Technology

ഫോണും സെൽഫിയും മാത്രമല്ല ഫേസ്ബുക്കും നവോദ്ധാനമാണ്, ചതുരസ്ക്രീനിലെയെങ്കിലും സാമൂഹിക പരിഷ്കരണമാണ്, അത് സമുഹത്തിലേക്കെത്താൻ കാലമെത്രയെടുക്കും? എന്നെങ്കിലുമെത്തുമോ? - നമത്

നമ്മുടെ എല്ലാ പുരോഗമനങ്ങൾക്കും മുഹൂർത്തമുണ്ട്. കൈയ്യിലേലസ്സും അരയിൽ തകിടുമുണ്ട്. കന്നിമൂലയും വാസ്തുവുമുണ്ട്. കാറ്റുപോലും കടക്കാത്ത മുഖപടങ്ങളണിഞ്ഞ സ്വാതന്ത്ര്യങ്ങളുണ്ട്. കൃത്യമായി ഗ്രഹനില കണക്കാക്കുന്ന സിസേറിയനുണ്ട്. അക്ഷയ ത്രിതീയക്കു പൊന്നുവാങ്ങുന്നുണ്ട്. പ്രേമിക്കാൻ ജാതി നോക്കുന്നുണ്ട്. മതവും. ദുരയും ആക്രാന്തവുമുണ്ട്. കൂടോത്രവും കവചവുമൊക്കെയുണ്ട്. അതിനെല്ലാം മുകളിൽ സദാചാര ബോധിപ്പിക്കലുകളുണ്ട്. ഇത്രയൊക്കെയുണ്ടായിട്ടും ഏട്ടിലെ പശു പുല്ലു തിന്നില്ല. പക്ഷെ പതിയെ വളരെ പതിയെ പൊതുബോധങ്ങൾ മാറുന്നുണ്ട്. ആളുകൾ സ്വത്വത്തെക്കുറിച്ച് പതിയെ സംസാരിച്ചു തുടങ്ങുന്നുണ്ട്. മീടു ഹാഷ് ടാഗിലൊരനുഭവമെഴുതിയാൽ പിഴയാവുന്ന കാലം ഫേസ്ബുക്കിലെങ്കിലും പോയ് മറഞ്ഞിട്ടുണ്ട്....

ഫോണും സെൽഫിയും മാത്രമല്ല ഫേസ്ബുക്കും നവോദ്ധാനമാണ്, ചതുരസ്ക്രീനിലെയെങ്കിലും സാമൂഹിക പരിഷ്കരണമാണ്, അത് സമുഹത്തിലേക്കെത്താൻ കാലമെത്രയെടുക്കും? എന്നെങ്കിലുമെത്തുമോ? - നമത്

അവകാശസമരങ്ങളുടെ കാലമാണ്. സമരങ്ങളെക്കാളധികം ബോധങ്ങളുടെ, ബോധ്യങ്ങളുടെ  കാലം. ഒരുപാടു മാറ്റങ്ങളുണ്ട്. മനോഭാവ വ്യത്യാസങ്ങളും. സോഷ്യൽ മീഡിയ ഏറ്റവും സജീവമായി സ്വാധീനിച്ചത് പെൺമലയാളത്തെയാണ്. സ്ത്രീയെന്ന നിഴലിനും ഷോകേസിലെ ട്രോഫിക്കും പകരം സ്ത്രീയെന്ന വ്യക്തി പതിയെ പുറത്തു വരുന്നു. കഴിഞ്ഞ കുറച്ചു കാലത്തെ ടൈംലൈനോർമ്മകളിൽ ആദ്യം ഒരു മീടു കാമ്പെയിൻ. പിന്നെ മീൻകഷണം ഇടയ്ക്കെപ്പോഴോ മെൻസ്ട്രൽ കപ്പ്, ഏറ്റവുമവസാനം പാഡ്.

പെൺകുട്ടികളില്ലാത്ത വീട്.  വളർന്ന സാഹചര്യങ്ങളിൽ സ്ത്രീ എന്നത് അടക്കിപ്പിടിച്ച ഒരു രഹസ്യമായിരുന്നു. ഇപ്പോഴും ഓൺലൈനിനു പുറത്തു കാണുന്ന സമൂഹം ഏകദേശം അതൊക്കെ തന്നെയാണ് വലിയ മാറ്റങ്ങളൊന്നുമില്ല. പ്രിവിലേജ്ഡ് ക്ലാസ്സിനു എപ്പോഴും ആ പ്രിവിലേജുണ്ട്. ആയിരത്തിത്തൊളളായിരത്തി ഇരുപതുകളിൽ മലയാളി സ്ത്രീകൾ കടൽ കടന്നു പഠിച്ച് ഡോക്ടർമാരായിട്ടുണ്ട്. ഇന്ത്യാക്കാരികൾ വിമാനമോടിച്ചിട്ടുണ്ട്. പടപണ്ടാരം ക്യാമറയും തൂക്കി  സെലിബ്രിറ്റി ഫോട്ടോഗ്രാഫേഴ്സായിട്ടുണ്ട്. പ്രിവിലേജ്ഡ് ക്ലാസ്സിൻറെ ഒരു ഗുണമാണത്. ടാബുകൾ കുറയും. അല്ലെങ്കിൽ ടാബു ലൈഫ് സ്റ്റൈലാവും. അമൃത ഷെർഗിലു കാണിച്ച അത്രയും  ക്രിയേറ്റീവ് അലമ്പ് പിന്നീടു കേട്ടിട്ടില്ല. ഏതെങ്കിലും തരത്തിൽ പ്രിവിലേജ്ഡ് ആവുന്നതിൻറെ ഗുണമാണത്. ഫേസ്ബുക്കും സോഷ്യൽ മീഡിയയും അത്തരമൊരു പ്രിവിലേജാണ്. ഒരേ സമയം ജെനുവിനും അതേ സമയം പൊളളയും. പുറത്തുളള ലോകം മറ്റൊന്നാണ്.

ഇപ്പോഴും കെട്ടിച്ചു  വിടുവാണ്. പലപ്പോഴും കാലിച്ചന്തയിലെ പോലെ വിലപറഞ്ഞുറപ്പിക്കുവാണ്. വിദ്യഭ്യാസവും തൊഴിലുമെന്താണെങ്കിലും.  മധ്യതിരുവിതാംകൂറിലെങ്കിലും. സ്ത്രീധനമുണ്ട്. കല്യാണവിപണിയിലത്ര ആകർഷണമില്ലാത്ത മീൻ എയിറ്റി വിൽപ്പനക്കാരനു അഞ്ചു ലക്ഷം രൂപയും അമ്പതു പവനുമാണ്. മധ്യതിരുവിതാംകൂറിനു പുറത്തും കണക്കൂകൂട്ടലുകളുണ്ട്. ചുറ്റുപാടുകളും വരും വരായ്കകളും കല്യാണ സമയത്തെ നടവരവും അടക്കമുളള കൃത്യമായ കണക്കു കൂട്ടലുകൾ . കഴിഞ്ഞിടയ്ക്കു കണ്ട ഒരു കല്യാണത്തിനു പെണ്ണിൻറെ മേത്ത് മൂന്നര നാലു കിലോ സ്വർണ്ണം കിടപ്പുണ്ടാരുന്നു. അച്ഛനമ്മമാരെക്കാൾ പിടിവാശിയിൽ സ്ത്രീധനത്തിനു കണക്കു പറയുന്ന പെൺകുട്ടികളിപ്പോഴുമുണ്ട്. ഇപ്പം കിട്ടിയാൽ കിട്ടി പിന്നെ കിട്ടീലെങ്കിലോന്ന ലളിത യുക്തി. സ്വാതന്ത്ര്യം അച്ഛനോ ഭർത്താവോ മകനോ ഒക്കെ ഇപ്പോഴും കൊടുക്കണം. സ്വന്തമായിട്ടുളളതല്ല. വ്യക്തിയുടെ ജന്മാവകാശമല്ല.

ലൈഫ് ചോയിസുകളധികമൊന്നുമില്ല. തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും ഔട്സോഴ്സ്ഡാണ്. സ്വന്തം തീരുമാനം പോയിട്ട് എടിഎം കാർഡു വരെ കയ്യിലുളളവരു ചെറിയൊരു ശതമാനമെയുളളൂ. സൈക്കിൾ ചവിട്ടുക നീന്തുക ഇരുനാലുകാലി വാഹനങ്ങളോടിക്കുക, സ്വന്തം ഇഷ്ടത്തിനും സ്വന്തം ആവശ്യത്തിനും ഭക്ഷണമുണ്ടാക്കിക്കഴിക്കുന്നതും സ്വന്തം മെയിൻറനൻസുമടക്കം ലൈഫ് സ്കില്ലുകൾ ഉളളവര് ന്യൂനശതമാനം കഷ്ടി വെരും പ്രിവിലേജ് ക്ലാസ്സിനു പുറത്ത്. പ്രിവിലേജ്ഡ് സോഷ്യൽ മീഡിയ ക്ലാസ്സിലും വലിയ ശതമാനത്തിനൊന്നും സാധ്യതയില്ല. ഒറ്റകളും വേറിട്ട കാഴ്ചകളുമുദാഹരണങ്ങളും സാമാന്യവത്കരണമാവില്ല.

പക്ഷെ വ്യത്യാസമുണ്ട്. അധികം പഴയതല്ലാത്ത ഒരു കാലത്ത് അന്യപുരുഷനറെ കൈയ്യിലൊരു പാസ്പോർട്ട് സൈസ് ഫോട്ടോ പെട്ടാൽ കൂടെ ചീത്തപ്പേരു കാരണം ആത്മഹത്യയ്ക്കു വരെ തുനിയുന്ന ജനമുണ്ടായിരുന്നു. പിന്നെ പ്രൊഫൈൽ ചിത്രങ്ങൾ പൂവും കായും വണ്ടുമൊക്കെയായി. ആമിയായി. അതും കഴിഞ്ഞാണ് ഭർത്താവ് എന്ന ഏണിയേൽ ചാരി നിൽക്കുന്ന ഫോട്ടോകൾ. കുട്ടികളെന്ന വടിപിടിച്ചു നിൽക്കുന്ന ഫോട്ടോകൾ.  നടപ്പിൽ ഏതാംഗിളിലാണ് എങ്ങനെ കാണാനാണ് ചന്തമെന്നു വരെ നിശ്ചയമുളള പരിശീലിച്ചുറപ്പിച്ച സ്വന്തം ഫോട്ടോകൾ. സെൽഫി ക്യാമറയും സാമൂഹിക പരിഷ്കർത്താവാണ്. വലിയ വ്യത്യാസമാണ്. മാറ്റമാണ്. പക്ഷെ വ്യക്തിയുണ്ടോയെന്നതും രൂപമല്ലാതെ സ്വത്വമുണ്ടോയെന്നതും ആപേക്ഷികം.

സാത്വികസംഗീതവിദുഷി എം.എസ് സുബ്ബലക്ഷ്മി നർത്തകി ബാലസരസ്വതിയുടെ കൂടെ പുകവലിക്കുന്ന ഫോട്ടോയുണ്ട്. പുകവലി ആരോഗ്യത്തിനു ഹാനികരമാണ്, പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ പുകവലി സ്വഭാവമുളള ഏത്ര പെൺ സെലിബ്രിറ്റികൾ കയ്യിലൊരു സിഗരറ്റുമായി ഒരു സെൽഫിക്കെങ്കിലും പോസ് ചെയ്യുന്നുണ്ട്? ശീലമുളള എട്ടുപത്തു പേരെയെങ്കിലും അറിയാം.   ശീലമുളളവർ പോലും അതു  ചെയ്യാത്തത് വളരെ കൃത്യമായി സമൂഹസദാചാരബോധങ്ങളിൽ സ്വയം സുരക്ഷിതമാവുന്നതു കൊണ്ടാണ്. ബുദ്ധിമുട്ടുകളൊഴിവാക്കുന്നതു കൊണ്ടാണ്. പുകവലി പെട്ടന്നു പിക്കു ചെയ്ത ഒരുദാഹരണമാണ് പൊതുബോധത്തിൻറെ സ്വാധീനത്തിൻറെ. കോൺവെൻറ് സദാചാര ബോധങ്ങളുടെ പർദ്ദയിട്ട വിപ്ലവമാണ് മിക്കവാറും. അരയിലേലസ്സും പ്രാർത്ഥനയും ചൊവ്വാദോഷവും രോഗശാന്തിയുമെല്ലാമുളള വിപ്ലവമാണ്. അത് ഫേസ്ബുക്കിൽ നിന്നും സമൂഹത്തിലേക്കിറങ്ങി തുടങ്ങുന്നതേയുളളൂ. ഫേസ്ബുക്കിൽ കാണുന്നത് നാട്ടിലും ചുറ്റുവട്ടത്തും കാണാറില്ല. അതിപ്പോഴും പഴയതു പോലെ, അല്ലെങ്കിൽ വിശ്വാസങ്ങളുടെ തിരിച്ചു വരവിൽ പഴയതിലും കഠിനമായി. ഒരു ജോത്സ്യനോ മന്ത്രവാദിക്കോ ആരുടെയും ജീവിതം മാറ്റിമറിക്കാനാവുന്നത്ര ദുഷ്കരലളിതമായി.

നമ്മുടെ എല്ലാ പുരോഗമനങ്ങൾക്കും മുഹൂർത്തമുണ്ട്. കൈയ്യിലേലസ്സും അരയിൽ തകിടുമുണ്ട്. കന്നിമൂലയും വാസ്തുവുമുണ്ട്. കാറ്റുപോലും കടക്കാത്ത മുഖപടങ്ങളണിഞ്ഞ സ്വാതന്ത്ര്യങ്ങളുണ്ട്. കൃത്യമായി ഗ്രഹനില കണക്കാക്കുന്ന സിസേറിയനുണ്ട്. അക്ഷയ ത്രിതീയക്കു പൊന്നുവാങ്ങുന്നുണ്ട്. പ്രേമിക്കാൻ ജാതി നോക്കുന്നുണ്ട്. മതവും. ദുരയും ആക്രാന്തവുമുണ്ട്. കൂടോത്രവും കവചവുമൊക്കെയുണ്ട്. അതിനെല്ലാം മുകളിൽ സദാചാര ബോധിപ്പിക്കലുകളുണ്ട്. ഇത്രയൊക്കെയുണ്ടായിട്ടും ഏട്ടിലെ പശു പുല്ലു തിന്നില്ല. പക്ഷെ പതിയെ വളരെ പതിയെ പൊതുബോധങ്ങൾ മാറുന്നുണ്ട്. ആളുകൾ സ്വത്വത്തെക്കുറിച്ച് പതിയെ സംസാരിച്ചു തുടങ്ങുന്നുണ്ട്. മീടു ഹാഷ് ടാഗിലൊരനുഭവമെഴുതിയാൽ  പിഴയാവുന്ന കാലം ഫേസ്ബുക്കിലെങ്കിലും പോയ് മറഞ്ഞിട്ടുണ്ട്. എല്ലും മുളളുമല്ലാതെ പൊരിച്ച മീനിൻറെ നടുക്കഷണത്തെക്കുറിച്ച് ബോധവും ബോധ്യങ്ങളുമുണ്ടാവുന്നുണ്ട്. ഇരുണ്ട ഏതോ രഹസ്യം പോലെ പിറുപിറുക്കലുകളിലും അമർത്തിപ്പിടക്കലുകളിലും ഒളിപ്പിച്ചിരുന്ന ആർത്തവം ചർച്ചയാവുന്നുണ്ട്.

ചിലപ്പോഴൊക്കെ ശുഭാപ്തിവിശ്വാസങ്ങളുടെ വെളളിവെളിച്ചമുണ്ട്. സാങ്കേതിക വിദ്യ മറ്റെന്തിനേക്കാളും വലിയ സാമൂഹിക പരിഷ്കർത്താവാണ്. ഇരുനാലുകാലി വാഹനങ്ങളു നൽകിയ സഞ്ചാര സ്വാതന്ത്ര്യം കമ്പ്യൂട്ടറും ഫോണും നൽകിയ അഭിപ്രായ സ്വാതന്ത്ര്യം. അല്ലെങ്കിൽ പ്രായേണ തുല്യതയുടെ ഓൺലൈൻ സമൂഹം. വികെഎൻ പണ്ടെഴുതിയത് പത്രം മാത്രമല്ല പ്രസ്സിലെ റോട്ടറി .യന്ത്രങ്ങൾ വരെ ബുദ്ധിജീവികളായതു പോലെ ഫോണും സെൽഫിയും മാത്രമല്ല ഫേസ്ബുക്കും നവോദ്ധാനമാണ്. ചതുരസ്ക്രീനിലെയെങ്കിലും സാമൂഹിക പരിഷ്കരണമാണ്. അത് സമുഹത്തിലേക്കെത്താൻ കാലമെത്രയെടുക്കും? എന്നെങ്കിലുമെത്തുമോ? മായിക ഓൺലൈൻ ഉടോപ്യ സമൂഹ യാഥാർത്ഥ്യമാവുമോ?

#TAGS : namath  

advertisment

News

Super Leaderboard 970x90