മലയാളാസക്തിയിൽ മറക്കുന്ന ഭാഷാദ്രാവിഡം - നമത്

അക്ഷരം വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിൻറെ മാത്രം കുത്തകയായിരുന്നു. കഷ്ടിച്ചൊരു ശതമാനത്തിനു മാത്രമാണ് നടപ്പു ഭാഷ പഠിക്കാൻ സാധിച്ചിരുന്നത്. അക്ഷരം കേൾക്കാതെ ഈയം കൊണ്ടു ചെവിയടയ്ക്കേണ്ടവരോ കേട്ടാൽ തല പോവണ്ടവരോ ആയിരുന്നു ശിഷ്ടമെല്ലാം. വായ്മൊഴിയിലും പാട്ടുമൊഴിയിലുമായിരുന്നു സാധാരണ ജനത്തിൻറെ ഭാഷാ ചെറുത്ത് നിൽപ്പ്. ആ ഭാഷയെങ്ങനെ എൻറെ ഭാഷയാവും? എങ്ങനെ എൻറെ സ്വത്വമാവും?

മലയാളാസക്തിയിൽ മറക്കുന്ന ഭാഷാദ്രാവിഡം - നമത്

പുതിയ മലയാള പ്രാർത്ഥന കണ്ടു. എരമ്പിയെന്നു പറഞ്ഞാ നിക്കൂല്ല. ടി.ഇനീഷ്യലുളള ലവനായി. സുനാമി.

കുറച്ചു വർഷം മുൻപ് അച്ഛൻ മരിച്ചു പോയി. അമ്മയ്ക്ക് ഏകദേശം വാർദ്ധക്യമായി. പണ്ടൊക്കെ സർക്കാരു ലോക് കല്യാണം കഴിച്ചു കഴിച്ചു കഴിഞ്ഞാൽ ഊട്ടി ബോട്ടാണിക്കൽ ഗാർഡനിൽ പോയി റെയ്മബാനൻറെ ഗ്ലാസ്സുമൊക്കെ വെച്ച് ഫോട്ടോയെടുക്കും. സത്യൻറെ ഗെറ്റപ്പിലുളള പുരുഷുവും. വലിയ പുളളികളുളള സാരിയുളള ചെവിയിൽ കിളിക്കൂടു തൂക്കിയ സ്ത്രീയും. മലയാളത്തിൻറെ സെൻസിബിലിറ്റി ഇഹപ്പോഴുമവിടെയാണ് നിൽക്കുന്നത്. അച്ഛൻറെയും അമ്മയുടെയും ഹണിമൂൺ കാലത്ത്. ഉമ്മറത്ത് ഫോട്ടോകളങ്ങനെ നിരത്തി തൂക്കിയേക്കുന്നു. പുതിയ പ്രാർത്ഥനയും ആ കാലത്തിൻറെയാണ്.

ദ്രാവിഡ ഭാഷകളേറിയും കുറഞ്ഞും ഒരേ ഗർഭപാത്രം പങ്കിടുന്നവരാണ്. വടക്കു നിന്നും തെക്കോട്ടുളള സംസ്കൃതത്തിൻറെ വരവിൽ തെലുഗും കന്നഡയും സംസ്കൃതഹിംസയായി. മലയാളം പാതിമെയ് മറഞ്ഞു. തമിഴ് അങ്ങനെ തന്നെ തുടർന്നു. തമിഴ് സ്വത്വം അധികം കലർപ്പുകളും മായങ്ങളുമില്ലാത്തതാണ്. അതുകൊണ്ടാണ് തമിഴിൽ ഫോൺ തുലൈപേശിയാവുന്നത്. ഡിസ്കൌണ്ട് തളളുപടിയാവുന്നത്. മലയാളം പക്ഷെ സംസ്കൃതം പിടിച്ചിടത്ത് നിന്നില്ല. നാനം മോനം എന്ന നാണോം മാനോം എഴുത്തിനിരുത്തിനെ ഹരിശ്രീയെഴുതിച്ചിട്ടും. തേവനെ ദേവനാക്കിയിട്ടും തേവിയെ ദേവിയാക്കിയിട്ടും.

ചിലപ്പോൾ സിന്ധുനദീതടത്തിലേക്കു നീളുന്ന പഴമയിൽ ഭാഷയിൽ സങ്കരങ്ങളേറണം. പക്ഷെ തമിഴിൽ സങ്കരങ്ങളു തുച്ഛവും. പിന്നെ എന്തുകൊണ്ട് മലയാളം മൂലം മറന്നുരുത്തിരിഞ്ഞു? വ്യാപാരപ്പഴമ. അറബിമൂറുകളും യവനരും പിന്നീട് പറങ്കികളും ലന്തക്കാരുമെല്ലാം ചേർന്നുളള വാക്കുകളുടെ കുഴമറിച്ചിൽ. മലയാളത്തിലെ പരകീയ പദങ്ങൾ എന്ന പേരിൽ ഭാഷ ഇൻസ്റ്റിട്യൂട്ട് പുസ്തകമൊന്നുണ്ട്. ഭാഷ ചരിത്രം തേടിപ്പോവണ്ട. ഒന്നു രണ്ടു നൂറ്റാണ്ടു പിന്നോട്ടു പോവുമ്പോൾ അഭിമാനവും അഹങ്കാരവുമൊക്കെ പമ്പ കടക്കും

അറിയപ്പെടുന്നതും അവശേഷിക്കുന്നതുമായ ഭാഷാഭിമാനം ചെന്നു നിൽക്കുന്നത് സംഘകൃതികളിലായതുകൊണ്ടു അഭിമാനം തമിഴിനെ ചൊല്ലിയല്ലേ വേണ്ടത്? ബുദ്ധകാല ഭാഷ പാലിയെക്കുറിച്ചു വേണോ? പ്രാകൃതം എന്ന നഷ്ടപ്പെട്ടു പോയ ഭാഷ? ചൈനീസ് വർത്തക സ്വാധീനം? കടലെടുത്ത കുമരീകാണ്ഡത്തിലയൽപക്കമായിരുന്ന സിംഹളം? അറബിമലയാളത്തെക്കുറിച്ച്, നസ്രാണി മലയാളത്തെക്കുറിച്ച്? സമ്പൂർണ്ണ സാക്ഷരത സംഭവിച്ചിട്ട് കാലഗണനയിൽ കുറച്ചു നാളെ അയിട്ടുളളൂ. അക്ഷരം വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിൻറെ മാത്രം കുത്തകയായിരുന്നു. കഷ്ടിച്ചൊരു ശതമാനത്തിനു മാത്രമാണ് നടപ്പു ഭാഷ പഠിക്കാൻ സാധിച്ചിരുന്നത്. അക്ഷരം കേൾക്കാതെ ഈയം കൊണ്ടു ചെവിയടയ്ക്കേണ്ടവരോ കേട്ടാൽ തല പോവണ്ടവരോ ആയിരുന്നു ശിഷ്ടമെല്ലാം. വായ്മൊഴിയിലും പാട്ടുമൊഴിയിലുമായിരുന്നു സാധാരണ ജനത്തിൻറെ ഭാഷാ ചെറുത്ത് നിൽപ്പ്. ആ ഭാഷയെങ്ങനെ എൻറെ ഭാഷയാവും? എങ്ങനെ എൻറെ സ്വത്വമാവും?

രാമചരിതം എന്ന ആദ്യകൃതി വായ്പാട്ടാരുന്നു. ആ വായ്പാട്ടിലെ സംസാരഭാഷയല്ല ആപാറശ്ശാലനീലേശ്വരം നടപ്പിലുളളതും നിലവിലുളളതും. എഴുത്തച്ഛൻ ചക്കാട്ടിയെടുത്ത ഭാഷയും കാളിയേം കൂളിയേം കളഞ്ഞേച്ച് സ്വന്തം ശിവനെ കണ്ടെത്തലു മാത്രമായിരുന്നു. വിശ്വാസങ്ങളെ സംസ്കൃതവത്കരിച്ചപ്പോൾ നഷ്ടപ്പെട്ടതാണ് സ്വതം. ഭാഷയാണെങ്കിലും ശിവനാണെങ്കിലും. അറിയപ്പെടുന്ന ചരിത്രത്തിൽ രാമചരിതത്തിൽ നിന്നും മലരു വരെയുളള ഉരുത്തിരിയലാണ് മലയാളം. സ്വന്തം സ്വത്വത്തിൻറെ അംശാവതാരങ്ങളുടെ ശിഷ്ടമെത്ര? ഭാഷാ പ്രതിജ്ഞയെഴുതിയ ഭാഷ പിന്നെയും കാലമേറെക്കഴിഞ്ഞുളള കാല്പനികതയാണ്. അറുപതുകളിലെ കാനനഛായയിലാടുമേയ്ക്കുന്ന കാലത്തെ കാല്പനികത. പ്രതിജ്ഞയേക്കാൾ പ്രായോഗികമാണ് പത്താം ക്ലാസ്സിൽ മലയാളത്തിനു പത്തു മാർക്ക് ഗ്രേസ് മാർക്ക്. യുവജനോത്സവത്തിനൊക്കെ കൊടുക്കുന്നതു പോലെ. മുക്കിനു മുക്കിനു മലയാളം ട്യൂഷൻ സെൻററുയരും. ആപ്പു വരും വെബ് സൈറ്റു വരും. മലയാളി അപ്പനും അമ്മേം തലേം കുത്തി നിന്നു മലയാളം പഠിക്കും പഠിപ്പിക്കും. പിളേളരു വാക്കുകളു പഠിക്കും. പക്ഷെ ഭാഷ വാക്കുകളു മാത്രമല്ല,

കുമാരനാശാൻ വീണപൂവ് മുതൽ രമണനും വാഴക്കുലയുമൊക്കെ കവിതയാരുന്നത് എഴുതിയവർക്കും എഴുതുന്നവർക്കുമായിരുന്നു. പാട്ടു പുസ്തക രൂപത്തിൽ ഉത്സവപ്പറമ്പിലതു വാങ്ങി അന്നത്തെ സൂപ്പർ ഡൂപ്പർ ഹിറ്റുകളാക്കിയവർക്ക് അത് വെറും പാട്ടും. ഉറക്കെയുമുച്ചത്തിലുമുളള കണ്ഠസ്ഥായി. മന്ദസ്ഥായിയിൽ കാല്പനികം. എങ്കിലും ചന്ദ്രികേ. ഭാഷയേക്കാൾ താളബോധത്തെ ഉപജീവനം. മഹാകാവ്യമെഴുതുന്നതുമ്പോൾ ചിരുകണ്ടനെന്നു വരില്ല. ചിരുതേവീം വരില്ല. പത്തുനൂറു വർഷം മുൻപ് കാർന്നോരു കാവ്യമെഴുതിയ ഭാഷ കടം കൊണ്ട ഭാഷയാണ്. കടം കൊണ്ട വിധേയത്വമാണ്. അടുത്ത തലമുറ എഴുതിയതും സംസ്കൃതം കുഴച്ചാണ്. വേദവും വൈദ്യവും ചാലിച്ചാണ്. അതിനടുത്ത തലമുറയും എഴുതിത്തുടങ്ങിയതും സങ്കല്പസൌകുമാര്യങ്ങളിലാണ്.

പക്ഷെ എല്ലാ സങ്കല്പ കാപട്യങ്ങൾക്കും ഏച്ചുചേർക്കലുകൾക്കുമപ്പുറം ഭാഷയിലൊരു ചിരുതേവി ഒളിഞ്ഞു കിടപ്പുണ്ട്. മറഞ്ഞും. ഭാഷാസ്വത്വം. മറഞ്ഞിരിക്കുന്ന തേവി. തായ്. ആദിപരാശക്തി. വാക്കുപാസന. വിളിപ്പുറത്തെ തേവി. ശാക്തേയം. ശൈവമാണ് ഭാഷ. താളബോധത്തിൻറെ താണ്ഡവം. സ്ഥലകാലരാശികളുടെ അപാരതകൾ. പേരില്ലാത്ത ഉണ്മ. അതിൻറെ അംശാണുകല്പനകൾ. അല്ലാത്തതെല്ലാം വെറും വാക്കുകളു മാത്രമാണ്. ഭാഷയല്ല.

#TAGS : malayalam  

advertisment

News

Super Leaderboard 970x90