ഇൻബോക്സിലും പുറത്തും നിങ്ങളെ ശല്യം ചെയ്യാൻ വരുന്ന ബഹു ഭൂരിപക്ഷവും എത്ര വലിയ പുള്ളിയാണെങ്കിലും പേടിത്തൊണ്ടന്മാർ ആണ്... ഒന്ന് തിരിഞ്ഞു നിന്ന് ആട്ടിയാൽ മതി… ഓടിക്കോളും കണ്ടം വഴി...!!

ഇൻബോക്സിൽ വന്നു ചുമ്മാ ഹായ് പറയുന്നതും, പറ്റിയാൽ അതും കടന്ന് ചാറ്റ് സെക്സിലേക്ക് പോകുന്നതും ഒരു ന്യൂനപക്ഷം മാത്രമല്ല. നമ്മുടെ ചുറ്റും, നമ്മളിൽ ഉൾപ്പടെ മാടമ്പിള്ളിയിലെ ഈ മനോരോഗി ഒളിഞ്ഞിരിപ്പുണ്ട്. ഇവരെല്ലാം ഫേക്ക് പ്രൊഫൈൽ ആയിക്കൊള്ളണമെന്നില്ല, നേരെ പ്രൊഫൈലിൽ പോയി നോക്കിയാൽ സ്വഭാവം പിടികിട്ടണം എന്നുമില്ല. ആരുടെ അടുത്ത്, എപ്പോൾ ഇതെടുത്ത് വീശും എന്നതിൽ മാത്രമാണ് വ്യത്യാസം.

ഇൻബോക്സിലും പുറത്തും നിങ്ങളെ ശല്യം ചെയ്യാൻ വരുന്ന ബഹു ഭൂരിപക്ഷവും എത്ര വലിയ പുള്ളിയാണെങ്കിലും പേടിത്തൊണ്ടന്മാർ ആണ്... ഒന്ന് തിരിഞ്ഞു നിന്ന് ആട്ടിയാൽ മതി… ഓടിക്കോളും കണ്ടം വഴി...!!

ഫേസ്ബുക്കിലൂടെ മാത്രം പരിചയപ്പെട്ട കുട്ടിയാണ് Chithrakala Nirmal. ചെറിയ കുട്ടികൾ ഉള്ളതിനാൽ അധികം എഴുതാനോ കമന്റാനോ സമയം കിട്ടുന്ന ആളല്ലെങ്കിലും നല്ല വായനയും പൊട്ടൻഷ്യലും ഉണ്ടെന്ന് എഴുത്ത് വായിക്കുമ്പോൾ അറിയാം.

പണ്ടൊക്കെ പത്രങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും പേജിന്റെ ഭൗതിക പരിമിതിയും എഡിറ്റർമാരുടെ ബൗദ്ധിക പരിമിതിയും കാരണം വളരെ കുറച്ച് ആളുകൾക്കേ എഴുതാനും വായിക്കപ്പെടാനും അവസരം ലഭിച്ചിരുന്നുള്ളൂ. ഇവിടെയാണ് ഫേസ്ബുക്കിന്റെ ഗുണം. ഡിജിറ്റൽ സാക്ഷരതയുള്ള ആർക്കും ഓൺലൈൻ പേജ് ഉണ്ടാക്കാം,
നന്നായി എഴുതിയാൽ ആളുകൾ വായിക്കും. കുറച്ചധികം ആളുകൾ വായിച്ചാൽ പത്രക്കാരും മാസികകളും ശ്രദ്ധിക്കും. എന്തിന് സാഹിത്യ അക്കാദമി അവാർഡ് പോലും കിട്ടിയെന്നു വരാം. അതിനാൽ ധാരാളം ആളുകൾ ഇപ്പോൾ എഴുത്തിലേക്ക് കടന്നുവരുന്നു, വളരുന്നു. നല്ല കാര്യം. ഇതിൽ പുരുഷന്മാരും സ്ത്രീകളും ഒക്കെയുണ്ട്.

അതിന്റിടക്കാണ് സ്ത്രീപേരുകൾ ഉള്ള പ്രൊഫൈലുകളിലേക്ക് ആണുങ്ങളുടെ ചില കടന്നു കയറ്റത്തെപ്പറ്റി ചിത്ര പറയുന്നത്. ഇൻബോക്സിൽ ആദ്യം കുശലമായി, സെക്സ് ചോദിക്കലായി, അശ്ലീല ചിത്രങ്ങളായി സ്ത്രീകളെ ഫേസ്ബുക്കിൽ നിന്നും മാറ്റി നിർത്തുന്ന ചെയ്തികൾ. അവരുടെ ശല്യം പേടിച്ച് ഫേസ്ബുക്ക് തുറക്കാത്തവർ തൊട്ട് മെസ്സഞ്ചർ പൂട്ടി വെക്കുന്നവർ വരെ. ചിത്രയുടെ ഭാഷയിൽ പറഞ്ഞാൽ

“ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, വിവിധ മേഖലകളിൽ പണിയെടുക്കുന്ന, ഈ മനുഷ്യായുസിൽ കണ്ടുമുട്ടാൻ ഒരു സാധ്യതയുമില്ലാത്ത അനേകം പേരുമായി ആശയങ്ങൾ പങ്കുവെക്കാനും സംവദിക്കാനും ലഭിക്കുന്ന സുവർണ്ണാവരം ഇത്തരം പാഷാണത്തിൽ കൃമിയായി സ്വയം പ്രഖ്യാപിക്കുന്ന ആളുകൾക്ക് വേണ്ടി വേണ്ടെന്നു വെക്കണോ?"

എത്ര സത്യമായ ഒരു കാര്യമാണ്.

ചിത്ര തുടർന്ന് പറയുന്നതും കൂടി ശ്രദ്ധിക്കൂ..

"നിങ്ങളെ ഭയന്നുകൊണ്ടും ജീവിതത്തിൽ അരുതാത്തത് നടക്കാതിരിക്കാനുമായി എന്തെല്ലാം ത്യാഗങ്ങളാണ് സ്ത്രീകൾ ഇതുവരെ ചെയ്തത്. എന്തെല്ലാം ഭാഗ്യങ്ങളാണ് വേണ്ടെന്ന് വച്ചത്.

ബസിൽ പിൻസീറ്റുകളിലിരിക്കില്ല (തോണ്ടൽ, ചവിട്ടൽ ഭയന്ന്)

വൈകുന്നേരങ്ങളിൽ പുറത്തിറങ്ങില്ല (പീഢനം ഭയന്ന്)

സിനിമാ തീയേറ്ററിൽ സിനിമ കാണില്ല (ശല്യപ്പെടുത്തൽ ഭയന്ന്)

ദൂരയാത്രകൾ ചെയ്യാറില്ല (ദുഷ് പെരുമാറ്റം ഭയന്ന്)

ഇഷ്ടമുള്ള വസ്ത്രം ധരിക്കില്ല (നോട്ടവും പരിഹാസവും ഭയന്ന്)

ഇഷ്ടമുള്ള ഹോട്ടലിൽ നിന്ന് ഇഷ്ടഭക്ഷണം കഴിക്കാറില്ല (തുറിച്ചു നോട്ടവും ശല്യപ്പെടുത്തലും ഭയന്ന്)

ഇനിയുമെത്രയോ ആണ് വേണ്ടെന്നുവെച്ച സൗഭാഗ്യങ്ങൾ!!"

എല്ലാം പൊള്ളിക്കുന്ന സത്യങ്ങളാണ്. നമ്മൾ ആണുങ്ങൾ സർവസാധാരണമായി ചെയ്യുന്ന എത്രയോ കാര്യങ്ങളാണ് (നാട്ടിലെ ലൈബ്രറിയിൽ പോകുന്നത് മുതൽ തൃശൂർ പൂരം കാണാൻ പോകുന്നതുൾപ്പടെ) നമ്മുടെ പെൺകുട്ടികൾ സങ്കടത്തോടെ വേണ്ടെന്ന് വെക്കുന്നത്.

ഇപ്പോൾ ചിത്രയുടെ പോസ്റ്റ് വന്നപ്പോൾ ഈ വിഷയം പറഞ്ഞുവെന്നേയുള്ളൂ. ഇതിന് മുൻപും പലരും പറഞ്ഞിട്ടുള്ളതാണ്. Radhika മേനോന്റെ വിശദമായ പോസ്റ്റ് ഒരുദാഹരണം.

ഇങ്ങനെ ഒക്കെ വരുമ്പോൾ പൊതുവെ ഉള്ള പ്രതികരണം "ഇത് ഒരു ന്യൂന പക്ഷം ആളുകൾ ചെയ്യുന്നതാണ്, അവർ ഞെരമ്പു രോഗികൾ ആണ്, അവരെ അവഗണിച്ചേക്കുക, അല്ലെങ്കിൽ ബ്ലോക്ക് ചെയ്‌താൽ പോരേ" എന്നൊക്കെയാണ്.

ഇനി ഇക്കാര്യത്തിൽ ബ്രോക്കർ നാണപ്പൻ ഒരു അഭിപ്രായം പറയാം.

ഈ ഇൻബോക്സിൽ വന്നു ചുമ്മാ ഹായ് പറയുന്നതും, പറ്റിയാൽ അതും കടന്ന് ചാറ്റ് സെക്സിലേക്ക് പോകുന്നതും ഒരു ന്യൂനപക്ഷം മാത്രമല്ല. നമ്മുടെ ചുറ്റും, നമ്മളിൽ ഉൾപ്പടെ മാടമ്പിള്ളിയിലെ ഈ മനോരോഗി ഒളിഞ്ഞിരിപ്പുണ്ട്. ഇവരെല്ലാം ഫേക്ക് പ്രൊഫൈൽ ആയിക്കൊള്ളണമെന്നില്ല, നേരെ പ്രൊഫൈലിൽ പോയി നോക്കിയാൽ സ്വഭാവം പിടികിട്ടണം എന്നുമില്ല. ആരുടെ അടുത്ത്, എപ്പോൾ ഇതെടുത്ത് വീശും എന്നതിൽ മാത്രമാണ് വ്യത്യാസം.

യഥാർത്ഥ ജീവിതത്തിലും ഏതാണ്ട് ഇതുപോലെ തന്നെയാണ് കാര്യങ്ങൾ. പൊതു സ്ഥലത്തും വാഹനങ്ങളിലും സ്ത്രീകളോട് മോശമായി പെരുമാറുന്നതും, ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിൽ ഷോ നടത്തുന്നതും, കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നതും, സ്വന്തം മക്കളോട് പോലും അപമര്യാദയായി പെരുമാറുന്നതും മനോരോഗിയായി പ്രൊഫൈൽ ചെയ്യാവുന്നവർ മാത്രമല്ല. സമൂഹത്തിൽ എല്ലായിടത്തും ഈ വിഭാഗമുണ്ട്. ജീവിതത്തിൽ ചില കാലങ്ങളിൽ നമ്മളിൽ ഭൂരിഭാഗം പേരും ഇതിൽ എന്തെങ്കിലുമൊക്കെ ജീവിതത്തിൽ ഏതെങ്കിലും കാലത്ത് ചെയ്തിട്ടുമുണ്ട്.

ഇത് ഒരു ന്യൂനപക്ഷം ആളുകളുടെ മാത്രം പ്രശ്നമല്ലെന്ന് അംഗീകരിക്കലാണ് ആദ്യം വേണ്ടത്. സമൂഹത്തെ ആകെ ബാധിച്ചിരിക്കുന്ന കാൻസർ ആകുമ്പോൾ ചികിൽസയും അതുപോലെ വ്യാപകമാകണം. ഇത് മൂന്ന് തരത്തിൽ വേണം.

1. ശക്തമായ നിയമ നടപടികൾ - പൊതു സ്ഥലത്തോ ഇന്റർനെറ്റിലോ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ കൈകാര്യം ചെയ്യാൻ ആവശ്യമായ നിയമങ്ങൾ നിലവിലുണ്ട്. കേരളത്തിൽ ഓരോ ദിവസവും എത്രയോ സ്ത്രീകളുടെ നേരെയാണ് വാഹനങ്ങളിലോ പൊതുസ്ഥലത്തോ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ കടന്നു കയറ്റം
ഉണ്ടാകുന്നത്. എന്നിട്ടും വർഷത്തിൽ എത്രപേർ ഇതിന്റെ പേരിൽ ശിക്ഷ അനുഭവിക്കുന്നു? കൊലപാതകക്കുറ്റത്തിൽ വിചാരണ തുടങ്ങാൻ കാൽ നൂറ്റാണ്ട് എടുക്കുന്ന രാജ്യത്ത് ഫേസ്ബുക്ക് ഇൻബോക്സിൽ അനാവശ്യം പറഞ്ഞതിനെതിരെ കേസെടുക്കാൻ പോലും ആളുകൾ തയ്യാറായെന്ന് വരില്ല. ഇതാണ് ഇത്തരം കുഴപ്പം കാണിക്കുന്നവരുടെ ധൈര്യവും. ഇത് മാറിയേ തീരൂ. വലിയ ശിക്ഷയൊന്നും വേണ്ട, ഇത്തരം അനാവശ്യം പൊതുരംഗത്തോ ഇന്റർനെറ്റിലോ കാണിക്കുന്നവരെ മിനിമം മൂന്നു ദിവസമെങ്കിലും ജയിലിൽ ഇടും എന്ന് വന്നാൽ തന്നെ കാര്യങ്ങൾ മാറും.

2. ബോധവൽക്കരണം - ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഒരു ന്യൂനപക്ഷമല്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞല്ലോ. സമൂഹത്തിൽ മൊത്തമായി സമൂഹമാധ്യമങ്ങളിലും പുറത്തും സ്ത്രീകളോട് മാന്യമായി പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തണം. ഇത്തരം പ്രവർത്തികൾ ഒരു ‘സീറോ സം ഗെയിം’ (zero-sum game) അല്ല എന്ന അറിവ് വളരെ പ്രധാനമാണ്. ഒരാളുടെ ഇൻബോക്സിൽ കയറി അശ്ലീലം പറയുകയോ സ്വയം പ്രദർശിപ്പിക്കുകയോ ചെയ്യുന്ന ആൾക്ക് കിട്ടുന്ന നൈമിഷിക സുഖം ഒരു വശത്ത്. പേടിച്ചിട്ടോ വീട്ടിലുള്ള മറ്റുള്ളവർ കുറ്റപ്പെടുത്തിയിട്ടോ സമൂഹമാധ്യമം തന്നെ ഉപേക്ഷിക്കേണ്ടി വരുന്നവരുടെ വിഷമം മറുവശത്ത്. ഈ വ്യത്യാസം ആളുകൾ അറിയണം. കൂടാതെ എന്താണ് ‘സ്വകാര്യത’, ‘സമ്മതം’ എന്നൊക്കെ നമ്മൾ മനസ്സിലാക്കിയേ തീരൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയും പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ മനോഭാവവുമായി ചാറ്റ് ചെയാൻ ഇറങ്ങരുത്. ഏതെങ്കിലും
ഒന്ന് ഉപേക്ഷിക്കണം.

3. ആരോഗ്യകരമായി ഇടപെടാനുള്ള അവസരം. എതിർ ലിംഗത്തിലുള്ളവരോട് സംസാരിക്കാനുള്ള ആഗ്രഹം ആരോഗ്യകരമായ മാനസിക വളർച്ചയുടെ ലക്ഷണം തന്നെയാണ്. അതിൽ തന്നെ അല്പം കൊച്ചുവർത്തമാനം പറയുന്നതും മാനസിക രോഗമല്ല. ആരോട് എപ്പോൾ പറയുന്നു, അതിന് ആരുടെ സമ്മതമാണ് കിട്ടേണ്ടത് എന്നൊക്കെയാണ്
പ്രധാനം. നമ്മുടെ സമൂഹം കോളേജിലോ ലൈബ്രറിയിലോ ആരാധനാലയങ്ങളിലോ ഇതിനുള്ള സാഹചര്യം കൊടുക്കുന്നില്ലാത്തതിനാൽ ആരോഗ്യകരമായ സൗഹൃദ സംഭാഷണം കിട്ടാക്കനിയാകുന്നു. ഇത്തരത്തിൽ സാഹചര്യമുള്ള ഇടങ്ങളിൽ ഇൻബോക്സിൽ അശ്ലീലമോ പൊതു സ്ഥലത്ത് കടന്നു കയറ്റമോ പൂർണ്ണമായും ഇല്ല എന്നല്ല.
എവിടെയൊക്കെയാണോ ആണുങ്ങളെയും പെണ്ണുങ്ങളെയും മതിൽ കെട്ടി മാറ്റി നിർത്തിയിരിക്കുന്നത് അവിടെയെല്ലാം ഇതുപോലുള്ള തെറ്റായ പ്രവർത്തനങ്ങൾ കൂടുതൽ ആണെന്നതിന് ലോകത്തെങ്ങും തെളിവുകളുണ്ട്. കൂടുതൽ ആരോഗ്യകരമായി ആൺകുട്ടികളും പെൺകുട്ടികളും ഇടപെടുന്ന ഒരു കാലവും സമൂഹവും നമുക്ക്
ഉണ്ടാക്കിയെടുത്തേ തീരൂ.

തിരിച്ച് ചിത്രയുടെ പോസ്റ്റിലേക്ക് വരാം. ഇത്തരം പ്രവർത്തി കൊണ്ടൊന്നും ഫേസ്ബുക്ക് വിട്ട് ഓടാൻ ചിത്ര തീരുമാനിച്ചിട്ടില്ല. ഓടേണ്ടത് ചിത്രയും അല്ല.

ഇതാണ് ചിത്രയുടെ തീരുമാനം.

“പക്ഷെ തോൽക്കാൻ തീരുമാനിച്ചിട്ടില്ല

ഈ ലോകം ഞങ്ങളുടേതുകൂടിയാണ്.

ഞങ്ങൾക്കും ഒരു ജീവിതമേയുള്ളൂ..."

അത്രയേ ഉള്ളൂ ചിത്ര. ഇൻബോക്സിലും പുറത്തും നിങ്ങളെ ശല്യം ചെയ്യാൻ വരുന്ന ബഹു ഭൂരിപക്ഷവും എത്ര വലിയ പുള്ളിയാണെങ്കിലും പേടിത്തൊണ്ടന്മാർ ആണ്. ഒന്ന് തിരിഞ്ഞു നിന്ന് ആട്ടിയാൽ മതി… ഓടിക്കോളും കണ്ടം വഴി....

advertisment

News

Related News

    Super Leaderboard 970x90