Kerala

കണികാണാൻ കണിവെളളരിയോ കീബോർഡോ ? - നമത്

ഈ വന്ന കാലത്ത് ഞാറ്റു വേലയ്ക്കു പകരം വേല പലതുളളപ്പോൾ കണിയും മാറണ്ടതാണ്. വിഷു ആശംസകൾ കിട്ടിയും കൊടുത്തും ആഘോഷിക്കുന്നവർക്ക് വിഷു ആശംസകൾ. കണ്ടും കേട്ടും പാതി വെന്ത ബ്ലർബ് വായിച്ച് ധൂസരമായി ബോറടിക്കുന്നവ്ർക്കും വിഷുവില്ലാത്ത കാട്ടുകോഴികൾക്കും പൂവൻകോഴികൾക്കും പിടകൾക്കും ചിയേഴ്സ്. തമിഴനുണ്ടാക്കുന്ന വെളളരി കണി വെച്ചാൽ തമിഴനു കൊളളാം. അവനനവനു വേണേൽ ഒരു മൌസും കീബോർഡും സഹിതം കമ്പ്യൂട്ടറും ഡോളറു നോട്ടും വെച്ചാൽ കൈ തലക്കടീലിരിക്കും.

 കണികാണാൻ കണിവെളളരിയോ കീബോർഡോ ? - നമത്

ഇന്നലെയെഴുതി വന്നപ്പോൾ നടക്കു കയറിയതാണ്. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം. അതിൻറെ വ്യാപ്തി മനസ്സിലാവണമെങ്കിൽ എൺപതുകളുടെ ആദ്യത്തെ ജീവിതം മനസ്സിലാവണം. ടിവി തോമസ് കൂടോത്രം ചെയ്തു കൊണ്ടു വന്ന ഫാക്ടറികളൊക്കെ പൂട്ടിത്തുടങ്ങി. ട്രേഡ് യൂണിയൻ വിപ്ലവം ഈ ഫാക്ടറിയുടെ ഐശ്വര്യം എന്നു ഗേറ്റിലു ബോർഡും തൂക്കി. ഗൾഫ് പെയ്തു തുടങ്ങുന്നതേയുളളൂ. സമ്പൂർണ്ണ നഗരവത്കരണം പൂർണ്ണമായിട്ടില്ല. ഒന്നോ രണ്ടോ മണിക്കൂറു കൂടുമ്പോൾ ഒരു കാറു കണ്ടാലായി. കക്ഷത്തിൽ കമ്പു വെച്ചു ആസനസ്ഥർ ഇരുചക്രത്തിലിരുന്നു കൊണ്ട് പ്രവേശിച്ചില്ല. ജനത്തിനു കാശിനു വലിവാണ്. ഗുപ്തമായും ഗോപ്യമായും പട്ടിണി. തൊഴിലില്ലായ്മ വേതനം കൊണ്ട് ചിലവു കഴിയുന്നവരുണ്ടായിരുന്നു. ഇപ്പഴവർക്ക് പത്തറുപത് വയസ്സായിക്കാണണം. സർക്കാരു ജോലി പട്ടിണിയിൽ നിന്നുളള വിടുതലാണ്. ലോട്ടറിയടിക്കുന്നതു പോലെ. ശമ്പളം കിട്ടുമെന്ന ഉറപ്പ്. ചില്ലറ നാണയങ്ങളും ബീഡിക്കുറ്റികളുമൊക്കെയായി കലുങ്കിൽ ഒരു നിരാശാകുലം. സർക്കാർ ജോലിയെന്ന ഒരേയൊരു രക്ഷയെന്ന ഗതികേടിലാണ് തൊഴിലല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം വരുന്നത്. ജനത്തിനു കൃഷി ചെയ്യാനും വിളവെടുക്കാനും താൽപ്പര്യമില്ലായിരുന്നു. കച്ചവടവും വ്യവസായവും നടത്താനുളള അവസ്ഥയും. അധികം മുൻപല്ലാതെ എഴുതിയ പട്ടിണിയുടെ ജനിതക സ്മരണകൾ.

വിഷു ഒരു വിളവെടുപ്പുത്സവമായിരുന്നു. ഇപ്പോഴത് വാണിജ്യോത്സവമാണെങ്കിലും. പക്ഷെ എന്തിൻറെ വിളവെടുപ്പ്? സാമാന്യ ഏകകങ്ങളിൽ കേരളത്തെ വിലയിരുത്തരുത്. കൃഷിപ്പണി ചെയ്യാൻ തെക്കോട്ടു തൂമ്പയും വടക്കോട്ട് കൈക്കോട്ടുമെടുക്കുന്നതിൽ നിന്നു രക്ഷ പെടാനാണ് ജനം കൃഷിയോഫീസറാകുന്നത്. വിള എന്ന അനിശ്ചിതത്വത്തിനു പകരം ശമ്പളവും പെൻഷനുമെന്ന സുസ്ഥിരതയ്ക്ക്. വിളവെടുപ്പിൻറെ ഫലമാണ് കണി. പ്രത്യേകിച്ചും വേനൽ പച്ചക്കറികൾ. പുഴയുടെ തീരത്തും അല്ലാതെയും കൃഷി ചെയ്യുന്നത്. കണി വെളളരിയടക്കം. അത് വിളവെടുപ്പിൻരെ വരുമാനത്തിൻറെ പ്രതീകമാണ്. കൊയ്തു കഴിഞ്ഞ് നെൽക്കറ്റ തൂക്കുന്നതു പോലെ. ഗുരുവായൂര് പോയാൽ കാണാം. ചില കടകളിൽ വാങ്ങിക്കാനും കിട്ടും.

പക്ഷെ ആരുടെ കൊയ്ത്, ആരുടെ നെല്ല്. പണിയെടുക്കുന്നവന് പണമില്ല. കഷ്ടിച്ച് ജീവൻ കിടക്കാനുളളതൊഴിച്ച്. പണിയെടുക്കാനറിയാത്തവനു പത്തായം. പണിയെടുക്കുന്നവനു പിടി നെല്ല്. അതും പോയി. തുണ്ടു ഭൂമി കുടിയാനു കിട്ടിയതും ലാഭമല്ലാതായി. അപ്പോഴും പണിയെടുക്കുന്നവനു പിടിയരി. കൃഷിയുടെ ലാഭനഷ്ടങ്ങളു മാറി. വ്യാവസായത്തിലു മാത്രമല്ല ട്രേഡ് യൂണിയൻ ശക്തികളു കൂടോത്രം ചെയ്തത്. പക്ഷെ ശരി കൂടോത്രം അവിടെയുമല്ല. തുണ്ടു ഭൂമി കിട്ടിയ കുടിയാൻ ജന്മിയായി. അവനും മേലനങ്ങുന്നത് കുറച്ചിലായി. ആ കുറച്ചിലിലും ആലസ്യത്തിലും ദുർമേദസ്സിലുമായിരുന്നു ട്രേഡ് യൂണിയൻ മറുതകളുടെ നിഴൽക്കുത്ത്. കുത്തു കൊണ്ടു. തൊഴി കൊണ്ടപ്പോൾ ജനം ജാതി മതഭേദമന്യേ തൊഴിലിനു സമൂഹപ്രാർത്ഥന നടത്തി. തൊഴിൽ അല്ലെങ്കിൽ ജയിൽ

മനുഷ്യൻ ആദ്യം ചെരുപ്പിട്ടു. പിന്നെ ഷൂവിട്ടു. പിന്നെ ലിഫ്റ്റു കയറി. മണ്ണുമായുളള ജൈവബന്ധം പണ്ടേ തീർന്നു. മണ്ണിൽ നിന്നും കയറ ദന്തവും അല്ലാത്തതുമായ ഗോപുരവാസികളാവുന്നതിനു മുൻപു കൃഷിയുണ്ടായിരുന്നു. ലോകം സ്ക്രീനിലേക്ക് ചുരുങ്ങിച്ചെറുതാകുന്നതിനു മുൻപ്, സംഭവങ്ങൾക്കും ആഘോഷങ്ങൾക്കും ക്ഷാമമായിരുന്നു. അല്ലെങ്കിൽ കാലവസ്ഥ എന്ന ഊഹക്കച്ചവടത്തിലെ ഞാണിൻമേൽക്കളിയിൽ വിളവിലേക്കു മറിഞ്ഞു വീണ കയ്യാലപ്പുറത്തെ തേങ്ങ എന്ന ആശ്വാസമായിരുന്നു. കുറച്ചു കാലത്തേക്കുളള ഭക്ഷണകരുതലു നൽകുന്ന ആശ്വാസമായിരുന്നു. തൽഫലം ഫലം വെച്ചുളള വിള വെച്ചുളള കണികാണലായിരുന്നു.

കർഷക സമൂഹത്തിൽ വിള കണിവെക്കുമെങ്കിൽ നടപ്പു സമൂഹത്തിൽ എന്തൊക്കെ കണി വെക്കണം? സ്മരണ വേണം. ഗൾഫീന്നു കാശു വരുന്നതു കൊണ്ടു മാത്രം നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥയാണ്. അതുകൊണ്ടാദ്യം ഒരു ലിറ്റർ പെട്രോളു വെക്കണം. ഗൾഫ് കാശു കഴിഞ്ഞാൽ പിന്നെ കുടിയൻമാരുടെ കാശു കൊണ്ടു ജീവിക്കുന്ന സർക്കാരാണ്. അതു കൊണ്ട് തിരുവല്ല പുളിക്കീഴിൽ സർക്കാരുണ്ടാക്കുന്ന ഒരു കുപ്പി ജവാൻ റം വെക്കണം. ന്യൂ ജെന്നും ഓൾഡ് ജെന്നും ഒരു പോലെ ആശ്രയിക്കുന്ന സ്മാർട്ട് ഫോൺ വെക്കണം. ഒരു കീബോർഡു വെക്കണം. ഇരു നാലു ചക്രവാഹനങ്ങളുടെ ഒരു ടയർ വീതമെങ്കിലും വെക്കണം. പണ്ടു റോഡും വഴിയുമില്ലാതിരുന്ന കേരളത്തിലെ ഓൾ ടെറിയൻ മൾട്ടിപർപ്പസ് ലക്ഷ്വറി വെഹിക്കിളായിരുന്നു ആന. അതി ലക്ഷ്വറി പ്രീമിയം. അതുകൊണ്ടാണ് അതിനു രാജദേവ ഭാവങ്ങൾ കലർന്ന് എഴുന്നളളത്ത് വന്നത്. ഈ വന്ന കാലത്ത് ആനയ്ക്കു പകരം റോൾസ് റോയ്സാവാം. അല്ലെങ്കിൽ ബെൻറ്ലി.

ഈ വന്ന കാലത്ത് ഞാറ്റു വേലയ്ക്കു പകരം വേല പലതുളളപ്പോൾ കണിയും മാറണ്ടതാണ്. വിഷു ആശംസകൾ കിട്ടിയും കൊടുത്തും ആഘോഷിക്കുന്നവർക്ക് വിഷു ആശംസകൾ. കണ്ടും കേട്ടും പാതി വെന്ത ബ്ലർബ് വായിച്ച് ധൂസരമായി ബോറടിക്കുന്നവ്ർക്കും വിഷുവില്ലാത്ത കാട്ടുകോഴികൾക്കും പൂവൻകോഴികൾക്കും പിടകൾക്കും ചിയേഴ്സ്. തമിഴനുണ്ടാക്കുന്ന വെളളരി കണി വെച്ചാൽ തമിഴനു കൊളളാം. അവനനവനു വേണേൽ ഒരു മൌസും കീബോർഡും സഹിതം കമ്പ്യൂട്ടറും ഡോളറു നോട്ടും വെച്ചാൽ കൈ തലക്കടീലിരിക്കും. പൂവന്മാരു കുബേര കുഞ്ചിയൊരെണ്ണം വാങ്ങിച്ചരേ കെട്ടിയാൽ പണ്ടു ഓല ജപിച്ചു കെട്ടി പൊക്കുന്ന എഫക്ടാണ്. ഉദ്ദിഷ്ടകാര്യ സിദ്ധി. കൊച്ചു വെളുപ്പാൻ കാലത്തെ വിഷു ഫലം ഇദം സമാപ്തം.

#TAGS : namath   vishu  

advertisment

News

Super Leaderboard 970x90