Kerala

പഠനസമയത്ത് ജോലി ചെയ്തു ജീവിക്കാൻ കേരളത്തിലെ കുട്ടികൾക്കുള്ള പരിമിതികൾ എന്താണ്? ഇക്കാര്യത്തിൽ സർക്കാരിനും സമൂഹത്തിനും അവരെ എങ്ങനെ സഹായിക്കാം? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തിൽ പഠനകാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് ഒരാളല്ല, ലക്ഷം പേർ കണ്ടേക്കാം. ആയിരക്കണക്കിന് കുട്ടികൾ കാറ്ററിങ്ങിന് പോയും, ഇവന്റ് മാനേജ്‌മെന്റിൽ ജോലിയെടുത്തും, എന്തിന് മാല പറിക്കലും, ക്വൊട്ടേഷൻ ഗാങ്ങിൽ കൂടിയും വരെ പണം സമ്പാദിക്കുന്നുണ്ട്. മറ്റനേകം പേർക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ്. ഇവരിൽ മാന്യമായി തൊഴിൽ ചെയ്തു പഠനത്തിന് പണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ സർക്കാരിന്റെ മക്കൾ തന്നെയാണ്.

പഠനസമയത്ത് ജോലി ചെയ്തു ജീവിക്കാൻ കേരളത്തിലെ കുട്ടികൾക്കുള്ള പരിമിതികൾ എന്താണ്? ഇക്കാര്യത്തിൽ സർക്കാരിനും സമൂഹത്തിനും അവരെ എങ്ങനെ സഹായിക്കാം? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തെ പിടിച്ചുകുലുക്കിയ ഹനാൻ വിഷയം കഴിഞ്ഞിട്ട് ഇപ്പോൾ ഒരാഴ്ചയേ ആയിട്ടുള്ളൂ എന്നത് അതിശയമായി തോന്നാം. കാരണം, രണ്ടു ദിവസം സമൂഹമാധ്യമത്തിൽ കത്തിനിന്ന വിഷയത്തെക്കുറിച്ച് ഇപ്പോൾ നമ്മൾ ഒന്നും കേൾക്കുന്നില്ല. നല്ല കാര്യം. ആ കുട്ടിയുടെ ബുദ്ധിമുട്ടുകളും സത്യസന്ധതയും എല്ലാവർക്കും ബോധ്യപ്പെട്ടു, കുട്ടിക്കെതിരെ അനാവശ്യം പറഞ്ഞവരെ അറസ്റ്റ് ചെയ്തു, കുട്ടിക്ക് പഠിക്കാനുള്ള ചിലവ് കോളേജ് വഹിക്കുമെന്ന് ഉറപ്പ് നൽകി, സ്ഥലവും വീടും കൊടുക്കാൻ ആളുകൾ മുന്നോട്ടു വന്നു, സിനിമയിൽ അവസരങ്ങളായി, ഖാദിയുടെ മോഡലായി, സർക്കാരിന്റെ മകളായി, എല്ലാം നല്ലത്. ആ കുട്ടിക്ക് നല്ല ഭാവി ആശംസിക്കുന്നു.

പക്ഷെ എനിക്ക് ശരിക്കും വിഷമമുള്ള ഒരു കാര്യമുണ്ട്. ഈ വിഷയം ഒരു കുട്ടിയിലേക്ക് മാത്രം ഒതുക്കി അവരെ സംരക്ഷിക്കുന്നതിലൂടെ, അവരെ അപമാനിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് പ്രശ്നം അവസാനിപ്പിക്കുന്നതിലൂടെ, നമ്മുടെ സമൂഹത്തിന് പ്രധാനമായ രണ്ടു വിഷയങ്ങൾ ചർച്ച ചെയ്യാനും അതിന് ശാശ്വതമായ പരിഹാരങ്ങൾ കാണാനുമുള്ള അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്. നമ്മുടെ മാധ്യമങ്ങളോ സമൂഹമാധ്യമത്തിലെ ആളുകളോ ഇതൊന്നും ചിന്തിക്കുന്നില്ല, ചർച്ച ചെയ്യുന്നില്ല. അവർ അണക്കെട്ടു തുറക്കുന്നതിന്റെ പുറകേ പോയി.

പഠനസമയത്ത് ജോലി ചെയ്തു ജീവിക്കാൻ കേരളത്തിലെ കുട്ടികൾക്കുള്ള പരിമിതികൾ എന്താണ്? ഇക്കാര്യത്തിൽ സർക്കാരിനും സമൂഹത്തിനും അവരെ എങ്ങനെ സഹായിക്കാം? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

രണ്ടു വിഷയങ്ങളാണ് ഹനാൻ വിഷയം നമ്മുടെ സമൂഹത്തിന്റെ മുന്നിലെത്തിച്ചത്

1. സമൂഹമാധ്യമത്തിൽ സംഘടിതമായി ഉണ്ടാകുന്ന ആക്രമണം: ഈ വിഷയത്തെപ്പറ്റി ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്, ഹനാൻ വിഷയം ഇക്കാര്യത്തിൽ കൂടുതൽ ഉൾക്കാഴ്ച എനിക്ക് നൽകിയിട്ടുണ്ട്. ഇത്തവണ നാട്ടിൽ ഓൺലൈൻ ലേഖകരുമായി ചർച്ച ചെയ്യാൻ അവസരം കിട്ടിയാൽ ഞാനത് പങ്കുവെക്കാം. അല്ലെങ്കിൽ പിന്നീട് എഴുതാം.

2. പഠനസമയത്ത് ജോലി ചെയ്തു ജീവിക്കാൻ കേരളത്തിൽ കുട്ടികൾക്കുള്ള പരിമിതികൾ എന്താണ്. ഇക്കാര്യത്തിൽ സർക്കാരിനും സമൂഹത്തിനും അവരെ എങ്ങനെ സഹായിക്കാം?

കേരളത്തിൽ പഠനകാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് ഒരാളല്ല, ലക്ഷം പേർ കണ്ടേക്കാം. ആയിരക്കണക്കിന് കുട്ടികൾ കാറ്ററിങ്ങിന് പോയും, ഇവന്റ് മാനേജ്‌മെന്റിൽ ജോലിയെടുത്തും, എന്തിന് മാല പറിക്കലും, ക്വൊട്ടേഷൻ ഗാങ്ങിൽ കൂടിയും വരെ പണം സമ്പാദിക്കുന്നുണ്ട്. മറ്റനേകം പേർക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ്. ഇവരിൽ മാന്യമായി തൊഴിൽ ചെയ്തു പഠനത്തിന് പണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ സർക്കാരിന്റെ മക്കൾ തന്നെയാണ്. അവർക്ക് ഓരോരുത്തർക്കും ഹനാന്റെ പോലെയുള്ള സഹായ വാഗ്ദാനങ്ങൾ സമൂഹത്തിൽ നിന്നും കിട്ടി എന്ന് വരില്ല. അവരെയൊക്കെ സർക്കാർ ദത്തെടുക്കലും നടക്കുന്ന കാര്യമല്ല. (വാസ്തവത്തിൽ സമൂഹത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ - സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നും അതിന് ചിലവാക്കുന്ന തുക സുസ്ഥിരവികസനത്തിനുള്ള നിക്ഷേപമാണെന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ. തൽക്കാലം എല്ലാവരെയും ദത്തെടുക്കാൻ സർക്കാരിന് കഴിയില്ല എന്നേ ഉദ്ദേശിച്ചുള്ളൂ).

പഠനസമയത്ത് ജോലി ചെയ്തു ജീവിക്കാൻ കേരളത്തിലെ കുട്ടികൾക്കുള്ള പരിമിതികൾ എന്താണ്? ഇക്കാര്യത്തിൽ സർക്കാരിനും സമൂഹത്തിനും അവരെ എങ്ങനെ സഹായിക്കാം? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

ഹനാൻ വിഷയത്തിന്റെ വെളിച്ചത്തിൽ സർക്കാരിന് ചെയ്യാവുന്ന പലതുമുണ്ട്. അതിന് ആദ്യം വേണ്ടത് ഈ വിഷയത്തെക്കുറിച്ച് ആധികാരികമായ വിവരം ശേഖരിക്കുക എന്നതാണ്.

1. കേരളത്തിൽ പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നവരെക്കുറിച്ച് വ്യാപകമായി ഒരു സർവേ നടത്തുക. ഏതു തൊഴിലുകളാണ് അവർ ചെയ്യുന്നത്, എന്ത് ശമ്പളമാണ് കിട്ടുന്നത്, തൊഴിൽ ഉടമകളോ തൊഴിൽ സ്ഥലത്തുള്ളവരോ അവരെ ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കുന്നുണ്ടോ (ശാരീരികം, ലൈംഗികം, മാനസികം), അവരുടെ
മറ്റു പ്രശ്നങ്ങൾ എന്തൊക്കെയാണ് (തൊഴിൽ സമയം, രാത്രി യാത്ര, സുരക്ഷ, മിനിമം വേജ്, ഇൻഷുറൻസ് പരിരക്ഷ).

2. കേരളത്തിൽ തൊഴിൽ ചെയ്യുന്ന കുട്ടികൾക്ക് ചെയ്യാൻ പറ്റിയ ജോലികൾ ഏതൊക്കെയാണ്? ഇപ്പോൾ ആ തൊഴിലുകൾ ആരാണ് ചെയ്യുന്നത്, അവിടുത്തെ മിനിമം വേതനം എത്രയാണ്?

3. കേരളത്തിലെ ഏതെങ്കിലും തൊഴിൽ നിയമങ്ങൾ വിദ്യാഭ്യാസ കാലത്ത് കുട്ടികൾ തൊഴിൽ ചെയ്യുന്നതിനെ ദോഷകരമായി ബാധിക്കുന്നുണ്ടോ? (മിനിമം തൊഴിൽ പ്രായം, മിനിമം വേതനം, തൊഴിൽ സ്ഥലത്തെ തൊഴിലാളികളുടെ എണ്ണമനുസരിച്ചുള്ള ഇൻഷുറൻസ്/പ്രോവിഡന്റ് ഫണ്ട് നിയമങ്ങൾ).

4. കുട്ടികൾ പഠനകാലത്ത് തൊഴിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ ചിന്ത എന്താണ്? ഇക്കാര്യത്തിൽ സാമ്പത്തികമായോ സാമുദായികമായോ ലിംഗപരമായോ വ്യത്യാസങ്ങൾ ഉണ്ടോ?

5. പഠിക്കുന്ന കുട്ടികളെ തൊഴിലിനെടുക്കുന്നതിന് തൊഴിലുടമകൾക്കുള്ള ബുദ്ധിമുട്ടുകൾ എന്താണ്?

6. പഠിക്കുന്ന പെൺകുട്ടികൾ ഏതു തൊഴിലുകൾക്കാണ് പോകുന്നത്, അവരുടെ പ്രത്യേക പ്രശ്നങ്ങൾ എന്താണ്? (രാത്രി യാത്ര, തൊഴിൽ സ്ഥലത്തെ ലൈംഗിക കടന്നുകയറ്റങ്ങൾ, തൊഴിൽ സ്ഥലത്തെ ടോയ്‌ലറ്റ് സൗകര്യം).

7. ഏതൊക്കെ തൊഴിലുകളിലാണ് കേരളത്തിൽ വൻ തോതിൽ മറുനാടൻ തൊഴിലാളികളുടെ സാന്നിധ്യമുളളത്? അവയിൽ ഏതൊക്കെയാണ് ചെറിയ പരിശീലനത്തോടെ നമ്മുടെ കുട്ടികൾക്ക് ചെയ്യാൻ സാധിക്കുന്നത്?

8. കേരളത്തിൽ സാധാരണയിൽ കൂടുതൽ തൊഴിലാളികളെ വേണ്ടിവരുന്ന സീസൺ ഉണ്ടോ? (ടൂറിസം സീസൺ, കല്യാണ സീസൺ, ക്രിസ്തുമസ് - ഓണം - ന്യൂ ഇയർ ഷോപ്പിംഗ് സീസൺ, ശബരിമല സീസൺ).

9. പഠനത്തിനിടക്ക് തൊഴിൽ ചെയ്യുന്നതിന്റെ നല്ല ലോക മാതൃകകൾ ഏതൊക്കെയാണ്? ഏതു നിയമങ്ങളും നയങ്ങളുമാണ് അവയെ സഹായിക്കുന്നത് ?

പഠനത്തിനിടക്ക് കുട്ടികൾ ജോലി ചെയ്യുന്നത് പുതിയ സംഭവമല്ല. കേരളത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ധാരാളം കുട്ടികൾ ഇപ്പോൾ തന്നെ ജോലി ചെയ്യുന്നണ്ട്. വികസിത രാജ്യങ്ങളിൽ മാതാപിതാക്കളുടെ ധനസ്ഥിതിയോ പദവിയോ നോക്കാതെ മിക്കവാറും എല്ലാവരും തന്നെ തൊഴിലിന് പോകും. ഫിൻലാൻഡിലെ ഡിപ്ലോമാറ്റിന്റെ മകനായിരുന്ന എൻറെ ബോസ്, അവധിക്കാലത്ത് ഫ്രാൻസിൽ ഉരുളക്കിഴങ്ങു പാടത്ത് പണിയെടുത്താണ് പഠനകാലത്തേക്കുള്ള പോക്കറ്റ് മണി ഉണ്ടാക്കിയിരുന്നത്. ബ്രിട്ടനിൽ അധ്യാപികയുടെ മകളായ എൻറെ സഹപ്രവർത്തക പതിമൂന്നു വയസ്സിൽ തന്നെ തൊഴിൽ ചെയ്തു പണമുണ്ടാക്കാൻ അവരുടെ പഞ്ചായത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങി. (അന്നവിടെ പതിനഞ്ചു വയസ്സാണ് പഠിക്കുന്ന കുട്ടികൾക്ക് തൊഴിൽ കൊടുക്കാനുള്ള നിയമപരമായ പ്രായം). അമേരിക്കൻ പ്രസിണ്ടന്റ് ആയിരുന്ന ഒബാമയുടെ മകൾ റെസ്റ്റോറന്റിൽ ജോലി ചെയ്ത കാര്യം ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നൊക്കെ ധാരാളം മാതൃകകൾ നമുക്ക് എടുക്കാം.

എൻറെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന പല സാമൂഹ്യ - സാമ്പത്തിക പ്രശ്നങ്ങൾക്കും പരിഹാരമാകും പഠനകാലത്തേ കുട്ടികൾ തൊഴിലെടുക്കാൻ പോകുന്നത്. മലയാളി ചെയ്യുന്ന ജോലിയും മറുനാട്ടുകാർ ചെയ്യുന്ന ജോലിയും എന്ന തരത്തിൽ കേരളത്തിലെ ജോലികൾ ഇപ്പോൾ വേർതിരിക്കപ്പെട്ടിരിക്കയാണ്. കേരളത്തിൽ തൊഴിൽ ചെയ്താൽ ദിവസം അഞ്ഞൂറ് രൂപ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല എന്ന് ആസാമിനപ്പുറം വരെ ആളുകൾ അറിഞ്ഞിരിക്കുമ്പോൾ, മാസം അയ്യായിരം രൂപ കിട്ടാതെ കേരളത്തിൽ ഡിഗ്രി കഴിഞ്ഞിറങ്ങിയവർ കഷ്ടപ്പെടുന്നു. പഠനകാലത്തേ തൊഴിൽ ചെയ്തു തുടങ്ങിയാൽ ചില തൊഴിലുകളോടുള്ള അയിത്തം പോകും, മറുനാട്ടുകാർ അധികമായി കേരളത്തിൽ വരേണ്ട ആവശ്യം കുറയും, ചെറുപ്പകാലത്തേ സ്വന്തം അദ്ധ്വാനം കൊണ്ട് പണം ഉണ്ടാക്കിത്തുടങ്ങുന്ന കുട്ടികൾ അച്ഛനും അമ്മയും പറയുന്ന കല്യാണം കഴിക്കേണ്ടി വരില്ല, ഇണകളെ കണ്ടെത്താൻ പഠനം കഴിയാൻ നോക്കിയിരിക്കേണ്ടതായും വരില്ല.

പഠനസമയത്ത് ജോലി ചെയ്തു ജീവിക്കാൻ കേരളത്തിലെ കുട്ടികൾക്കുള്ള പരിമിതികൾ എന്താണ്? ഇക്കാര്യത്തിൽ സർക്കാരിനും സമൂഹത്തിനും അവരെ എങ്ങനെ സഹായിക്കാം? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കേരളത്തിൽ അടിസ്ഥാനമായ ചില മാറ്റങ്ങൾ ഇപ്പോഴേ വരുത്തണം.

1. പഠന സമയത്ത് ജോലി ചെയ്യുന്നവർക്ക് വേണമെങ്കിൽ മൂന്നു വർഷത്തെ കോഴ്സ് നാല് വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള സൗകര്യം കൊടുക്കണം.

2. കോളേജിലെ ക്ലാസ്സുകളിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക, രാവിലെ ഒൻപത് മണിക്ക് എല്ലാവരും എത്തണമെന്നോ വൈകീട്ട് നാലു വരെ നിൽക്കണമെന്നോ ഉള്ള നിർബന്ധ ബുദ്ധി എടുത്തു കളയുക. അവർക്കാവശ്യമുള്ള വിഷയങ്ങളെടുക്കുന്ന സമയത്ത് കുട്ടികൾ ക്ലാസിലുണ്ടായാൽ മതി.

3. നീണ്ട അവധിക്കാലം നമ്മുടെ ടൂറിസം സീസണുമായി ബന്ധിപ്പിക്കുക. നമ്മുടെ കുട്ടികളെ ടൂറിസം രംഗത്തേക്ക് വലിയ തോതിൽ കൊണ്ടുവരിക. കേരളത്തിലെ എല്ലാ കോളേജ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്താൻ ടൂറിസം രംഗത്തെ വികസനത്തിന് സാധിക്കും. പുതിയ ഭാഷകൾ പഠിക്കുക, മറ്റു നാട്ടുകാരുമായി
ഇടപഴകുക, ബന്ധങ്ങൾ വർദ്ധിപ്പിക്കുക എന്നിങ്ങനെ ഏറെയുണ്ട് ടൂറിസം രംഗത്തെ തൊഴിലിന്റെ ഗുണം.

4. ഏതു സർക്കാർ ജോലിക്കും പഠനകാലത്തെ തൊഴിൽ പരിചയം നിർബന്ധമാക്കുക. പണമില്ലാത്തവർ മാത്രം ചെയ്യുന്ന ഒന്നാണെന്ന് വന്നാൽ ഇതിന് ഗ്ലാമർ കുറയും. എന്നാൽ സർക്കാർ ജോലി കിട്ടില്ല എന്ന് വന്നാൽ എല്ലാവരും ഈ പണിക്ക് ഇറങ്ങുകയും ചെയ്യും.

5. സാമ്പത്തികമായും തൊഴിൽപരമായും ഉയർന്ന നിലയിലുള്ളവരും വിദേശമലയാളികളും അവരുടെ കുട്ടികളെ ജോലിക്ക് വിട്ട് ഇക്കാര്യത്തിൽ മുൻകൈ എടുക്കുക. അപ്പോളാണ് ശരിക്കും പഠനകാലത്തെ തൊഴിൽ ഗ്ലാമറസ് ആകുന്നത്.

ഇനിയും വൈകിയിട്ടില്ല. ഈ വിഷയം പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയമിക്കണം. അതിൻറെ ബ്രാൻഡ് അംബാസഡർ ആയി ഹനാനെ നിയമിക്കണം. ഹനാൻ എന്ന ഒരു കുട്ടിക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്നതല്ല, കേരളത്തിലെ എല്ലാ കുട്ടികൾക്കും തൊഴിൽ ചെയ്ത് അഭിമാനത്തോടെ ജീവിക്കാൻ അവസരം ഉണ്ടാക്കുന്നതായിരിക്കണം ഈ സംഭവത്തിന്റെ ബാക്കി പത്രം.

advertisment

News

Super Leaderboard 970x90