Life Style

കർക്കിടകമാസവും രാമായണവും... നമത് എഴുതിയ കർക്കിടകമാസ കുറിപ്പ്

അദ്ധ്യാത്മരാമായണം വായിക്കുന്നത് കണ്ഠകവികളെ വായിക്കുന്നതു പോലെ ശബ്ദഘോഷമല്ല. ഉച്ചാരണം തെളിയണം. കൃത്യമായും സ്പഷ്ടമായും ഉച്ചാരണശുദ്ധിയോടെ വായിക്കാനറിയുന്നവരു കുറവാണ്. അർത്ഥമറിഞ്ഞു വായിക്കുന്നവരു അതിലുമൊരുപാടു കുറവും.

കർക്കിടകമാസവും രാമായണവും... നമത് എഴുതിയ കർക്കിടകമാസ കുറിപ്പ്

കർക്കടകം തുടങ്ങി. പണ്ടൊക്കെ പ്രായമായവരുടെയും രോഗികളുടെയും മനസ്സിലാധിയായിരുന്നു കനത്ത മഴയും തണുവും ഈർപ്പവും. നിത്യവും ജോലി ചെയ്യേണ്ടവർക്കും ആധിയായിരുന്നു. അടുപ്പിൽ തീപുകയാനുളള വകയുണ്ടാവുമോന്ന്. ആധിയും വ്യാധിയുമെല്ലാം കാരണം ജനം കോഴിക്കഷായം കുടിച്ചു. രാമായണ വായന കർക്കടക മാസ ആചാരമായി പ്രചരിക്കുന്നത് എൺപതുകൾക്കു ശേഷമാണ്. തൊണ്ണൂറുകൾക്കു മുൻപ് പരസ്യങ്ങളും പുസ്തകങ്ങളും കണ്ടതായോർമ്മയില്ല. പിന്നത് വർഷാവർഷം ഡിസിക്കും മനോരമയ്ക്കും മാതൃഭൂമിക്കും രാമായണം അച്ചടിക്കാനുളള വഴിയായി. അടുത്ത വർഷം മുതൽ ദേശാഭിമാനി ബുക്സും കാണും വില്ലൊടിക്കാൻ. പ്രായോഗികതകളും ഏറെയുണ്ടായിരുന്നു. സിഡിയും എംപി ത്രീയും വന്നതോടെ സംഭവം എളുപ്പമായി. കസറ്റിൽ കൊളളുന്ന വലുപ്പമല്ലായിരുന്നു രാമായണത്തിനു.

കർക്കിടകമാസവും രാമായണവും... നമത് എഴുതിയ കർക്കിടകമാസ കുറിപ്പ്

അദ്ധ്യാത്മരാമായണം വായിക്കുന്നത് കണ്ഠകവികളെ വായിക്കുന്നതു പോലെ ശബ്ദഘോഷമല്ല. ഉച്ചാരണം തെളിയണം. കൃത്യമായും സ്പഷ്ടമായും ഉച്ചാരണശുദ്ധിയോടെ വായിക്കാനറിയുന്നവരു കുറവാണ്. അർത്ഥമറിഞ്ഞു വായിക്കുന്നവരു അതിലുമൊരുപാടു കുറവും. സംശയമുണ്ടെങ്കിൽ രാമായണം നിത്യവും ഒരാചാരം പോലെ കേൾക്കുന്ന ആരോടെങ്കിലും നാലു വരിയുടെ അർത്ഥം ചോദിച്ചാൽ മിക്കവാറും അതു തീരും. അവിടെയാണ് സിഡിയും എംപിത്രീയും രക്ഷക്കെത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയ്യപ്പഭക്തിഗാനങ്ങൾ പോലെ സീസണലായി രാമായണവുമുണ്ട്. വെങ്കടേശ്വരസുപ്രഭാതം പോലെ കൂടുതൽ പോപ്പുലറായി. രാമായണം വായന കൂടുതൽ പ്രചരിക്കട്ടെ. അർത്ഥമറിഞ്ഞും ഭാഷയറിഞ്ഞും. എഴുത്തച്ഛൻ ഭക്തിയിൽ മാത്രമല്ല ഭാഷയിലും മാസ്റ്ററാണ്. കൂടുതലാളുകൾ മലയാളം പഠിക്കട്ടെ. ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ ബദ്ധരാകിലുമുടൻ മുക്തരായ് വന്നു കൂടും. അങ്ങനെ ഭവിക്കട്ടെ. ചിത്തം തെളിയട്ടെ. ഹരിനാമ കീർത്തനത്തിൽ എഴുത്തച്ഛൻ പാടുന്നതു പോലെ അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയിലൻപോടു ചേർക്ക.

കർക്കിടകമാസവും രാമായണവും... നമത് എഴുതിയ കർക്കിടകമാസ കുറിപ്പ്

കർക്കടകം പെയ്തു നിറയുന്നെന്നു വാർത്തകൾ. കർക്കടകം തുടർന്നു വായിക്കുമ്പോൾ വീണ്ടും എഴുത്തച്ഛനും ഹരിനാമകീർത്തനവും. ഉളളിൽ കനത്ത മദമാത്സര്യമെന്നിവകകളുള്ളോരുകാലമുടനെന്നാകിലും. ആ കാലത്ത് കിളിപ്പാട്ടു കേൾക്കുമ്പോൾ പുറത്തു മഴ പെയ്തു തിമർക്കുന്നുണ്ട്. ഒരുകാലത്ത് ലഗൂണായിരുന്ന, ആഴമില്ലാത്ത കടലായിരുന്ന ഇടനാടും മലനാടുമെല്ലാം ചേർന്ന, പെരുവിരലൂന്നാൻ പറ്റാത്ത വിധം വാട്ടർബെഡ്ഡുകളായിരുന്ന, തോടുകളും അരുവികളും ഈടും പാവും നെയ്തിരുന്ന ദേശത്ത് അനാദി മുതൽ പെയ്ത മഴ പെയ്യുന്നുണ്ട്. അതേ സൌമ്യരൌദ്രഭാവങ്ങളിൽ. മഴ മാറിയിട്ടില്ല. സ്വീകരിക്കുന്ന ഭൂമി മാറി. ദേശം മാറി.

നീർത്തടങ്ങളെല്ലാം മണ്ണിട്ടു നികത്തി. പുച്ഛങ്ങളേറെയേറ്റു വാങ്ങിയ അച്ചുതാനന്ദൻ്റെ വെട്ടിനിരത്തൽ സമരമില്ലായിരുന്നെങ്കിൽ സർക്കാർ ഭാഷയിൽ സത്വരവും ഊർജ്ജിതവുമായി അതു തുടരുമായിരുന്നു. ലഗ്നത്തിൽ അച്ചുതാനന്ദൻ്റെ ദൃഷ്ടി വന്നതു കൊണ്ടു കുറെ നികത്തലും കുറച്ചു കുടിയേറ്റങ്ങളും രക്ഷപെട്ടു. മിക്കവാറും നഗരങ്ങളിലെ റസിഡൻഷ്യൽ ഭാഗങ്ങളെല്ലാം മണ്ണിട്ടു നികത്തിയതാണ്. മണ്ണിട്ടു നികത്തുക മാത്രമല്ല ചെയ്തത്. ഒരു തുളളി പോലും മണ്ണിലിറങ്ങാതിരിക്കാൻ മുറ്റം ഇൻ്റർലോക്ക് ടൈലുകളിട്ടു നിറയ്ക്കുകയും ചെയ്തു.

മണ്ണിട്ടു നികത്തുകയും റോഡു വെട്ടുകയും ചെയ്ത് മഴവെളളം വലിഞ്ഞിരുന്ന തോടായ തോടെല്ലാം റോഡായതു കൊണ്ടു വെളളം അതിനു വലിയാൻ പറ്റുന്നിടത്തേക്ക് വലിഞ്ഞു. മഴ വെളളത്തിനു സ്റ്റേ ഓർഡറും സർക്കാരും ബാധകമല്ലാത്തതു കൊണ്ട് വേറെ വഴിയില്ല. മഴയ്ക്കു മുൻപ് തന്നെ മീനച്ചിലാറും അപ്പർകുട്ടനാടിൻ്റെ അംശവുമെല്ലാം തികഞ്ഞ കോട്ടയത്ത് ടാങ്കർ ലോറിയൊന്നിനു മൂവായിരം രൂപ വരെയെങ്ങാണ്ടായിരുന്നു കുടിവെളളത്തിനു വില. നടപ്പു സ്ഥിതിയെന്താണാവോ. ടെറസ്സേലൊരു തുണിയിട്ടു മൂടിയ ബക്കറ്റു വെച്ചാൽ ദാഹിക്കുമ്പോൾ കുടിക്കാനുളള വെളളമെങ്കിലും കിട്ടും.

കർക്കിടകമാസവും രാമായണവും... നമത് എഴുതിയ കർക്കിടകമാസ കുറിപ്പ്

മഴ പ്രകൃതിദത്തമാണ്. വെളളപ്പൊക്കം മനുഷ്യസൃഷ്ടിയും. മഴയെ സ്വീകരിച്ചാനയിച്ചു കടലിലേക്കു വഴിതിരിച്ചു വിടാനുളള നീർ ശൃംഘലകളെല്ലാം മനുഷ്യനെടുത്തു. കുറച്ചു വർഷം മുൻപുളള മഴക്കാലം പോലല്ല കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ മഴക്കാലും. വില കാരണവും എളുപ്പം കാരണവും ബ്രോയ്ലർ കോഴി ദേശീയ ഭക്ഷണമായി മാറി. പക്ഷെ കോഴിമാലിന്യ നിർമ്മാർജ്ജനത്തിനു പ്രത്യേക അധിക സംവിധാനങ്ങളൊന്നുമില്ല. അതു തുറസ്സായി കിടക്കുന്ന പറമ്പുകളിലും കനാലിലും പാലത്തിനടിയിലും ഒക്കെയായി ദുർഗന്ധം പരത്തികിടന്നത് ചിലപ്പോൾ മഴയത്തൊഴുകിപ്പോയിട്ടുണ്ടാവും. എങ്ങോട്ട്? ജലജന്യവും അല്ലാത്തതുമായ രോഗസാധ്യതകൾ അതിഭീകരമാണ്. മഴവറുതിയുടെയും വേനൽ വറവിൻ്റെയും അപൂർവ്വ സങ്കരം വേറെയും.

കടലിൽ കാടുണ്ടായിട്ടാണോ മഴ പെയ്യുന്നതെന്ന് ചോദിച്ച മനോഭാവത്തിൽ നിന്നേറെയൊന്നും മുന്നോട്ട് പോയിട്ടില്ല. വാക്കും പ്രവർത്തിയും തമ്മിലേറെ ബന്ധമൊന്നുമില്ല. കാടും മലയും മണലും മണ്ണുമെല്ലാം പല ഭാവങ്ങളിലും രൂപങ്ങളിലുമൊക്കെ ഊറ്റുന്നു. പല പഴുതുകളിൽ. മഴക്കാലക്കെടുതികളെക്കാൾ വലിയ കെടുതികൾ കിഴക്കൻ മലയോരങ്ങളെ കാത്തിരുപ്പുണ്ട്. ഉരുൾപൊട്ടിലിനോടും പ്രകൃതിക്ഷോഭങ്ങളോടും അവതാ പറയാനൊക്കില്ല. അതിനെതിരെ പ്രകടനം നടത്താനും പറ്റില്ല. കപട പരിസ്ഥിതി ബോധങ്ങളും വികസനമെന്നു തെറ്റിദ്ധരിക്കുന്ന ആഡംബരങ്ങളുമെല്ലാം അതിൻ്റെ ചുങ്കം വാങ്ങിക്കൊണ്ടിരിക്കുന്നു. ആദ്യം ആശുപത്രി ബില്ലുകളായി. ജനിതകവൈകല്യങ്ങൾ മുതൽ പ്രശ്നങ്ങൾ അല്പസ്വൽപ്പം പ്രകടമായി പൈപ്പ് ലൈനിലുണ്ട്.

പിന്നൊരു സമാധാനം ഇൻ്റർലോക്കു ചെയ്ത മുറ്റമുളള വീട്ടീന്നു ആശുപത്രി ചെല്ലുമ്പോൾ അവിടെയും മുറ്റം ഇൻ്റർലോക്ക് ചെയ്തിട്ടുണ്ട്. അപരിചിതത്വം തോന്നില്ല. ജനറേറ്ററുളളതു കൊണ്ടു ഫാനും എസിയുമൊക്കെ പ്രവർത്തിക്കും. വീട്ടിലെ വേലക്കാരി വെച്ചുവിളമ്പുന്നതും ആശുപത്രി കാൻ്റീനിലെ കുക്കു വിളമ്പുന്നതും തമ്മിൽ വലിയ രുചി ആരോഗ്യ വ്യത്യാസങ്ങളും കാണില്ല. പലതരം ദേജാവുകളാണ് ലൈഫ് സ്റ്റൈൽ. അറിയാത്ത പിളള ചൊറിയുമ്പോ അറിയുമെന്നൊരു ചൊല്ലുണ്ട്. ചൊറിഞ്ഞു തുടങ്ങിയിട്ടു കാലമേറെയായി. ചൊറിഞ്ഞു ചൊറിഞ്ഞു പുണ്ണു പരുവമായി. ഇപ്പഴെങ്കിലും അറിഞ്ഞില്ലെങ്കിൽ ഇനിയതറിയാനുളള സാധ്യതകളില്ല.

advertisment

News

Super Leaderboard 970x90