National

നമ്മുടെ വികസനത്തെ തകർക്കുന്ന അർബുദമാണ് കൈക്കൂലി... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

വളരെ കൃത്യമായ കൈക്കൂലി പരിപാടിയാണ്. കൈ കാണിച്ചാൽ അഞ്ഞൂറ് രൂപയാണ് റേറ്റ്. രണ്ടായിരം രൂപ കൊടുത്താൽ ആയിരത്തി അഞ്ഞൂറും തിരിച്ചു തരും, കൈക്കൂലിയിൽ കള്ളക്കളി ഇല്ല. പ്രതിദിനം കാസർകോട് ഹൈവേയിൽ, കർണ്ണാടകത്തിൽ നിന്നു വരുന്ന ട്രക്കുകളിൽ നിന്നു മാത്രം ശരാശരി മൂന്നു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നു.

നമ്മുടെ വികസനത്തെ തകർക്കുന്ന അർബുദമാണ് കൈക്കൂലി... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

കർണ്ണാടകത്തിൽ നിന്നും മണലുമായി വരുന്ന ലോറികളിൽ നിന്ന് പോലീസ് - എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിന്റെ വിഷ്വൽസ് അടക്കം ഇന്നലെ മനോരമ ന്യൂസിൽ ഒരു വാർത്ത വന്നിരുന്നു. നിയമ വിരുദ്ധമായി വരുന്ന മണൽ അല്ല, നിയമപരമായ എല്ലാ പേപ്പറുമായി വരുന്ന വണ്ടികളാണ്. സെയിൽസ് ടാക്സ് ചെക്ക് പോയിന്റ് എല്ലാം മാറിയപ്പോൾ നമ്മുടെ അതിർത്തിയിലെ കൈക്കൂലി ഒക്കെ പോയി എന്ന് വിശ്വസിച്ച നമ്മൾ ആരായി?

വളരെ കൃത്യമായ കൈക്കൂലി പരിപാടിയാണ്. കൈ കാണിച്ചാൽ അഞ്ഞൂറ് രൂപയാണ് റേറ്റ്. രണ്ടായിരം രൂപ കൊടുത്താൽ ആയിരത്തി അഞ്ഞൂറും തിരിച്ചു തരും, കൈക്കൂലിയിൽ കള്ളക്കളി ഇല്ല. പ്രതിദിനം കാസർകോട് ഹൈവേയിൽ, കർണ്ണാടകത്തിൽ നിന്നു വരുന്ന ട്രക്കുകളിൽ നിന്നു മാത്രം ശരാശരി മൂന്നു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നുണ്ടെന്നാണ് മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തെ ആസ്പദമാക്കി റിപ്പോർട്ട് ചെയ്യുന്നത്. എന്നെ അതൊട്ടും അതിശയിപ്പിച്ചില്ല.

കാരണം, എൻറെ ഒരു സുഹൃത്തിന് നാട്ടിൽ നിന്നും ചരക്കുമായി ഡൽഹി വരെ പോകുന്ന നാഷണൽ പെർമിറ്റുള്ള ട്രക്കുകൾ ഉണ്ടായിരുന്നു. ഓരോ ട്രിപ്പിലും പതിനായിരം രൂപയോളം കൈക്കൂലി കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറയും. അന്നത് പോയി വരാനുള്ള ഡീസൽ ചെലവിലും അധികമാണ്.

"ഏയ്, ഇത്ര ഒന്നും വരില്ല. നീ വല്ല തരികിട പണിയും കാണിക്കുന്നുണ്ടാവും."

"ഇല്ല മുരളി, എല്ലാം നിയമം അനുസരിച്ചാണ് പോകാറ്, ഓവർലോഡ് പോലുമില്ല, അവിടെ ഒക്കെ വണ്ടി പിടിച്ചാൽ ഇറക്കിക്കൊണ്ടു വരാൻ നമുക്ക് പരിചയക്കാർ ഒന്നുമില്ലല്ലോ."

"ഡ്രൈവർമാർ അടിച്ചുമാറ്റുന്നതാണോ?"

"ആദ്യം എനിക്കും സംശയം ഉണ്ടായിരുന്നു, പിന്നെ ഞാൻ രണ്ടു തവണ കൂടെ പോയി, സംഗതി സത്യമാണ്."

“എല്ലാ നിയമങ്ങളും അനുസരിച്ചാലും എന്തിനാണ് കൈക്കൂലി കൊടുക്കുന്നത്”? ഞാൻ ഒരിക്കൽ ചോദിച്ചു.

നമ്മുടെ വികസനത്തെ തകർക്കുന്ന അർബുദമാണ് കൈക്കൂലി... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

“കൈക്കൂലി കൊടുത്തില്ലെങ്കിൽ ചിലർ വണ്ടി പിടിച്ചിടും, സമയം പോകും, പ്ലാൻ ചെയ്ത റിട്ടേൺ ട്രിപ്പ് നഷ്ടപ്പെടും, മൊത്തം നഷ്ടക്കച്ചവടം ആകും. ചില സ്ഥലങ്ങളിൽ പോലീസുകാർ കൈക്കൂലി കൊടുത്തില്ലെങ്കിൽ ചുമ്മാ പിടിച്ചു തല്ലും, അതിനവിടെ നിയമം ഒന്നുമില്ല, തല്ലു കൊണ്ടിട്ട് പറഞ്ഞിട്ടെന്തു കാര്യം”. ഇതായിരുന്നു മറുപടി.

എൻറെ സുഹൃത്ത് അധികകാലം ആ ബിസിനസ്സിൽ നിന്നില്ല.

ഇത് സുഹൃത്തിന്റെ മാത്രം കാര്യമല്ല, ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ചരക്കുമായി പോകുന്ന ഏത് ട്രാക്ക് ഡ്രൈവറോട് ചോദിച്ചാലും ഈ കൈക്കൂലിയുടെ കണക്ക് കിട്ടും. ചരക്കുകൂലിയുടെ ഇരുപതോ മുപ്പതോ ശതമാനം വരും കൈക്കൂലി.
സ്വാഭാവികമായും ഈ പണമൊന്നും ട്രക്ക് മുതലാളിമാർ സ്വന്തം കൈയിൽ നിന്നും കൊടുക്കുകയില്ലല്ലോ. ട്രക്കുകാർ അത് അവരുടെ ട്രക്കിങ്ങ് കൂലിയായി കച്ചവടക്കാരുടെ കയ്യിൽ നിന്നും വാങ്ങും. നാം വാങ്ങുന്ന സിമന്റിന്റെയോ, ഉള്ളിയുടെയോ, മാർബിളിന്റെയോ, പഴത്തിന്റെയോ, പച്ചക്കറിയുടെയോ വിലയുടെ കൂടെ കൈക്കൂലിയും കച്ചവടക്കാർ നമ്മുടെ കൈയിൽ നിന്നും ഈടാക്കും. പത്തു ടൺ പച്ചക്കറിയുമായി വരുന്ന ലോറി പതിനായിരം രൂപ കൈക്കൂലി കൊടുത്താൽ കിലോക്ക് ഒരു രൂപ കൂടുതൽ നാം കൊടുക്കേണ്ടി വരുന്നു. ഒരു ശരാശരി ഇന്ത്യക്കാരൻ ഇത്തരത്തിൽ ഒരു വർഷം എത്ര രൂപ കൈക്കൂലി കൊടുക്കുന്നുണ്ടാകുമെന്ന് ചിന്തിക്കുക !

നമ്മുടെ വികസനത്തെ തകർക്കുന്ന അർബുദമാണ് കൈക്കൂലി. ബിസിനസ്സ് നടത്തുന്നതിന് അനാവശ്യമായ ചിലവ് (unnecessary cost of doing business) ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, ഇത്തരം അഴിമതികൾ നിയമപരമായി ബിസിനസ്സ് നടത്താൻ താല്പര്യമുള്ളവരെ ഈ രംഗത്ത് നിന്നും അകറ്റി നിർത്തുകയും ചെയ്യുന്നു. സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ കൈക്കൂലി കിട്ടുന്ന വകുപ്പുകളിലേക്ക് ജോലിക്കെത്താൻ ആളുകൾ വെമ്പൽ കൂട്ടുന്നു. അതിന് സഹായിക്കാൻ ഔദ്യോഗിക രാഷ്ട്രീയ സംവിധാനത്തെ മലിനപ്പെടുത്തുന്നു. അഴിമതി മൂലം പണമുണ്ടാക്കിയവർ സമൂഹത്തിൽ ഉയർന്നു പോകുന്നതും അവരുടെ കുട്ടികൾ പണം കൊടുത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നതും സമൂഹത്തിന്റെ ധാർമ്മിക മൂല്യങ്ങളെ ശീർഷാസനത്തിൽ നിർത്തുന്നു.

നമ്മുടെ വികസനത്തെ തകർക്കുന്ന അർബുദമാണ് കൈക്കൂലി... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

ഡിഗ്രിയും ബി എഡും കഴിഞ്ഞ അധ്യാപകർ മാസം അയ്യായിരം രൂപക്ക് ജോലി ചെയ്യുമ്പോൾ, പത്തും ഗുസ്തിയും കഴിഞ്ഞവർ വെറുതെ ജീപ്പിലിരുന്ന് ദിവസവും ആയിരങ്ങൾ എണ്ണി വാങ്ങുന്ന നാട്ടിൽ അധ്യാപക ജോലി ഉപേക്ഷിച്ചും, പി എച്ച് ഡി കഴിഞ്ഞും ആളുകൾ കൈക്കൂലി കിട്ടാൻ സാധ്യതയുളള സർക്കാർ ജോലിക്ക് പോകുമ്പോൾ നഷ്ടം പറ്റുന്നത് ആർക്കാണ്? സമൂഹത്തിലെ പത്തു ശതമാനമാണ് അഴിമതിക്കാർ എന്നിരുന്നാലും, സാമ്പത്തിക വിനിമയത്തിന്റെ അഞ്ചു ശതമാനമാണ് അഴിമതി കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടം എങ്കിലും സമൂഹത്തിന് ഉണ്ടാകുന്ന നാശം സമ്പൂർണ്ണമാണ്.

സാമ്പത്തിക അഴിമതികൾ നടത്തുന്നവർ രാജ്യദ്രോഹികൾ ആണ്. ചൈനയിൽ അഴിമതിക്കാരെ വെടിവച്ചു കൊല്ലാൻ വകുപ്പുണ്ട്, ധാരാളമായി നടപ്പിലാക്കാറുമുണ്ട്. (വധശിക്ഷയെ ഞാൻ അംഗീകരിക്കുന്നില്ലെങ്കിലും). അഴിമതി കാണിക്കുന്നവർ പിന്നീട് ആ ജോലിയിൽ ഉണ്ടാകരുത്, പത്തു കൊല്ലമെങ്കിലും ജയിലിൽ ചപ്പാത്തി ഉണ്ടാക്കട്ടെ, കുറേ നാൾ അവരും കുടുംബവും നമ്മുടെ ചിലവിൽ പുട്ടടിച്ചതല്ലേ. അങ്ങനെയെങ്കിലും സമൂഹത്തോട് അവർ പ്രായശ്ചിത്തം ചെയ്യട്ടെ.

അഴിമതിക്കെതിരെ നമുക്ക് സീറോ ടോളറൻസ് ആവശ്യമാണ്, പക്ഷെ തൽക്കാലം എങ്കിലും നമ്മെ നേരിട്ട് ബാധിക്കാത്ത അഴിമതിയെ നാം അത്ര ശ്രദ്ധിക്കില്ല. ഇത് മാറണമെങ്കിൽ നമ്മുടെ സംവിധാനത്തിൽ നിലനിൽക്കുന്ന അഴിമതി എങ്ങനയെയാണ് നമ്മെ വ്യക്തിപരമായി ബാധിക്കുന്നത് എന്നുള്ള പഠനം ഉണ്ടാകണം. കേരളത്തിൽ താമസിക്കുന്ന ഒരാൾ വാങ്ങുന്ന വിവിധ വസ്തുക്കളിൽ കൂടി എത്രമാത്രം പണം കൈക്കൂലിയായി പോകുന്നുണ്ട്? കേരളം രാജ്യത്തിൻറെ ഒരറ്റത്തായതിനാലും ഉപഭോഗ സംസ്ഥാനം ആയതിനാലും ഹൈവേ അഴിമതിയുടെ വലിയ ഭാരം വഹിക്കുന്നത് നമ്മളായിരിക്കും എന്ന് ഉറപ്പാണ്. ഈ കൈക്കൂലിയിൽ അൻപത് ശതമാനം കുറവുണ്ടായാൽ തന്നെ നമ്മുടെ കുടുംബ ബജറ്റിൽ എത്ര മാറ്റമുണ്ടാകും? നമ്മുടെ നിർമ്മാണ ചിലവ് എത്ര കുറയും?

ഇങ്ങനെ ഒരു പഠനം നടത്താൻ കേരളത്തിലെ വിദ്യാർത്ഥികളോട് ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള പണം കൊടുക്കാം എന്നും പറഞ്ഞിരുന്നു. പക്ഷെ അവർക്കെവിടെ സമയം.

നമ്മുടെ വികസനത്തെ തകർക്കുന്ന അർബുദമാണ് കൈക്കൂലി... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്

ഹൈവേ അഴിമതി എന്നത് കേരളത്തിന്റെയോ ഇന്ത്യയുടേയോ കുത്തക ഒന്നുമല്ല. ഇൻഡോനേഷ്യ തൊട്ട് ഐവറി കോസ്റ്റ് വരെയുള്ള രാജ്യങ്ങളിൽ ഹൈവേകളിലെ കൈക്കൂലിയുടെ രീതിയും കണക്കും അക്കാദമിക് പഠനത്തിന് വിധേയമായിട്ടുണ്ട്. ചില രാജ്യങ്ങളിൽ സുരക്ഷ എന്നോ ഭാരം തൂക്കി നോക്കൽ എന്നോ ഉള്ള പേരിലാണ് വാഹനം ചെക്കിങ്ങിനായി നിർത്തുന്നത്. പണം വെറുതെ കൊടുത്താലേ മുന്നോട്ടു പോകാൻ പറ്റൂ. ഇന്തോനേഷ്യയിൽ ഒരിക്കൽ സർക്കാർ ഈ ചെക്ക് പോയിന്റുകൾ വെട്ടിക്കുറച്ചിട്ടും അഴിമതി കുറഞ്ഞില്ല എന്നാണ് പഠനം കാണിച്ചത്. ബാക്കിയുള്ളവർ കൈക്കൂലിയുടെ അളവ് കൂട്ടിയത്രേ!.

ഇന്നലെ റിപ്പോർട്ട് വന്നതോടെ മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു എന്ന് വായിച്ചു. നല്ല കാര്യം. ചിലപ്പോഴെങ്കിലും വരമ്പത്ത് കൂലി കിട്ടുന്നത് നല്ല കാര്യമാണ്. എന്നാലും നമ്മുടെ ഹൈവേയിൽ പോലീസുകാർ കൈക്കൂലി വാങ്ങുന്നു എന്ന കാര്യം ഇന്നലെയാണ് മുകളിൽ ഉള്ളവർ അറിയുന്നത് എന്ന് വിശ്വസിക്കാൻ മാത്രം മണ്ടന്മാരാണോ നമ്മൾ ? ലോകത്തിൽ ഒരിടത്തും പണം നേരിട്ട് വാങ്ങുന്നവരുടെ കൈയിൽ മാത്രം നിൽക്കുന്നതല്ല അഴിമതി. റോഡിൽ ആരൊക്കെ ഇറങ്ങിയിട്ടുണ്ടെന്നും അവർക്ക് എത്ര വരുമാനമുണ്ടെന്നും മുകളിൽ ഉള്ളവർക്ക് അറിയാം. അതുകൊണ്ട് റോഡ് ഡ്യൂട്ടി കിട്ടുന്നതിന് പലപ്പോഴും പണം കൊടുക്കണം, പോരാത്തതിന് റോഡിൽ നിന്നും കിട്ടുന്നതിന്റെ കൃത്യമായ വീതം മുകളിലേക്ക് പോകും. അങ്ങനെയാണിതിന്റെ ആഗോള രീതികൾ.

ഇന്നലെ രാത്രി നടത്തിയ അന്വേഷണം കൊണ്ടും മൂന്നു പേരെ സസ്‌പെൻഡ് ചെയ്തത് കൊണ്ടും കേരളത്തിലെ ഹൈവേകൾ ശുദ്ധമാകുമെന്ന ഒരു വിശ്വാസവും എനിക്കില്ല.

ഇരുട്ടിക്കഴിയുമ്പോൾ ഇന്ന് രാത്രിയും അമീബകൾ ഇരപിടിക്കാൻ ഇറങ്ങും. നാളെത്തെ തക്കാളിയുടെ വിലയിലും അഴിമതിയുടെ അൻപത് പൈസ മലയാളികൾ കൂടുതൽ കൊടുക്കുകയും ചെയ്യും.

ഡീസൽ വില കൂടുന്നതിനെതിരെ വർഷാവർഷം ഹർത്താൽ നടത്തുന്ന നമ്മൾ ഡീസലിനേക്കാൾ കൂടുതലായി നമ്മുടെ നിത്യോപയോഗ ചിലവുകളെ ബാധിക്കുന്നതും പൂർണ്ണമായും ഒഴിവാക്കാവുന്നതുമായ ഹൈവേ കൊള്ളക്കെതിരെ ഒരു കരിങ്കൊടി പ്രകടനം പോലും നടത്താത്തത് എന്തുകൊണ്ടാണ് ?

advertisment

News

Related News

    Super Leaderboard 970x90