Life Style

മലയാളിയുടെ മാറിമറിഞ്ഞ സഞ്ചാരശീലങ്ങള്‍....

റോഡുകളില്‍ ആഡംബരവാഹന സമൃദ്ധി. 80കളില്‍ സൈക്കിളും 90കളില്‍ ബൈക്കും ഓടിക്കുന്നതിനു തുല്യമാണ് ഇന്ന് മാരുതി ഓടിക്കുന്നവന്‍റെ അന്തസ്. അത്യാഡംബരം സ്വകാര്യവിമാനമായിരിക്കുന്നു. ബൈക്കില്ലാത്ത വീടുകളില്ല.

മലയാളിയുടെ മാറിമറിഞ്ഞ സഞ്ചാരശീലങ്ങള്‍....

ഫ്ലാഷ് ബാക്ക്.1 ദിവസവും രാവിലെ പച്ച റാലീ സൈക്കിള്‍ എണ്ണയിട്ടു തുടയ്ക്കുന്ന ബന്ധു. തിളങ്ങുന്ന പ്ലേറ്റിങ്ങുള്ള ബന്ധുവിന് ഇന്ന് മെര്‍ക്കുള്ളവന്‍റെ ഗ്ലാമര്‍. ആ സൈക്കിളില്‍ തന്നെ ഡൈനാമോ എന്ന അപൂര്‍വ്വ വസ്തു. ഫോട്ടോയെടുക്കുമ്പോള്‍ വാച്ച് കാണത്തക്ക വിധം കൈകെട്ടി നില്‍ക്കുന്ന ശ്രീമാന്‍. വാച്ചും അപൂര്‍വ്വവും അതു കൊണ്ടു തന്നെ സുന്ദരവുമായിരുന്നു. പെണ്‍കുട്ടികളും സ്ത്രീജനങ്ങളും വരിവരിയായി നിലംപൊത്തിയെന്നാണ് കഥ! മറന്നു, ഇന്ന് കരുണാനിധി ധരിക്കുന്നതു പോലുള്ള ഒരു റെയ്ബാനും! പോക്കറ്റിലൊരു ഹീറോ പെന്നും. പഴയകാല താരത്തിന്‍റെ പൂര്‍ണ്ണരൂപം. ശൂന്യ സുന്ദരമായ റോഡുകള്‍, പൊടിപടലം ഉയര്‍ത്തി പാഞ്ഞു പോകുന്ന മോറിസ് മൈനറും, ഡോഡ്ജും റോഡ് മാസ്റ്ററും. വളയം തിരിക്കുന്ന ഹീറോ നമ്പര്‍ 2, ഡ്രൈവര്‍. യാത്ര അധികവും കാല്‍നട. അല്ലെങ്കില്‍ ഏറ്റവും അടുത്ത് തോണിയോ ബസ്സോ ലഭിക്കുന്ന സ്ഥലം വരെ കാളവണ്ടിയോ കാല്‍നടയോ, ശേഷം ബസ്സിലോ കരിവണ്ടിയിലോ. കല്‍ക്കരി തീവണ്ടിയില്‍ യാത്ര ചെയ്യുന്നവന്‍റെ കാര്‍ബണ്‍ കോപ്പിയായിരുന്നു പുറത്തിറങ്ങിയിരുന്നുത്. യാത്ര ചെയ്യേണ്ട ആവശ്യകത അപൂര്‍വ്വമായിരുന്നു.

യാത്ര ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യത്തിലെ ഒരുക്കങ്ങള്‍ ഒരു പടയൊരുക്കത്തോടു സമാനവും. മടക്കിക്കെട്ടിയെടുത്ത കിടക്ക മുതല്‍ മുറുക്കാന്‍ പെട്ടിയും നാവ് വടിക്കാന്‍ ഈര്‍ക്കിലും വരെ. തൊഴിലിന്‍റ ഭാഗമായി സഞ്ചരിക്കുന്ന പട്ടാളക്കാരന്‍ ജനങ്ങളുടെ ഹീറോയായിരുന്നു. പുറംലോകവുമായി അവര്‍ക്കുള്ള ബന്ധവും കൊണ്ടു തന്നെ ഗ്രാമത്തിലെ ആധികാരികസ്വരവും! വിമാനം കേട്ടുകേള്‍വിയായിരുന്ന കാലത്ത് കപ്പലില്‍ യാത്ര ചെയ്തവന് ദിവ്യ പരിവേഷമുണ്ടായിരുന്നു.ഫ്ലാഷ്ബാക്ക് 2 പച്ചനിറത്തിലുള്ള സിറ്റി ബസുകള്‍. അഞ്ചു പൈസയുടെയും പത്തു പൈസയുടെയും ടിക്കറ്റ്. ഇടയ്ക്കൊക്കെ ഓടിമറയുന്ന സൈഡില്‍ ആനയുടെ ചിത്രമുള്ള സര്‍ക്കാര്‍ ശകടം. പട്ടിയുടെ ചെവി പോലുള്ള കോളറും ആനക്കാലുള്ള കാലുറയുമായി ലാംബിയിലും ബുള്ളറ്റിലും യെസ്ഡിയിലും സഞ്ചരിക്കുന്നവര്‍. സമ്പന്നതയിലേക്കു കാലെടുത്തു വെക്കുന്നവന്‍റെ ആശയും അഭിലാഷവുമായിരുന്നു ഈ പഴയ കാല താരങ്ങള്‍.

മലയാളിയുടെ മാറിമറിഞ്ഞ സഞ്ചാരശീലങ്ങള്‍....

സൈക്കിളുകള്‍ കുറെകൂടെ പ്രചാരത്തിലായിക്കഴിഞ്ഞിരിക്കുന്നു. സൈക്കിളുകള്‍ വാടകയ്ക്കെടുത്ത് ഹീറോവാകുന്ന കൊച്ചുകുട്ടികള്‍. കാറുകള്‍ ദുര്‍ലഭമല്ലെങ്കിലും സമ്പത്തിന്‍റെ ചിഹ്നം. ആദ്യമായി എസി കാര്‍ കണ്ടപ്പോള്‍ ഇതിനകത്തിരിക്കുന്നവര്‍ക്ക് ശ്വാസം മുട്ടില്ലേയെന്ന സന്ദേഹം. അംബിയും ഫിയറ്റും പരസ്പരം മത്സരിക്കുന്ന നിരത്തുകള്‍. കറുപ്പും മഞ്ഞയും നിറമടിച്ച ടാക്സികള്‍. ട്രെയിന്‍ കല്‍ക്കരി യുഗത്തില്‍ നിന്നും ഡീസല്‍ യുഗത്തിലേക്ക് മാറിക്കഴിഞ്ഞു. ഇലക്ട്രിക് ട്രെയിനുകളെക്കുറിച്ച് പലരും കേട്ടിരിക്കുന്നു. ചിലരെങ്കിലും ഷോക്കടിക്കില്ലേയെന്ന് അത്ഭുതം കൂറുകയും ചെയ്യുന്നു. വിമാനയാത്ര ഗള്‍ഫുകാരനെ സമൂഹതാരമാക്കിയിരിക്കുന്നു.

വിമാനയാത്രയെ ജനകീയവത്കരിക്കുന്നതിന്‍റെ ആദ്യഘട്ടം ഗള്‍ഫ് അധിനിവേശത്തിന്‍റെ വര്‍ഷങ്ങളാണ്. വിമാനത്തോടുള്ള അപരിചിതത്വം മാറുന്നതും ഈ കാലയളവിലാണ്. വിമാനം ആഡംബരത്തിന്‍റെ അവസാന വാക്കായിരുന്നു. കോംപ്ലിമെന്‍ററി ഡ്രിങ്കുകള്‍. ഡ്രിങ്ക് മൊത്തിക്കുടിക്കുമ്പോള്‍ കണ്ണുകൊണ്ടു മൊത്തിക്കുടിക്കാന്‍ സുന്ദരികളായ ഹോസ്റ്റസുകള്‍. യാത്രക്കൊരുങ്ങുന്നവന്‍ ടിക്കറ്റു റിസര്‍വ് ചെയ്യാനും ട്രെയിനില്‍ നിന്നും ഭക്ഷണം കഴിക്കാനും ആരംഭിച്ചിരിക്കുന്നു. അവന് സ്റ്റേഷന്‍ വരെ സവാരി ചെയ്യാന്‍ ഓട്ടോറിക്ഷയും അല്‍പ്പം കൂടി സമ്പന്നന് ടാക്സിയും ലഭ്യമാണ്. കിടക്ക കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകേണ്ട ആവശ്യം ട്രയിനിലെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ ദുരീകരിച്ചിരിക്കുന്നു.

മലയാളിയുടെ മാറിമറിഞ്ഞ സഞ്ചാരശീലങ്ങള്‍....

ഘട്ടം 2.

കൈനറ്റിക് ഹോണ്ട ഓടിക്കുന്ന സ്ത്രീരത്നങ്ങള്‍. ഡ്രൈവിങ്ങ് സിറ്റിനു പുറകില്‍ സുന്ദരികളും സ്റ്റിയറിങ്ങ് വീലില്‍ വളയിട്ട കൈകളും. മലയാളിയുടെ സദാചാരത്തിന്‍റെ ആകാശമിടിഞ്ഞു വീഴുന്ന പ്രകോപനങ്ങളായിരുന്നു. നായികമാരെ പറ്റി പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍! യാഥാസ്ഥിതികതയുടെ മതില്‍ക്കെട്ടിലേക്കായിരുന്നു ഈ ധീരവനിതകള്‍ തങ്ങളുടെ വാഹനം ഓടിച്ചു കയറ്റിയത്. ഫസ്റ്റ് ജനറേഷന്‍ ധീരവനിതകള്‍ക്ക് ചിയേഴ്സ്! സ്ത്രീസഞ്ചാരശീലത്തിനു കാതലായ മാറ്റം വരുത്തിയതിവരാണ്.

മലയാളിയുടെ മാറിമറിഞ്ഞ സഞ്ചാരശീലങ്ങള്‍....

ഇന്ന്.

ഒരു വിമാനത്താവളം. യാത്രികളെ വിമാനത്തിലെത്തിക്കുന്ന ബസ്സിനകം. കള്ളിമുണ്ടുടത്തവരും ചേലചുറ്റിയവരും കലപിലശബ്ദമുയര്‍ത്തുന്നു. ലോക്കല്‍ ബസ്സിനെ അനുസ്മരിപ്പിക്കുന്ന ശബ്ദ കോലാഹലം. ടൂറിസ്റ്റു ബസിനു സമാനമായ വിമാനന്തര്‍ഭാഗം. കോംപ്ലിമെന്‍ററി ഡ്രിങ്കിനു പകരം കോംപ്ലിമെന്‍ററി വെള്ളം. ആഡംബരരഹിതമായ യാത്ര. ട്രെയിന്‍ ടിക്കറ്റിനു തുല്യമായ നിരക്കുകള്‍. സുന്ദരികള്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു. അല്‍പ്പം മെലിഞ്ഞിട്ടുണ്ടെന്നു മാത്രം.

ഫ്രിഡ്ജിനകത്തിരിക്കുന്നതു പോലെയാണ് ട്രയിനില്‍ എസിക്കകത്ത് ഇരിക്കുന്നത് എന്നു കരുതുന്നവരുടെ കാലം കഴിഞ്ഞിരിക്കുന്നു. സമൂഹത്തിലെ ക്രോസ് സെഗ്മന്‍റിനെ എസി കമ്പാര്‍ട്ടുമെന്‍റില്‍ കാണാം.ടിക്കറ്റുകളെടുക്കാന്‍ ക്യൂ നിന്ന കാലത്തിനു വിട! ഇലക്ട്രോണിക്കും അല്ലാതെയുമുള്ള ടിക്കറ്റിങ്ങ്.

മലയാളിയുടെ മാറിമറിഞ്ഞ സഞ്ചാരശീലങ്ങള്‍....

റോഡുകളില്‍ ആഡംബരവാഹന സമൃദ്ധി. 80കളില്‍ സൈക്കിളും 90കളില്‍ ബൈക്കും ഓടിക്കുന്നതിനു തുല്യമാണ് ഇന്ന് മാരുതി ഓടിക്കുന്നവന്‍റെ അന്തസ്. അത്യാഡംബരം സ്വകാര്യവിമാനമായിരിക്കുന്നു. ബൈക്കില്ലാത്ത വീടുകളില്ല. ഭര്‍ത്താവിനു ബൈക്കും ഭാര്യയ്ക്ക് സ്കൂട്ടറും കുട്ടിക്ക് സൈക്കിളും. യാത്രയ്ക്ക് ഒരുക്കങ്ങള്‍ വേണ്ട, രാവിലെ ചെന്നൈ ഉച്ചയ്ക്ക് മുന്‍പെ മുംബെ, വൈകുന്നേരം തിരികെ വീട്ടില്‍. ഭാവി.

സ്വകാര്യവിമാനങ്ങളുടെയും ഹെലിക്കോപ്റ്ററുകളുടെയും വിപണി. ആഡംപരയാനങ്ങള്‍. ആര്‍ക്കറിയാം. അധികം വിദൂരത്തല്ലാത്ത ഭാവിയില്‍ ശമ്പളം കിട്ടുമ്പോള്‍ ഒരു റോക്കറ്റ് കൂടി വാങ്ങിയേക്കാം.

advertisment

News

Related News

    Super Leaderboard 970x90