നമത് എന്നയാൾ പോസ്റ്റുചെയ്‌തു

advertisment

News

Super Leaderboard 970x90