അ(സ)കാരണ ഭയങ്ങളുടെ സുനാമികൾ - നമത്

ഭയത്തിൻറെ ചാകരകൾ. വിളവെടുപ്പുകൾ. ലളിതസുന്ദരമായ ഇല്ലായ്മയുടെ കാലം പോയപ്പോൾ ഭയവല്ലായ്മയുടെ കാലമായി. രാത്രികൾ നേരത്തെ ഇരുട്ടി. തെരുവിലാളൊഴിഞ്ഞ്. മതിലും ഗേയ്റ്റും ഗ്രില്ലും പോരാത്തതിനു സിസിടിവി ക്യാമറയും തികഞ്ഞ്. എന്നിട്ടും വാട്സാപ്പ് ഫോർവേർഡുകളിൽ ഭയന്ന് വിയർത്ത് കുളിച്ച്. ഓരോ നിഴലനക്കങ്ങളെയും ഭയന്ന്. വഴിപാടുകളും ഉറുക്കുകളും രക്ഷകളും കൊണ്ട് പൊതിഞ്ഞ്. ഭയം നിശാവസ്ത്രം മാത്രമല്ല സന്തതസഹചാരിയും....

 അ(സ)കാരണ ഭയങ്ങളുടെ സുനാമികൾ - നമത്

 മൂന്നാം ലിംഗം ജന്മത്തിലുളള ആകസ്മികത മാത്രമല്ല ബാധ്യത കൂടെയാണ്. മൂന്നാം ലിംഗം മാത്രമല്ല സോ കോൾഡ് സംസ്കൃത സമൂഹത്തിൽ ഭിന്നശേഷിയുളളവരും മാനസിക വളർച്ചയില്ലാത്തവരും വൃദ്ധരും രോഗികളുമെല്ലാം നികൃഷ്ടരാണ്. കിടന്ന കിടപ്പിൽ അനങ്ങാൻ കഴിയാതെ മലമൂത്രവിസ്സർജ്ജനം ചെയ്തു നിലവിളിക്കുന്നവരെ കണ്ടിട്ടുണ്ട്. ആരും താങ്ങും തുണയുമില്ലാതെ. അല്പം ഓട്ടിസ്സമുളള കുട്ടിയുടെ അമ്മയുടെ കരച്ചിൽ ഇതു വരെ കാതിൽ നിന്നും പോയിട്ടില്ല. യാത്ര ചെയ്യുമ്പോൾ ഒന്നു പെടുക്കാൻ മൂത്രപ്പുരയിൽ കയറുന്നതിനു മുൻപ് ഞെളിപിരി കൊണ്ടിട്ടാണെങ്കിലും ക്യാമറയില്ലെന്നുറപ്പു വരുത്തുന്നവരെ കണ്ടിട്ടുണ്ട്. വൃദ്ധരുടെയും ദീനരുടെയും കഥകൾക്ക് പഞ്ഞമൊന്നുമില്ല. കഴിഞ്ഞ ദിവസം ഒരു മരണ വാർത്ത പങ്കിട്ടപ്പോൾ കേട്ടു നിന്ന സുഹൃത്ത് പറഞ്ഞതാണ്. നന്നായി. വിഷമിക്കാതെ പോയല്ലോ. സത്യമതാണ്.

സോഷ്യൽമീഡിയ സ്വന്തം അഭിപ്രായം പറയാനുളള വേദി നൽകുക മാത്രമല്ല ചെയ്യുന്നത്. ഭയങ്ങൾ വാരി വിതറുന്നുണ്ട്. അകാരണവും സകാരണവുമായ ഭയങ്ങൾ. അത്തരം ഭയങ്ങൾ മറ്റൊരു സമൂഹത്തെ, മറ്റൊരു സമൂഹത്തിൻറെ സാധ്യതകളെ കാണിച്ചു തരുന്നുണ്ട്. ഭയങ്ങൾ മാത്രമല്ല ലേബലുകളും. വെണ്ടയ്ക്ക തിന്നാൽ വരാവുന്ന മഹാവ്യാധികൾ മുതൽ മഹാവ്യാധികൾക്കുളള പരിഹാരം വരെ സംഭവിക്കുന്നുണ്ട്. രോഗശാന്തിയും ഉയിർപ്പും സംഭവിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ഫോർവേർഡുകൾ ഒരു സമൂഹത്തിൻറെ പരിഛേദമാണെങ്കിൽ സംസ്കാരത്തിൽ പ്രത്യേകിച്ച് അഭിമാനിക്കാനൊന്നുമില്ല.

ഭയത്തിൻറെ ചാകരകൾ. വിളവെടുപ്പുകൾ. ലളിതസുന്ദരമായ ഇല്ലായ്മയുടെ കാലം പോയപ്പോൾ ഭയവല്ലായ്മയുടെ കാലമായി. രാത്രികൾ നേരത്തെ ഇരുട്ടി. തെരുവിലാളൊഴിഞ്ഞ്. മതിലും ഗേയ്റ്റും ഗ്രില്ലും പോരാത്തതിനു സിസിടിവി ക്യാമറയും തികഞ്ഞ്. എന്നിട്ടും വാട്സാപ്പ് ഫോർവേർഡുകളിൽ ഭയന്ന് വിയർത്ത് കുളിച്ച്. ഓരോ നിഴലനക്കങ്ങളെയും ഭയന്ന്. വഴിപാടുകളും ഉറുക്കുകളും രക്ഷകളും കൊണ്ട് പൊതിഞ്ഞ്. ഭയം നിശാവസ്ത്രം മാത്രമല്ല സന്തതസഹചാരിയും.

കഴിഞ്ഞ ദിവസം മാനസികാസ്വാസ്ഥ്യമുളള ഒരു സ്ത്രീയെ തല്ലിച്ചതയ്ക്കുന്നതിൻറെ ദൃശ്യങ്ങളായിരുന്നു. ഇന്നലെ മൂന്നാംലിഗക്കാരിയെ. ചോദ്യം എന്തിനാണ് ഈ വേഷവുമിട്ടിവിടെ വന്നത്. മൂന്നാം ലിംഗം സ്ത്രീക്കും പുരുഷനുമിടയ്ക്കുളള നൂൽപ്പാലമാണ്. അവൾ വേറെ ഏതു വേഷമിടണം? വേഷം കയ്യേറ്റത്തിനുളള സമ്മതപത്രമല്ല. ലിംഗം മാത്രമല്ല. കറുത്ത നിറമുളള ഒരാൾ മാന്യമായോ വൃത്തിയായോ വേഷം ധരിച്ചാൽ പോലും ഉൾക്കൊളളാൻ പറ്റാത്ത പൊതുബോധമാണ്.കറുത്തവന്, മെലിഞ്ഞവന്, ദരിദ്രന്, രോഗിക്ക്, നിരാലംബന്, അശരണന്, ആർത്തന് തുണയാരുമില്ലാത്ത സമൂഹം. അസ്വാഭാവികതകളില്ലാത്തവന്, പ്രിവിലേജുകളുളളവന്, അതില്ലാത്തവരോടുളള പുച്ഛം.

ഒരു മുറിയിൽ ഒരേ വസ്ത്രം ധരിച്ചിരിക്കുന്ന പത്തു പേരും നാളുമറിയാത്ത പേരിൽ പൊതുബോധം പ്രവർത്തിക്കുന്നതിങ്ങനെയാണ്. അംഗവൈകല്യമുളളവൻ, മൂന്നാംലിംഗക്കാരൻ, കറത്തവൻ, വൃദ്ധൻ, രോഗി ഇവരൊക്കെ ദർശനത്തിൽ തന്നെ പതിതരാണ്. വെളുത്തവർ, കുടവയറും മേദസ്സുമുളളവർ സ്വീകാര്യരും. അതു പൊതുബോധമാണ്. പൊതുബോധത്തിൻറെ നിർമ്മിതിയാണ്. ഒരേ പോലെ ഒരേ ആരോഗ്യമുളള പത്തുപേരിൽ ഒരുത്തൻ ഉണക്കമീൻ കഴിക്കുമ്പോൾ പച്ചമീൻ കഴിക്കുന്നവൻറെ മാംസം കഴിക്കുന്നവൻറെ കക്ക കഴിക്കുന്നവൻറെ പച്ചക്കറി കഴിക്കുന്നവൻറെയെല്ലാം സ്വത്വബോധങ്ങളുണരുന്നു. അതു വരെയില്ലാത്ത കലക്കലുകളിൽ അഭിമാന ബോധങ്ങൾ വിജൃംഭിക്കുന്നു. സ്വത്വബോധങ്ങളുണരുന്നതിനു സെലക്ടീവ് അംനേഷ്യകളില്ല.

വിവിധ അഭിമാനബോധങ്ങളിൽ ചലം നിറഞ്ഞ് വിങ്ങിപ്പഴുത്ത കുരു പോലെ പൊട്ടാൻ വെമ്പി നിൽക്കുന്ന സമൂഹത്തിലാണ് അ(സ)കാരണ ഭയങ്ങളുടെ സുനാമികൾ. പഴതും പുതിയതുമൊക്കെയായ പോർവിമാനങ്ങളിലൊരു സവിശേഷതയുണ്ട്. ഒാട്ടോ എജക്ട് എന്നൊരു സാങ്കേതിക വിദ്യ. ഒരു സന്നിഗ്ദഘട്ടത്തിൽ പൈലറ്റിനെ കസേരയോടെ വിമാനത്തിൻറെ പുറത്തേക്കെറിയും. വിമാനം ഗതിനഷ്ടപ്പെട്ട് ക്രാഷ് ചെയ്യുന്നതിനു മുൻപ്. ചിലപ്പോഴെങ്കിലും വ്യക്തികളും സമൂഹത്തിൽ നിന്നും ഓട്ടോ എജക്ട് ചെയ്യും. ബിലോങ്ങിങ്ങുകളില്ലാതെ ലേബലുകളില്ലാതെ ഭൂമിക്കും ശൂന്യാകാശത്തിനുമിടയ്ക്കുളള ഏതോ അതിരിൽ തത്തിക്കളിക്കും.

#TAGS : namath  

advertisment

News

Super Leaderboard 970x90