കാണാതെ കരയുന്നവരെ ആരാണ് സംരക്ഷിക്കുന്നത് ? - മുരളി തുമ്മാരുകുടി

നമ്മൾ എല്ലാവരും തീരുമാനം എടുക്കുമ്പോൾ നമ്മുടെ മുന്നിൽ കാണുന്നവരുടെ ദുഖങ്ങൾക്കും പ്രശ്നങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്, അല്ലാതെ കഴിവിനോ ന്യായത്തിനോ ഒന്നുമല്ല. ഇപ്പോൾ തന്നെ പഠിക്കാൻ തുടങ്ങിയ നൂറിലധികം പേരുടെ ദുഃഖം സത്യമാണ്, അതിനെ അറിയാൻ ആളുണ്ട്. അവർക്ക് വേണ്ടി നിയമസഭ പോലും ഒന്നായി പ്രവർത്തിക്കുന്നു. നിയമത്തെ എതിർക്കുന്നവർ പോലും ആ കുട്ടികൾക്ക് പഠിക്കാൻ അവസരം ഉണ്ടാക്കണം എന്ന് പറയുന്നു. ന്യായം എന്ന് തോന്നാം.

കാണാതെ കരയുന്നവരെ ആരാണ് സംരക്ഷിക്കുന്നത് ? - മുരളി തുമ്മാരുകുടി

കേരളത്തിലെ മെഡിക്കൽ കോളേജ് അഡ്‌മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ വായിക്കുന്നുണ്ടെങ്കിലും ഇതിലെ അടിസ്ഥാനപരമായ നിയമ സാങ്കേതിക പ്രശ്നങ്ങൾ എന്താണെന്ന് എനിക്ക് അറിയില്ല. മിക്കവാറും വാർത്തകളിൽ അതില്ല. സാധാരണയായി ഞാൻ ഇങ്ങനെ എന്തെങ്കിലും വിഷയത്തിൽ, അതിന് അടിസ്ഥാനമായ കമ്മിറ്റി റിപ്പോർട്ടോ കോടതി വിധിയോ വായിച്ചതിന് ശേഷമാണ് പ്രതികരിക്കുന്നത്. ഈ പറഞ്ഞ കമ്മിറ്റി റിപ്പോർട്ടിന്റെ കോപ്പി നോക്കിയിട്ട് കണ്ടില്ല. അതുകൊണ്ട് ആ വിഷയത്തെപ്പറ്റി ആധികാരികമായി ഞാൻ ഒന്നും പറയുന്നില്ല.

ചില കാര്യങ്ങൾ പൊതുവായി പറയാം.

1. കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സ്വകാര്യ വ്യക്തികളേയും സ്ഥാപനങ്ങളേയും മൊത്തമായി ‘വിദ്യാഭ്യാസ കച്ചവടക്കാർ’ എന്ന് മുദ്ര കുത്തി സാമൂഹ്യ ദ്രോഹികളായി കാണുന്ന നമ്മുടെ സമൂഹത്തിന്റെ മനോഭാവം ശരിയല്ല എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ. പ്രൈമറി സ്‌കൂൾ തൊട്ട് എഞ്ചിനീയറിങ്ങ് കോളേജ് വരെ സർക്കാർ നിർമ്മിച്ച് അധ്യാപകരെ നിയമിച്ച് നമ്മുടെ വിദ്യാഭ്യാസം നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ ശതമാനം ഇപ്പോഴും വടക്കേ ഇന്ത്യൻ നിലവാരത്തിൽ നിന്നേനേ. അങ്ങനെ നിന്നിരുന്നുവെങ്കിൽ വിദേശത്തേക്ക് ആളുകളെ കയറ്റി അയച്ചു അവർ അയക്കുന്ന പണം കൊണ്ടുണ്ടാക്കിയ നമ്മുടെ സമ്പദ് വ്യവസ്ഥയും ഏതാണ്ട് അവിടെത്തന്നെ നിന്നേനെ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന അർത്ഥത്തിൽ അല്ല ഇത് പറയുന്നത്, മറിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയുടെ ഇടപെടൽ പൂർണ്ണമായും തെറ്റായ ഒന്നായിരുന്നില്ല എന്ന എൻറെ ഉറച്ച വിശ്വാസം പങ്കുവെക്കാനാണ്.

2. വിദ്യാഭ്യാസം എന്നത് നമ്മുടെ സമൂഹ നിർമ്മാണത്തിന്റെ അടിസ്ഥാനമാണ്. അറിവും അഭിരുചിയും ഉള്ള കുട്ടികൾക്ക് പണമില്ലാത്തതിനാൽ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്നത് വ്യക്തിപരമായ നഷ്ടം മാത്രമല്ല. പണമുള്ളവർ മാത്രം ഉന്നത വിദ്യാഭ്യാസം നേടി, അവരേക്കാൾ അറിവും അഭിരുചിയും ഉള്ളവരുടെ മുകളിൽ കയറി പോകുന്നത് സമൂഹത്തിലെ സാമ്പത്തിക, സാമൂഹ്യ വിടവുകളെ വലുതാക്കും. അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ട്. ഇതിനെ അത്തരത്തിൽ കാണാതിരിക്കുമ്പോൾ ദൂഷിതവും സംഘർഷപൂരിതവുമായ ഒരു ഭാവിക്ക് നാം അടിത്തറയിടുകയാണ് ചെയ്യുന്നത്.

3. സമൂഹത്തിൽ ആവശ്യത്തിന് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനും ഉന്നതവിദ്യാഭ്യാസം ചെയ്യാൻ അറിവും അഭിരുചിയും ഉള്ള എല്ലാവർക്കും അവ ഉപയോഗിക്കാനും പറ്റുന്ന അടിസ്ഥാന നിയമങ്ങൾ ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇതിന് പല മാർഗ്ഗങ്ങളുണ്ട്. ഒരിക്കൽ അതിനെപ്പറ്റി എഴുതാം.

4. നമ്മൾ എല്ലാവരും തീരുമാനം എടുക്കുമ്പോൾ നമ്മുടെ മുന്നിൽ കാണുന്നവരുടെ ദുഖങ്ങൾക്കും പ്രശ്നങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്, അല്ലാതെ കഴിവിനോ ന്യായത്തിനോ ഒന്നുമല്ല. ഇപ്പോൾ തന്നെ പഠിക്കാൻ തുടങ്ങിയ നൂറിലധികം പേരുടെ ദുഃഖം സത്യമാണ്, അതിനെ അറിയാൻ ആളുണ്ട്. അവർക്ക് വേണ്ടി നിയമസഭ പോലും ഒന്നായി പ്രവർത്തിക്കുന്നു. നിയമത്തെ എതിർക്കുന്നവർ പോലും ആ കുട്ടികൾക്ക് പഠിക്കാൻ അവസരം ഉണ്ടാക്കണം എന്ന് പറയുന്നു. ന്യായം എന്ന് തോന്നാം. പക്ഷെ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കപ്പെടാതെ വേണ്ട തരത്തിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ആർക്കായിരിക്കും ഈ അവസരങ്ങൾ കിട്ടുമായിരുന്നത് ?, അവരുടേതല്ലേ ശരിയായ താല്പര്യം?, അവർക്കും ദുഖമില്ലേ? ഇക്കാര്യം നാം ശ്രദ്ധിക്കുന്നില്ല, കാരണം അവർക്ക് മുഖമില്ല, വാക്കുകൾ ഇല്ല, ബന്ധങ്ങൾ ഇല്ല. ഇവിടെയാണ് ‘നിയമവാഴ്ച്ച’ എന്ന നല്ല തത്വശാസ്ത്രവും ‘വിദ്യാർത്ഥികളുടെ താല്പര്യം’ എന്ന വൈകാരികതയും തമ്മിൽ ഏറ്റുമുട്ടുന്നത്. നല്ല ഒരു സമൂഹം ഉണ്ടാകണമെങ്കിൽ കളിയുടെ നിയമം അനുസരിച്ച് എല്ലാവരും കളിച്ചേ പറ്റൂ. അതുകൊണ്ട് തന്നെ ഞാൻ നിയമവാഴ്ചയുടെ വശത്താണ്.

advertisment

News

Super Leaderboard 970x90