'അന്നെനിക്ക് ഒട്ടും അഹങ്കാരം ഇല്ല, ഞാൻ ഫോട്ടോഗ്രാഫറെ തട്ടിമാറ്റാൻ പോയില്ല, ഫോട്ടോക്ക് റോയൽറ്റി തരണം എന്ന് പറഞ്ഞില്ല... അത് കൊണ്ട് ഇപ്പോഴും എൻ്റെ ചുമരിൽ ആ ഫോട്ടോ ഉണ്ട്... ജോർദ്ദാനിലെ റാണിയുടെ കൂടെ ഉള്ള ഫോട്ടോ...' - മുരളി തുമ്മാരുകുടി

സമ്മേളനം ഒക്കെ കഴിഞ്ഞു ഞാൻ പുറത്തേക്ക് വരികയാണ് കേട്ടോ, അപ്പോൾ മുന്നിൽ തൊട്ടടുത്ത് അപ്രതീക്ഷിതമായി ഒരാൾ. സെൽഫിയുടെ കാലം ഒന്നും ആയിട്ടില്ല, എന്നാലും സെലിബ്രിറ്റികളെ അടുത്ത് കണ്ടാൽ ആരും ഒന്ന് ഫോട്ടോ എടുക്കാൻ നോക്കില്ലേ. അത് തന്നെ അവിടെയും സംഭവിച്ചു.

'അന്നെനിക്ക് ഒട്ടും അഹങ്കാരം ഇല്ല, ഞാൻ ഫോട്ടോഗ്രാഫറെ തട്ടിമാറ്റാൻ പോയില്ല, ഫോട്ടോക്ക് റോയൽറ്റി തരണം എന്ന് പറഞ്ഞില്ല... അത് കൊണ്ട് ഇപ്പോഴും എൻ്റെ ചുമരിൽ ആ ഫോട്ടോ ഉണ്ട്... ജോർദ്ദാനിലെ റാണിയുടെ കൂടെ ഉള്ള ഫോട്ടോ...' - മുരളി തുമ്മാരുകുടി

 ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വ പരിശീലനത്തിനായുള്ള ഇന്സ്ടിട്യൂട്ടിൽ ആറാഴ്ച പരിശീലനത്തിന് പോയത് എൻ്റെ ജീവിതം വഴിമാറ്റി വിട്ട ഒരു സംഭവം ആയിരുന്നു.

ജോർദ്ദാനിലെ അമ്മാനിൽ ആണ് പരിശീലനം നടക്കുന്നത്. എൺപത്തി അഞ്ചു രാജ്യങ്ങളിൽ നിന്നായി നൂറ്റി നാല്പതോളം ആളുകൾ ഉണ്ട്. ഓരോരുത്തരും അവരുടെ രാജ്യത്തും രംഗത്തും ഒക്കെ മുൻപന്തിയിൽ നിൽക്കുന്ന മിടുക്കന്മാരും മിടുക്കികളും ആണ്. ആദ്യമായിട്ടാണ് ഐക്യ രാഷ്ട്ര സഭയുടെ യൂണിവേഴ്സിറ്റി ഇത്തരം ഒരു പരിപാടി നടത്തുന്നത്. അന്നത്തെ ജോർദ്ദാൻ ഭരണാധികാരി ആയിരുന്ന ഹുസ്സൈൻ രാജാവിന്റെ പ്രത്യേക താല്പര്യപ്രകാരം ആണ് പരിശീലനം അമ്മാനിൽ നടക്കുന്നത്. പരിശീലനം കുറ്റമറ്റതാക്കാൻ ഉള്ള കർശന നിർദ്ദേശം രാജ്യത്ത് എല്ലാവർക്കും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് വിമാനത്താവളത്തിൽ മുതൽ ഹോട്ടലിൽ വരെ റോഡിൽ മുതൽ യൂണിവേഴ്സിറ്റിയിൽ വരെ ഞങ്ങൾക്ക് വി ഐ പി ട്രീറ്റ്‌മെന്റ് ആണ്. ജോർദ്ദാൻ പ്രധാനമന്ത്രി ആയ മജാലി എല്ലാ ദിവസവും തന്നെ വന്ന് വിശേഷങ്ങൾ അന്വേഷിക്കും.

ലോക പ്രശസ്തരായ നേതാക്കൾ ആണ് ക്‌ളാസ്സ് എടുക്കുന്നത്. ജോർദ്ദാനിൽ നിന്നും ഹുസ്സൈൻ രാജാവ്, പാലസ്റ്റീനിൽ നിന്നും യാസർ അറാഫത്ത്, ഇസ്രായേലിൽ നിന്നും ഷിമോൺ പെരെസ്, പാകിസ്ഥാനിൽ നിന്നും യാക്കൂബ് ഖാൻ, എന്നിങ്ങനെ ചരിത്രത്തിൽ വായിച്ചവരും ചിത്രത്തിൽ മാത്രം കണ്ടവരും ആയ ആളുകൾ മണിക്കൂറുകളോളം നമ്മളോടൊത്ത് സമയം ചിലവഴിക്കും. അവരോട് അവരുടെ നേതൃത്വ ശൈലിയെ പറ്റിയോ, രാഷ്ട്രീയ വെല്ലുവിളികളെ പറ്റിയോ, മറ്റെന്തു വേണമെങ്കിലും ചോദിക്കാം. അവരൊക്കെ ക്‌ളാസ്സിലെ അധ്യാപകരെ പോലെ മറുപടി പറയുന്നു. ആദ്യമായിട്ടാണ് നേതാക്കളെ അടുത്ത് കാണുന്നത്. അങ്ങനെയാണ് നേതാക്കളും മനുഷ്യരാണ് എന്ന് മനസ്സിലാക്കുന്നത്. അതോടെയാണ് ജാഡ കാണിക്കുന്ന നേതാക്കളെ കാണുമ്പോൾ കുളവും കിണറും ഒക്കെ ഓർമ്മ വന്നു തുടങ്ങിയത്.

പ്രൊഫഷണൽ രംഗത്ത് മുന്നേറണം എന്നുണ്ടെങ്കിൽ നിങ്ങൾ പറ്റിയാൽ ഓരോ രണ്ടു വർഷത്തിലും, ചുരുങ്ങിയത് അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും, ഏതെങ്കിലും ഒക്കെ പരിശീലനത്തിന് പോകണം. പറ്റിയാൽ നമ്മുടെ ഫീൽഡും ആയി അത്ര നേരിട്ട് ബന്ധം ഇല്ലാത്ത ഏതെങ്കിലും കോഴ്സിന്. അവിടെ ക്‌ളാസിൽ പഠിപ്പിക്കുന്നതല്ല പ്രധാനം, കൂടെ കിട്ടുന്ന പഠിതാക്കളെ ആണ്. നമ്മുടെ സ്ഥാപനത്തിനും ഫീൽഡിനും പുറത്ത് നെറ്റ്‌വർക്ക് ഉണ്ടാകുന്നത് ഇങ്ങനെ ആണ്. കോഴ്സ് നടത്തുന്നവർക്ക് ഇത് പലപ്പോഴും മനസ്സിലാവില്ല, കാര്യമാക്കേണ്ട. നിങ്ങളുടെ ക്‌ളാസ്സ്‌മേറ്റ്സിൽ നിന്നും പഠിക്കുന്നതിൽ കൂടുതൽ ഒന്നും ഒരു നേതൃത്വ പരിശീലകനും നിങ്ങളെ പഠിപ്പിക്കാൻ പറ്റില്ല.

ഈജിപ്റ്റിൽ നിന്നുള്ള ഒരു പ്രൊഫസർ ആണ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ. അദ്ദേഹം യൂണിവേഴ്സിറ്റിയിലെ ക്‌ളാസ്സ് പോലെ ആണ് നേതൃത്വ പരിശീലനം കൊണ്ടുപോകാൻ ശ്രമിക്കുന്നത്, പക്ഷെ ക്‌ളാസ്സിൽ ഇരിക്കുന്നത് സാധാരണ കുട്ടികൾ അല്ല എന്നദ്ദേഹം മറന്നു. ക്‌ളാസ്സ് എടുക്കാൻ വരുന്നവരിൽ അറിവ് കുറഞ്ഞവരും ജനാധിപത്യ ബോധം കുറഞ്ഞവരും വെള്ളം കുടിക്കുന്നുണ്ട്, പ്രോട്ടോകോൾ ആലോചിച്ച് പ്രൊഫസർക്ക് തല പെരുക്കുന്നുണ്ട്, പക്ഷെ കുട്ടികൾ വിട്ടു കൊടുക്കുന്നില്ല.

പ്രൊഫസർക്ക് ഇതൊന്നും ഒട്ടും ഇഷ്ടപ്പെടുന്നില്ല, പക്ഷെ തൽക്കാലം കോഴ്സ് പ്രശ്നം ഒന്നും ഇല്ലാതെ തീർക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം. അതുകൊണ്ട് പുള്ളി ഒന്നും ചെയ്തില്ല. പക്ഷെ അവസാന ദിവസം സർട്ടിഫിക്കറ്റ് നൽകിയപ്പോൾ അതിൽ ഒരു സൂത്രപ്പണി കാണിച്ചു. മൂന്നു തരം സർട്ടിഫിക്കറ്റ് ഉണ്ടാക്കി.

Ms. So and So has contributed to the first international leadership programme of the United Nations International Leadership Academy

Ms So and So has participated in the first international leadership programme of the United Nations International Leadership Academy

Ms So and So has attended the first international leadership programme of the United Nations International Leadership Academy

സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് ജോർദ്ദാനിലെ റാണിയാണ്, ക്വീൻ നൂർ. അക്കാലത്ത് ലോക പ്രശസ്തയാണ്. ഏതാണ്ട് പകുതി സർട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞപ്പോൾ ആണ് സർട്ടിഫിക്കറ്റിൽ ഇങ്ങനെ ഒരു വിവേചനം ഉണ്ടെന്ന് ഞങ്ങൾ അറിയുന്നത്. പ്രകടമായി ഒരു കാരണവും കാണിക്കാതെ ആണ് ആളുകളെ മൂന്നായി തിരിച്ചിരിക്കുന്നത്. ഇക്കാര്യം മുൻകൂട്ടി പറഞ്ഞതും അല്ല. ക്‌ളാസ്സിൽ കുശുകുശുപ്പ് തുടങ്ങി. റാണി സ്റ്റേജിൽ ഉളളതിനാൽ ഞങ്ങൾ ഡീസന്റ് ആയി ഇരുന്നു.

സർട്ടിഫിക്കറ്റ് സ്വീകരിച്ചതിന് ശേഷം പുറത്ത് റാണിയുടെ കൂടെ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ പ്ലാൻ ചെയ്തിട്ടുണ്ട്. നൂറ്റി നാല്പത് സർട്ടിഫിക്കറ്റും നൽകി റാണി വി വി ഐ പി ലോഞ്ചിലെക്ക് പോയി. കൂടെ പ്രൊഫസറും. പതിനഞ്ചു മിനുട്ടിന് ശേഷം ആണ് ഫോട്ടോ സെഷൻ.

റാണി സ്റ്റേജിൽ നിന്നും പോയി പത്തു സെക്കൻഡിനകം കുട്ടികൾ സംഘം ചേർന്ന് അനീതിക്കെതിരെ ചർച്ച തുടങ്ങി. . "ഇത് വഞ്ചനയാണ്. മുൻകൂട്ടി പറയാതെ ഏകപക്ഷീയം ആയി ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പറ്റില്ല. ഒന്നുകിൽ എല്ലവർക്കും ഒരേ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർക്കും സർട്ടിഫിക്കറ്റ് വേണ്ട" എല്ലാവരും. ഒരുമിച്ചു തീരുമാനിച്ചു.

പക്ഷെ അവസാന ദിവസം ആണ്, സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു, ഇനി എന്ത് ചെയ്യാൻ പറ്റും ?

"നമുക്ക് റാണിയോട് ഒത്തുള്ള ഫോട്ടോ സെഷൻ ബഹിഷ്കരിക്കാം" എന്നൊരു നിർദ്ദേശം വന്നു.

മുൻപ് പറഞ്ഞത് പോലെ മൊത്തം പതിനഞ്ചു മിനുട്ടാണ് ഉള്ളത്, നൂറ്റി നാല്പത് ആളുകൾ,അനവധി ഭാഷകൾ, പക്ഷെ അനീതി എന്തെന്ന് അറിയാനും, അതിനെതിരെ പ്രതിഷേധിക്കാനും ഭാഷയും രാജ്യവും ഒന്നും പ്രശ്നമല്ല. എന്തിന് അനീതിക്കെതിരെ മൃഗങ്ങൾ വരെ പ്രതിഷേധിക്കും എന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്.

ആരോ ഞങ്ങളുടെ ചർച്ചയെയും തീരുമാനത്തെയും പറ്റി പ്രൊഫസറെ അറിയിച്ചു. അദ്ദേഹം തിരിച്ചെത്തി.

"ഇത് റാണിയാണ്, രാജ്യത്തിന്റെ റെപ്യൂട്ടേഷൻ ആണ്, പ്രോട്ടോക്കോൾ ആണ്" എന്നൊക്കെ ആദ്യം അല്പം വീര്യത്തിൽ പറഞ്ഞു.

"That is all your problem, you should have thought about it" എന്ന് പുതിയതായി പരിശീലിപ്പിക്കപ്പെട്ട നേതാക്കൾ !

"OK, let us have the photo session, then we can discuss" എന്ന് പ്രൊഫസ്സർ.
(ഒവ്വ, ഫോട്ടോ എടുത്ത് റാണി പോയാൽ പിന്നെ പ്രൊഫസർക്ക് ഒരു റിസ്കും ഇല്ല എന്ന് ഞങ്ങൾക്ക് അറിയില്ലേ)

"We are not in a hurry" എന്ന് ഞങ്ങൾ

സമയം പതിനഞ്ചു മിനുട്ട് കഴിഞ്ഞു. പ്രൊഫസറുടെ നെറ്റിയിൽ വിയർപ്പ് വന്നു.

"ഞങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് വേണ്ട", കുട്ടികൾ ഓരോരുത്തർ ആയി അത് പ്രൊഫസറുടെ മുന്നിൽ വച്ചു. കുറച്ചു പേർ അതുകൊണ്ട് പേപ്പർ പ്ലെയിൻ ഉണ്ടാക്കി ക്ലാസ്സിൽ പറത്തി. ക്‌ളാസ്സിൽ ഒച്ചയും ബഹളവും ആയി.

റാണിയുടെ പ്രോട്ടോകോളിൽ ഉള്ളവർ ബഹളം കേട്ട് മുറിയിലേക്ക് എത്തി നോക്കി. പ്രൊഫസറുടെ ശൗര്യം ഒക്കെ പോയി.

"I apologise for this mistake and all of you will be issued with a new certificate which will be uniform" എന്ന് പ്രൊഫസറുടെ പ്രഖ്യാപനം.

കുട്ടികളുടെ നിലക്കാത്ത കൈയടി,

അര മണിക്കൂർ വൈകി ഞങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുത്തു. അപ്പോഴേക്കും ഞങ്ങൾ നേതൃത്വ ഗുണത്തിന്റെ പരീക്ഷ ഒക്കെ പാസായിരുന്നു. വിവേചനം, അധികാരത്തിൽ ഉള്ളവരുടെ ധാർഷ്ട്യത്തിൽ ഉള്ള പെരുമാറ്റം, ഇതൊക്കെ എന്നും എവിടെയും എതിർക്കപ്പെടണം. അതിന് ചിലപ്പോൾ കുറച്ചു നഷ്ടം ഒക്കെ ഉണ്ടായി എന്ന് വരും. കുഴപ്പമില്ല.

വാൽക്കഷ്ണം

സമ്മേളനം ഒക്കെ കഴിഞ്ഞു ഞാൻ പുറത്തേക്ക് വരികയാണ് കേട്ടോ, അപ്പോൾ മുന്നിൽ തൊട്ടടുത്ത് അപ്രതീക്ഷിതമായി ഒരാൾ. സെൽഫിയുടെ കാലം ഒന്നും ആയിട്ടില്ല, എന്നാലും സെലിബ്രിറ്റികളെ അടുത്ത് കണ്ടാൽ ആരും ഒന്ന് ഫോട്ടോ എടുക്കാൻ നോക്കില്ലേ. അത് തന്നെ അവിടെയും സംഭവിച്ചു.

"one photograph please"

അന്നെനിക്ക് ഒട്ടും അഹങ്കാരം ഇല്ല, ഞാൻ ഫോട്ടോഗ്രാഫറെ തട്ടിമാറ്റാൻ പോയില്ല, ഫോട്ടോക്ക് റോയൽറ്റി തരണം എന്ന് പറഞ്ഞില്ല. അത് കൊണ്ട് ഇപ്പോഴും എൻ്റെ ചുമരിൽ ആ ഫോട്ടോ ഉണ്ട്. ജോർദ്ദാനിലെ റാണിയുടെ കൂടെ ഉള്ള ഫോട്ടോ.

കിണറിനെ വീണ്ടും ഓർമ്മ വരുന്നു

advertisment

News

Super Leaderboard 970x90