കുറ്റിയറ്റു പോയ പത്രാവതാരകരുടെ കുലം ബാബു ഗോര്‍ക്കിമാരുടെ ജീവിതം....

കൊളോണിയലിസ്സം കാലഹരണപ്പെട്ട ഒരു വാക്കാണ്. അല്ലെങ്കില്‍ വിരുദ്ധോക്തിയുടെ പാരമ്യമാണ്. മുതലാളിത്തം എന്ന ഭീകരദ്രംഷ്ടകളുളള ആ ജന്തു ചോറു തിന്നാത്ത പിളേളരെ കാട്ടുമാക്കാന് പിടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുന്നതു പോലെ കേഡറുകളെ ഭീക്ഷണിപ്പെടുത്തുന്ന ബാബു ഗോര്‍ക്കിമാരുടെ കാലം കഴിയുമ്പോള്‍ പോക്കറ്റില്‍ മുതലുളളവനാണ് മുതലാളിയെങ്കില്‍ ആ മുതലാളി തൂണിലും തുരുമ്പിലും ഏതുല്പന്നങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ചൈനയാണ്. അപ്കമിങ്ങ് ടെറര്‍ റഷ്യയാണ്. മനുഷ്യാവകാശങ്ങളധികമി ല്ലാത്ത രാജ്യങ്ങളിലെ മുതലാളിത്ത വസന്തങ്ങള്ക്ക് ക്ഷേമരാജ്യ സ്വഭാവങ്ങളില്ലെന്നത് ബാബുവേട്ടന്‍ എങ്ങനെ തിരിച്ചറിയും?

കുറ്റിയറ്റു പോയ പത്രാവതാരകരുടെ കുലം ബാബു ഗോര്‍ക്കിമാരുടെ ജീവിതം....

ഷര്‍ട്ടിനു ബട്ടണ്‍ പിടിപ്പിക്കുന്ന ബാബുവേട്ടനാണ് ആദ്യം കണ്ട കട്ട ദേശാഭിമാനി ആരാധകന്‍. മറ്റെല്ലാ കോഴിക്കോട്ടുകാരെയും പോലെ ശുഭ്രവസ്ത്രധാരി. വെളള മുണ്ട് മുട്ടിനു മുകളില്‍ കൈ തെറുത്തുവെച്ച ഷര്‍ട്ട്. ദിനേശ് ബീഡി. ബോള്‍ പോയിന്‍റ് പേന. വെളെളഴുത്തിനെ മറികടക്കാന്‍ അല്പം അകലെ പിടിച്ചുള്ള വായന. ഇടയ്ക്ക് മുതലക്കുളത്ത്  തിരുമേനി പ്രസംഗിക്കുന്നത് കേള്‍ക്കാന് നേരത്തെ പോകും. മഴയാണേലും വെയിലാണേലും ആകാശമിടിഞ്ഞു വീണാലും പാര്‍ട്ടി പരിപാടികള്‍ക്കും. ഒരു  ബീഡിയും കടിച്ചു പിടിച്ച് ബാബുവേട്ടന്‍ വാര്‍ത്ത ഉറക്കെ വായിക്കുമ്പോള്‍ ഇടയ്ക്ക് തുന്നല്‍ യന്ത്രങ്ങള്‍ നിശ്ചലമാവും. കട്ടിങ്ങ് മാസ്റ്റര്‍ കൂടെയായ കടമുതലാളി കത്രിക താഴെയിടും. സംസാരം ചിലപ്പോള്‍ തര്‍ക്കം പൊടിപൊടിക്കും. പേരിനുള്ള ഒരേയൊരു കോണ്‍ഗ്രസ്സുകാരന്‍ ചിലപ്പോള്‍ ശബ്ദം താഴ്ത്തിയെന്തെങ്കിലും മുറുമുറുക്കും.

സ്റ്റഡി ക്ലാസ്സെന്ന അന്യം നിന്ന രാഷ്ട്രീയ രൂപമല്ലായിരുന്നു ഇടതു പാര്‍ട്ടികളുടെ രാഷ്ട്രീയവിദ്യാഭ്യാസ രൂപം. കണ്ണൂരെ ബീഡി തെറുപ്പു തൊഴിലാളികളിലും പവറട്ടിയിലെ കല്ലു പോളിഷ് ചെയ്യുന്ന തൊഴിലാളികളിലും ഒക്കെയുണ്ടായിരുന്ന ബാബുവേട്ടന്മാരായിരുന്നു സ്റ്റഡിക്ലാസ്സുകള്‍. രാഷ്ട്രീയ ബോധങ്ങളെയും ബോധ്യങ്ങളെയും നിര്‍വചിക്കുന്നവര്‍. മാക്സിം ഗോര്‍ക്കിയുടെ അമ്മയെ പോലെയുളള അടിസ്ഥാന വര്‍ഗ്ഗത്തിനു സിദ്ധാന്തവും വിക്കും നിര്‍ബന്ധമില്ലായിരുന്നു. അവരുടെ നേരും നെറിയുമായിരുന്നു അവരുടെ രാഷ്ട്രീയം. ആ നേരിലേക്കും നെറിയിലേക്കുമായിരുന്നു ദേശാഭിമാനി വാര്‍ത്തകളുടെ പ്രക്ഷേപണം. പുറം ലോകത്തെ അറിയാന്‍ രണ്ടുപാധികളായിരുന്നു പത്രത്തിനു വരിക്കാരനാവാന്‍ ആവതില്ലാത്ത സാധാരണക്കാരന്. ഒന്ന് ദേശാഭിമാനി ഉച്ചത്തില്‍ വായിക്കുന്നവര്‍. രണ്ട് റേഡിയോ വാര്‍ത്ത.

ബൗദ്ധിക ക്രിമിലെയര്‍ സര്‍വ്വസഖാക്കള്‍ തിരുമേനി മുതല്‍ ഗോവിന്ദപ്പിള്ള വരെയുള്ള താത്വികാചാര്യന്‍മാരല്ല അദ്ധ്വാന വര്‍ഗ്ഗത്തിനു രാഷ്ട്രീയ ശിക്ഷണം നല്‍കിയത്. മറിച്ച് ഈ പത്രക്കോളാമ്പികളാണ്. കക്ഷത്തില്‍ ദേശാഭിമാനിയും ചുരുട്ടിവെച്ചു നടന്നവരാണ്. വാര്‍ത്തവായനയുടെ മോണോലോഗ് രാഷ്ട്രീയ ശിക്ഷണം. ആകാശവാണി വാര്‍ത്ത പോലെ മോണോലോഗല്ലാത്ത അല്പമാത്ര ഡയലോഗുകള്‍. പല ബാബുവേട്ടന്‍മാരുടെ പലദേശങ്ങളിലെ പത്രവായനകളുടെ വാര്‍ത്താവിശകലനങ്ങളുടെ പ്രത്യയശാസ്ത്രവിവക്ഷകള്‍. വേറെ വഴികളില്ലായിരുന്നു. ടിവിയോ ഡാറ്റയോ ഇല്ലാത്ത കാലത്ത് പുറംലോകത്തേക്കുളള ഒരേയൊരു  കിളിവാതില്‍. കൃത്യമായി ഫില്‍റ്റര്‍ ചെയ്ത കണിശമായി സെന്‍സര്‍ ചെയ്ത കൃത്യതയുള്ള രാഷ്ട്രീയ ഉപകരണം. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവാത്തവരും ദേശാഭിമാനി എഡിറ്റര്‍മാരാവുന്നത് അങ്ങനെയാണ്. എഡിറ്ററല്ല അക്ഷരങ്ങളുടെ എല്‍സി മെമ്പ്രും വാര്‍ത്തകളുടെ സെക്രട്ടറിമാരും. രാഷ്ട്രീയ വാര്‍ത്തകളുടെ എഡിറ്റിങ്ങ് ഗൈഡ് ലൈന്‍ മനോരമ സ്കൂളല്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പോത്തന്‍ജോസഫിന്‍റെ പോയിട്ട് സായിനാഥിന്‍റെയോ എന്‍.റാമിന്‍റെയോ പോലും നിഴലു വരില്ല. പത്രവും രാഷ്ട്രീയോപാധിയും രണ്ടും രണ്ടാണ്. അതു കൊണ്ട് പത്രപ്രവര്‍ത്തനം നടത്തണമെന്നു പിടിവാശിയുളളവര്‍ ഹിന്ദു പത്രത്തില്‍ ജോലി ചെയ്യും ദേശാഭിമാനിയില്‍ ലേഖന ലെവിയെഴുതും. ശിഷ്ടം സ്ഥലത്തെ പ്രധാന ബൗദ്ധിക പൗഡറു കുട്ടപ്പന്മാരാണ്.

കുഞ്ഞുനാളിലെപ്പോഴോ പുസ്തകഷെല്‍ഫിലെ മാക്സിം ഗോര്‍ക്കിയുടെ അമ്മ വായിച്ചതില്‍ പിന്നെ  ബാബുവേട്ടന്‍റെ പത്രവായനയിലാണ് ആദ്യം മുതലാളിത്തം തെളിയുന്നത്. അമ്മ കഥയായിരുന്നു. ബാബു ഗോര്‍ക്കി വാര്‍ത്തയും. ബീഡി കടിച്ചു പിടിച്ച് ഇടയ്ക്ക് ഇരുത്തിമൂളി, പുക ഊതിപ്പറത്തി, വാര്‍ത്തകള്‍ക്കിടയ്ക്ക് ബാബു ഗോര്‍ക്കിയൊന്നു നിര്‍ത്തും. ഒരു ചെറിയ കമന്‍റിനു. ലോക്കല്‍ താത്വികാചാര്യന്‍റെ കമന്‍റിനു കാതോര്‍ത്ത് ശ്രോതാക്കളും. ആ ശബ്ദത്തിലാണ് മുതലാളിത്വത്തെ പറ്റികേള്‍‌കക്കുന്നത്. വര്‍ഗ്ഗ ശത്രുക്കളെക്കുറിച്ചും കുലംകുത്തികളെക്കുറിച്ചും കേള്‍ക്കുന്നത്. മുതലാളിത്തം ഭീകരദ്രംഷ്ടകളു പിളര്‍ത്തുന്നത്. റഷ്യ ആണവമുന മുതലാളിത്തത്തിനു നേരെ തിരിച്ചു വെച്ചിരിക്കുന്നത്. ചൈനയിലെ കമ്യൂണിസ്റ്റ് വന്‍മതില്‍ മുതലാളിത്തത്തെ ചെറുക്കുന്നത്. ഫിഡില്‍ കാസ്‌ട്രോ എണ്ണിയാലൊടുങ്ങാത്ത വധശ്രമങ്ങളെ അതിജീവിച്ച വീരനായകനാവുന്നത്.ചെഗുവേരയുടെ ആണ്ടിന് ലേഖനബലികളു കേള്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ടിയാനമെന്‍ സ്ക്വയര്‍ വാര്‍ത്ത ടിവിയില്‍ ബ്രേക്ക് ചെയ്യുന്നത് കാണുമ്പോഴോര്‍ത്തു. സഖാവ് ബാബു ഗോര്‍ക്കി ഇപ്പോഴും ദേശാഭിമാനി വായിക്കുന്നുണ്ടായിരിക്കുമോ? വാര്‍ത്തയില്‍ ടിയാനമെന്‍ സ്ക്വെയറുണ്ടാവുമോ?

മോണോലോഗ് സ്വഭാവമുള്ള വാര്‍ത്തകളുടെയും രാഷ്ട്രീയ ഇന്‍പുട്ടുകളുടെയും കുത്തക  തകര്‍ന്നു. എല്ലാം തകര്‍ത്തു. ഗതികെട്ടപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഇന്ദിരാഗാന്ധി സംഘടനാ രൂപത്തിനു വെല്ലുവിളികളൊന്നും ഉണ്ടാക്കിയിരുന്നില്ല. അടിത്തറയ്ക്കും. പത്രം കൈ കൊണ്ടു തൊടാത്ത കോണ്‍ഗ്രസ്സുകാരന്‍ ഒരിക്കലും ബാബു ഗോര്‍ക്കിമാരുടെ വിശാല രാഷ്ട്രീയ അഭ്യാസ നെറ്റ്‍വര്‍ക്കിനു തണ്ടിയല്ലാരുന്നു. ഇര പോയിട്ടു വിര പോലുമല്ലാരുന്നു.  പക്ഷെ മൗനിബാബയെന്നാക്ഷേപിച്ചച്ചു നിരത്തിയവനാണ് പണി തന്നത്. ദേശാഭിമാനി വാര്‍ത്തകളുടെ ഇടതു പക്ഷ കുത്തക പോയി. പക്ഷെ ഇടതു സ്വഭാവം പോയില്ല. അതുകൊണ്ടായിരുന്നു ശശികുമാറു മുതല്‍ ടിഎന്ജി വരെയുളളവരുടെ ഏഷ്യാനെറ്റിനു ഇടതു സ്വരമുണ്ടായത്. വിനുവിനെ പോലുളള സെന്സേഷനലാവേശ കുമാരന്മാര്‍ക്കു മുന്‍പ് വാര്‍ത്തകള്‍ക്കു പക്വതയുണ്ടായിരുന്ന കാലത്ത് ഇടതു ഛായ പ്രകടമായിരുന്നു.

മൗനിബാബ തകര്‍ത്തു കളഞ്ഞു. വാര്‍ത്തകളുടെ ഇടതു പക്ഷകുത്തകയെ. തലയ്ക്കകത്താള്‍താമസമുളളവരെല്ലാം ഇടതു പക്ഷക്കാരായിരുന്നതു കൊണ്ടു കൂടെയായിരുന്നത്. എല്‍സി സെന്സറു ചെയ്യാത്ത വാര്‍ത്തകളുടെ പ്രളയമായി സമൂഹശരീരത്തിലും വാര്‍ത്താ ശരീരത്തിലും. വാര്‍ത്ത ഗീത പോലായി. പല മറിയും പല വ്യാഖ്യാനങ്ങളുമായി. റാവുവും സിങ്ങും ടാര്‍ഗറ്റ് ചെയ്തത് ഇടതുപക്ഷ വാര്‍ത്തകളുടെ പാര്‍ട്ടികുത്തക സ്വഭാവത്തെയല്ല. പക്ഷെ വന്നു ഭവിച്ചതങ്ങനെയായി പോയി. പോരാത്തതിനു റാവു വെട്ടിയവനെ ഗോര്‍ബച്ചേവും കടിച്ചു. രണ്ടും ഏകദേശമൊരു സമയത്താണ് നടക്കുന്നത്. പതിയെ ബാബു ഗോര്‍ക്കിമാരുടെ കാലമസ്തമിച്ചു. ടിവിയില്‍ വാര്‍ത്താ ചാനലുകളുടെ എണ്ണം കൂടിയതോടെ ബാബു ഗോര്‍ക്കിമാരില്ലാതായി.

സോവിയറ്റിരുമ്പറ പൊളിഞ്ഞു. മര്‍ഡോക്കിനു വൈകുന്നേരത്തെ കണ്ണുനീര്‍ സീരിയലില്‍ വരെ നിക്ഷേപമായി. ഇടതു പക്ഷം വിപണിയായി. ചുവന്ന കര മുണ്ടുകളുടെ ബ്രാന്‍റായി. വലിയ വ്യത്യാസമതല്ല. പിട്രോഡ സായിപ്പിന്‍റെ സ്വപ്നം. ഡാറ്റാ വസന്തം ഡാറ്റാ വിപ്ലവം. വിരല്‍ത്തുമ്പിലു സൂര്യനായി. വാര്‍ത്തയും ലോകവുമെല്ലാം ഒരു ഗൂഗിള്‍ സെര്‍ച്ചായി. സ്ഥലകാലബോധവും സാമാന്യയുക്തിയുമുളളവരുടെ ബാബു ഗോര്‍ക്കി സിന്‍ഡ്രോം ഭേദമായി. ക്യൂബ എന്ന ഫോസില്‍ മാതൃകയൊഴിച്ചാല്‍ ബാക്കിയെല്ലാം വേഷപ്രച്ഛന്ന മുതലാളിത്തമായി. ചൈനയാണ് ശരിക്കും കമ്യൂണിസ്റ്റ്. മുതലാളിത്തത്തെ അതേ നാണയതത്തില്‍ നേരിടുന്ന യാഥാര്‍ത്ഥ്യം. ലോകത്തെ മിക്കവാറും എല്ലാ വീട്ടിലും അമേരിക്കന്‍ മുതലാളിത്തത്തിന് സാന്നിധ്യമുണ്ടാവില്ല. പക്ഷെ പുറംലോകവുമായി സമ്പര്‍ക്കമുള്ള എല്ലാ വീടുകളിലും ചൈന ഉത്പന്നങ്ങളുണ്ട്. കടുത്ത വാണിജ്യ നീക്കിയിരിപ്പുകളും ബോണ്ടുകളിലും നിക്ഷേപങ്ങളിലും ഈടുവെപ്പുകളുമുണ്ട്. ഏതു വലിയ കോര്‍പ്പറേറ്റ്ടേക്കോവറിനുളള പാങ്ങും ആസ്തിയുമുണ്ട്. ഒരു പക്ഷെ മുന്‍നിര രാജ്യങ്ങളെ പോലും ബൈ ഔട്ടു ചെയ്യാനുള്ള മുതല്‍.

ബാബു ഗോര്‍ക്കി വാക്കുകളില്‍ വരച്ച ഭീകരദ്രംഷ്ടകളധികമൊന്നുമില്ല നടപ്പു മുതലാളിത്തത്തിനു. പകരം പലപ്പോഴും ഉളളവനെ വരുമാനമുളളവനെ പിഴിഞ്ഞ് കുറെയൊക്കെ ക്ഷേമപദ്ധതികള്‍ നടത്തുന്ന പൗരാവകാശമുളള ജനാധിപത്യക്രമങ്ങളാണ്. സ്വന്തം പൗരന്മാര്‍ക്ക് സ്വന്തം നാട്ടിലെങ്കിലും ജനാധിപത്യ അവകാശങ്ങളുറപ്പു വരുത്തുന്നവരാണ്.കൊളോണിയലിസ്സം  കാലഹരണപ്പെട്ട  ഒരു വാക്കാണ്. അല്ലെങ്കില്‍ വിരുദ്ധോക്തിയുടെ പാരമ്യമാണ്. മുതലാളിത്തം എന്ന ഭീകരദ്രംഷ്ടകളുളള ആ ജന്തു ചോറു തിന്നാത്ത പിളേളരെ കാട്ടുമാക്കാന് പിടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുന്നതു പോലെ കേഡറുകളെ ഭീക്ഷണിപ്പെടുത്തുന്ന ബാബു ഗോര്‍ക്കിമാരുടെ കാലം കഴിയുമ്പോള്‍ പോക്കറ്റില്‍ മുതലുളളവനാണ് മുതലാളിയെങ്കില്‍ ആ മുതലാളി തൂണിലും തുരുമ്പിലും ഏതുല്പന്നങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ചൈനയാണ്. അപ്കമിങ്ങ് ടെറര്‍ റഷ്യയാണ്. മനുഷ്യാവകാശങ്ങളധികമി ല്ലാത്ത രാജ്യങ്ങളിലെ മുതലാളിത്ത വസന്തങ്ങള്ക്ക് ക്ഷേമരാജ്യ സ്വഭാവങ്ങളില്ലെന്നത്  ബാബുവേട്ടന്‍ എങ്ങനെ തിരിച്ചറിയും?

വെള്ളയും വെളളയുമുടുത്ത വളളിച്ചെരുപ്പിട്ട ചെവിക്കു പുറകില്‍ പെന്‍സിലും ബീഡിയും വെച്ച ബാബുവേട്ടന്‍റെ കുട്ടികള്‍ മൂന്നും നാലും മൊബൈല്‍ഫോണുകളില്‍ ലോകം കാണുന്നുണ്ടാവും. ചങ്ക് മുതല്‍ ജങ്ക് വരെയായ കുട്ടികള്‍. യോ യോ.  ഒരു പക്ഷെ ഒരു കഥയ്ക്കുള്ള വിഭവമായി കക്ഷത്തില്‍ ചുരുട്ടിയ ദേശാഭിമാനിയുമായി സഖാവ് ബാബു ഗോര്‍ക്കി വാര്‍ത്ത കേള്‍ക്കാനാളെ തേടുന്നുണ്ടാവും.

നമത്  ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്

advertisment

News

Super Leaderboard 970x90