Education

സമയം ലാഭിക്കുന്നത് എങ്ങനെ ? - മുരളി തുമ്മാരുകുടി

സമയം മാനേജ് ചെയ്യുന്നതിന് എളുപ്പ വഴി ഒന്നുമില്ല. ആദ്യം തന്നെ നമ്മുടെ സമയത്തോട് നമുക്കൊരു ബഹുമാനം വേണം. എന്തെങ്കിലും കാര്യത്തിന് വേണ്ടി സമയം ചിലവാക്കുമ്പോൾ പണം ചിലവാക്കുന്നത് പോലെതന്നെ രണ്ടു പ്രാവശ്യം ചിന്തിക്കണം. വാസ്തവത്തിൽ പണം വേണമെങ്കിൽ നമുക്ക് കൂടുതൽ ഉണ്ടാക്കാം, ധൂർത്തടിക്കാം. പക്ഷെ സമയം അങ്ങനെ അല്ലല്ലോ, അതുകൊണ്ട് പണത്തേക്കാൾ സൂക്ഷിച്ചും പിശുക്കിയും വേണം സമയം ചിലവാക്കാൻ....

സമയം ലാഭിക്കുന്നത് എങ്ങനെ ? - മുരളി തുമ്മാരുകുടി

 "മുരളി സാർ എങ്ങനെയാണ് സമയം മാനേജ് ചെയ്യുന്നത് എന്നൊന്ന് പറഞ്ഞു തരാമോ?"

പലരും പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ്. സാർ എന്നൊന്നും വിളിക്കരുതെന്ന് ഞാൻ പറഞ്ഞത് ആരും കേട്ട മട്ടില്ല. സാർ എന്ന് വിളിച്ച നാവുകൊണ്ട് വേറെ എന്തെങ്കിലും ഒക്കെ വിളിക്കാൻ ഉള്ള വിഷമം ആവും.

സമയം മാനേജ് ചെയ്യുന്നതിന് എളുപ്പ വഴി ഒന്നുമില്ല. ആദ്യം തന്നെ നമ്മുടെ സമയത്തോട് നമുക്കൊരു ബഹുമാനം വേണം. എന്തെങ്കിലും കാര്യത്തിന് വേണ്ടി സമയം ചിലവാക്കുമ്പോൾ പണം ചിലവാക്കുന്നത് പോലെതന്നെ രണ്ടു പ്രാവശ്യം ചിന്തിക്കണം. വാസ്തവത്തിൽ പണം വേണമെങ്കിൽ നമുക്ക് കൂടുതൽ ഉണ്ടാക്കാം,
ധൂർത്തടിക്കാം. പക്ഷെ സമയം അങ്ങനെ അല്ലല്ലോ, അതുകൊണ്ട് പണത്തേക്കാൾ സൂക്ഷിച്ചും പിശുക്കിയും വേണം സമയം ചിലവാക്കാൻ.

ഒരുദാഹരണം പറയാം. കഴിഞ്ഞ വർഷം എത്രയോ ദിവസം നമ്മൾ ദിലീപിൻ്റെ കേസിനെ പറ്റി വായിച്ചു. എത്രയോ മാസങ്ങൾ നമ്മൾ അതിനെക്കുറിച്ചുള്ള വാർത്തകൾ കണ്ടു, കേട്ടു, ചർച്ച ചെയ്തു. നമുക്ക് എന്തെങ്കിലും ഗുണം ഉള്ള കാര്യമാണോ ? നമ്മുടെ പണം ആയിരുന്നെങ്കിൽ നമ്മൾ ഇങ്ങനെ ഇക്കാര്യത്തിന് വേണ്ടി എടുത്ത് ചിലവാക്കുമായിരുന്നോ ?

ഇത് തന്നെയാണ് സുഹൃത്തുക്കൾക്ക് വേണ്ടി സമയം ചിലവാക്കുന്നതും. സുഹൃത്തുക്കൾക്ക് വേണ്ടി നമ്മൾ കുറച്ചൊക്കെ പണം ചിലവാക്കും, അതുകൊണ്ട് ഗുണം പിടിക്കുന്നവരാണെങ്കിൽ കുറച്ചു കൂടുതലും ചെലവാക്കാൻ മടിക്കില്ല. പക്ഷെ നമ്മൾ എത്ര കൊടുത്താലും നന്നാകാത്തവർക്ക് പിന്നെ നാം പണം കൊടുക്കുമോ? അവരെ കണ്ടാൽ മാറി നടക്കും, ഫോൺ കോൾ കണ്ടാൽ എടുക്കില്ല. സമയവും ഇങ്ങനെ തന്നെ, നെഗറ്റിവ് ആയ ചിന്താഗതി ഉള്ളവർക്ക് വേണ്ടി നമ്മൾ ഒരിക്കലും സമയം ചിലവാക്കരുത്.

പിന്നെയുള്ളത് സമയം ലാഭിക്കാനുള്ള ചില പൊടിക്കൈകളാണ്, എല്ലാം ഒന്നും പറയില്ല. ഒരു ഫേസ്ബുക്ക് പണി മാത്രം തൽക്കാലം പറഞ്ഞു തരാം.

ധാരാളം ഫേസ്ബുക്ക് ഫ്രണ്ട്‌സുള്ളവരുടെ ഒരു പ്രധാന പ്രശ്നമാണ് പുതിയതായി സൃഹുത്തുക്കളെ കൂട്ടാൻ പറ്റാത്തത്. അതേ സമയം പണ്ട് സുഹൃത്തുക്കൾ ആയിരുന്നവരിൽ പലരും നമ്മളെ മൈൻഡ് ചെയ്യാതെ അവിടെ ചുമ്മാതെയിരിക്കുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷെ ഇങ്ങനെ ചടഞ്ഞിരിക്കുന്നവർ ആരൊക്കെയാണെന്ന് എളുപ്പത്തിൽ അറിയാൻ ഒരു മാർഗ്ഗവുമില്ല. അപ്പോൾ എങ്ങനെയാണ് അവരെ വെട്ടി നിരത്തുന്നത് ?

ഇതിന് ശാസ്ത്രീയമായി ഒരു അൽഗോരിതം Viswa Prabha ഉണ്ടാക്കിയിട്ടുണ്ട്. ഇനി വരുന്ന ഭാഗം അദ്ദേഹത്തിൻറെ ഫെബ്രുവരി പതിനഞ്ചിലെ പോസ്റ്റിൽ നിന്നും എടുത്തതാണ്.
----

"നിങ്ങൾ 5000 ചങ്ങാതിമാരും തികഞ്ഞ് തങ്ങളുടെ ഫ്രണ്ട് ലിസ്റ്റ് നിറഞ്ഞുകവിഞ്ഞ് വീർപ്പുമുട്ടി നിൽക്കുന്നവരാണോ? ഈയിടെ മാത്രം പരിചയപ്പെട്ട, അല്ലെങ്കിൽ വളരെ മുമ്പേ അറിയാമായിരുന്നിട്ടും ഇപ്പോൾ മാത്രം ഫേസ്‌ബുക്കിൽ കണ്ടെത്തിയ, വളരെ വേണ്ടപ്പെട്ട ഒരാളെക്കൂടി ലിസ്റ്റിൽ ചേർക്കണം. അതിനുവേണ്ടി, ഒട്ടും പരിചയമോ ഇടപെടലോ ഇല്ലാത്ത ആരെയെങ്കിലും ഒഴിവാക്കണം. എന്നാൽ അന്യോന്യം കുറച്ചെങ്കിലും ബന്ധമോ ഇടപാടോ ഉള്ള ഒരാളെപ്പോലും പെട്ടെന്നുള്ള ഓർമ്മക്കുറവുകൊണ്ട് അബദ്ധത്തിൽ പോലും ഒഴിവാക്കാനും പാടില്ല. അത്തരമൊരു ധർമ്മസങ്കടത്തിലാണോ നിങ്ങൾ?

എങ്കിൽ ആ ഫ്രൻണ്ട് ലിസ്റ്റ് അധികം പരിക്കുപറ്റാതെ സ്വല്പമൊന്നു ക്ലീൻ ചെയ്തെടുക്കാൻ ഒരു എളുപ്പവഴി പറയാം:

ആദ്യം സ്വന്തം പ്രൊഫൈലിൽ നിന്ന് ഫ്രൻണ്ട് ലിസ്റ്റിന്റെ ടാബ് തുറക്കുക.

അവിടെ friends with upcoming birthdays എന്നൊരു ഉപ-ടാബ് കാണാം. ആ താളിൽ പോവുക. അതു തീരെ ചെറിയ ലിസ്റ്റാണ്.

അവിടെ താഴെയായി കാണുന്നവരിൽ താരതമ്യേന നമ്മുടെ സ്ഥിരപരിചയക്കാർ കുറവായിരിക്കും. വർഷത്തിലെ ഓരോ ദിവസവും ആ ലിസ്റ്റ് മാറിക്കൊണ്ടിരിക്കുകയും ചെയ്യും.

ആ ലിസ്റ്റിലുള്ള ഏതെങ്കിലും ഒരാളെ ഒട്ടും ഓർമ്മ വരുന്നില്ലെങ്കിൽ, എന്നെങ്കിലും അവരുമായി നേരിട്ടു ചാറ്റ് ചെയ്തിട്ടുണ്ടോ എന്ന് Message Boxൽ നോക്കുക. അവിടെയും ഒന്നും കാണാനില്ലെങ്കിൽ, See friendship നോക്കുക. ‘ബലി‘യാകാൻ പോകുന്ന ആളുടെ ടൈം‌ലൈനിൽ Message എന്ന ബട്ടനു തൊട്ടപ്പുറത്തുള്ള മൂന്നുകുത്തുകളിൽ അമർത്തിയാൽ ഇതു കാണാം.

അഥവാ, എന്നെങ്കിലും പരസ്പരം ടാഗ് ചെയ്തോ ഒരുമിച്ചുനിന്നോ ഒരു പോസ്റ്റിട്ടിട്ടുണ്ടായിരുന്നെങ്കിൽ ആ പേജിൽ കാണാം. മാത്രമല്ല, സ്ക്രീനിന്റെ ഇടതുവശത്തായി, ഈ ചങ്ങാത്തം ഏതു വർഷം ഏതുമാസം തുടങ്ങിവെച്ചിരുന്നു എന്നും ചിലപ്പോൾ കാണാം. ഒരു പക്ഷേ ഏതു സാഹചര്യത്തിലാണ് ആദേഹം നമ്മുടെ
സുഹൃത്തായതെന്നും അപ്പോൾ നമുക്കൂഹിച്ചെടുക്കാനായേക്കാം.

ഒരിക്കൽ ഒരാളെ ബലികൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവരുമായുള്ള mutual friends ആരൊക്കെയെന്നു നോക്കുക. അവരിലും ഒരു പങ്ക് മിക്കവാറും അപരിചിതരായിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതേ രീതി അവരുടെ താളുകളിലും പിന്തുടരുക."
-----

ഇതാണ് ശരിയായ, ശാസ്ത്രീയമായ രീതി. ഇങ്ങനെ ഒരാളെ വെട്ടാൻ എനിക്ക് ഏതാണ്ട് അഞ്ചു മിനുട്ട് എടുക്കും. നിങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ പരിചയം ഉണ്ടെങ്കിൽ രണ്ടു മിനുട്ടുകൊണ്ടും കാര്യം സാധിക്കാം. അപ്പോൾ നൂറു പേരെ വെട്ടണമെങ്കിൽ അഞ്ഞൂറ് മിനുട്ട് സമയം വേണം.

ഇനി ഇതേ പ്രശ്നത്തെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കുക.

1. ഏതെങ്കിലും കാരണത്താൽ നല്ല കലിപ്പുള്ള ഒരു ദിവസം ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റ് തുറക്കുക

2. അതിൽ പോയി ഒറ്റ നോട്ടത്തിൽ നമുക്ക് ഓർമ്മ വരാത്ത ഒരു നൂറു ആണുങ്ങളെ അങ്ങ് വെട്ടി നിരത്തുക. (ഞാൻ പെൺകുട്ടികളേയും സ്ത്രീകളേയും വെട്ടി നിരത്താറില്ല കാരണം ഫേസ്ബുക്കിൽ പുരുഷ - സ്ത്രീ സുഹൃത്തുക്കളുടെ ആനുപാതം 50 / 50 ആക്കുകയാണല്ലോ എന്റെ ലക്‌ഷ്യം). ഇതിന് അഞ്ചു മിനിറ്റേ എടുക്കൂ, പോരാത്തതിന് നമ്മുടെ കലിപ്പ് തീരും, അല്പം റിലാക്സേഷൻ കിട്ടും.

3.ഈ വെട്ടി നിരത്തപ്പെട്ടവർ നമ്മളെ ശരിക്കും വായിക്കുന്നവർ ആണെങ്കിൽ ഒരാഴ്ചക്കകം അവർക്ക് കാര്യം മനസ്സിലാകും കാരണം ഫേസ്ബുക്ക് പിന്നെ നമ്മുടെ പോസ്റ്റ് അവരുടെ ടൈംലൈനിൽ കാണിക്കില്ല. അപ്പോൾ താല്പര്യമുള്ളവർ മെസ്സഞ്ചറിൽ വരും "ചേട്ടാ, എന്നെ വെട്ടി നിരത്തി അല്ലേ ?" എന്ന് പരാതി പറയും. അപ്പോൾ ഒരു സോറി പറയുക, രണ്ടു കുശലം ചോദിക്കുക, എന്നിട്ട് ഉടൻ അവരെ തിരിച്ചെടുക്കുക. ഇതിന് ഒരാൾക്ക് ഒരു മിനുട്ട് വച്ച് എടുക്കും. എൻറെ അനുഭവത്തിൽ നൂറു പേരെ വെട്ടി നിരത്തിയാൽ ഇരുപത് പേരേ അത് ശ്രദ്ധിക്കാറുള്ളൂ.

4. ഒരാഴ്ച കഴിഞ്ഞു നല്ല മൂഡുള്ള ഒരു ദിവസം നോക്കി എൺപത് പേർക്ക് പുതിയതായി അഡ്മിഷൻ കൊടുക്കുക. ഇതിൽ തന്നെ നമുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച നാല്പത് പേർക്കേ കൊടുക്കാവൂ, ബാക്കി നാല്പത് നമ്മളെ സ്ഥിരം ശ്രദ്ധിക്കുന്ന എന്നാൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കാത്തവർക്ക് കൊടുക്കണം. അവർക്കാണ് ഏറ്റവും സന്തോഷമാകുന്നത്. ഇതിനും ഏതാണ്ട് അഞ്ചു മിനുട്ട് എടുക്കും. (നേഴ്‌സുമാർക്കും അധ്യാപകർക്കും ആണിപ്പോൾ എൻ്റെ സുഹൃത്ത് ലിസ്റ്റിൽ കയറാൻ മുൻഗണന കൊടുക്കുന്നത്.)

ഇങ്ങനെയാണ് എട്ടു മണിക്കൂർ ഇരുപത് മിനുട്ട് വേണ്ട ഒരു പണി (Naseena Methal പറഞ്ഞ പണി അല്ല കേട്ടോ), ഞാൻ മുപ്പത് മിനുട്ടിൽ തീർക്കുന്നത്.

അപ്പോൾ എല്ലാം പറഞ്ഞതു പോലെ. നിങ്ങളുടെ തല വെട്ടി നിരത്തിയതായി കണ്ടാൽ പേഴ്സണൽ ആയി എടുക്കരുത്, സമയം ലാഭിക്കുന്ന ഒരു പണിയാണ്, തിരിച്ചു വന്ന് ഒരു വാക്കു പറഞ്ഞാൽ മതി. നമ്മൾ തമ്മിൽ ഈഗോ പ്രശ്നത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ.

#TAGS : time   management  

advertisment

News

Super Leaderboard 970x90