കറുക്കും തോറും നേർത്തലിഞ്ഞില്ലാതാകുന്ന നീതിബോധങ്ങൾ - നമത്

ചരിത്രം എപ്പോഴും വിരോധാഭാസമാണ്. ഇംഗ്ലീഷ് മാധ്യമങ്ങളുടെ കണ്ണും കാതുമെത്താത്ത ദേശമായതു കൊണ്ട് സിയാറ്റിൽ മൂപ്പൻമാരുടെ പ്രസംഗം ഉണ്ടായില്ല. അട്ടപ്പാടിയിലോ അഗളിയിലോ ഒരു സിയാറ്റിൽ മൂപ്പനുണ്ടായാലും അതു മുഖ്യധാരയിൽ വരില്ല. അടിമയും കുടിയാനും ഓണത്തിനു കുല കൊണ്ടു കൊടുക്കാനും തറയിലിരുന്ന് ദർശനം നേടാനുമുളളതാണ്. പ്രസംഗിക്കാനുളളതല്ല. അതിനപ്പുറം അധികപ്രസംഗം സിയാറ്റിലല്ല ഏതു മൂപ്പനും പറഞ്ഞിട്ടില്ല. ഏതെങ്കിലും മൂപ്പൻറെയോ ഗോത്രവർഗ്ഗക്കാരൻറെയോ തോന്നലുകൾക്കും ചിന്തകൾക്കും മാധ്യമവാല്യ ഇല്ല. ..

 കറുക്കും തോറും നേർത്തലിഞ്ഞില്ലാതാകുന്ന നീതിബോധങ്ങൾ - നമത്

 കളർ ഈസ് ജസ്റ്റ് എ മാറ്റർ ഒഫ് ഡിസ്റ്റൻസ് ഫ്രം ഇക്വേറ്റർ. എപ്പോഴോ ഒരിക്കൽ ഒരു സദസ്സിൽ നിറം വിഷയമായപ്പോൾ വെളുത്ത തൊലിയുളള ഒരുത്തനോട് പറഞ്ഞതാണ്. ഭൂമധ്യരേഖയിൽ നിന്നകന്നു പോകുംതോറും നിറം വിളറുന്നു. വെളുക്കുന്നു. ഇംഗ്ലണ്ടിൽ കഴിഞ്ഞ ദിവസങ്ങളിലെന്നോ കണ്ടെത്തിയ ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന മനുഷശേഷിപ്പ് ഒരു കറുത്ത വർഗ്ഗക്കാരൻറെതായിരുന്നു. ആദിമ കുടിയേറ്റങ്ങളിലും നൂറ്റാണ്ടുകളിലും ആയിരത്താണ്ടുകളിലും ലക്ഷക്കണക്കിനു വർഷങ്ങളിലെ ശൈത്യത്തിലും മങ്ങിയ ഒന്നാവണം ചർമ്മം. മധ്യതിരുവിതാംകൂറെ വേനലവധിക്കു ശേഷം മലബാറിലെത്തുമ്പോഴേക്കും ഇരുളുന്ന ചർമ്മം സൂര്യപ്രകാശത്തോടത്ര വിധേയമാവണം. ഏറിയും കുറഞ്ഞും അന്തരീഷത്തിലെ ഈർപ്പം പോലുളള ഘടകങ്ങളിൽ ലഘു വ്യതിയാനങ്ങളുണ്ടാവാമെങ്കിലും.

തദ്ദേശജനതയെ ഗണിക്കുന്നതിൽ പലപ്പോഴും ചർമ്മത്തിൻറെ നിറം ഒരു ഘടകമാണ്. അതിനു സമാന സാമ്പിളുകൾ വേണം. നമ്മുടെ ഭൂമധ്യരേഖ ദൂരത്ത്, കലർപ്പില്ലാതെ അവശേഷിച്ചിരിക്കുന്ന ഒരേയൊരു ഭൂവിഭാഗം ആൻഡമാനിലെ സെൻറിനൽ ഗോത്രക്കാരുടെ ദ്വീപുകളാണ്. ദ്വീപായതു കൊണ്ടും വിഷം പുരട്ടിയ അമ്പുകളെ ഭയന്നും പല വിധ ആകസ്മികതകൾ കാരണവും സംഭവിച്ചതാണത്. അവരുടെ ചർ്മ്മം. ഭൂമധ്യരേഖയിൽ നിന്നുളള അകലപ്രകാരം കൃത്യമായും സ്വാഭാവികമായ ചർമ്മനിറം. അതേ ചർമ്മം പങ്കിടുന്നവരാണ് അല്ലെങ്കിൽ പങ്കിടേണ്ടവരാണ് ദക്ഷിണേന്ത്യയിലെ ആദിമ നിവാസികൾ.

ഉപഭൂഖണ്ഡത്തിലെ, കന്യാകുമരിക്കപ്പുറം കടലെടുത്തു പോയ കുമരീകാണ്ഡത്തിലെ, ആഫ്രിക്കയിൽ നിന്നും കുടിയേറിയ ആദിമ മനുഷ്യൻറെ നിറം സെൻറിനലുകാരുടെ നിറമാണ്. എവിടെ നിന്നും കലർപ്പുകളില്ലാത്തതു കൊണ്ട് അങ്ങനെ തന്നെ തുടരുന്ന ഒന്ന്. ശിഷ്ടമെല്ലാം കുടിയേറ്റമാണ്. ആദിവാസികളുടെയും ദളിതരുടെയും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്കു നടന്ന കുടിയേറ്റം. കുടിയേറ്റങ്ങളൊന്നുമില്ലായിരുന്നെങ്കിൽ മലയാളനാടിൻറെ ചർമ്മം എണ്ണക്കറുപ്പാവുമായിരുന്നു. എളെളണ്ണയുടെ തേൻകറുപ്പ്. തമിഴ് തനിനിറം.

സിന്ധൂ നദീതട സംസ്കാരം ആക്രമിക്കപ്പെട്ടപ്പോൾ മുതൽ ബുദ്ധ കാലഘട്ടം വരെ സംഭവിച്ച ചെറുതും വലുതുമായ പുറപ്പാടുകളിലാണ് തെക്കൻ കറുപ്പാദ്യം നിറം മങ്ങുന്നത്. കർത്താവിനു ശേഷമുളള നൂറ്റാണ്ടുകളിലെ രണ്ടാം കുടിയേറ്റങ്ങളിലാണ് സമൂഹക്രമത്തിൽ വെളുപ്പ് അധികാരമാവുന്നത്. അതിനു മുൻപ് വൈതൽ മല മുതൽ പുലയനാർ കോട്ടയും താണ്ടി മുനമ്പഗ്രം വരെ ദളിത രാജവംശങ്ങളും അധികാരങ്ങളുമായിരുന്നു. പുതിയ കുടിയേറ്റങ്ങളിൽ കാടുതേടിപോയവർ.

കാടു തേടി പോയതല്ല. കുടിയേറ്റം സഹ്യപർവ്വതത്തിൻറെ അടിത്തട്ടു വരെയുണ്ടായുരുന്ന നീർക്കെട്ടുകളും ലഗൂണുകളും സാമാന്യേനെ സുരക്ഷിതമായ സമതലങ്ങളും ആവസിച്ചപ്പോൾ ചതുപ്പിൽ വളർന്ന പരിഷ്കൃതലോകം പിന്നീട് കാടെന്നു വരച്ച വരയാണത്. വിഭവക്കൊളളയ്ക്കിടയിലും രണ്ടു കാര്യങ്ങൾ ഇംഗ്ലീഷുകാർ ചെയ്തു. ഒന്ന് കറുത്ത ആദിമ മനുഷ്യരുടെ ഗോത്രങ്ങൾ ഉണ്ടെന്നു സത്യം അംഗീകരിച്ചു. രണ്ട് നാമമാത്രമായെങ്കിലും അവരെ ഗൌനിച്ചു. ഇടുക്കിയിലിപ്പോഴും വിവാദം അണകെട്ടി നിൽക്കുന്ന മുല്ലപ്പെരിയാർ അത്തരമൊരു പുനരധിവാസ പായ്ക്കേജാണ്. തിരുട്ടു ഗോത്രങ്ങളെന്നു വെളുത്ത ലോകം ചാപ്പ കുത്തിയവർക്കു കൃഷി ചെയ്യാൻ വെളളം കൊടുക്കാൻ വേണ്ടിയുണ്ടാക്കിയതാണ് തർക്കങ്ങളൊഴിയാത്ത മുല്ലപ്പെരിയാർ. കൊളോണിയൽ അക്രമവും കൊളോണിയൽ മാന്യതകളും വിരുദ്ധോക്തികളാണ്. പക്ഷെ അവരു ക്രഡിറ്റുകൾ കൊടുത്തിരുന്നു. കണ്ണൻ തേവൻ മുതൽ ചുരവും അണയും കെട്ടിയവർക്കെല്ലാം. ഉണ്ടെന്നും പ്രസക്തവുമെന്നും അംഗീകരിച്ചിരുന്നു.

മൂന്നാം കുടിയേറ്റം തുടങ്ങുന്നത് തിരുവിതാംകൂറിലെ പഞ്ഞകാലത്താണ്. പോയ നൂറ്റാണ്ടിൻറെ തുടക്കത്തിൽ. പുതിയ കുടിയേറ്റങ്ങൾക്കു സമതലം പറ്റാതെ വന്നു. ഗതികേടിനു പിന്നെയും കാടു പിടിച്ചതാണ്. ചില്ലറ വിലയ്ക്ക് കാടു വിൽക്കാൻ വെച്ചിരുന്ന കാലത്ത്. ആ കാലം വരെ, കാടകങ്ങളിലെ ജീവിതത്തിൽ പുറംലോകം ഇടപെട്ടിരുന്നില്ല. ശിഷ്ടം നാളിന്നു വരെ മതത്തിൻറെയും തൊലിയുടെയും തീവെട്ടികൊളളയാണ്. അനാദിയിൽ നിന്നുമുളള തുടർച്ചയിലും വലിയ ക്ഷതം സംഭവിക്കാതിരുന്ന ആദിമരെ അടിയോടെ ഉലച്ചത് മൂന്നാം കുടിയേറ്റമാണ്. അവരുടെ ഭൂമി, അവരുടെ ജീവിതം, അവരുടെ ജീവനെല്ലാം പിടിച്ചെടുത്തും മോഷ്ടിച്ചും അവർക്കു പത്തു രൂപ തിരിച്ചാനുകൂല്യം കൊടുക്കുന്ന വിരോധാഭാസം.

പക്ഷെ ചരിത്രം എപ്പോഴും വിരോധാഭാസമാണ്. ഇംഗ്ലീഷ് മാധ്യമങ്ങളുടെ കണ്ണും കാതുമെത്താത്ത ദേശമായതു കൊണ്ട് സിയാറ്റിൽ മൂപ്പൻമാരുടെ പ്രസംഗം ഉണ്ടായില്ല. അട്ടപ്പാടിയിലോ അഗളിയിലോ ഒരു സിയാറ്റിൽ മൂപ്പനുണ്ടായാലും അതു മുഖ്യധാരയിൽ വരില്ല. അടിമയും കുടിയാനും ഓണത്തിനു കുല കൊണ്ടു കൊടുക്കാനും തറയിലിരുന്ന് ദർശനം നേടാനുമുളളതാണ്. പ്രസംഗിക്കാനുളളതല്ല. അതിനപ്പുറം അധികപ്രസംഗം സിയാറ്റിലല്ല ഏതു മൂപ്പനും പറഞ്ഞിട്ടില്ല. ഏതെങ്കിലും മൂപ്പൻറെയോ ഗോത്രവർഗ്ഗക്കാരൻറെയോ തോന്നലുകൾക്കും ചിന്തകൾക്കും മാധ്യമവാല്യ ഇല്ല. നീതിമൂല്യമോ ധാർമ്മിക മൂല്യമോ ഇല്ല. മനോഭാവത്തിൻറെ കാഴ്ചയുടെ സമത്വ ജനാധിപത്യ സങ്കൽപ്പങ്ങളുടെ വീക്ഷണകോണുകളുടെ വൈകല്യമാണ്. ആദ്യവാചകം, കളർ ഈസ് ജസ്റ്റ് എ മാറ്റർ ഒഫ് ഡിസ്റ്റൻസ് ഫ്രം ഇക്വേറ്റർ, എന്നത് കേരളത്തിലെത്തുമ്പോൾ കറുപ്പ് മാത്രമാണൊറിജിനൽ എന്നു തിരുത്തുന്നു.

advertisment

News

Super Leaderboard 970x90